ഉംറയുടെ അനുഷ്ഠാനരൂപം

ഉംറ

                                                                                                          ഉംറയുടെ അനുഷ്ഠാനരൂപം

 ഉംറയുടെ അനുഷ്ഠാനരൂപം 

വാഹനത്തില്‍ കയറുമ്പോഴുള്ള പ്രാര്‍ഥന

سُبْحَانَ الذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ اللَّهُمَّ إِنَّا نَسْأَلُكَ فِي سَفَرِنَا هَذَا الْبِرَّ وَالتَّقْوَى، وَمِنَ الْعَمَلِ مَا تَرْضَى، اللَّهُمَّ هَوِّنْ عَلَيْنَا سَفَرَنَا هَذَا، وَاطْوِ عَنَّا بُعْدَهُ، اللَّهُمَّ أَنْتَ الصَّاحِبُ فِي السَّفَرِ، وَالْخَلِيفَةُ فِي الأَهْلِ، اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ وَعَثَاءِ السَّفَرِ وَكَآبَةِ الْمَنْظَرِ وَسُوءِ الْمُنْقَلَبِ فِي الْمَالِ وَالأَهْلِ

സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്‌രിനീന , വഇന്നാ ഇലാ റബ്ബിനാ ലമുന്‍ഖലിബൂന്‍, അല്ലാഹുമ്മ ഇന്നാ നസ്അലുക ഫീ സഫരിനാ ഹാദാ അല്‍ബിര്‍റ വ ത്തഖ്‌വാ വ മിനല്‍ അമലി മാ തര്‍ദാ. അല്ലാഹുമ്മ ഹവ്വിന്‍ അലൈനാ സഫറനാ ഹാദാ. വത്വ്‌വി അന്നാ ബുഅ്ദഹു, അല്ലാഹുമ്മ അന്‍ത സ്സ്വാഹിബു ഫി സ്സഫരി, വല്‍ ഖലീഫത്തു ഫില്‍ അഹ്‌ലി . അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന്‍ വഅ്‌സാഇസ്സഫരി, വ കആബതില്‍ മന്‍ളരി, വ സൂഇല്‍ മുന്‍ഖലബി ഫില്‍ മാലി വല്‍ അഹ്‌ലി

(ഈ വാഹനത്തെ ഞങ്ങള്‍ക്ക് കീഴ്‌പെടുത്തിത്തന്നവന്‍ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ക്ക് അതിനുള്ള കഴിവുണ്ടായിരുന്നില്ല. നിശ്ചയം ഞങ്ങള്‍ ഞങ്ങളുടെ രക്ഷിതാവിലേക്ക് തിരികെചേര്‍ക്കപ്പെടുന്നവരാണ്. അല്ലാഹുവേ, ഈ യാത്രയില്‍ സൂക്ഷ്മതയും പുണ്യവും ഇഷ്ടപ്പെടുന്ന പ്രവൃത്തിയും ഞങ്ങള്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈ യാത്ര ഞങ്ങള്‍ക്ക് നീ എളുപ്പമാക്കേണമേ. അതിന്റെ ദൈര്‍ഘ്യം നീ കുറക്കേണമേ, ഈ യാത്രയില്‍ നീയാണ് കൂട്ടുകാരന്‍. വീട്ടിലെ പ്രതിനിധിയും നീ തന്നെ. അല്ലാഹുവേ, ഈ യാത്രയിലുള്ള ബുദ്ധിമുട്ടില്‍നിന്നും ദുഖഃമുണ്ടാക്കുന്ന കാഴ്ചകളില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു. സ്വന്തക്കാരിലും സമ്പത്തിലും ഞാന്‍ തിരിച്ചെത്തുമ്പോഴുള്ള ചീത്ത പര്യാവസാനത്തില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ ചോദിക്കുന്നു).

യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍

 آئبون ، تائبون عابدون ، لربنا حامدون

ആഇബൂന താഇബൂന ആബിദൂന ലിറബ്ബിനാ ഹാമിദൂന്‍

(പശ്ചാതാപത്തോടെ മടങ്ങി വന്നിരിക്കുന്നു)ഞങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുന്നവരായും അവനെ പ്രകീര്‍ത്തിക്കുന്നവരുമായി പശ്ചാത്താപമനസ്സോടെയിതാ തിരിച്ചെത്തിയിരിക്കുന്നു.

ഇഹ്‌റാം

ഉംറയുടെ കര്‍മങ്ങളില്‍ പ്രവേശിക്കുകയും ആരംഭിക്കുകയും ചെയ്യുന്നു എന്ന നിയ്യത്താണ് യഥാര്‍ഥത്തില്‍ ഇഹ്‌റാം എന്ന് പറയുന്നത്. വലിയ അശുദ്ധിയില്‍നിന്ന് കുളിക്കുന്ന പോലെ കുളിക്കുന്നത് നല്ലതാണ്. എന്നാല്‍ സുഗന്ധം പൂശുന്നതിനെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്.
ഇബ്‌നു ഉമര്‍(റ) ല്‍നിന്ന് : നബി(സ)പറഞ്ഞു:’ചായവും കുങ്കുമവും പുരണ്ട വസ്ത്രങ്ങള്‍ നിങ്ങള്‍ ധരിക്കരുത്’. (ബുഖാരി)
മാലികി മദ്ഹബിന്റെ വീക്ഷണത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ ഇഹ്‌റാമില്‍ മണം അവശേഷിക്കുംവിധം തൊട്ടുമുമ്പും ഇഹ്‌റാമിലും സുഗന്ധം ഉപയോഗിക്കുന്നത് കറാഹത്താണ്.

നബിയുടെ അടുക്കല്‍ സുഗന്ധദ്രവ്യം പൂശി നീളന്‍വസ്ത്രം ധരിച്ച ഒരാള്‍ വന്നു. എന്നിട്ട് പ്രവാചകരോട് ചോദിച്ചു:’അല്ലാഹുവിന്റെ ദൂതരേ, ഉംറയ്ക്കായി ഇഹ്‌റാമിലായ ഒരാള്‍ നീളന്‍ വസ്ത്രം ധരിക്കുന്നതിനെപ്പറ്റി എന്തുപറയുന്നു. അതിനുശേഷം സുഗന്ധം പൂശുന്നതിനെക്കുറിച്ചും?’. അപ്പോള്‍ നബി പ്രത്യുത്തരം ചെയ്തു:’നിന്റെ ശരീരത്തില്‍ പുരണ്ട സുഗന്ധം മൂന്നുപ്രാവശ്യം കഴുകിക്കളയുക. നീണ്ട കുപ്പായം അഴിച്ചുമാറ്റുക. ശേഷം ഹജ്ജിനായി എന്താണോ ചെയ്യാറുള്ളത് അതുപോലെ ഉംറയ്ക്കായും ചെയ്യുക.'(ബുഖാരി)
സുഗന്ധം പൂശാമെന്നതിന് തെളിവ് ആഇശ(റ)യുടെ ഹദീസാണ്:’ആഇശ(റ)യില്‍നിന്ന് : ഇഹ്‌റാമിനുമുമ്പ് ഇഹ്‌റാമിന് വേണ്ടിയും ത്വവാഫിന് മുമ്പ് ഇഹ്‌റാമില്‍നിന്ന് ഒഴിവാകുന്നതിന് വേണ്ടിയും ഞാന്‍ തിരുമേനിക്ക് സുഗന്ധങ്ങള്‍ തേച്ചുകൊടുക്കാറുണ്ടായിരുന്നു. ‘(ബുഖാരി, മുസ്‌ലിം)
ചുരുക്കത്തില്‍ ഇഹ്‌റാമിനുമുമ്പ് സുഗന്ധം പൂശുന്നത് മാലികീ മദ്ഹബില്‍ കറാഹത്തും മറ്റു മദ്ഹബില്‍ അഭിലക്ഷണീയവുമാണ്.

കുളിച്ച ശേഷം ഇഹ്‌റാമിന്റെ വസ്ത്രം ധരിക്കണം. പുരുഷന്‍മാര്‍ ഒരു തുണിയും മേല്‍മുണ്ടുമാണ് ധരിക്കേണ്ടത്. സ്ത്രീകള്‍ക്ക് സൗന്ദര്യപ്രകടനങ്ങളില്ലാത്ത രീതിയിലുള്ള ഏത് വസ്ത്രവും ധരിക്കാം. എന്നാല്‍ മുഖം മൂടിയോ കയ്യുറയോ ധരിക്കാന്‍ പാടില്ല.
ഫര്‍ദ് നമസ്‌കാരത്തിന്റെ സമയമാണെങ്കില്‍ ആ നമസ്‌കാരം നിര്‍വഹിക്കാം . അല്ലെങ്കില്‍ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുക. ശേഷം ‘ലബ്ബൈക്ക ല്ലാഹുമ്മ ഉംറതന്‍’ എന്ന് ഉച്ചരിച്ച് ഇഹ്‌റാം ചെയ്യുക. പിന്നീട് ഇപ്രകാരം തല്‍ബിയത് ചൊല്ലിക്കൊണ്ടിരിക്കുക.

‘ലബ്ബൈക ല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക, ഇന്നല്‍ ഹംദ വ ന്നിഅ്മത്ത ലക വല്‍ മുല്‍ക ലാ ശരീക ലക്.’

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ، وَالنِّعْمَةَ، لَكَ وَالْمُلْكَ، لاَ شَرِيكَ لَكَ

(അല്ലാഹുവേ , നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. നിന്റെ വിളികേട്ട് വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. നിശ്ചയം സര്‍വ സ്തുതിയും അനുഗ്രഹവും നിനക്കാണ്. രാജാധിപത്യവും നിനക്ക് തന്നെ. നിനക്ക് പങ്കുകാരില്ല.)
പുരുഷന്‍മാര്‍ ശബ്ദം ഉയര്‍ത്തി തല്‍ബിയത് ചൊല്ലുന്നതാണ് സുന്നത്ത്. ശബ്ദം ഉയര്‍ത്തുന്നതിലൂടെ അല്ലാഹുവിന്റെ ചിഹ്നത്തെയും തൗഹീദിനെയും പ്രകടമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സ്ത്രീകള്‍ തല്‍ബിയത്തും ദിക്‌റുകളും ശബ്ദമുയര്‍ത്തിചൊല്ലരുത്.
രോഗമോ മറ്റുകാരണങ്ങളാലോ തന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ആശങ്കപ്പെടുന്നവര്‍ ഇഹ്‌റാമിന്റെ ഘട്ടത്തില്‍ തന്നെ ഇപ്രകാരം നിബന്ധനവെക്കുന്നത് നല്ലതാണ്.

വ ഇന്‍ ഹബസനീ ഹാബിസുന്‍ ഫമഹല്ലീ ഹൈസു ഹബസനീ-  إن حبسني حابس فمحلي حيث حبسني

എന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് വല്ല തടസ്സവും ഉണ്ടായാല്‍ (നാഥാ) നീ തടഞ്ഞിടത്തുവെച്ച് ഞാന്‍ എന്റെ ഇഹ്‌റാമില്‍ നിന്ന് വിരമിക്കുന്നതാണ്.
മുഹ്‌രിമായ(ഇഹ്‌റാമില്‍ പ്രവേശിച്ച) വ്യക്തി തല്‍ബിയത്ത് അധികരിപ്പിക്കണം. മനാസികുകളും ഒരു വാചികരൂപവും കൂടിയാണത്. പ്രത്യേകിച്ചും ഉയര്‍ന്ന സ്ഥലം കയറുക, താഴ്ന്ന സ്ഥലം ഇറങ്ങുക, രാത്രിയോ പകലോ മാറി വരിക, ഇഹ്‌റാമില്‍ പാടില്ലാത്തതോ വിലക്കിയതോ ഒരു കാര്യം ഉദ്ദേശിക്കുക തുടങ്ങി സമയങ്ങളും സന്ദര്‍ഭങ്ങളും മാറുമ്പോഴെല്ലാം തല്‍ബിയത്ത് ചൊല്ലേണ്ടതാണ്.
ഉംറയില്‍ ഇഹ്‌റാം ചെയ്തതുമുതല്‍ ത്വവാഫ് ആരംഭിക്കുന്നതുവരെ(അത് ഹജ്ജില്‍ ദുല്‍ഹജ്ജ് പത്തിന് ജംറത്തുല്‍ അഖബയില്‍ കല്ലെറിയുന്നതുവരെ)യാണ് തല്‍ബിയത്ത് ചൊല്ലേണ്ടത്.

മക്കയില്‍ പ്രവേശിക്കുമ്പോള്‍ സൗകര്യപ്പെടുകയാണെങ്കില്‍ കുളിക്കുന്നത് സുന്നത്താണ്. നബി(സ)അങ്ങനെ ചെയ്തിട്ടുണ്ട്.
മസ്ജിദുല്‍ ഹറമില്‍ എത്തുമ്പോള്‍ വലതുകാല്‍ മുന്തിച്ച് പള്ളിയില്‍ പ്രവേശിക്കുകയും തത്സമയം ഇപ്രകാരം പ്രാര്‍ഥിക്കുകയുംചെയ്യുക.

بسم الله والسلام على رسول الله اللهم اغفر لي ذنوبي وافتح لي أبواب رحمتك

ബിസ്മില്ലാഹി വസ്സ്വലാത്തി വസ്സലാമി അലാ റസൂലില്ലാഹ്, അല്ലാഹുമ്മ ഗ്ഫിര്‍ലീ ദുനൂബീ വഫ്തഹ് ലീ അബ്‌വാബ റഹ്മത്തിക അഊദു ബില്ലാഹില്‍ അളീമി വ ബിവജ്ഹിഹില്‍ കരീം വ ബിസുല്‍ത്വാനിഹില്‍ ഖദീമി മിനശ്ശൈത്വാനിര്‍റജീം.

അല്ലാഹുവിന്റെ നാമത്തില്‍ അവന്റെ പ്രവാചകരുടെ മേല്‍ ശാന്തിയും സമാധാനവും സദാവര്‍ഷിക്കട്ടെ. അല്ലാഹുവേ, എന്റെ പാപങ്ങള്‍ പൊറുക്കണമേ, (അല്ലാഹുവേ, നിന്റെ കാരുണ്യത്തിന്റെ കവാടങ്ങള്‍ എനിക്ക് നീ തുറന്ന് തരേണമേ. മഹാനും എന്നെന്നേക്കുമുള്ളവനുമായ അല്ലാഹുവിനോട് ശപിക്കപ്പെട്ട പിശാചില്‍നിന്ന് ഞാന്‍ അഭയംതേടുന്നു).

അതില്‍നിന്ന് പുറത്തുവരുമ്പോള്‍

‘അല്ലാഹുമ്മ ഇന്നീ അസ്അലുക മിന്‍ ഫദ്‌ലിക’ എന്ന് പ്രാര്‍ഥിക്കുക.
കഅ്ബയുടെ നേരെ ചെന്ന് ഹജറുല്‍ അസ് വദിന്റെ അടുത്തുനിന്ന് ത്വവാഫ് ആരംഭിക്കേണ്ടതാണ്. സൗകര്യപ്പെടുമെങ്കില്‍ വലതുകൈകൊണ്ട് ഹജറുല്‍ അസ്‌വദിനെതൊടുകയും ചുംബിക്കുകയും ചെയ്യുക.
സത്യവിശ്വാസികളുടെ നേതാവായിരുന്ന ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഹജറുല്‍ അസ്‌വദിനെ ചുംബിച്ചപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി:’ഗുണമോ ദോഷമോ ചെയ്യാത്ത വെറും ഒരു കല്ലുമാത്രമാണ് നീ എന്ന് എനിക്കറിയാം. അല്ലാഹുവിന്റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല’.

ചുംബിക്കാന്‍ അവസരംകിട്ടിയില്ലെങ്കില്‍ കൈകൊണ്ട് തടവി കൈ ചുംബിച്ചാലും മതി. ഇബ്‌നുഉമര്‍(റ) കൈകൊണ്ട് തടവിയ ശേഷം ആ കൈയില്‍ ചുംബിച്ചിരുന്നു. അദ്ദേഹം പറഞ്ഞു:’നബി(സ) അങ്ങനെ ചെയ്യുന്നതായി കണ്ടതിനുശേഷം ഞാന്‍ അത് ഒഴിവാക്കിയിട്ടില്ല'(ബുഖാരി,മുസ്‌ലിം).
ഇനി കൈകൊണ്ട് തടവാനും സൗകര്യപ്പെട്ടില്ലെങ്കില്‍ പിന്നെ സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ക്‌ളേശം സൃഷ്ടിക്കുംവിധം തിരക്കുണ്ടാക്കരുത്. അതിന് പകരം അകലെനിന്നാണെങ്കിലും ശരി ആ കല്ലിന് നേരെ കൈകൊണ്ട് ആംഗ്യം കാണിച്ചാലും മതിയാകും.
പിന്നീട് വലതുഭാഗത്തേക്ക് മാറി കഅ്ബയെ തന്റെ ഇടതുവശത്താക്കി മുന്നോട്ടുനീങ്ങുക.റുകുനുല്‍ യമാനിയുടെ സമീപത്തെത്തിയാല്‍ പറ്റുമെങ്കില്‍ അതിനെ തൊടുക. അതിനു കഴിഞ്ഞില്ലെങ്കില്‍ തിരക്കും ബഹളവും സൃഷ്ടിക്കേണ്ടതില്ല.

ഹജറുല്‍ അസ്‌വദും റുക്‌നുല്‍ യമാനിയും ഒഴികെ കഅ്ബയുടെ ഒരുഭാഗവും തൊട്ടുതടവേണ്ടതില്ല. കാരണം അത് രണ്ടും ഇബ്‌റാഹീം നബി(സ)യുടെ അടിത്തറയില്‍ തന്നെ നിലകൊള്ളുന്നവയത്രെ.
ഹജറുല്‍ അസ്‌വദിന്റെ യും റുക്‌നുല്‍ യമാനിയുടെയും ഇടയില്‍ നടത്തേണ്ട പ്രാര്‍ഥനയിതാണ്:
‘റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസനതന്‍ വഫില്‍ ആഖിറത്തി ഹസനതന്‍ വഖിനാ അദാബന്നാര്‍ ‘(ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങള്‍ക്ക് ഇഹലോകത്ത് നല്ലത് തരേണമേ, പരലോകത്തും നന്‍മ നല്‍കുകയും നരകശിക്ഷയില്‍നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ-അല്‍ബഖറ 201)
ഹജറുല്‍ അസ്‌വദിന് അടുത്ത് എത്തുമ്പോഴെല്ലാം നേരത്തെ വിവരിച്ചത് പോലെ അതിനു നേരെ കൈ ഉയര്‍ത്തി തക്ബീര്‍ ചൊല്ലുകയും വേണം.
ത്വവാഫിലെ മറ്റു സന്ദര്‍ഭങ്ങളിലെല്ലാം ഓരോരുത്തരുടെയും ഇഷ്ടം പോലെ ദിക്‌റുകളും ദുആകളും ഖുര്‍ആന്‍ പാരായണം നടത്താവുന്നതാണ്. യഥാര്‍ഥത്തില്‍ കഅ്ബയെ ത്വവാഫ് ചെയ്യുന്നതും സ്വഫാമര്‍വക്കിടയില്‍ നടക്കുന്നതും ജംറകളില്‍ കല്ലെറിയുന്നതുമല്ലാം അല്ലാഹുവിനെ സ്മരിക്കാന്‍ വേണ്ടിയാണ്.

‘ഇദ്ത്വിബാഅ്’ ന്റെ രൂപത്തില്‍ വസ്ത്രം ധരിക്കല്‍

ത്വവാഫിന്റെ വേളയില്‍ വലത് ചുമല്‍ വെളിവാക്കിക്കൊണ്ട് അതിനടിയിലൂടെയും ഇടത് ചുമലിന് മുകളിലൂടെയും മേല്‍മുണ്ട് ധരിക്കുന്നതിനാണ് ഇള്തിബാഅ് എന്ന് പറയുന്നത്.

ഹജറുല്‍ അസ്‌വദില്‍നിന്ന് തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന ഏഴു പ്രാവശ്യമുള്ള വലംവെക്കലാണ് ത്വവാഫ് (പ്രദക്ഷിണംവെക്കല്‍). ഹിജ്‌റിനുള്ളിലൂടെ ത്വവാഫ് ചെയ്താല്‍ മതിയാകുന്നതല്ല. ആദ്യത്തെ മൂന്ന് ചുറ്റില്‍ കാലടികള്‍ അടുപ്പിച്ച് വെച്ച് ചുമലുകള്‍ ഇളക്കി ധൃതിയില്‍ നടക്കുന്ന(റംല്) രീതി സുന്നത്താണ്.ഏഴ് പ്രദക്ഷിണംവെക്കല്‍ കഴിഞ്ഞാല്‍ മഖാമുഇബ്‌റാഹീമിന്റെ ഭാഗത്തേക്ക് മാറി ഇപ്രകാരം ചൊല്ലുക: ‘വത്തഖിദൂ മിന്‍ മഖാമി ഇബ്‌റാഹീമ മുസ്വല്ലാ'(മഖാമു ഇബ്‌റാഹീമിനെ നമസ്‌കാരസ്ഥാനമായി നിങ്ങളും സ്വീകരിക്കുക).

മഖാമിന്റെ അടുത്തുള്ള നമസ്‌കാരം
ഈ നമസ്‌കാരത്തിന്റെ ആദ്യറക്അത്തില്‍ ഫാതിഹയ്ക്ക് ശേഷം അല്‍ കാഫിറൂന്‍ അധ്യായവും രണ്ടാമത്തേതില്‍ ഇഖ്‌ലാസ് അധ്യായവും ഓതുക. വീണ്ടും അവസരംലഭിച്ചാല്‍ ഹജറുല്‍ അസ്‌വദിന്റെ അടുത്ത് ചെന്ന് കൈകൊണ്ട് തടവുക. ഇല്ലെങ്കില്‍ കൈ കൊണ്ട് ആംഗ്യം കാണിക്കേണ്ടതില്ല. തുടര്‍ന്ന് സഅ്‌യ് ചെയ്യാനായി ‘മസ്അാ’യിലേക്ക് നീങ്ങുക. സ്വഫായുടെ അടുത്ത് എത്തുമ്പോള്‍ ഇങ്ങനെ ചൊല്ലുക: ‘ഇന്ന സ്സ്വഫാ വല്‍ മര്‍വത മിന്‍ ശആഇരില്ലാഹ്’ (തീര്‍ച്ചയായും സ്വഫായും മര്‍വഃയും അല്ലാഹുവിന്റെ ചിഹ്നങ്ങളാകുന്നു-ബഖറ 157)
കഅ്ബയെ കാണുംവിധം സ്വഫായില്‍ കയറിനിന്ന് കഅ്ബയിലേക്ക് തിരിഞ്ഞുനിന്ന് കൈകള്‍ ഉയര്‍ത്തി അല്ലാഹുവെ സ്തുതിച്ച് താന്‍ ഉദ്ദേശിച്ചത് പ്രാര്‍ഥിക്കുക. നബി(സ) ഈ വേളയില്‍ പ്രാര്‍ഥിച്ചിരുന്നത് ഇപ്രകാരമായിരുന്നു:

لاإله إلا الله وحده لا شريك له , له الملك وله الحمد وهو على كل شيء قدير، لا إله إلا الله وحده، أنجز وعده، ونصر عبده، وهزم الأحزاب وحده

‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുല്‍മുല്‍ക്, വ ലഹുല്‍ ഹംദ്, വ ഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസ വഅ്ദഹു, വ നസ്വറ അബ്ദഹു വ ഹസമല്‍ അഹ്‌സാബ വഹ്ദഹു.

‘(അല്ലാഹുവല്ലാതെ മറ്റ് ആരാധ്യനില്ല. അവന്‍ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപത്യം അവനാണ്. അവന്‍ സര്‍വശക്തനാണ്. അല്ലാഹു അല്ലാതെ മറ്റ് ആരാധ്യനില്ല. അവന്‍ ഏകനാണ്. തന്റെ വാഗ്ദാനം അവന്‍ നിറവേറ്റിയിരിക്കുന്നു. തന്റെ ദാസനെ അവന്‍ സഹായിച്ചിരിക്കുന്നു. ശത്രുക്കളെ അവന്‍ തനിച്ച് പരാജയപ്പെടുത്തിയിരിക്കുന്നു.

തുടര്‍ന്ന് സ്വഫായില്‍നിന്ന് ഇറങ്ങി മര്‍വഃയിലേക്ക് നടക്കുക. പച്ചനിറം അടയാളപ്പെടുത്തിയ രണ്ട് തൂണുകള്‍ക്കിടയില്‍ പരമാവധി വേഗതകൂട്ടുക. മര്‍വഃയില്‍ എത്തിയാല്‍ കഅ്ബയുടെ നേരെ തിരിഞ്ഞ് സ്വഫായില്‍ ചെയ്തതുപോലെ പ്രാര്‍ഥിക്കുക. തുടര്‍ന്ന് മര്‍വഃയില്‍നിന്നിറങ്ങി സ്വഫായിലേക്ക് നടക്കുക. മുന്‍പ് ചെയ്തതുപോലെ തൂണുകള്‍ക്കിടയില്‍ വേഗത കൂട്ടുക. (സ്വഫാ-മര്‍വഃ മലയില്‍ കയറുന്നതടക്കമുള്ളവ സുന്നത്താണ്)ഇപ്രകാരം ഏഴുപ്രാവശ്യം പൂര്‍ത്തിയാക്കുക.സഅ്‌യിലുടനീളം നമുക്ക് ഇഷ്ടമുള്ള പ്രാര്‍ഥനകളും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവും നടത്താവുന്നതാണ്.

തലമുണ്ഡനവും മുടിമുറിക്കലും
സഅ്‌യ് പൂര്‍ത്തിയായാല്‍ പുരുഷന്‍മാര്‍ തലമുടികളയുകയോ വെട്ടുകയോ ചെയ്യണം. തല മുണ്ഡനം ചെയ്യുന്നതാണ് ഉത്തമം. എന്നാല്‍ ‘തമതുഅ്'(ഹജ്ജ് മാസങ്ങളില്‍ ഉംറയും ഹജ്ജും അടുപ്പിച്ച് നിര്‍വഹിക്കുന്നതിനെ പറയുന്ന പേര്)ആയി ഉടനെ ഹജ്ജ് ചെയ്യുന്നവര്‍ ഉംറയില്‍ നിന്ന് വിരമിക്കാന്‍ മുടി വെട്ടുകയും തുടര്‍ന്ന് ഹജ്ജില്‍നിന്ന് വിരമിക്കുമ്പോള്‍ തലമുണ്ഡനംചെയ്യുകയുമാണ് നല്ലത്. ദുല്‍ഹജ്ജ് 4 ന് മക്കയിലെത്തി ഉംറ നിര്‍വഹിച്ച സ്വഹാബികളോട് മുടിവെട്ടി തഹല്ലുലാകാന്‍ നബി(സ) കല്‍പിച്ചതില്‍നിന്ന് അതാണ് മനസ്സിലാകുന്നത്. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ മുടിയുടെ അറ്റത്തുനിന്ന് (വിരല്‍തുമ്പോളം)മാത്രം വെട്ടിയാല്‍ മതിയാകും.
പരുഷന്‍മാര്‍ നബി (സ) ചെയ്തതുപോലെ തല മുണ്ഡനംചെയ്യണം. അതോടെ ഉംറയുടെ കര്‍മങ്ങള്‍ പൂര്‍ത്തിയായി. ഇഹ്‌റാമില്‍നിന്ന് അയാള്‍ വിമോചിതനായി. ഇഹ്‌റാമില്‍ വിലക്കപ്പെട്ടതെല്ലാം അതോടെ അനുവദനീയമാകുന്നു.

Related Post