മദീനയില്‍ഇസ്ലാമികരാഷ്ട്രം
മദീനയിലെത്തിയ നബി അവിടെ ഒരു പള്ളി പണികഴിപ്പിച്ചു. ‘അല്‍മസ്ജിദുന്നബവി’ (
നബിയുടെ പള്ളി) എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്.ഈത്തപ്പനയുടെ ഓലയും തടിയും കൊണ്ട് നിര്‍മിച്ച ആര്‍ഭാടരഹിതമായ അല്ലാഹുവിന്റെ ഭവനം മദീനയില്‍ മുസ്ലിംകളുടെ കേന്ദ്രമായി. നമസ്കാരങ്ങള്‍ക്കും പഠനത്തിനും പൌരജീവിതത്തെ ബാധിക്കുന്ന സുപ്രധാന ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും പ്രശ്നപരിഹാരങ്ങള്‍ക്കും എല്ലാം മസ്ജിദുന്നബവി ഉപയോഗിക്കപ്പെട്ടു. അടിമയായിരുന്ന ബിലാല്‍ ശ്രവണമധുരമായ സ്വരത്തില്‍ ആ മസ്ജിദില്‍ ബാങ്ക് വിളിച്ചു. ഇസ്ലാമിക ചരിത്രത്തില്‍ ഏറെ ത്യാഗവും പീഡനവും സഹിച്ച ധീരോദാത്തമായ ആ ‘കറുത്തമുത്തി’ന്റെ ബാങ്കൊലി ശബ്ദം എത്ര സന്തോഷത്തോടും ആത്മസംതൃപ്തിയോടുമാണ് ജനങ്ങള്‍ ശ്രവിച്ചത്.
മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്ത മുസ്ലിംകള്‍ക്ക് മുഹാജിറുകള്‍ എന്നും, ഭക്ഷണവും പാര്‍പ്പിടവും തങ്ങളുടെ സമ്പത്തിന്റെ ഓഹരിയും നല്‍കി അവരെ സഹായിച്ച മദീനയിലെ മുസ്ലിംകള്‍ അന്‍സ്വാറുകള്‍ എന്നും അറിയപ്പെടുന്നു. ഇവര്‍ക്കിടയിലുള്ള സാഹോദര്യം പ്രവാചകന്‍ ഊട്ടിയുറപ്പിച്ചു.
മദീനയില്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന് നബി രൂപം നല്‍കി. അവിടെ ഇസ്ലാമിക നിയമവ്യവസ്ഥയും സാമൂഹ്യക്രമവും നടപ്പിലാക്കാനാരംഭിക്കുകയും ചെയ്തു. നോമ്പ്, സകാത്, ഹജ്ജ് മുതലായ അനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാക്കിയതും വിവാഹം, അനന്തരാവകാശം, സാമ്പത്തിക ഇടപാടുകള്‍, സാംസര്‍ഗിക നിയമങ്ങള്‍, കുറ്റവും ശിക്ഷയും, യുദ്ധം, സന്ധി, രാജ്യഭരണം തുടങ്ങിയ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളെ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും നടപ്പിലാക്കിയതും മദീനാകാലഘട്ടത്തിലാണ്.
മദീനയിലെ ജൂതന്മാരുമായും ഇതരഗോത്രക്കാരുമായും നബി സമാധാന ഉടമ്പടികളുണ്ടാക്കി. ഉടമ്പടിപ്രകാരം നബി ആയിരുന്നു നേതാവും ഭരണാധികാരിയും. യഹൂദന്മാര്‍ക്കും ബഹുദൈവവിശ്വാസികള്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കൊത്ത് ജീവിക്കുവാന്‍ പൂര്‍ണ സ്വാതന്ത്യ്രം ഉണ്ടായിരുന്നു. മനുഷ്യചരിത്രത്തിലെ ആദ്യത്തെ മനുഷ്യാവകാശ പ്രഖ്യാപനമായിരുന്നു നബിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ഈ ഉടമ്പടികളെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. |