കുട്ടിക്ക് നാമകരണം ചെയ്യുമ്പോള്

വിഭാഗം: കുട്ടികളുടെ പേരുകള്‍

കുട്ടികളുടെ പേരിടല്‍ രക്ഷിതാക്കള്‍ക്ക് ഇന്നൊരു ഹരം പകരുന്ന വിഷയമായി മാറിയിരിക്കുന്നു. ഈ ദൌര്‍ബല്യം ചൂഷണം ചെയ്യാനായി എത്രയോ ‘ഏഴാം തരം സാഹിത്യ’ങ്ങളും മാര്‍ക്കറ്റിലിറങ്ങിയതായി കാണാം. ആയിരക്കണക്കിന് മുസ്ലിം പേരുകള്‍ ഉള്‍ക്കൊള്ളുന്ന ‘നാമാവലി’കളും ‘അഭിധാന കോശ’ങ്ങളും മലയാളത്തില്‍ വിറ്റഴിക്കപ്പെടുന്നുണ്ട്.
അതുനോക്കി ഓരോ ശബ്ദം തങ്ങളുടെ അരുമസന്തതിക്ക് നിശ്ചയിക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നതും കാണാം. എന്താണാ പേരിന്റെ അര്‍ഥമെന്നോ അതിന്റെ ശരിയായ അക്ഷരങ്ങള്‍ ഏതാണെന്നോ വല്ല പൈതൃകപാരമ്പര്യം അതിനുണ്ടോ എന്നോ മറ്റോ അവര്‍ ചിന്തിക്കുന്നില്ല. പലരും സിനിമാതാരങ്ങളുടെയും കലാപ്രതിഭകളുടെയും പേരുകളാണ് സ്വീകരിക്കുന്നത്. മുസ്ലിമാണെന്ന് മനസ്സിലാക്കപ്പെടാത്ത പേരുകള്‍ പരതി നടക്കുകയാണ് മറ്റു ചിലര്‍ഷബിന്‍, ജുബിന്‍, സുനില്‍, മുനില്‍, സോന, ശീന, സാജി, ബാജി…. എന്തു മാത്രം സഹതാപമര്‍ഹിക്കുന്ന മൌഢ്യം ശിശുക്കളുടെ നാമകരണത്തിലും വിശുദ്ധ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ചില രക്ഷിതാക്കളെങ്കിലും ഇതിനെപ്പറ്റി കൂടുതലറിയാത്തവരുണ്ടായിരിക്കും. ഇസ്ലാം മതത്തിലും താന്‍ മുസ്ലിമായിരിക്കുന്നതിലും അഭിമാനം കണ്ടെത്തുന്ന സഹോദരന്‍ തീര്‍ച്ചയായും സ്പഷ്ടമായ മുസ്ലിം നാമങ്ങള്‍ മാത്രമേ തന്റെ കുട്ടിക്ക് നല്‍കൂ.

പരലോകത്ത് തന്റെയും ബാപ്പയുടെയും പേരിലായിരിക്കും ഒരാള്‍ വിളിക്കപ്പെടുകയെന്ന് തിരുനബി(സ) പഠിപ്പിച്ചിരിക്കുന്നു. ജനകോടികള്‍ക്കു മധ്യേ ഇന്നത്തെ പുതുഞ്ചന്‍ പേരുകളില്‍ വിളിക്കപ്പെടുന്നത് എത്ര അപഹാസ്യമായിരിക്കും! റസൂല്‍(സ) പഠിപ്പിക്കുകയുണ്ടായി: നിങ്ങളുടെയും പിതാക്കളുടെയും പേരില്‍ (ഹേ, മുഹമ്മദിന്റെ പുത്രന്‍ അബ്ദുല്ലാ എന്ന് ഉദാഹരണം.) ആണ് അന്ത്യനാളില്‍ നിങ്ങള്‍ വിളിക്കപ്പെടുക. അതിനാല്‍ നിങ്ങള്‍ നല്ല പേരുകള്‍ സ്വീകരിക്കുക (അബൂദാവൂദ്).

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റം അമൂല്യമായിരിക്കേണ്ടത് അവന്റെ വിശ്വാസാദര്‍ശാനുഷ്ഠാനങ്ങള്‍ തന്നെയാണ്. പേരില്‍, ഭാവഹാവങ്ങളില്‍, പരിസരപശ്ചാത്തലങ്ങളില്‍, വസ്ത്രധാരണത്തില്‍, സംസാരത്തില്‍, സ്വഭാവചര്യകളില്‍… എല്ലാമെല്ലാം. ‘താന്‍ മുസ്ലിമാണ് എന്ന് ഉദ്‌ഘോഷിക്കുന്നവനേക്കാള്‍ ഉത്തമഭാഷി ആരുണ്ട്’ എന്നാണ് ഖുര്‍ആന്‍ (സൂറത്തു ഫുസ്സ്വിലത്ത് 33) ചോദിക്കുന്നത്.
അതിനാല്‍ സ്പഷ്ടമായ ഇസ്ലാമിക നാമങ്ങള്‍ നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. തിരുനബി(സ) പറഞ്ഞു: നിങ്ങളുടെ നാമങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ എന്നിവയാകുന്നു (മുസ്ലിം). അല്ലാഹുവിന്റെ അടിമ എന്നാണല്ലോ ഇതിന്റെ അര്‍ഥം. സാര്‍ഥകവും ഉത്തമവുമായ മറ്റു പേരുകളും സ്വീകരിക്കാവുന്നതാണ്. ‘പ്രവാചകന്മാരുടെ നാമങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുക; അല്ലാഹുവിന് ഏറ്റം പ്രിയപ്പെട്ടത് അബ്ദുല്ലാ, അബ്ദുര്‍റഹ്മാന്‍ എന്നിവയാണ്…’ എന്നും റസൂല്‍(സ) പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്, നസാഈ). പല ശിശുക്കളുടെയും നാമകരണം പ്രവാചകപുംഗവര്‍(സ) നിര്‍വഹിച്ചതായി ഹദീസുകളില്‍ കാണാം. അവയത്രയും ഉത്തമനാമങ്ങളായിരുന്നു. അനസ്(റ) ഉദ്ധരിക്കുന്നത് കാണുക: അബൂഥല്‍ഹ(റ)വിന് ഒരു കുഞ്ഞ് ജനിച്ചു. ഞാനതിനെയും കൊണ്ട് നബി(സ)യുടെ അടുത്തുചെന്നു. അതിന് അവിടന്ന് മധുരം കൊടുക്കുകയും അബ്ദുല്ലാ എന്ന് പേരിടുകയും ചെയ്തു (ബുഖാരി, മുസ്ലിം).

ഉത്തമമല്ലാത്തതും വികൃതവുമായ നാമങ്ങള്‍images (1) റസൂല്‍(സ) മാറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നുസൈനബിന്റെ ആദ്യനാമം ‘ബര്‍റ’ (പുണ്യവതി എന്നര്‍ഥം.) എന്നായിരുന്നു. അവള്‍ തന്‍പോരിമക്കുവേണ്ടിയാണ് ആ പേര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ആരോ പറഞ്ഞപ്പോള്‍ നബി(സ) അവര്‍ക്ക് സൈനബ് എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു (ബുഖാരി, മുസ്ലിം). ആസ്വിയ (പാപിനി എന്നര്‍ഥം.) യുടെ പേര്‍ നബി(സ) ജമീല എന്നാക്കിയതായും ഹദീസിലുണ്ട് (മുസ്ലിം).

സയ്യിദുത്താബിഈന്‍ (താബിഉകളുടെ നായകന്‍) എന്ന അപരാഭിധാനത്തിലറിയപ്പെടുന്ന സഈദുബ്‌നുല്‍ മുസയ്യബിന്റെ പിതാമഹന്‍ ഹസ്ന്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തുചെന്നു. അവിടന്ന് ചോദിച്ചു: എന്താണ് നിങ്ങളുടെ പേര്? ‘ഹസ്ന്‍.’ (പരുപരുത്ത ഭൂമി എന്നാണ് ഈ പദത്തിന്റെയര്‍ഥം.) നബി(സ) പ്രതികരിച്ചു: നീ സഹ്ല്‍ (സൌമ്യന്‍) ആകുന്നു. (ആദ്യപേരിന് പകരം പുതിയ സഹ്ല്‍ എന്ന പേര് സ്വീകരിക്കണമെന്ന് താല്‍പര്യം.) അദ്ദേഹം മറുപടി നല്‍കി: ‘ഇല്ല, എന്റെ പിതാവ് വെച്ച പേര് ഞാന്‍ മാറ്റുകയില്ല.’ ഇബ്‌നുല്‍ മുസയ്യബ് പറയുന്നു: പിന്നീട് ഞങ്ങളിലൊക്കെ ഒരു പാരുഷ്യവും കാഠിന്യവും വിടാതെ നിലനിന്നുപോന്നു (ബുഖാരി).

കുട്ടികളുടെ നാമകരണം ഏഴാം ദിവസമാണ് സുന്നത്ത്. മുടിനീക്കലും അഖീഖ അറുക്കലുമൊക്കെ അന്നുതന്നെയായിരിക്കേണ്ടതാണ്. പുത്രന്‍ ഇബ്രാഹീമിന്റെ ഈ മൂന്ന് കര്‍മങ്ങളും ഏഴാം ദിവസമായിരുന്നു പുണ്യറസൂല്‍ നിര്‍വഹിച്ചത് (തുഹ്ഫത്തുല്‍ മൌദൂദ് 83). അനിവാര്യ സാഹചര്യങ്ങളില്‍ മാറ്റുന്നതിന് വിരോധമില്ല. ഏഴാം ദിവസം അറുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പതിനാലാം ദിവസവും, അന്നും അസൌകര്യമായാല്‍ ഇരുപത്തൊന്നാം ദിവസവും അറവ് നടത്താമെന്ന് ഇമാം അബൂഅബ്ദില്ലാ ബൂശന്‍ജി പ്രസ്താവിച്ചതായി ഇമാം നവവി(റ) ഉദ്ധരിച്ചിരിക്കുന്നു (റൌള 3:229). ഏഴിനോ പതിനാലിനോ ഇരുപത്തിയൊന്നിനോ  അറുക്കാമെന്ന് ഹദീസിലും വന്നിട്ടുണ്ട് (ബൈഹഖി). അമിതവ്യയവും ധൂര്‍ത്തും അനാവശ്യച്ചെലവുകളുമായി ധാരാളം പണം വാരിവലിച്ചെറിയുന്ന നമ്മുടെ പല സഹോദരന്മാരും ഇത്തരം കാര്യങ്ങള്‍ അവഗണിച്ചുകളയുന്നത് എത്ര സങ്കടകരമാണ്. തിരുനബി(സ) പ്രസ്താവിച്ചതായി ഹ.സമുറ (റ) പറയുന്നു: എല്ലാ ശിശുവിന്റെയും ഉത്തമ വളര്‍ച്ച ഏഴാം ദിവസം അറുക്കപ്പെടുന്ന അവന്റെ ‘അഖീഖ’യുമായി ബന്ധപ്പെട്ടതാകുന്നു (അബൂദാവൂദ്, നസാഈ, തുര്‍മുദി, ഇബ്‌നുമാജ).

സന്തോഷകരമായ സന്ദര്‍ഭങ്ങളില്‍ സുഹൃത്തുക്കള്‍ക്ക് ആശംസകളര്‍പ്പിക്കുക എന്നത് ആധുനികയുഗത്തിലെ ഒരു നടപടിച്ചട്ടമായി മാറിയിരിക്കുന്നു. എന്നാല്‍, ഈ മര്യാദ ലോകത്തെ പഠിപ്പിച്ചത് ഇസ്ലാമാണെന്ന് എത്ര പേര്‍ക്കറിയും? തബൂക്ക് യുദ്ധത്തിന് പോകാതെ നിന്ന മൂന്ന് സ്വഹാബിമാരുടെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടപ്പോള്‍ സ്‌നേഹിതന്മാര്‍ സമീപിച്ച് ആശംസകളറിയിച്ച സംഭവം സുപ്രസിദ്ധമാണ് (ബുഖാരി, മുസ്ലിം). ഈ ഹദീസിന്റെ വ്യാഖ്യാനത്തില്‍, സന്തോഷകരവും ആനന്ദദായകവുമായ സന്ദര്‍ഭങ്ങളില്‍ ആശംസകളര്‍പ്പിക്കുന്നത് സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാം (ഉദാഹരണത്തിന് ദലീലുല്‍ ഫാലിഹീന്‍ 1:124 നോക്കുക). ഈയടിസ്ഥാനത്തില്‍ കുഞ്ഞ് ജനിക്കുമ്പോള്‍ പിതാവിനെ ആശംസിക്കുന്നതും സുന്നത്താകുന്നു.

ഹ. ഇബ്‌റാഹീം നബി(അ)യുടെ അടുത്ത് മലക്കുകള്‍ വന്ന സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അന്ന്, ഇസ്ഹാഖ് നബി ജനിക്കാന്‍ പോകുന്ന സന്തോഷവാര്‍ത്ത അവര്‍ സാറാബീവിയെ അറിയിച്ചതായി അല്ലാഹു വിവരിച്ചിരിക്കുന്നു (സൂറത്തു ഹൂദ് 71, അദ്ദാരിയാത്ത് 28). ഇസ്മാഈല്‍ ജനിക്കുവാന്‍ പോകുന്ന ശുഭവൃത്താന്തം ഇബ്‌റാഹീം നബിയെ അറിയിച്ചതും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അസ്സ്വാഫ്ഫാത്ത് 101). ഒരു കുഞ്ഞിക്കാലുകാണാന്‍ കൊതിച്ച് കാലം കഴിഞ്ഞ് വാര്‍ധക്യം പ്രാപിച്ച സകരിയ്യാനബി(അ)ക്കും യഹ്‌യാ എന്ന കുഞ്ഞ് ജനിക്കാന്‍ പോകുന്ന ശുഭവാര്‍ത്ത അല്ലാഹു അറിയിക്കുകയുണ്ടായി (സൂറത്തു മര്‍യം 7). സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുടെ ഹൃദയങ്ങള്‍ ആനന്ദതുന്ദിലമാകുന്നു. ആ സന്തോഷം സംഭവിച്ചുകഴിയുകയും പ്രയോഗവല്‍കൃതമായിത്തീരുകയുമൊക്കെ ചെയ്യുമ്പോഴാകട്ടെ അവര്‍ ആനന്ദനൃത്തം ചവിട്ടും. ആ ശുഭമുഹൂര്‍ത്തത്തില്‍ അവരുടെ സന്തോഷത്തില്‍ പങ്കു ചേരുക, ആ നേട്ടത്തിന്റെ ലബ്ധിയില്‍ അവരെ അനുമോദിക്കുകഇതൊക്കെ മനുഷ്യര്‍ക്കിടയിലെ സ്‌നേഹ സാഹോദര്യ ബന്ധങ്ങള്‍ സുദൃഢമാക്കുമെന്ന കാര്യം തീര്‍ച്ചയാണല്ലോ.

നവജാതശിശുവിന്റെ പിതാവിന് അല്ലെങ്കില്‍ മാതാവിന് ആശംസകളറിയിക്കല്‍ സുന്നത്താണ് എന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹദീസ് ഗ്രന്ഥങ്ങളിലും മറ്റുമൊക്കെ കാണാം (റൌളത്തുഥ്ഥാലിബീന്‍ 3:233). ഇമാം നവവി(റ) പറയുന്നു: പിറന്നുവീണ ശിശുവിന്റെ പിതാവിന് ആശംസകളറിയിക്കല്‍ സുന്നത്താകുന്നു. അത് ഇമാം ഹസന്‍(റ) ഒരാള്‍ക്ക് പഠിപ്പിച്ചുകൊടുത്ത ആശംസാവാക്യമായിരിക്കുന്നതും സുന്നത്താണ്. അതിങ്ങനെയത്രേ:

(ഈ നവജാതശിശുവില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ, അല്ലാഹുവിന് നീ നന്ദി ചെയ്യുമാറാകട്ടെ, ഈ കുട്ടി വലുതാവുകയും അവന്റെ നന്മ നിനക്ക് ലഭിക്കുകയും ചെയ്യട്ടെകിതാബുല്‍ അദ്കാര്‍ 256, 1983 ബൈറൂത്ത്, മുഗ്‌നി 4:296 ഉം നോക്കുക).
ആശംസകന്റെ മന്ദ്രോദാരവും മധുരമയവുമായ വാക്കുകള്‍ കേട്ട് വെറുതെയിരിക്കുകയല്ല വേണ്ടത്, അതിന് പ്രത്യാശംസകളര്‍പ്പിക്കണം. നന്മക്ക് നന്മ കൊണ്ടുതന്നെ പ്രതിഫലം നല്‍കണമെന്നാണല്ലോ ഖുര്‍ആന്‍ (അര്‍റഹ്മാന്‍ 60) പഠിപ്പിക്കുന്നത്.
(അല്ലാഹു  നിന്നെയും അനുഗ്രഹിക്കട്ടെ. ഈ ആശംസാവര്‍ഷത്തിന് അവന്‍ നിന്നെയും ആശീര്‍വദിക്കുമാറാകട്ടെ. അവന്‍ നിനക്ക് നല്ല പ്രതിഫലം നല്‍കട്ടെ.) എന്നാണ് പകരം അങ്ങോട്ട് ആശംസിക്കേണ്ടത് (കിതാബുല്‍ അദ്കാര്‍ 256, മുഗ്‌നി 4:96). ഇസ്ലാമിക സംസ്‌കാരം എത്ര മനോഹരമായിരിക്കുന്നു എന്ന് ചിന്തിച്ചുനോക്കൂ.

Related Post