ഖുര്‍ആനിലെ കഥകള്‍

1185024_733158756701097_675246187_n
ഖുര്‍ആന്‍കഥകളുടെ പ്രത്യേകതകള്‍
കഥ എന്ന കലാരൂപത്തെക്കുറിച്ച ചര്‍ച്ചകളില്‍ സാധാരണ രണ്ട് വാദഗതികള്‍ ഉന്നയിക്കപ്പെടാറുണ്ട്. കഥ കഥയ്ക്കു വേണ്ടി എന്നതാണ് ഇതില്‍ ഒന്നാമത്തേത്. കലാംശം മാത്രമേ അതില്‍ ഉണ്ടാകാന്‍ പാടുള്ളൂ. സാമൂഹികമോ രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങള്‍ കഥയ്ക്കുണ്ടായിക്കൂടാ. ചര്‍ച്ചിന്റെ ദുസ്സഹമായ അധികാരഘടനയില്‍നിന്ന് കുതറിച്ചാടിയ യൂറോപ്യന്‍സമൂഹത്തിലാണ് ഈ വാദം ആദ്യമായി ഉയര്‍ന്നുകേട്ടത്. ഒരു പ്രത്യേക ചരിത്രപശ്ചാത്തലത്തിലാണ് ഈ അഭിപ്രായഗതി രൂപപ്പെട്ടത് എന്നര്‍ഥം. ഇതിനു വിരുദ്ധമാണ്, നൂറ്റാണ്ടുകളായി മനുഷ്യസമൂഹങ്ങള്‍ വച്ചുപുലര്‍ത്തിപ്പോരുന്ന കഥാസങ്കല്‍പം. കലാ സൃഷ്ടികള്‍ മനുഷ്യമനസ്സിന്റെ വിമലീകരണത്തിന് ഉപകരിക്കണം എന്നാണ് അരിസ്‌റോട്ടില്‍ എഴുതിയിട്ടുള്ളത്. സമൂഹത്തിന്റെ ഉള്ളും പുറവും നന്നാക്കിയെടുക്കുക എന്ന ഉദാത്ത ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു ഉപകരണമാണ് കല. അക്കാര്യത്തില്‍ കഥയ്ക്ക് മറ്റേതു  കലാരൂപത്തേക്കാളും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവും.കഥയാണ് ജനകീയ കല. നോവല്‍, സിനിമ, ടെലിവിഷന്‍ സീരിയലുകള്‍, നാടകം തുടങ്ങിയ ജനപ്രിയമാധ്യമങ്ങളെല്ലാം കഥപറച്ചിലിന്റെ രൂപഭേദങ്ങള്‍ മാത്രമാണ്.
കഥയുടെ ഈ വശ്യത നന്നായി പ്രയോജനപ്പെടുത്തിയിട്ടുണ്ട് വിശുദ്ധഖുര്‍ആനില്‍. പക്ഷേ, കഥപറഞ്ഞ് രസിപ്പിക്കുക എന്ന മുത്തശ്ശിക്കഥകളിലെ സാമ്പ്രദായിക രീതിയിലല്ല ആഖ്യാനം. മനുഷ്യമനസ്സിനെയും ചിന്തയെയും നിര്‍ണിത ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഖുര്‍ആന്‍കഥകള്‍ക്കുള്ളത്. പൂര്‍വസമൂഹങ്ങളുടെ കഥകള്‍ പറയുന്നുണ്ടെങ്കില്‍ അത് പിന്‍ഗാമികള്‍ ആ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വേണ്ടിയായിരിക്കും. ആ ലക്ഷ്യത്തിനുതകുന്ന കഥാംശമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. പൊടിപ്പും തൊങ്ങലും വച്ച ആഖ്യാനം എവിടെയുമില്ല. ചിലപ്പോള്‍ പ്രധാനമെന്ന് നമുക്ക് തോന്നുന്ന ഭാഗങ്ങള്‍ കഥാഘടനയില്‍നിന്ന് വിട്ടുകളഞ്ഞിട്ടുണ്ടാവും. ഇയോബിന്റെ പുസ്തകം ബൈബിളില്‍ ഏറ്റവുമധികം പ്രകീര്‍ത്തിക്കപ്പെടുന്ന ഒരു അധ്യായമാണ്.  ഖുര്‍ആനാകട്ടെ, അയ്യൂബ്‌നബിയെക്കുറിച്ചുള്ള പരാമര്‍ശം മൂന്നോ നാലോ വാക്യങ്ങളില്‍ ഒതുക്കുന്നു. അയ്യൂബ്‌നബിയുടെ ഉള്ളുരുകിയുള്ള  പ്രാര്‍ഥനയുടെ പ്രസക്തഭാഗം മാത്രമേ ഖുര്‍ആന്‍ നല്‍കുന്നുള്ളൂ. ആ കഥയിലെ ഗുണപാഠം ഗ്രഹിക്കാന്‍ അത്രയേ വേണ്ടൂ എന്നതാണ് കാരണം.
ഖുര്‍ആന്‍കഥകളുടെ മറ്റൊരു പ്രത്യേകത, അവ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു എന്നതാണ്: ‘അവരുടെ യഥാര്‍ഥ കഥ നാം നിങ്ങളെ കേള്‍പ്പിക്കാം” (അല്‍കഹ്ഫ് 13) എന്ന് ഖുര്‍ആന്‍. മിത്തുകളോ ഇതിഹാസങ്ങളോ കെട്ടുകഥകളോ അതില്‍ കാണാനാവില്ല. ഒരു സാരോപദേശകഥയെ അനുസ്മരിപ്പിക്കുന്ന സൂറഃ അല്‍കഹ്ഫിലെ തോട്ടക്കാരന്റെ കഥ പോലും യമനില്‍ ഉണ്ടായ ഒരു സംഭവകഥയെ അടിസ്ഥാനപ്പെടുത്തിയാണ്. കഥകളില്‍ നായകസ്ഥാനത്ത് വരുന്നത് മിക്കവാറും പ്രവാചകന്മാരാണ്. സത്യനിഷേധികളായ അവരുടെ സമൂഹങ്ങള്‍ പ്രതിനായകസ്ഥാനത്തും. പക്ഷേ, നായക കഥാപാത്രങ്ങളുടെ ഹാവഭാവങ്ങളോ അപ്രതിരോധ്യമായ ശക്തിവിശേഷങ്ങളോ പ്രവാചകന്മാര്‍ക്ക് നല്‍കുന്നില്ല. പീഡിപ്പിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന സാധാരണ മനുഷ്യരായാണ് അവര്‍ ചിത്രീകരിക്കപ്പെടുന്നത്. അവരുടെ ശാരീരികമായ പ്രത്യേകതകളോ അവര്‍ ജീവിച്ച നാടിനെക്കുറിച്ചുള്ള വിവരണമോ ഒന്നും നമുക്ക് ലഭിക്കുന്നില്ല. സ്ഥലവും കാലവും വ്യക്തികള്‍ക്കുള്ള പ്രാധാന്യവും അവഗണിക്കപ്പെടുന്നു. കഥയില്‍ കാലഗണനയനുസരിച്ചുളള ഒരു ആഖ്യാനരീതി പിന്തുടരുന്നില്ല. ഏതൊരു ആശയമാണോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് കാലഗണനയും കഥാഗതിയും അട്ടിമറിക്കപ്പെടുന്നു. കഥാഖ്യാനത്തിലെ ഏറ്റവും നൂതനമായ ഒരു രീതിയാണിത്.
പക്ഷേ, ചില ഓറിയന്റലിസ്‌റുകള്‍ ഇതൊരു പോരായ്മയായി കാണുന്നു. പ്രമുഖ ഖുര്‍ആന്‍വ്യാഖ്യാതാവായ മുഹമ്മദ് അബ്ദു അവര്‍ക്ക് ഇങ്ങനെ മറുപടി നല്‍കുന്നു: ‘പ്രതിയോഗികളില്‍ പലരും ഖുര്‍ആന്‍കഥകള്‍ക്ക് യാതൊരു ചിട്ടയുമില്ല എന്ന് ആരോപിക്കാറുണ്ട്. അവര്‍ മനസ്സിലാക്കണം; നടന്ന കാലത്തിനൊപ്പിച്ച് സംഭവങ്ങളെയും ചരിത്രത്തെയും ചിട്ടപ്പെടുത്തി പറയുക എന്നതല്ല ഖുര്‍ആന്റെ ലക്ഷ്യം. സംഭവങ്ങളില്‍ എന്ത് ഗുണപാഠമുണ്ട് എന്നാണ് അതിന്റെ നോട്ടം. പൂര്‍വസമുദായങ്ങള്‍ക്ക് നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നിമിത്തങ്ങള്‍ വിശദീകരിച്ച് അവ തേടിപ്പിടിക്കാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുക, നാശമാണ് ഉണ്ടായതെങ്കില്‍ അതിനുള്ള കാരണങ്ങള്‍ നിരത്തിവച്ച് അവയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ താക്കീത് ചെയ്യുക. ലക്ഷ്യം ഇതാവുമ്പോള്‍ മനസ്സില്‍ തട്ടുംവിധം അത് ആവിഷ്‌കരിക്കാന്‍ സംഭവങ്ങളെ തദനുസാരം ചിട്ടപ്പെടുത്തേണ്ടിവരുന്നു” (അല്‍മനാര്‍ വാ: 1, പേ: 327).
പ്രതീകാത്മക ആഖ്യാനം
ചരിത്രസംഭവങ്ങള്‍ക്കു പുറമെ പ്രതീകാത്മക ആഖ്യാനവും ഖുര്‍ആനില്‍ കാണാം എന്നാണ് മുഹമ്മദ് അബ്ദുവിന്റെ അഭിപ്രായം. അതായത് ഖുര്‍ആനില്‍ ചിത്രീകരിക്കുന്ന ചില സംഭവങ്ങളോ സംഭാഷണങ്ങളോ ചിലപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നടന്നുകൊള്ളണമെന്നില്ല. ഉദാഹരണമായി പറയുന്നത്, ‘നരകത്തോട് നാം പറയുന്ന ദിവസം നീ നിറഞ്ഞില്ലേ? നരകം ചോദിക്കുന്നു ഇനിയുമുണ്ടോ?’ എന്ന സൂക്തമാണ്. ഈ ചോദ്യോത്തരം അതേപടി നടക്കണം എന്നില്ല. നരകത്തിന്റെ വ്യാപ്തി മനസ്സിലാക്കിക്കൊടുക്കാനുള്ള ഒരു ആവിഷ്‌കാരരീതിയാണത്. ഇതുപോലുള്ള ധാരാളം സൂക്തങ്ങള്‍ കണ്ടെത്താന്‍ കഴിയും. പക്ഷേ, ഭൂരിപക്ഷം ഖുര്‍ആന്‍വ്യാഖ്യാതാക്കള്‍ക്കും ഈ അഭിപ്രായത്തോട് യോജിപ്പില്ല.
ഇസ്ലാമികചിന്തയുടെ പുനഃസംവിധാനം എന്ന പുസ്തകത്തില്‍ മഹാകവി മുഹമ്മദ് ഇഖ്ബാല്‍ സ്വര്‍ഗത്തില്‍നിന്നുള്ള ‘ആദമിന്റെ വീഴ്ച’യ്ക്ക് പ്രതീകാത്മകമായ കുറേ അര്‍ഥതലങ്ങളുണ്ട് എന്ന് വാദിക്കുന്നു. മനുഷ്യന്‍ തന്റെ  ആദിമവികാരങ്ങളില്‍നിന്ന് തെറ്റ് ചെയ്യാനും സംശയിക്കാനുമുള്ള സ്വാതന്ത്യ്രം തനിക്കുണ്ട് എന്ന  സ്വയംബോധത്തിലേക്ക് വരുന്നത് ഈ വീഴ്ചയോടെയാണ്. വീഴ്ച ഒരു ധര്‍മച്യുതി അല്ല. തനിക്ക് സ്വതന്ത്രമായ ഒരു വ്യക്തിത്വമുണ്ട് എന്ന് മനുഷ്യന്‍ തിരിച്ചറിയുന്ന ഒരു പരിവര്‍ത്തനദശയാണ്. ആദിപാപത്തിന്റെ പേരില്‍ മനുഷ്യരെ തളച്ചിടാനുള്ള തടവറയായിട്ടല്ല ഖുര്‍ആന്‍ ഭൂമിയെ കാണുന്നത്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം തനിക്കുണ്ട് എന്ന് മനുഷ്യന്‍ തിരിച്ചറിയുന്ന ആദ്യപ്രവൃത്തിയാണ് ആദിപാപം. പശ്ചാത്തപിച്ചപ്പോള്‍ ആ പാപം അല്ലാഹു ആദമിന് പൊറുത്തുകൊടുക്കുകയും ചെയ്തു.
ലക്ഷ്യങ്ങള്‍
ഏതു കാലത്തേക്കും പ്രസക്തമാകും വിധമാണ് ഖുര്‍ആന്‍കഥകളുടെ ആഖ്യാനഘടന. ചരിത്രാഖ്യാനമല്ല ഖുര്‍ആന്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ടാണ് സംഭവം നടന്നത് ഒരു നിര്‍ണിത ചരിത്രഘട്ടത്തിലാണെങ്കിലും അതുമായി ബന്ധപ്പെട്ട വ്യക്തി, സ്ഥലനാമങ്ങള്‍ പലപ്പോഴും വിട്ടുകളയുന്നത്. ഇത് ഖുര്‍ആന്‍കഥകളെ ദാര്‍ശനികമായ ഉയരങ്ങളിലെത്തിക്കുന്നു എന്ന് അല്ലാമാ ഇഖ്ബാല്‍ നിരീക്ഷിക്കുന്നു. ഇത്തരം അവതരണരീതി ലോകസാഹിത്യത്തിലും അപൂര്‍വമല്ല. മിക്ക യൂറോപ്യന്‍രാജ്യങ്ങളിലും വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലുള്ള ഫോസ്‌റിന്റെ കഥയ്ക്ക് അതിന്റെ ചരിത്രപശ്ചാത്തലവും വിശദാംശങ്ങളും വിട്ടുകളഞ്ഞ് ഗോയ്‌ഥെ തന്റെ പ്രതിഭാവിലാസം കൊണ്ട് അപൂര്‍വമായ അര്‍ഥതലങ്ങള്‍ നല്‍കുന്നത് ഖുര്‍ആന്റെ കഥാഖ്യാനവുമായി സാമ്യമുള്ള ഒന്നായി ഇഖ്ബാല്‍ കണ്ടെത്തുന്നു. ഗോയ്‌ഥെക്ക് കലാപരവും ദാര്‍ശനികവുമായ ലക്ഷ്യങ്ങളാണുള്ളതെങ്കില്‍, ഖുര്‍ആന് പ്രബോധനപരവും ധാര്‍മികവുമായ ലക്ഷ്യങ്ങളാണുള്ളത് എന്ന വ്യത്യാസമുണ്ട്. പ്രബോധനപരവും ധാര്‍മികവുമായ ആ ലക്ഷ്യങ്ങള്‍ ചുരുക്കിപ്പറയാം:
 1. മുമ്പു സൂചിപ്പിച്ചപോലെ, പൂര്‍വസമുദായങ്ങളുടെ അനുഭവങ്ങളില്‍നിന്ന് പാഠമുള്‍ക്കൊള്ളുക എന്നതാണ് ഒന്നാമത്തെ ലക്ഷ്യം. ആദമിന്റെ കഥ ഖുര്‍ആനില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. ആ കഥയില്‍ ദൈവവിധികള്‍ മറന്നുപോകുന്നത് മനുഷ്യന്റെ വലിയൊരു ദൌര്‍ബല്യമായി ചൂണ്ടിക്കാട്ടുന്നു. ദൈവകല്‍പനകളുടെ ലംഘനം മനഃപൂര്‍വമോ ധിക്കാരമോ അല്ലാത്തതിനാല്‍ തെറ്റുകള്‍ക്ക് പരിഹാരമുണ്ട് പശ്ചാത്താപം. എക്കാലത്തേക്കുമുള്ള മനുഷ്യര്‍ക്കായി പ്രപഞ്ചനാഥന്‍ നല്‍കുന്ന സന്ദേശം. ആദ്‌സമുദായത്തിന്റെ നാശം ഒരുപാട് താക്കീതുകള്‍ പിന്‍തലമുറകള്‍ക്കായി അവശേഷിപ്പിക്കുന്നു. ഭൌതികശക്തിയിലും സുഖാഡംബരത്തിലും വഞ്ചിതരാകരുത് (ഫുസ്സ്വിലത്ത് 16) എന്നതാണ് അതിലൊന്ന്. തേനും പാലും ഒഴുകുന്ന ഒരു നാട് കനിഞ്ഞുനല്‍കിയിട്ടും ധിക്കാരികളായിത്തീര്‍ന്നതിന്റെ പരിണതിയാണ് സ്വാലിഹ് നബിയുടെ സമൂഹത്തിന്റെ ചരിത്രം പരാമര്‍ശിക്കുന്നതിലൂടെ ഖുര്‍ആന്‍ തുറന്നുകാട്ടുന്നത്. ത്യാഗം, അര്‍പ്പണ ബോധം, തൌഹീദിനു വേണ്ടിയുള്ള പോരാട്ടം ഇതൊക്കെയാണ് ഇബ്‌റാഹീം നബിയുടെ ജീവിതം നല്‍കുന്ന പാഠങ്ങള്‍. ‘പൂര്‍വജനങ്ങളുടെ കഥകളില്‍ ബുദ്ധിയും തന്റേടവുമുള്ളവര്‍ക്ക് പാഠമുണ്ട്” (യൂസുഫ്: 111) എന്ന ഖുര്‍ആന്‍സൂക്തം എല്ലാ പ്രവാചകപ്രവാചകേതര കഥകള്‍ക്കും ബാധകമാണ്. ‘ഇത് കുറേ നാടുകളുടെ സംഭവകഥകളാണ്. നാം താങ്കള്‍ക്കത് പറഞ്ഞുതരുന്നു. അവയില്‍ ചിലത് ഇന്നും നിലനില്‍ക്കുന്നുണ്ട്. ചിലത് നശിച്ചുപോയിരിക്കുന്നു” (ഹൂദ്: 100) എന്ന സൂക്തവും ഇതേ ആശയത്തിലേക്ക് വിരല്‍ചൂണ്ടുന്നു.
 2. മുഹമ്മദീയപ്രവാചകത്വം സത്യമെന്ന് തെളിയിക്കുക. നിരക്ഷരനായിരുന്നു നബി. പൂര്‍വപ്രവാചകന്മാരുടെയോ സമൂഹങ്ങളുടെയോ ചരിത്രങ്ങള്‍ അദ്ദേഹം ജീവിച്ച സമൂഹത്തിന് അറിയുമായിരുന്നില്ല. അവ ഭാഗികമായോ വികലമാക്കപ്പെട്ട രീതിയിലോ അറിയുന്ന സമൂഹങ്ങളുമായി നബിക്ക് ബന്ധമുണ്ടായിരുന്നില്ല. അതിനാല്‍ ഇത്ര കൃത്യമായും സൂക്ഷ്മമായും പൂര്‍വസമൂഹങ്ങളുടെ ചരിത്രം ഖുര്‍ആനില്‍  വരണമെങ്കില്‍ അതിന് ഒരു വഴിയേയുള്ളൂ ദിവ്യവെളിപാട്. പ്രവാചകനു മാത്രമേ ദിവ്യവെളിപാട് ലഭിക്കുകയുള്ളൂ. മിക്ക ഖുര്‍ആന്‍കഥകളുടെയും അവസാനം ഈ ആശയം സ്ഫുരിക്കുന്ന സൂക്തങ്ങള്‍ കാണാന്‍ കഴിയും. സൂറഃ യൂസുഫിന്റെ അവസാനം (102) ഇങ്ങനെ കാണാം: ‘പ്രവാചകരേ, ഈ കഥ അജ്ഞാതവൃത്താന്തങ്ങളില്‍പെട്ടതാകുന്നു. അത് താങ്കള്‍ക്ക് നാം ബോധനം നല്‍കുന്നു. യൂസുഫിന്റെ സഹോദരന്മാര്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയപ്പോള്‍ താങ്കള്‍ അവിടെ സന്നിഹിതനായിരുന്നില്ലല്ലോ”. മറ്റൊരിടത്ത്: ‘പ്രവാചകരേ, മൂസാക്ക് നാം ഈ നിയമശാസനം നല്‍കിയപ്പോള്‍ പശ്ചിമദിക്കില്‍ (സീനായ്) താങ്കളുണ്ടായിരുന്നില്ല. താങ്കള്‍ അതിന്റെ സാക്ഷികളില്‍പെട്ടവനുമായിരുന്നില്ല” (അല്‍ ഖസ്വസ്വ്: 44).
 3. ആദം മുതല്‍ മുഹമ്മദ്‌നബിവരെയുള്ള എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കിയത് ഒരേ സന്ദേശമാണെന്ന് സ്ഥാപിക്കുക. അല്‍അഅ്‌റാഫ് അധ്യായത്തില്‍ (59 മുതല്‍ 93 വരെ സൂക്തങ്ങള്‍) നൂഹ്, ഹൂദ്, സ്വാലിഹ്, ശുഐബ് എന്നീ പ്രവാചകന്മാരുടെ കഥകള്‍  പറയുന്ന രീതി ശ്രദ്ധിക്കൂ. ഈ പ്രവാചകന്മാരെല്ലാം ജനങ്ങളെ ക്ഷണിക്കുന്നത് ഒരേ ആദര്‍ശത്തിലേക്കാണ് തൌഹീദിലേക്ക്. പദപ്രയോഗം പോലും ഒരേ രീതിയിലാണ് ഉഅ്ബുദുല്ലാഹ്; അല്ലാഹുവിനു മാത്രം നിങ്ങള്‍ ഇബാദത്ത് ചെയ്യുക.
 4. പൂര്‍വപ്രവാചകന്മാരുടെ കഥ പറഞ്ഞുകൊണ്ട് മുഹമ്മദ് നബിയുടെ മനസ്സിനെ പതറാതെ ഉറപ്പിച്ചുനിര്‍ത്തുക: ‘അതിനാല്‍ പ്രവാചകരേ, നിശ്ചയദാര്‍ഢ്യമുള്ള ദൈവദൂതന്മാര്‍ ക്ഷമിച്ചിട്ടുള്ളതുപോലെ താങ്കളും ക്ഷമിക്കുക” (അല്‍അഹ്ഖാഫ്: 35), ‘പ്രവാചകരേ, ഇവര്‍ പറയുന്നത് ക്ഷമിക്കുക. വമ്പിച്ച ശക്തികള്‍ക്കുടയവനും എന്നാല്‍ എല്ലാ കാര്യങ്ങളിലും അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവനുമായിരുന്ന നമ്മുടെ ദാസന്‍ ദാവൂദിന്റെ കഥ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുക” (സ്വാദ്:17), ‘പ്രവാചകരേ, ഈ പ്രവാചക ചരിത്രങ്ങളെല്ലാം നാം താങ്കളെ കേള്‍പ്പിക്കുന്നത് താങ്കളുടെ മനസ്സ് ദൃഢീകരിക്കുന്നതിനുവേണ്ടിയാകുന്നു” (ഹൂദ്: 120).
ആവര്‍ത്തനം
ഒരേ കഥ തന്നെ നിരവധി അധ്യായങ്ങളില്‍ ആവര്‍ത്തിച്ചതായി കാണാന്‍ കഴിയും. ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത് മൂസാനബിയുടെ കഥയാണ്. പതിമൂന്ന് അധ്യായങ്ങളില്‍. ഇതില്‍ അല്‍അഅ്‌ലാ, അല്‍ഫജ്ര്! എന്നീ അധ്യായങ്ങളില്‍ പേരിനൊരു പരാമര്‍ശം മാത്രമേയുള്ളൂ. ഇബ്‌റാഹീംനബിയെക്കുറിച്ച് ഇരുപത് സ്ഥലങ്ങളിലും ഈസായുടെ സംഭവം എട്ട് സ്ഥലങ്ങളിലും പ്രതിപാദിക്കുന്നു. യൂസുഫ് എന്ന അധ്യായം യൂസുഫ്‌നബിയുടെ സ്വപ്നദര്‍ശനത്തോടെ ആരംഭിച്ച് സ്വപ്നസാക്ഷാത്കാരത്തോടെ അവസാനിക്കുന്നു. ഈ നാല് പ്രവാചകന്മാരുടെ കഥകളാണ് ഖുര്‍ആന്‍ വിശദാംശങ്ങളോടെ പ്രതിപാദിച്ചിട്ടുള്ളത്. സാമാന്യം വിശദമായ വിവരണം നൂഹ്, സുലൈമാന്‍ എന്നിവരെക്കുറിച്ചുമുണ്ട്. ഹൂദ്, സ്വാലിഹ്, ശുഐബ്, ലൂത്വ് എന്നീ പ്രവാചകന്മാരുടെ ഷോര്‍ട്ട് സ്‌കെച്ചുകളാണുള്ളത്. അവരുടെ നിലപാട് എന്തെന്ന് വ്യക്തമാക്കാന്‍ മാത്രമുള്ള കഥാംശം ചേര്‍ക്കുന്നു. സകരിയ്യാ, അയ്യൂബ് എന്നീ പ്രവാചകന്മാരെക്കുറിച്ച് വളരെ കുറഞ്ഞ വാക്യങ്ങളില്‍ സ്പര്‍ശിച്ച് കടന്നുപോവുക മാത്രം ചെയ്യുന്നു.
സയ്യിദ് ഖുത്വ്ബ് തന്റെ ഖുര്‍ആനിലെ കലാവിഷ്‌കാരം (അത്തസ്വ്വീറുല്‍ ഫന്നീ ഫില്‍ ഖുര്‍ആന്‍) എന്ന ഗ്രന്ഥത്തില്‍ എഴുതിയതുപോലെ, കഥ സ്വതന്ത്രമായ ഒരു കലയല്ല ഖുര്‍ആനില്‍. ദീനീലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനുള്ള ഉപകരണങ്ങളില്‍ ഒന്നുമാത്രമാണ്. ദീനീലക്ഷ്യമുള്ളതുകൊണ്ടാണ് കഥകള്‍ ആവര്‍ത്തിക്കേണ്ടിവരുന്നത്. ഒരേ കഥയ്ക്കുതന്നെ നിരവധി സന്ദേശങ്ങള്‍ ഉണ്ടാകാമല്ലോ. അവ ഒന്നിച്ച് ഒരിടത്ത് തന്നെ പറയുക ഖുര്‍ആന്റെ രീതിയല്ല. പ്രതികരണത്തില്‍ പ്രസക്തമായ സന്ദേശമേതോ അത് എടുത്തുപറയും. അതേ കഥയുടെ മറ്റൊരു സന്ദേശം നല്‍കേണ്ടിവരുമ്പോള്‍ കഥ ആവര്‍ത്തിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്. മിക്കപ്പോഴും ഭാഗികമായി മാത്രമേ കഥകള്‍ ആവര്‍ത്തിക്കുന്നുള്ളൂ. അതേപടി ആവര്‍ത്തിച്ചത് വളരെ അപൂര്‍വം.
ആവര്‍ത്തനത്തിന്റെ രീതി വ്യക്തമാക്കാന്‍ ഒരുദാഹരണം നല്‍കാം: ശുഐബ്‌നബിയുടെ കഥ അല്‍അഅ്‌റാഫ്, ഹൂദ്, അശ്ശുഅറാഅ് എന്നീ അധ്യായങ്ങളില്‍ ആവര്‍ത്തിച്ചിരിക്കുന്നു: ‘മദ്യന്‍നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ വേറെ ഇലാഹില്ല തന്നെ. നിങ്ങളുടെ റബ്ബിങ്കല്‍നിന്ന് നിങ്ങള്‍ക്ക് സ്പഷ്ടമായ മാര്‍ഗദര്‍ശനം ആഗതമായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍അളവുതൂക്കങ്ങള്‍ നിറവടിയാക്കുവിന്‍. ജനങ്ങള്‍ക്ക് അവരുടെ സാധനങ്ങള്‍ കമ്മിയാക്കാതിരിക്കുവിന്‍. ഭൂമിയില്‍ അതിന്റെ സംസ്‌കരണം നടന്ന ശേഷം നിങ്ങള്‍ നാശമുണ്ടാക്കാതിരിക്കുവിന്‍. ഇതില്‍ മാത്രമാകുന്നു നിങ്ങള്‍ക്ക് ഗുണമുള്ളത്. നിങ്ങള്‍ സത്യത്തില്‍ വിശ്വാസികളാണെങ്കില്‍” (അല്‍അഅ്‌റാഫ്: 85).
‘മദ്യന്‍നിവാസികളിലേക്ക് നാം അവരുടെ സഹോദരന്‍ ശുഐബിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: എന്റെ ജനമേ, അല്ലാഹുവിന് അടിമപ്പെടുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ഇലാഹില്ല. നിങ്ങള്‍ അളവുതൂക്കങ്ങളില്‍ വെട്ടിപ്പ് നടത്താതിരിക്കുവിന്‍. ഞാന്‍ ഇന്ന് നിങ്ങളെ സുസ്ഥിതിയില്‍ കാണുന്നു. എന്നാല്‍, നാളെ സകലരെയും വലയംചെയ്യുന്ന പീഡനം നിറഞ്ഞ ഒരു ദിനം നിങ്ങളില്‍ ആഗതമാകുമെന്ന് എനിക്കുറപ്പുണ്ട്” (ഹൂദ്: 84).
‘ശുഐബ് അവരോട് പറഞ്ഞത് ഓര്‍ക്കുക: നിങ്ങള്‍ ഭക്തി കൈക്കൊള്ളാത്തതെന്ത്? ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ദൈവദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോട് ഭക്തിപുലര്‍ത്തുവിന്‍. എന്നെ അനുസരിപ്പിന്‍. ഞാന്‍ ഈ ദൌത്യത്തിന് നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലമോ, സര്‍വലോകനാഥങ്കല്‍ മാത്രമാകുന്നു. അളവുകള്‍ ശരിക്കും തികക്കുക . അളവില്‍ കുറവുവരുത്തന്നവരില്‍ പെട്ടുപോകരുത്. ശരിയായ ത്രാസുകളില്‍ തൂക്കൂക. ആളുകള്‍ക്ക് അവരുടെ ചരക്കുകള്‍ കമ്മിയാക്കാതിരിക്കുക. ഭൂമിയില്‍ നാശം പരത്തുന്നവരായി വിഹരിക്കാതിരിക്കുക” (അശ്ശുഅറാഅ്: 177183).
ഈ മൂന്ന്  പരാമര്‍ശങ്ങളും പ്രത്യേകിച്ച് അവയുടെ അവസാനഭാഗം താരതമ്യം ചെയ്യുന്നവര്‍ക്ക് ഊന്നലുകളിലുള്ള വ്യതിയാനം പെട്ടെന്ന് മനസ്സിലാകും. രണ്ടാമത്തെ പരാമര്‍ശത്തില്‍ പ്രതീക്ഷിക്കപ്പെടുന്ന ദുരന്തത്തിന്റെ നിഴലാട്ടം ദൃശ്യമാവുന്നു. മൂന്നാമത്തെ പരാമര്‍ശത്തില്‍ കൊച്ചുകൊച്ചു വാക്യങ്ങളില്‍, മുഴങ്ങുന്ന വാക്കുകള്‍ ഉപയോഗിച്ച് ദുരന്തം വിളിപ്പാടകലെ എന്ന് അറിയിക്കുന്നു. മൂന്ന് പരാമര്‍ശങ്ങളുടെയും അറബിപാഠങ്ങള്‍ താരതമ്യം ചെയ്യുമ്പോഴേ വ്യത്യാസങ്ങള്‍ വ്യക്തമാവുകയുള്ളൂ. ആവര്‍ത്തനം പ്രത്യക്ഷത്തിലേ ഉള്ളൂ എന്നര്‍ഥം. ഓരോ സൂക്തത്തിലും കഥാഖ്യാനഘടന വ്യത്യസ്തമാണ്. അതിനാല്‍ കഥകള്‍ പഠിക്കുന്നയാള്‍ ഓരോ സൂക്തവും വെവ്വേറെ പഠിക്കേണ്ടതുണ്ട്. ഫോട്ടോഗ്രാഫിയുമായി ഇതിനെ തുലനം ചെയ്യാമെന്ന് തോന്നുന്നു. സമര്‍ഥനായ ഫോട്ടോഗ്രാഫര്‍ ഒരു വസ്തുവിനെ ഒറ്റ പ്രാവശ്യം ഫോട്ടോയെടുത്ത് പിന്‍വാങ്ങുകയല്ല ചെയ്യുക. വെളിച്ചം പലവിധത്തില്‍ ക്രമീകരിച്ച് അതിന്റെ വിവിധ ആങ്കിളുകളില്‍നിന്നുള്ള ഫോട്ടോ എടുക്കുന്നു. അപ്പോഴേ വസ്തുവിന്റെ യഥാര്‍ഥ ചിത്രം തെളിഞ്ഞുകിട്ടൂ. ഓരോ വശവും ഫോക്കസ് ചെയ്തുകൊണ്ടുള്ള നിരവധി ചിത്രങ്ങള്‍. ഇതുപോലെ ഒരേ സംഭവത്തിന്റെ വിവിധ ചിത്രങ്ങളാണ് പല അധ്യായങ്ങളിലൂടെ നമുക്ക് കിട്ടുന്നത്. ഖുര്‍ആന്റെ അഭിസംബോധിതര്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരായതിനാല്‍, കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രഹിക്കാന്‍ ആവര്‍ത്തനം ഉപകാരപ്പെടുകയും ചെയ്യും.
ആഖ്യാനചരിത്രം
പ്രവാചകഥകള്‍, പ്രവാചകേതര കഥകള്‍ എന്നിങ്ങനെ ഖുര്‍ആന്‍കഥകളെ പൊതുവെ രണ്ടായി തിരിക്കാറുണ്ട്. ഗുഹാവാസികള്‍, കിടങ്ങുകാര്‍, ആദമിന്റെ രണ്ട് മക്കള്‍, രണ്ട് തോട്ടങ്ങളുടെ ഉടമസ്ഥര്‍ തുടങ്ങിയവ പ്രവാചകേതരകഥകള്‍ക്ക് ഉദാഹരണങ്ങളാണ്. ഈ രണ്ട് ഇനം കഥകളിലും ഗുണപാഠം, ആഖ്യാനത്തിന്റെ തുടക്കത്തിലോ മധ്യത്തിലോ ഒടുവിലോ എവിടെ വേണമെങ്കിലും വരാം. കഥയുടെ സംക്ഷിപ്തം ആദ്യം പറഞ്ഞ് പിന്നീട് വിശദീകരിക്കുന്ന രീതിയാണ് അല്‍കഹ്ഫ് അധ്യായത്തില്‍ സ്വീകരിക്കുന്നത്. മര്‍യമിന്റെയും സുലൈമാന്റെയും വിവരണത്തില്‍ ഒരു ആമുഖവുമില്ലാതെ നേരെ കഥയിലേക്ക് കടക്കുന്നു. ഇബ്‌റാഹീമും മകന്‍ ഇസ്മാഈലും കഅ്ബ കെട്ടിപ്പടുക്കുന്നത് ചിത്രീകരിച്ചുകൊണ്ടാണ് അവരുടെ കഥ അനാവരണം ചെയ്യുന്നത്.
സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ചിലേടത്ത് ആഖ്യാനം. അല്‍കഹ്ഫ് അധ്യായത്തില്‍ മൂസായും നല്ലവനായ ദാസനും തമ്മിലുളള സംഭാഷണത്തില്‍, ഓരോ പ്രവൃത്തിയുടെയും പൊരുള്‍ എന്ത് എന്ന ജിജ്ഞാസ മൂസയെപ്പോലെ നമ്മെയും പിടികൂടുന്നു. സംഭവിച്ചത് എന്ത് എന്ന് പ്രേക്ഷകന് അറിയാം, കഥാപാത്രങ്ങള്‍ക്ക് അറിഞ്ഞുകൂടാ. സ്വാഭാവികമായും കഥാപാത്രങ്ങളുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍ കാണികളില്‍ ചിരിയുണര്‍ത്തും. നാടകത്തില്‍ പ്രയോഗിക്കുന്ന ഈ തന്ത്രം ഖുര്‍ആനിലുമുണ്ട്. തോട്ടക്കാരുടെ കഥ ഉദാഹരണം. നാളെ നമ്മുടെ വിളവെടുപ്പാണ്. വിളവ് നമുക്ക് മാത്രമുള്ളതാണ്. ദരിദ്രനായ ഒരുത്തനും ആ വഴിക്ക് വരാതെ നോക്കണം. എന്നിങ്ങനെ തോട്ടക്കാര്‍ അടക്കിപ്പിടിച്ച് സ്വകാര്യം പറയുന്നു. ധിക്കാരികളായ ഈ മനുഷ്യരുടെ തോട്ടം നേരത്തേ അല്ലാഹു നശിപ്പിച്ചു കളഞ്ഞ വിവരം കാണികള്‍ക്ക് അറിയാം. കഥാപാത്രങ്ങള്‍ക്ക് അറിയില്ല. പിറ്റേന്ന് രാവിലെ വലിയ ആവേശത്തോടെ വിളവെടുക്കാന്‍ പോകുന്ന ഇവരുടെ ചിത്രം നമ്മില്‍ ചിരിയുണര്‍ത്തും. ഇവിടെയൊരല്‍പം തമാശ കലര്‍ത്തിയാണ് ഖുര്‍ആന്റെ ആഖ്യാനം എന്നതും ശ്രദ്ധേയമാണ്. ചിലപ്പോള്‍ പ്രേക്ഷകന് രഹസ്യം പാതിയേ പിടികിട്ടുകയുള്ളൂ. ബില്‍ഖീസിന്റെ കഥയില്‍, ‘ഈ സിംഹാസനം നിന്റേതാണോ’ എന്ന് സുലൈമാന്‍ ചോദിക്കുമ്പോള്‍ ബില്‍ഖീസ് ‘ആണെന്ന് തോന്നുന്നു’ എന്ന് പറയുന്നതിനു മുമ്പ് തന്നെ പ്രേക്ഷകന് അക്കാര്യം അറിയാം. എന്നാല്‍, ‘കൊട്ടാരത്തിലേക്ക് കടക്കൂ’ എന്ന് സുലൈമാന്‍ പറയുമ്പോള്‍, രാജ്ഞിയോടൊപ്പം പ്രേക്ഷകനും അന്തംവിട്ടു പോകുന്നു. രത്‌നങ്ങള്‍ പതിച്ച ഒരു അതുല്യ  കൊട്ടാരം പെട്ടെന്ന് മുമ്പില്‍ ദൃശ്യമാവുന്നു. ഇത് പ്രേക്ഷകന് നേരത്തേ അറിവുള്ളതല്ല.
അല്‍കഹ്ഫ്, യൂസുഫ് അധ്യായങ്ങളിലെ കഥാഖ്യാനഘടന സൂക്ഷ്മമായി പഠിച്ചാല്‍ അതുതന്നെയാണ് ആധുനികസിനിമാറ്റിക്‌സങ്കേതം എന്നു കാണാം. യൂസുഫ് അധ്യായം 28 നാടക രംഗങ്ങളായി ചിത്രീകരിക്കാമെന്ന് സയ്യിദ് ഖുത്വ്ബ്. രണ്ട് സിനിമാ ഷോട്ടുകള്‍ക്കിടയില്‍ കുറെയേറെ സംഭവങ്ങള്‍ പറയാതെ വിട്ടുകളയുമല്ലോ. ബുദ്ധിയും ഭാവനയും കൊണ്ട് പ്രേക്ഷകന് അവ ഗ്രഹിച്ചെടുക്കാനാവും. മൂന്ന് ലൊക്കേഷനുകളിലായാണ് ചിത്രീകരണം. ഒന്ന്: യൂസുഫ് ജനിച്ച നാട്. കുട്ടിക്കാലം, സ്വപ്നം തുടങ്ങിയവ. രണ്ട്: സഹോദരന്മാര്‍ യൂസുഫിനെ കൊണ്ടു തള്ളിയ പൊട്ടക്കിണറും വിജനമായ പരിസരവും. മൂന്ന്: ഈജിപ്ത്, ഭരണാധികാരിയായ യൂസുഫ്, സ്വപ്നത്തിന്റെ സാക്ഷാത്കാരം. അല്‍കഹ്ഫ് അധ്യായത്തില്‍ മൂന്ന് കാലങ്ങളിലൂടെ ക്യാമറ സഞ്ചരിക്കുന്നു. ക്രൂരനായ ഭരണാധികാരിയുടെ പീഡനം ഭയന്ന് യുവാക്കള്‍ ഗുഹയില്‍ കയറി ഒളിച്ച കാലഘട്ടം. മുന്നൂറ് വര്‍ഷങ്ങള്‍ക്കു ശേഷം യുവാക്കള്‍ ഉറക്കത്തില്‍നിന്ന് ഉണരുമ്പോള്‍ രണ്ടാം ഘട്ടം. ഗുഹയിലൊളിച്ച യുവാക്കള്‍ എത്ര പേരുണ്ടായിരുന്നു എന്നതിനെച്ചൊല്ലി ഖുറൈശികള്‍ തര്‍ക്കിക്കുന്നു. അത് മുഹമ്മദ് നബി ജീവിച്ച കാലം. ഈ മൂന്ന് കാലങ്ങളെയും ചിട്ടപ്പെടുത്തുന്നത് സംഭവങ്ങള്‍ നടന്ന ക്രമത്തിലല്ല. അത് ഏറ്റവും നൂതനമായ ഒരു ചലച്ചിത്രവിദ്യയാണല്ലോ. ഖുര്‍ആന്റെ ദൃശ്യഭാഷ കൂടുതല്‍ പഠനം ആവശ്യപ്പെടുന്ന ഒരു മേഖലയാണ്.
ഖുര്‍ആന്‍കഥകളില്‍ കുറേഭാഗം പരാമര്‍ശിക്കാതെവിട്ടതില്‍ പ്രബോധനപരവും കലാപരവുമായ ലക്ഷ്യങ്ങളുണ്ടെന്ന് നാം കണ്ടു. ഇത് മനസ്സിലാക്കാതെ, ജൂതെ്രെകസ്തവസമൂഹങ്ങളില്‍ നിലനില്‍ക്കുന്ന കെട്ടുകഥകള്‍കൊണ്ട് വിട്ടഭാഗങ്ങള്‍ പൂരിപ്പിക്കാനുള്ള പ്രവണത ചില ഖുര്‍ആന്‍വ്യാഖ്യാതാക്കളെങ്കിലും നടത്തിയിട്ടുണ്ട്. ആദം മരിച്ചപ്പോള്‍ ആറ് ദിവസം തുടര്‍ച്ചയായി സൂര്യചന്ദ്രഗ്രഹണങ്ങളുണ്ടായി എന്ന് ചില വ്യാഖ്യാനഗ്രന്ഥങ്ങളില്‍ കാണാം. ഒന്നല്ല, പല അബദ്ധങ്ങള്‍ ഉണ്ട് ഈ കഥയില്‍. ഒരേ ദിവസം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒന്നിച്ച് ഉണ്ടാകില്ല. ചന്ദ്രഗ്രഹണമോ സൂര്യഗ്രഹണമോ തുടര്‍ച്ചയായി രണ്ട് ദിവസം ഉണ്ടാവുകയെന്നതും അസംഭവ്യം. തന്റെ മകന്‍ ഇബ്‌റാഹീം മരിച്ചപ്പോള്‍, ആ കാരണത്താലാണ് അന്ന് ഗ്രഹണമുണ്ടായതെന്ന് പറഞ്ഞവരോട്, ‘ഒരാളുടെയും ജനനമരണങ്ങള്‍ കൊണ്ടല്ല ഗ്രഹണമുണ്ടാവുന്നത്’ എന്ന മുഹമ്മദ് നബിയുടെ അസന്ദിഗ്ധമായ മറുപടി ഈ കഥയുടെ കടയ്ക്കല്‍ കോടാലി വയ്ക്കുന്നതാണ്. അതിനാല്‍ ഇത്തരം കഥകള്‍ വ്യാഖ്യാനമായി എഴുതിച്ചേര്‍ക്കുന്നവര്‍ ഖുര്‍ആനികലക്ഷ്യങ്ങളെ തകര്‍ക്കുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
പ്രബോധനലക്ഷ്യങ്ങള്‍ക്ക് ഉതകുന്നതാണെങ്കില്‍ വിശദാംശങ്ങളോടെത്തന്നെ കഥ ഖുര്‍ആനില്‍ വന്നിരിക്കും. ചില പ്രവാചകന്മാരുടെ ജനനം മുതല്‍ക്കുള്ള ചരിത്രം തുടങ്ങുന്നു. സൃഷ്ടിപ്പിന്റെ വൈഭവം വിളിച്ചോതാന്‍ ആദമിന്റെയും വലിയൊരു ദൈവിക ദൃഷ്ടാന്തമായി ഈസായുടെയും കൂട്ട ശിശുഹത്യയില്‍നിന്ന് ദൈവികസഹായത്താല്‍ രക്ഷപ്പെട്ടതിനാല്‍ മൂസായുടെയും മാതാപിതാക്കളുടെ വാര്‍ധക്യത്തില്‍ ജനിച്ചവരെന്ന നിലയ്ക്ക് ഇസ്മാഈല്‍, ഇസ്ഹാഖ്, യഹ്യ എന്നിവരുടെയും ജനനം സാമാന്യം വിശദമായി പ്രതിപാദിക്കുന്നു. യൂസുഫിന്റെ കഥ കുട്ടിക്കാലത്തു നിന്നും ഇബ്‌റാഹീമിന്റേത് കൌമാരത്തില്‍നിന്നും തുടങ്ങുന്നു. ഹൂദ്, സ്വാലിഹ്, ലൂത്വ്, ശുഐബ് തുടങ്ങിയവരുടെ പ്രബോധനജീവിതത്തിലെ അന്ത്യഘട്ടങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ ജീവിതങ്ങളെ വിശ്വാസയോഗ്യമല്ലാത്ത ഏതെങ്കിലും സ്രോതസ്സുകളില്‍നിന്ന് കഥകളെടുത്ത് പൂരിപ്പിക്കേണ്ട യാതൊരാവശ്യവുമില്ല. ഈ രീതിയിലുള്ള ചിന്ത ഖുര്‍ആന്‍കഥകളെ പുതിയൊരു പരിപ്രേക്ഷ്യത്തിലൂടെ കാണാന്‍ നമ്മെ പ്രാപ്തരാക്കും.
ലേഖകന്‍: അശ്‌റഫ് കീഴുപറമ്പ്‌

Related Post