വിശുദ്ധ ഖുര്‍ആന്‍ പ്രവാചകന്‍ തിരുമേനിക്കും, അദ്ദേഹത്തിന്റെ സമൂഹത്തിനും നല്‍കിയ വിശേഷണമാണ് ഉമ്മിയ്യ്, ഉമ്മിയ്യൂന്‍ തുടങ്ങിയവ. പ്രവാചകന്‍ തിരുമേനി(സ) എഴുത്തും വായനയും അറിയാത്ത നിരക്ഷരനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സമൂഹവും അപ്രകാരം തന്നെയായിരുന്നുവെന്നുമാണ് സാധാരാണയായി ഈ വിശേഷണങ്ങള്‍ക്ക് നല്‍കി വരുന്ന വിശദീകരണം. എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും വിശദാംശങ്ങളിലേക്ക് കടക്കുന്ന പക്ഷം ഈ വിശദീകരണങ്ങളുടെ ന്യൂനതകള്‍ മനസ്സിലാവുന്നതാണ്.
ഉമ്മിയ്യ് എന്ന പദത്തിന്റെ ഭാഷാപരമായ അര്‍ത്ഥം എഴുത്തും വായനയും വശമില്ലാത്തവന്‍ എന്ന് തന്നെയാണ്. പ്രവാചകന്‍ തിരുമേനി(സ)ക്ക് എഴുത്തും വായനും അറിയ്യില്ലായിരുന്നുവെന്നതും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകനെയും(അഅ്‌റാഫ് 157, 158) അദ്ദേഹത്തിന്റെ സമൂഹത്തെയും (ആലുഇംറാന്‍ 20, അല്‍ജുമുഅ 2) പ്രസ്തുത പദങ്ങള്‍ കൊണ്ട് വിശേഷിപ്പിച്ചത് മേല്‍പറഞ്ഞ ആശയത്തെയാണോ കുറിക്കുന്നത് എന്നത് വിശകലനമര്‍ഹിക്കുന്ന വിഷയമാണ്.
സൂറ ആലുഇംറാനില്‍ ജൂത-ക്രൈസ്തവ വിഭാഗങ്ങള്‍ അഥവാ അഹ്‌ലുല്‍ കിതാബ് എന്ന പദത്തിന് നേര്‍വിപരീതമായാണ് ഉമ്മിയ്യൂന്‍ എന്ന് പ്രയോഗിച്ചത്. അവിടെയും, സൂറ ജുമുഅയിലും പ്രസ്തുത പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത് ബഹുദൈവാരാധകരായ അറബികളെയാണെന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കിടയില്‍ അഭിപ്രായ വ്യത്യാസം ഇല്ലാത്ത കാര്യവുമാണ്.
എന്നാല്‍ അറേബ്യന്‍ മുശ്‌രിക്കുകള്‍ എഴുത്തുംവായനയും അറിയാത്ത നിരക്ഷരരായിരുന്നുവെന്ന വാദം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. തഫ്‌സീറുന്നസഫിയില്‍ ഇപ്രകാരം കാണാം ‘ത്വാഇഫിലാണ് എഴുത്ത് ആരംഭിച്ചത്. അവരാവട്ടെ അന്‍ബാറില്‍ നിന്നുള്ള ഹീറക്കാരില്‍ നിന്നാണത് നേടിയെടുത്തത്.’ (ഭാഗം 4, പേജ് 254)
എഴുത്ത് എന്നത് കച്ചവടത്തിന് അനിവാര്യമായ സംവിധാനമാണ്. ഹിജാസുകാര്‍ ജീവിച്ചിരുന്നത് തന്നെ കച്ചവടം ചെയ്ത് കൊണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവരുടെ കച്ചവടയാത്രയെക്കുറിച്ച് ഒരു അധ്യായം (ഈലാഫ്) മുഴുക്കെ പരാമര്‍ശിക്കുന്നുമുണ്ട്. കയ്യിലുള്ള കാശിന്റെയും, ഇടപാടുകളുടെയും കണക്കുകളും രേഖകളും സൂക്ഷിക്കനിറായത്തവര്‍ കച്ചവടത്തില്‍ വിജയിക്കുകയില്ലെന്നത് സുസമ്മത യാഥാര്‍ത്ഥ്യമാണല്ലോ. പ്രത്യേകിച്ചും വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള അപരിചിതരുമായി കച്ചവടം നടത്തുമ്പോള്‍ ഇവ അനിവാര്യവുമാണ്. പട്ടണങ്ങളിലുള്ളവര്‍ക്ക് മാത്രമല്ല, ഗ്രാമപ്രദേശങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്കും എഴുത്തറിയാമായിരുന്നുവെന്ന് ‘എഴുത്തിന്റെ ഉല്‍ഭവം’ അഥവാ നശ്അത്തുല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അതിന് വേണ്ടി ഒഴിഞ്ഞിരിക്കാറുള്ള പ്രത്യേക സംഘങ്ങള്‍ വരെയുണ്ടായിരുന്നുവെന്ന് കൂടി ഗ്രന്ഥം സൂചിപ്പിക്കുന്നു. അറബി മാത്രമല്ല പേര്‍ഷ്യന്‍, റോമന്‍, അബ്‌സീനിയന്‍ ഭാഷകള്‍ കൂടി എഴുതാനറിയുന്ന വിഭാഗങ്ങള്‍ അവരിലുണ്ടായിരുന്നു. (പേജ് 25)
അവരുടെ ഇടയില്‍ പ്രസിദ്ധമായ, സാഹിത്യത്തില്‍ സ്വീകാര്യമായ രചനകള്‍ അവര്‍ എഴുതി സൂക്ഷിക്കാറുണ്ടായിരുന്നു. അല്‍മുഅല്ലഖാത്ത് എന്ന പേരിലായിരുന്നു അവ അറിയപ്പെട്ടിരുന്നത്. സ്വര്‍ണ നിറത്തിലുള്ള ലിപികളില്‍ എഴുതപ്പെട്ട അവ പരിശുദ്ധ കഅ്ബാലയത്തിന്റെ ചുമരുകളില്‍ തൂക്കിയിടാറായിരുന്നു പതിവ്. ഇപ്രകാരം കഅ്ബാലയത്തില്‍ ഒട്ടിച്ചവയില്‍ പ്രഥമമായത് ഇംറുല്‍ ഖൈസിന്റെ കവിതയായിരുന്നു. അക്കാലത്ത് കഅ്ബയില്‍ തൂക്കിയിട്ട സാഹിത്യം അതിന്റെ രചയിതാവിന് അഭിമാനമായിരുന്നു.
അഹ്‌ലുല്‍ കിതാബിന്റെ വേദം അവരുടെ കയ്യില്‍ രേഖപ്പെടുത്തപ്പെട്ട വിധത്തിലായിരുന്നു ഉണ്ടായിരുന്നത്. അവരത് പാരായാണം ചെയ്യുകയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തുകയും ചെയ്യാറുണ്ടായിരുന്നു. അറബികളില്‍ ചിലര്‍ക്കും പ്രസ്തുത വേദങ്ങളില്‍ അവഗാഹമുണ്ടായിരുന്നു. അവരത് എഴുതി സൂക്ഷിക്കാറുമുണ്ടായിരുന്നു. ഇപ്രകാരം അവ ഹീബ്രു ഭാഷയില്‍ എഴുതി സൂക്ഷിച്ചിരുന്ന അറബ് പണ്ഡിതനായിരുന്നു വറഖത് ബിന്‍ നൗഫല്‍.(മസാദിറുശ്ശിഅ്ര്‍ പേജ് 61)
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടപ്പോഴും പ്രവാചകനില്‍ പ്രഥമ ഘട്ടത്തില്‍ വിശ്വസിച്ചിരുന്നവര്‍ അവ എഴുതി സൂക്ഷിക്കാറുണ്ടായിരുന്നു. തന്റെ സഹോദരി ഫാത്വിമ ഇസ്‌ലാം സ്വീകരിച്ചതറിഞ്ഞ ഉമര്‍ കോപിഷ്ഠനായി അവരുടെ വീട്ടിലേക്ക് മടങ്ങി. അവിടെ അവര്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠപ്പിച്ചിരുന്നത് ഖബ്ബാബ് ബിന്‍ അറത്(റ) ആയിരുന്നു. ഖുര്‍ആനാവട്ടെ എഴുതിവെക്കപ്പെട്ട രീതിയിലുമായിരുന്നു. പ്രവാചക ചരിത്രത്തിലെ രഹസ്യ പ്രബോധനത്തിന്റെ ഘട്ടത്തിലാണ് ഇതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എഴുത്തും വായനയും അറിയാത്ത സമൂഹത്തോട് വിശുദ്ധ ഖുര്‍ആന്‍ രേഖപ്പെടുത്താന്‍ പറയുന്നത് വല്ലാത്ത ബാധ്യത തന്നെയാണ്.
ശേഷം ബ്ദറിലെ ബന്ദികളോട് പ്രവാചകന്‍ സ്വീകരിച്ച നിലപാടും നമുക്ക് മുമ്പിലുണ്ട്. ഓരോരുത്തരും പത്ത് പേര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കണമെന്നതായിരുന്നു മോചന ദ്രവ്യമായി പ്രവാചകന്‍ തിരുമേനി(സ) നിശ്ചയിച്ചത്.
ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന വേളയില്‍ അറേബ്യന്‍ സമൂഹം എഴുത്തും വായനയും അറിയാത്ത നിരക്ഷര ജനതയായിരുന്നില്ല. മുമ്പ് പേന പിടിക്കുകയോ, പേപ്പറുകള്‍ കാണുകയോ ചെയ്യാത്ത സമൂഹവുമായിരുന്നില്ല അവര്‍. വിജ്ഞാനത്തിന്റെ പ്രാഥമിക അടിസ്ഥാനമായ എഴുത്തും വായനയും അറിയാത്ത പടുവിഢ്ഢികളെയാണ് സാഹിത്യത്തിന്റെ പേരില്‍ വിശുദ്ധ ഖുര്‍ആന്‍ വെല്ലുവിളിച്ചത് എന്ന് കരുതാനും വയ്യ.
ഇനി മഹാഭൂരിപക്ഷം പേര്‍ എഴുത്തും വായനയും അറിയാത്തവരായിരുന്നു എന്നതാണ് ന്യായമെങ്കില്‍, അഹ്‌ലുല്‍ കിതാബും ലോകത്തുള്ള ഇതര സമൂഹങ്ങളും ഈ വിഷയത്തില്‍ വ്യത്യസ്തരായിരുന്നില്ല എന്നതും ഈ വാദത്തെയും ഖണ്ഡിക്കുന്നു.
മറിച്ച്, വിശുദ്ധ ഖുര്‍ആന്‍ പ്രവാചക സമൂഹത്തെ വിശേഷിപ്പിച്ച നിരക്ഷരത ‘മതപരമായ’ തലത്തില്‍ നിന്നുള്ളതായിരുന്നു. വേദം വിദ്യഭ്യാസം ലഭിക്കാത്ത, പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടാത്ത, വിശുദ്ധ ഖുര്‍ആന്റെ തന്നെ ഭാഷയില്‍ ‘അവരുടെ പിതാക്കന്മാര്‍ മുന്നറിയിപ്പ് നല്‍കപ്പെടാത്ത’ ഒരു സമൂഹമായിരുന്നു അവരെന്ന് ചുരുക്കം. അതിനാലാണ് വേദക്കാര്‍ അഥവാ അഹ്‌ലുല്‍ കിതാബിന് വിപരീതമായി വിശുദ്ധ ഖുര്‍ആന്‍ ഉമ്മിയ്യൂന്‍(ആലു ഇംറാന്‍ 20) എന്ന് പ്രയോഗിച്ചത്.
വേദം ലഭിച്ചവര്‍ ഉത്തമരാണ്, അവര്‍ ദൈവത്തിന് പ്രിയപ്പെട്ടവരാണ്, മറ്റുള്ളവര്‍ അവരുടെ സേവകരാണ് എന്ന മിഥ്യാധാരണയും ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ക്കുണ്ടായിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വേദക്കാരല്ലാത്തവരുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ അവര്‍ അക്രമം പ്രവര്‍ത്തിക്കുകുയും ന്യായമായി ‘അവര്‍ ഉമ്മിയ്യീന്‍(വേദം ലഭിക്കാത്തവര്‍)ആണ്’ എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നുവെന്നും ഖുര്‍ആന്‍(ആലു ഇംറാന്‍ 75) വിശദീകരിക്കുന്നു.
വേദക്കാരായി ജനിക്കുകയും വേദം പഠിക്കാതെ, അതിനെക്കുറിച്ച് വിവരമില്ലാതെ ജീവിക്കുകയും ചെയ്തവരെ അല്ലാഹു വിശേഷിപ്പിച്ചതും ഉമ്മിയ്യൂന്‍ എന്ന് തന്നെയാണ്. ‘അവരില്‍ ചിലര്‍ നിരക്ഷരരാണ്. വേദഗ്രന്ഥമൊന്നും അവര്‍ക്കറിയില്ല; ചില വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതല്ലാതെ. ഊഹിച്ചെടുക്കുക മാത്രമാണവര്‍ ചെയ്യുന്നത്.’ (അല്‍ബഖറ 78)
പ്രവാചകന്‍ തിരുമേനി(സ)യെ ഉമ്മിയ്യ് എന്ന് വിശേഷിപ്പിക്കുമ്പോള്‍ കേവലം എഴുത്തും വായനയും അറിയാത്തവന്‍ എന്ന പരിമിതമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത് എന്നത് മേല്‍പറഞ്ഞതില്‍ നിന്നും വ്യക്തമാണ്. നിങ്ങള്‍ക്ക് മുമ്പില്‍ വേദവുമായി വന്ന ഈ മനുഷ്യന്‍ വേദക്കാരില്‍ നിന്ന് നിയോഗിക്കപ്പെട്ടവനോ, വേദഗ്രന്ഥങ്ങള്‍ ചൊല്ലി പഠിച്ച് വന്നവനോ അല്ല. മറിച്ച് വേദവിദ്യാഭ്യാസത്തില്‍ പൂജ്യനായ അദ്ദേഹമാണ് വിശുദ്ധ ഖുര്‍ആനുമായി നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. അപ്പോഴാണ് ഉമ്മിയ്യ് എന്ന വിശേഷണം പ്രവാചകന് അലങ്കാരമായിത്തീരുന്നതും.
പ്രവാചകനെ ഉമ്മിയ്യ് എന്ന് വിശേഷിപ്പിച്ച സാഹചര്യവും ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ജൂത-ക്രൈസ്തവ സമൂഹം പ്രവാചകനില്‍ വിശ്വസിക്കാത്തതിനെ വിമര്‍ശിച്ച്, അവരുടെ പാരമ്പര്യം വിശദീകരിച്ച്, ഇങ്ങനെയൊരു പ്രവാചകന്‍ നിയോഗിക്കപ്പെടുമെന്ന് തൗറാത്തും ഇഞ്ചീലും സൂചിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്നിടത്താണ് അദ്ദേഹത്തിന് ഉമ്മിയ്യ് എന്ന വിശേഷണം നല്‍കിയത്.
പ്രവാചകന്‍ കേവലം എഴുത്തും വായനയുമറിയാത്തവനാണ് എന്നതിനോട് ചേര്‍ത്ത്, വേദം ഗ്രന്ഥം കേള്‍ക്കുക പോലും ചെയ്യാത്തവനാണ് എന്ന് കൂടി വ്യക്തമാക്കപ്പെട്ടാലെ അദ്ദേഹം കൊണ്ട് വന്ന ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ് എന്ന ആശയം പൂര്‍ണമായി സ്ഥാപിക്കപ്പെടുകയുള്ളൂ. പ്രത്യേകിച്ചും ഖുര്‍ആന്റെ ഉള്ളടക്കത്തില്‍ മുഖ്യമായ പങ്ക് പൂര്‍വകാല സമൂഹങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടതായിരിക്കെ ഇത് തന്നെയാണ് ഉചിതം.
(Islam Onlive)