ഇസ്ലാമിലെ ഏറ്റവും പ്രധാനവും നിര്‍ബന്ധവുമായ കര്‍മമാണ് നമസ്കാരം. ശരീരം കൊണ്ട് നിര്‍വഹിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന. നമസ്കാരം സമയബന്ധിതമായ ആരാധനയാണ്. അത് അതിന്റെ സമയത്തുതന്നെ നിര്‍വഹിച്ചിരിക്കണം. നിര്‍ബന്ധ നമസ്കാരം അഞ്ചു നേരമാണ്. നിശ്ചിത രൂപത്തില്‍ അംഗശുദ്ധി വരുത്തിയ ശേഷമാണ് നമസ്കാരം നിര്‍വഹിക്കേണ്ടത്. ശുദ്ധിയാക്കിയ ശരീരത്തില്‍ ശുദ്ധിയുള്ള വസ്ത്രമണിഞ്ഞ് ശുദ്ധിയുള്ള സ്ഥലത്തുവെച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍. നമസ്കാരം ഒരു സാമൂഹിക അനുഷ്ഠാനമാണ്. പള്ളിയില്‍ വെച്ച് സംഘടിതമായിട്ടാണത് നിര്‍വഹിക്കേണ്ടത്. പള്ളിയില്‍ ഹാജരാകാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടിലോ തൊഴില്‍സ്ഥലത്തോ വഴിയിലോ തങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ വെച്ച് നമസ്കരിക്കാവുന്നതാണ്. ഓരോ നമസ്കാരത്തിന്റെയും സമയമായാല്‍ പള്ളിയില്‍ നിന്ന് ഒരാള്‍ അത് വിളിച്ചറിയിക്കുന്നു. ഈ അറിയിപ്പ് ബാങ്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. മക്കയിലെ കഅ്ബഃയെ അഭിമുഖീകരിച്ചുകൊണ്ടാണ് ലോകത്തെങ്ങുമുള്ള മുസ്ലിംകള് നമസ്കരിക്കേണ്ടത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ മധ്യാഹ്ന നമസ്കാരത്തിന്റെ സ്ഥാനത്ത് ജുമുഅഃയാണ് നടത്തുക. ജുമുഅഃ സ്ഥാപിക്കേണ്ടതും തദ്ദേശത്തെ എല്ലാ മുസ്ലിംകളും അതില്‍ പങ്കെടുക്കേണ്ടതും സവിശേഷ ബാധ്യതയാണ്.
വിശ്വാസിയുടെ മനസ്സും ശരീരവും സദാ ദൈവോന്മുഖമായിരിക്കേണ്ടതിനുള്ള ഉപാധിയാകുന്നു നമസ്കാരം. ദൈവത്തിനു മുന്നില്‍ ചെന്നുനിന്ന് ചില ചലനങ്ങളിലൂടെ അവനോടുള്ള ദാസ്യവും വണക്കവും പ്രകടിപ്പിക്കുകയും അവനെ സ്തുതിക്കുകയും സന്മാര്ഗ ലബ്ദിക്കും ദുര്‍മാര്‍ഗ മുക്തിക്കുമായി പ്രാര്‍ഥിക്കുകയും ഒടുവില്‍ തന്റെ ചുറ്റുമുള്ള ലോകത്തിന് ശാന്തി നേര്‍ന്നുകൊണ്ട് ആ പ്രാര്‍ഥനയില്‍ നിന്ന് വിരമിക്കുകയാണ് വിശ്വാസി ചെയ്യുന്നത്. ദിവസം അഞ്ചു പ്രാവശ്യം ഈ കര്‍മം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വിശ്വാസിയില്‍ ദൈവബോധവും സന്മാര്‍ഗാഭിമുഖ്യവും സജീവമായി നില നില്ക്കുന്നു. ഇത് അവരെ ദൈവത്തിനിഷ്ടമില്ലാത്തതില്‍ നിന്നെല്ലാം തടയുകയും ദൈവപ്രീതിയുടെ മാര്‍ഗത്തിലേക്ക് ചരിപ്പിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ പ്രസ്താവിച്ചു ”നമസ്കാരം നിലനിര്‍ത്തുക, നിശ്ചയം നമസ്കാരം ആഭാസങ്ങളെയും ദുര്‍വൃത്തികളെയും വിലക്കുന്നു. ദൈവസ്മരണ ഏറ്റം മഹത്തരമാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു” (29:45). പ്രവാചകന് നമസ്കാരത്തെ വര്‍ണിച്ചതിങ്ങനെയാണ്: ”നിങ്ങളുടെ വീടിനരികിലൂടെ ഒരു തെളിനീരരുവി ഒഴുകികൊണ്ടിരിക്കുന്നു. നിങ്ങള്‍ അഞ്ചുനേരം അതിലിറങ്ങി കുളിക്കുന്നുണ്ട്. എങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ വല്ല മാലിന്യവുമുണ്ടായിരിക്കുമോ?അതുപോലെ സംശുദ്ധവും സംസ്കൃതവുമായിത്തീരുന്നു നമസ്കരിക്കുന്നവന്റെ മനസ്സ്.”
മാനുഷികൈക്യത്തിന്റെയും സാമൂഹിക അച്ചടക്കത്തിന്റെയും പ്രായോഗിക പരിശീലനം കൂടിയാണ് സംഘടിത നമസ്കാരം. ഭരണാധികാരിയും ഭരണീയനും ഉള്ളവനും ഇല്ലാത്തവനും വെളുത്തവനും കറുത്തവനും പണ്ഡിതനും പാമരനും എല്ലാം ഒരേ അണിയില്‍ തോളോട് തോള് ചേര്‍ന്ന് നിന്ന് കൊണ്ട്,അല്ലാഹുവിന്റെ ദാസന്മാരെന്ന നിലയില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന ആശയം മൂര്‍ത്തരൂപത്തില്‍ പ്രകാശിപ്പിച്ചു കൊണ്ടാണത് നിര്‍വഹിക്കപ്പെടുന്നത്. പള്ളിയില്‍ ആദ്യമെത്തുന്നത് ശിപായിയാണെങ്കിലും അയാള്‍ ഒന്നാം നിരയിലെ ഒന്നാമനാകുന്നു. അയാളുടെ ഓഫീസിലെ കലക്ടറോ പ്രധാനമന്ത്രിയോ എത്തുമ്പോള്‍ ആ നിരയില്‍ സ്ഥലമുണ്ടെങ്കില്‍ അയാള്‍ക്കൊപ്പം തോള് ചേര്‍ന്നു നില്‍ക്കണം. ഇല്ലെങ്കില്‍ അയാള്‍ തന്റെ ഓഫീസിലെ ശിപായിയുടെ പിന്നണിയില്‍ നിലകൊള്ളണം. അപ്പോള്‍ സാഷ്ടാംഗവേളയില്‍ അദ്ദേഹത്തിന്റെ തല വെക്കുക ശിപായിയുടെ കാലിനടുത്തായിരിക്കും. എല്ലാ ഉച്ചനീചത്വങ്ങളും തിരസ്കരിക്കപ്പെടുന്ന ഇടമാണ് പള്ളി. അല്ലാഹുവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന സ്ഥലമാണത്. വിശ്വാസികള്‍ക്ക് അവരുടെ ചുറ്റുവട്ടത്തുള്ള സഹവിശ്വാസികളെ ദിവസം അഞ്ചു പ്രാവശ്യം കണ്ടുമുട്ടാന്‍ അവസരമൊരുക്കുന്നുവെന്നതാണ് സംഘടിത നമസ്കാരത്തിന്റെ മറ്റൊരു സാമൂഹിക മാനം. ഏതെങ്കിലും ഭൌതിക താല്പര്യങ്ങളല്ല ഈ ഒത്തുചേരലിന്റെയും കണ്ടുമുട്ടലിന്റെയും പ്രേരകം. അതുകൊണ്ടുതന്നെ അത് നിഷ്കളങ്കമാണ്. അതവരില്‍ പരസ്പരം പരിചയവും ധാരണയും സൗഹൃദവും ഐക്യവും സാഹോദര്യവും വളര്‍ത്തുന്നു. ഒരേ നേതാവിന്റെ മുന്നില്‍ അണിനിരക്കുക, അദ്ദേഹത്തിന്റെ അനക്കങ്ങളെയും അടക്കങ്ങളെയും കണിശമായി പിന്തുടരുക, നമസ്കാരത്തിന്റെ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക ഇതൊക്കെ വിശ്വാസികളെ അച്ചടക്കത്തിന്റെ പാഠങ്ങള്‍ ശീലിപ്പിക്കുന്നു. വ്യക്തിപരമായും സാമൂഹികമായും ദൈവത്തിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിതം നയിക്കുന്നതിനുള്ള പരിശീലനവുമാണത്.
നമസ്കാരത്തിന്റെ ഉദ്ദിഷ്ട ഫലങ്ങള്‍ ഉളവാക്കുന്നതിന് അത് ഭക്തിയോടെയും ജാഗ്രതയോടെയും നിര്‍വഹിക്കേണ്ടതുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്. ”അന്ത്യവിചാരണയെ തള്ളിപ്പറയുന്നവനെ നീ കണ്ടുവോ? അനാഥരെ ആട്ടിയകറ്റുന്നവനും അഗതികള്‍ക്ക് അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനുമത്രെ അവന്. എന്നാല്‍ തങ്ങളുടെ നമസ്കാരത്തെക്കുറിച്ച് അശ്രദ്ധരാകുന്ന നമസ്കാരക്കാര്‍ക്ക് നാശമാണുള്ളത്. അവര്‍ ആളുകളെ കാണിക്കുക മാത്രമാകുന്നു. നിസ്സാരമായ ഉപകാരങ്ങള്‍ പോലും അവര്‍ വിലക്കുന്നു”(107:17). യഥാര്‍ഥ നമസ്കാരത്തില്‍ നിന്നുളവാകേണ്ടത് പരലോക വിചാരവും സമത്വഭാവനയും സാഹോദര്യ വികാരവും പരോപകാര തല്‍പരതയുമാണെന്നും അതുളവാക്കാത്ത നമസ്കാരം കേവലം ജാഡയാണെന്നുമാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്.