ഇസ്ലാമിക കലയെ സംബന്ധിച്ച പഠനം പൂര്‍ണമാവണമെങ്കില്‍ സ്വൂഫി സൗന്ദര്യശാസ്ത്രം അതില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു കൂടി മനസ്സിലാക്കണം. ”അല്ലാഹു സുന്ദരനാണ്, അവന് സൗന്ദര്യം ഇഷ്ടപ്പെടുന്നു” എന്ന നബിവചനം ഏറ്റവും കൂടുതലായി ഉദ്ധരിച്ചത് സ്വൂഫികളാണ്. സ്വൂഫീ നിബന്ധങ്ങള്‍. കലയുടെയും സംഗീതത്തിന്റെയും ആത്മീയ വ്യാഖ്യാനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇമാം ഗസ്സാലി തന്റെ ഒരു കൃതിയില്‍ ഒരു ചൈനീസ് ചിത്രകാരനെയും ഗ്രീക്ക് ചിത്രകാരനെയും താരതമ്യപ്പെടുത്തുന്നുണ്ട്. ചൈനീസ് ചിത്രകാരന് മനോഹരമായ ഒരു ചിത്രം വരച്ചപ്പോള്‍ അതിനെ കവച്ചുവയ്ക്കാന്‍ ഗ്രീക്ക് ചിത്രകാരന് ചെയ്തത് എതിര്‍വശത്തെ ചുമര് കണ്ണാടിപോലെ മിനുസപ്പെടുത്തുകയായിരുന്നു. ചൈനക്കാരന്റെ ചിത്രം ഗ്രീക്കുകാരന് ഒരുക്കിയ ചുമരില്‍ ഭംഗിയായി പ്രതിഫലിച്ചു. സ്വയം ശുദ്ധീകരണത്തിലൂടെ ദിവ്യ ചൈതന്യം പ്രതിഫലിപ്പിക്കാന്‍ പ്രാപ്തി നേടുക എന്ന സ്വൂഫീ തത്ത്വമാണ് ഈ കഥ ഉദ്ധരിച്ച് ഗസ്സാലി സമര്‍ഥിക്കുന്നത്. ഗസ്സാലിയുടെ കീമിയാഉസ്സആദഃ (സൗഭാഗ്യത്തിന്റെ രസതന്ത്രം) എന്ന കൃതിയില്‍ സൗന്ദര്യശാസ്ത്രപരമായ വിഷയങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ക്രി. 1106-ലാണ് ഈ കൃതിയുടെ രചന. സ്വയം പൂര്‍ണത നേടാന്‍ ആഗ്രഹിക്കുന്ന മനുഷ്യന് സൗന്ദര്യോപാസനയിലൂടെ അതിനുള്ള വഴി കണ്ടെത്തുകയാണ്. സൗന്ദര്യം ബാഹ്യം മാത്രമല്ല ആന്തരികം കൂടിയാണ്. കലാസൗന്ദര്യത്തെ ആന്തരിക സൗന്ദര്യത്തിന്റെ പ്രതിഫലനമായാണ് ഇമാം ഗസ്സാലി വിലയിരുത്തുന്നത്.
ജലാലുദ്ദീന്‍ റൂമി (1207-73), ജാമി (1414-92) മുതലായവരുടെ രചനകള്‍ സ്വൂഫി സൗന്ദര്യശാസ്ത്രം ഉള്‍ക്കൊണ്ട കലാസൃഷ്ടികളാണ്. ഇബ്നു അറബി (1165-1240) സ്വൂഫീ സൗന്ദര്യ വീക്ഷണത്തിന് താത്ത്വികമായ പിന്‍ബലം നല്‍കിയിട്ടുണ്ട്. പ്രപഞ്ച വസ്തുക്കളുടെ സൗന്ദര്യം ഉപാസിച്ച് ദൈവിക സൗന്ദര്യവുമായി താദാത്മ്യം പ്രാപിക്കാനുള്ള ശ്രമമാണ് സ്വൂഫീ കലാകാരന്മാരുടേത്. സ്ത്രീ സൗന്ദര്യം പോലും ദൈവിക സൗന്ദര്യത്തിലേക്കുള്ള വഴികാട്ടിയാണെന്ന് ഇബ്നുഅറബി പറഞ്ഞിട്ടുണ്ട്.
വാസ്തുശില്പം, കലിഗ്രഫി, ചിത്രകല, സംഗീതം, നൃത്തം എന്നിവയെ ആധ്യാത്മികമായി വ്യാഖ്യാനിക്കുന്നുണ്ട് സ്വൂഫികള്‍. മതേതരമായ കലകളെയും കഥകളെയും അവര്‍ ഇപ്രകാരം വായിച്ചെടുത്തിട്ടുണ്ട്. പഞ്ചതന്ത്രം കഥകളെ-കലീലഃ വ ദിംനഃ- ജലാലുദ്ദീന്‍ റൂമി ആധ്യാത്മികമായി വായിച്ചത് ഉദാഹരണം. ഓരോ കഥകള്‍ക്കും ഉചിതമായ ആന്തരാര്‍ഥം കണ്ടെത്തുകയായിരുന്നു റൂമി. പെയിന്റിംഗുകളിലെ വിവിധവര്ണങ്ങളെയും വസ്തുക്കളെയും പ്രതീകാത്മകമായി വ്യാഖ്യാനിക്കാനും സ്വൂഫികള്‍ക്ക് സാധിച്ചു. സ്വൂഫീ വായനയില്‍ ഇസ്ലാമിക കല ദൈവിക സത്യ(ഹഖ്ഖ്)ത്തിന്റെയും ഉദാത്തത(ജലാലിയ്യഃ)യുടെയും സൗന്ദര്യ(ജമാലിയ്യഃ)ത്തിന്റെയും സാക്ഷാത്കാരമാണ്.