Main Menu
أكاديمية سبيلي Sabeeli Academy

ഇസ്‌ലാം സ്വീകരണത്തിന് കുളി ?

ഇസ്‌ലാം സ്വീകരണത്തിന് കുളി ?ഇസ്‌ലാം സ്വീകരണത്തിന് കുളി ?

ഉത്തരം: ഇസ്‌ലാമാകുക എന്ന പ്രക്രിയ സുഗമവും നിരുപാധികവുമാണ്. അല്ലാഹു ജനങ്ങളെ യാതൊരു വിധത്തിലും പ്രയാസപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത. ഇസ്‌ലാമിനെ അടുത്ത് മനസ്സിലാക്കുകയും അത് സത്യമാണെന്ന അടിയുറച്ച വിശ്വസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് രണ്ട് വചനങ്ങള്‍ കൊണ്ട് പരസ്യമാക്കാവുന്നതാണ്. ‘അല്ലാഹുവല്ലാതെ വഴിപ്പെടാന്‍ മറ്റൊരു ഇലാഹുമില്ല. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണ്’. ഈ വചനങ്ങളുരുവിട്ട് സത്യസന്ധതയോടെ നിലകൊള്ളുന്ന ഏതൊരാളും മുസ്‌ലിമായിത്തീരുന്നതാണ്. ഇത് സര്‍വാംഗീകൃതമായ കാര്യമാണ്. അതിനാല്‍ സത്യസാക്ഷ്യത്തിന് ആധികാരികത ഉണ്ടാകണമെങ്കില്‍ അതിന് ശേഷം കുളിച്ചേ മതിയാകൂ എന്ന നിബന്ധനയില്ല.

എന്നാല്‍ വിശ്വാസസ്വീകരണത്തിന്റെ ഭാഗമായി സത്യസാക്ഷ്യം പ്രഖ്യാപിച്ചശേഷം കുളി നിര്‍ബന്ധമോ എന്ന വിഷയത്തില്‍ കര്‍മശാസ്ത്രകാരന്‍മാര്‍ വ്യത്യസ്താഭിപ്രായക്കാരാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ഹദീസുകളാണ് ഉദ്ധരിക്കപ്പെടാറുള്ളത്.
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: എതിരാളികളുടെ പക്ഷത്തുനിന്ന് ഥുമാമത്തുല്‍ ഹനഫിയെ ബന്ധനസ്ഥനാക്കി. നബി(സ) അദ്ദേഹത്തിനടുത്ത് ചെന്ന് ‘എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്’ എന്ന് ചോദിച്ചു. അപ്പോള്‍ ഥുമാമഃ പ്രതിവചിച്ചു: ‘താങ്കളെന്നെ കൊല്ലുകയാണെങ്കില്‍ ഒരു ബന്ധുവിനെയാണ് താങ്കള്‍ ഇല്ലാതാക്കുന്നത്. താങ്കള്‍ എന്നെ വെറുതെവിടുകയാണെങ്കില്‍ ഞാന്‍ താങ്കളോട് നന്ദിയുള്ളവനായിരിക്കും. താങ്കള്‍ക്ക് പണമാണ് വേണ്ടതെങ്കില്‍ ആവശ്യമുള്ളത്ര ഞാന്‍ തരാം.’ തിരുമേനി ഒന്നും പറയാതെ അവിടെനിന്ന് പോയി.

പലതവണ നബി അയാളുടെ അടുത്ത് ചെല്ലുകയും അയാളുടെ വിശേഷങ്ങള്‍ തിരക്കുകയുംചെയ്തു. അവസാനം അയാള്‍ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകന്‍ അയാളെ ബന്ധനത്തില്‍നിന്ന് മോചിപ്പിച്ചു. തുടര്‍ന്ന് അബൂത്വല്‍ഹയുടെ തോട്ടത്തില്‍ ചെന്ന് കുളിച്ചുവരാന്‍ ആവശ്യപ്പെട്ടു. ശേഷം വുദുവെടുത്ത് രണ്ട് റക്അത്ത് നമസ്‌കരിച്ചു. തുടര്‍ന്ന് നബിതിരുമേനി ഇങ്ങനെ മൊഴിഞ്ഞു:’തീര്‍ച്ചയായും നിങ്ങളുടെ സഹോദരന്‍(ഥുമാമഃ) ഉത്തമവിശ്വാസിയായിരിക്കുന്നു’.(അഹ്മദ്)

ഖൈസ് ബ്‌നു ആസ്വിം(റ)ല്‍നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോര്‍ട്ട് ഇങ്ങനെയാണ്: ഞാന്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ നബിതിരുമേനി എന്നോട് ഇലന്തയിലയിട്ട വെള്ളത്തില്‍ കുളിച്ചുവരാന്‍ കല്‍പിച്ചു.(അഹ്മദ്, അബൂദാവൂദ്, തിര്‍മിദി)
മേല്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളുടെ വെളിച്ചത്തില്‍ ഫുഖഹാക്കള്‍ മൂന്ന് രീതിയില്‍ വിധിനിര്‍ധാരണം നടത്തിയിരിക്കുന്നു.
a. കുളി നിര്‍ബന്ധമാണ്: ഇതരആദര്‍ശങ്ങളില്‍നിന്ന് പുതുതായി ഇസ്‌ലാം സ്വീകരിക്കുകയോ മുര്‍തദ്ദായശേഷം ഇസ്‌ലാമിലേക്ക് തിരിച്ചുവരികയോ ചെയ്ത വ്യക്തിക്ക് കുളി നിര്‍ബന്ധമാണ്. മാലികി, ഹന്‍ബലി മദ്ഹബിന്റെ പണ്ഡിതന്‍മാരും അബൂഥൗര്‍, ഇബ്‌നുല്‍മുന്‍ദിര്‍, അല്‍ഖത്താബി തുടങ്ങിയവരും ഈ വീക്ഷണക്കാരാണ്.
ഇബ്‌നു ഖുദാമ എഴുതുന്നു: ഒരു അവിശ്വാസി ഇസ്‌ലാം സ്വീകരിച്ചാല്‍ അവന് കുളി നിര്‍ബന്ധമാണ്; അയാള്‍ അമുസ്‌ലിമോ, മുര്‍തദ്ദോ(മതമുപേക്ഷിച്ച് പോയവന്‍) ആയിരുന്നാലും , ഇസ്‌ലാംസ്വീകരണത്തിന് മുമ്പോ പിമ്പോ കുളിച്ചിട്ടുണ്ടെങ്കിലും ശരി. അതായത്, വിശ്വാസസ്വീകരണമാണ് കുളിയെ ആവശ്യപ്പെടുന്നത്. അതിനുശേഷം ഖൈസിനോട് കുളിച്ചുവരാന്‍ നബിതിരുമേനി കല്‍പിക്കുന്ന ഹദീഥ് ഉദ്ധരിച്ചു.

ഇമാം നവവി (റ) പക്ഷേ ഇസ്‌ലാം സ്വീകരണത്തിന് കുളി നിര്‍ബന്ധമാക്കാന്‍ ഹദീഥുകളില്‍നിന്ന് ഇപ്രകാരം തെളിവ് നിര്‍ധാരണംചെയ്യുന്നതിനോട് വിയോജിക്കുന്നു: ‘മേല്‍ രണ്ട് ഹദീഥുകളെ നമുക്ക് രണ്ടുരീതിയില്‍ സമീപിക്കാനാകും.’
ഒന്നാമതായി, ഹദീസ് അഭിലക്ഷണീയമായ ഒരു സംഗതിയെ നിര്‍ദ്ദേശിക്കുന്നതായാണ് കാണാനാവുക. കാരണം ഖൈസിനോട് നബി(സ) ആവശ്യപ്പെട്ടത് ഇലന്തയില ഇട്ട വെള്ളത്തില്‍ കുളിച്ചുവരാനാണ്. ഇലന്തയില ചേര്‍ക്കണമെന്നത് ഒരിക്കലും നിര്‍ബന്ധകാര്യമല്ലെന്ന് നമുക്കറിയാമല്ലോ. രണ്ടാമതായി, മേല്‍ ഹദീഥിലെ രണ്ട് വ്യക്തികളും (ഥുമാമഃ, ഖൈസ്) ജനാബത്തിന്റെ അവസ്ഥയിലായിരുന്നു എന്ന് നബിതിരുമേനിക്ക് അറിയാമായിരുന്നു. അവര്‍ക്ക് സന്താനങ്ങളുണ്ട്. അതായിരുന്നു അവരോട് കുളിക്കാന്‍ അദ്ദേഹം കല്‍പിച്ചതിന് പിന്നിലെ രഹസ്യം. അല്ലാതെ ഇസ്‌ലാം സ്വീകരണത്തിനുള്ള ഉപാധിയായിരുന്നില്ല കുളി.

b. ജനാബത്തുകാരനായാലും അല്ലെങ്കിലും ശരി, ഇസ്‌ലാം സ്വീകരിച്ചയുടന്‍ കുളി നിര്‍ബന്ധമില്ല.

ഹനഫി മദ്ഹബിലെ പണ്ഡിതന്‍മാരും ശാഫിഈ മദ്ഹബിലെ അബൂസഅ്ദില്‍ ഇസ്തഖ്‌രിയെപ്പോലെയുള്ള ഹദീസ് പണ്ഡിതന്‍മാരും പ്രസ്തുതവീക്ഷണം പുലര്‍ത്തുന്നവരില്‍ പെടുന്നു.
ഇബ്‌നുല്‍ ഹുമം കുറിക്കുന്നു: അവിശ്വാസിയായ ആള്‍ ജനാബത്തുകാരനാണോയെന്ന വിഷയത്തില്‍ ഭിന്നാഭിപ്രായമുണ്ട്.കാരണം ദീനിലെ ശാഖാപരമായ അനുശാസനം ചെയ്യണമെന്ന നിര്‍ബന്ധമില്ല. എന്നല്ല, ദീന്‍ സ്വീകരിക്കുന്നതോടെ ജനാബത്ത് എന്ന അവസ്ഥതന്നെ ഇല്ലാതാകുന്നു.

കുളി നിര്‍ബന്ധമല്ല എന്ന ഹനഫീ വീക്ഷണത്തെ ഇമാം മാവര്‍ദി പിന്തുണക്കുന്നത് ഈ ഖുര്‍ആനെയും പ്രവാചകവചനത്തെയും മുന്‍നിര്‍ത്തിയാണ്:
‘സത്യനിഷേധികളോട് പറയുക: ഇനിയെങ്കിലുമവര്‍ വിരമിക്കുകയാണെങ്കില്‍ മുമ്പ് കഴിഞ്ഞതൊക്കെ അവര്‍ക്ക് പൊറുത്തുകൊടുക്കും'(അന്‍ഫാല്‍ 38).
മുഹമ്മദ് നബി(സ) ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ‘ഇസ് ലാം അതിനുമുമ്പുള്ള(പാപങ്ങള്‍)തിനെയെല്ലാം മായ്ച്ചുകളയുന്നു’

എല്ലാറ്റിനുമുപരി, ഇസ്‌ലാം സ്വീകരണത്തിന് കുളി നിര്‍ബന്ധമായിരുന്നുവെങ്കില്‍ അക്കാര്യം വിവരിക്കുന്ന ഒട്ടേറെ ഹദീഥുകള്‍ കാണേണ്ടതായിരുന്നു. മാത്രമോ, മുആദ് ബ്‌നു ജബലിനെ യമനിലേക്ക് പ്രബോധനദൗത്യമേല്‍പിച്ചപ്പോള്‍ അവിടെയൊന്നും പുതുതായി വരുന്നവര്‍ക്ക് കുളി നിര്‍ബന്ധമാണെന്ന നിര്‍ദ്ദേശം കൊടുത്തതായി നാം കാണുന്നില്ല.
എന്നാല്‍ മേല്‍വാദത്തെ ഇമാം നവവി അംഗീകരിക്കുന്നില്ല. അദ്ദേഹം പറയുന്നു: ‘ഇപ്പറഞ്ഞ ന്യായീകരണങ്ങളൊന്നും യുക്തിസഹമല്ല. കാരണം, പുതുതായി ഇസ് ലാംസ്വീകരിക്കുന്നവന് വുദു നിര്‍ബന്ധമാണെന്നതില്‍ എതിരഭിപ്രായമില്ല.’ അവിശ്വാസി വിശ്വാസം കൈക്കൊള്ളുന്നതിന് മുമ്പ് മൂത്രമൊഴിച്ചിട്ടുണ്ടോ, അതല്ല ജനാബത്തിലാണോ എന്ന അവസ്ഥാന്തരങ്ങളൊന്നും പരിഗണനീയമേ അല്ല. ഖുര്‍ആന്‍ സൂക്തവും ഹദീഥും വിരല്‍ചൂണ്ടുന്നത് അവരുടെ ഭൂതകാലത്തെ പാപകര്‍മങ്ങളെക്കുറിച്ചാണ്. അത് പൊറുത്തുകൊടുക്കുമെന്നാണ്. എന്നല്ല, ദിമ്മിയായ മനുഷ്യന്‍ പ്രതിക്രിയയിലോ കടബാധ്യതയിലോ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ ഇസ് ലാം സ്വീകരിച്ചുവെന്ന് കരുതി അയാള്‍ ആ ബാധ്യതയില്‍നിന്ന് മുക്തനാകുന്നില്ലെന്ന് പണ്ഡിതന്‍മാര്‍ പ്രത്യേകം പറഞ്ഞിട്ടുള്ളത് നാം മറക്കരുത്.
എല്ലാറ്റിനുമുപരി, ജാഹിലിയ്യാഘട്ടത്തില്‍ കുളി ആവശ്യമായി വരുന്ന കാര്യങ്ങളല്ല, ഇസ് ലാം സ്വീകരിക്കുമ്പോള്‍ കുളി നിര്‍ബന്ധമാക്കുന്നതെന്ന് നാം മനസ്സിലാക്കണം. നമസ്‌കാരം ശരിയാകണമെങ്കില്‍ ചെറിയ അശുദ്ധിയില്‍നിന്ന് ശുദ്ധിയാക്കുന്ന വുദു നിര്‍ബന്ധമാണ്. ഇനി വലിയ അശുദ്ധിയിലാണ് അയാളുള്ളതെങ്കില്‍ അയാള്‍ കുളിച്ചേ മതിയാകൂ. ഇസ് ലാം സ്വീകരിച്ചെന്ന് കരുതി, അയാളുടെ ജനാബത്തിന്റെ അവസ്ഥ ദുര്‍ബലപ്പെട്ടുപോകുകയൊന്നുമില്ല.

പുതുതായി ഇസ്‌ലാം സ്വീകരിക്കുന്നവരോട് വിശ്വാസസ്വീകരണത്തിനുശേഷം കുളിക്കാന്‍ കല്‍പിച്ചതായി കാണുന്നില്ലല്ലോയെന്നതിന് മറുപടിയിതാണ്: ഇസ് ലാം സ്വീകരിച്ചുകഴിഞ്ഞാല്‍ കുളിക്കണമെന്നും വുദുവെടുക്കണമെന്നും അവര്‍ക്ക് ആദ്യമേ അറിയാമായിരുന്നു എന്നതുകൊണ്ടാണ്. പരക്കെ അറിയുന്ന കാര്യത്തില്‍ പ്രത്യേകനിര്‍ദേശം ആവശ്യമില്ലല്ലോ.(അല്‍മജ്മൂഅ് 2/174).

c. കുളി നിര്‍ബന്ധമാകുന്നത് കടന്നുവരുന്ന വ്യക്തിയുടെ അവസ്ഥയെ മുന്‍നിര്‍ത്തി

ജനാബത്തുകാരനായ ഒരു അവിശ്വാസി ഇസ്‌ലാംസ്വീകരിക്കുകയാണെങ്കില്‍ പ്രസ്തുതഘട്ടത്തില്‍ അയാള്‍ക്ക് കുളിനിര്‍ബന്ധമാകുമെന്നാണ് ഈ വിഭാഗം പണ്ഡിതന്‍മാരുടെ വീക്ഷണം. അതേസമയം പുതുവിശ്വാസി ജനാബത്തുകാരനല്ലെങ്കില്‍ കുളി അയാള്‍ക്ക് അഭിലഷണീയമാണ്. ഇതാണ് ഹനഫി, ശാഫിഈ മദ്ഹബുകാരുടെ വീക്ഷണം.

ഇബ്‌നുല്‍ ഹുമം വിശദീകരിക്കുന്നു: പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവരുന്ന ആള്‍ക്ക് കുളി അഭിലഷണീയമാണെന്ന് പറഞ്ഞത് ജനാബത്തിന്റെ കുളിയല്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം ജനാബത്തുള്ള അവസ്ഥയിലാണ് ഒരാള്‍ ഇസ്‌ലാം സ്വീകരിക്കുന്നതെങ്കില്‍ അയാള്‍ കുളിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യത്യസ്താഭിപ്രായമാണുള്ളത്. ഇസ്‌ലാമിന്റെ ശാഖാപരമായ ഒരു കാര്യം ചെയ്യാന്‍ അയാള്‍ അപ്പോള്‍ ബാധ്യസ്ഥനല്ല എന്നതാണ് അതിലൊരു കൂട്ടരുടെ ന്യായം. മാത്രമല്ല, ഇസ് ലാം സ്വീകരണത്തോടെ ജനാബത്ത് നിലനില്‍ക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
അതെന്തായാലും ശരിയായ വീക്ഷണമായി പറയുന്നതിങ്ങനെ: ഇസ്‌ലാം സ്വീകരിച്ചാല്‍ തന്നെയും ജനാബത്തിന്റെ എല്ലാ അവസ്ഥകളും അയാളില്‍ ബാക്കിയാവുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തിന് നിര്‍ബന്ധകര്‍മങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ കുളി അനിവാര്യമായി മാറും.

ഇമാം നവവി വിശദീകരിക്കുന്നു: ഒരു അവിശ്വാസി ശാരീരികവേഴ്ചയാലോ ഇന്ദ്രിയസ്ഖലനത്താലോ ജനാബത്തായ അവസ്ഥയില്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ അയാള്‍ക്ക് കുളി നിര്‍ബന്ധമാകുന്നു. ഇമാം ശാഫിഈയുടെ ഈ അഭിപ്രായത്തെ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ബഹുഭൂരിപക്ഷവും പിന്തുണച്ചിട്ടുണ്ട്.
ഇനി ഒരാള്‍ വലിയ അശുദ്ധിയൊന്നുമില്ലാത്ത അവസ്ഥയില്‍ ഇസ്‌ലാമില്‍ വരികയാണെങ്കിലും കുളിക്കുന്നത് അഭികാമ്യമാണ്. അയാള്‍ക്ക് കുളി നിര്‍ബന്ധമില്ലെന്ന കാര്യത്തില്‍ നാം ഏകാഭിപ്രായക്കാരാണ്(ശാഫിഈ മദ്ഹബില്‍).ഇത് ആദ്യമായി കടന്നുവരുന്നവരുടെയും ദീനില്‍നിന്ന് പുറത്തുപോയി തിരിച്ചുവരുന്നവരുടെയും , ദിമ്മികളുടെയും ശത്രുപക്ഷത്തിലുളളവരുടെയും കാര്യത്തില്‍ തുല്യമാണ്.

ചുരുക്കത്തില്‍ ഈ വിഷയത്തില്‍ ശാഫിഈ , ഹനഫീ വീക്ഷണങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള അഭിപ്രായമാണ് എനിക്കുള്ളത്. വലിയ അശുദ്ധിയുടെ അവസ്ഥ ഇല്ലാത്ത ഒരു അവിശ്വാസി ദീനിലേക്ക് കടന്നുവരികയാണെങ്കില്‍ അയാള്‍ കുളിക്കുന്നത് നല്ലതാണ്. അത് പക്ഷേ നിര്‍ബന്ധകാര്യമല്ല. എന്നാല്‍ അശുദ്ധിയുള്ള അവസ്ഥയിലാണ് വിശ്വാസം സ്വീകരിക്കുന്നതെങ്കില്‍ കുളി അദ്ദേഹത്തിനുമേല്‍ നിര്‍ബന്ധമാണ്. ശരീഅത്തിന്റെ താല്‍പര്യത്തിന് അനുഗുണമായി വരുന്നത് ഈ രീതിയാണ്.

Related Post