നസ്കാരത്തിന്റെ ഫലങ്ങള്‍

 

الصلاةഭൌതികവും ആത്മീയവുമായ നേട്ടങ്ങള്‍ നിസ്കാരം നിലനിര്‍ത്തുന്നതിലൂടെ ലഭിക്കുന്നതാണ്. ഓരോ ദിവസവും ചുരുങ്ങിയത് പതിനേഴ് തവണ ശരീരത്തിന്റെ പേശികളെയും ഞരമ്പുകളെയും മറ്റും സജീവമായ പ്രവര്‍ത്തനത്തിന് വിധേയമാക്കുന്നതിലൂടെ ശരീരത്തിന് പുതിയ ഉന്മേഷം ലഭ്യമാകുന്നു. സര്‍വ്വ ശ്രദ്ധയും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചുകൊണ്ടാ കുമ്പോള്‍ പ്രത്യേകിച്ചും.. നിസ്കാരത്തില്‍ നിന്ന് സലാം വീട്ടലോടുകൂടി വലിയൊരു ബാധ്യത നിറവേറ്റിയതുപോലെ ആശ്വാസവും സന്തോഷവും വന്നു ചേരുന്നു. ഇതിനെല്ലാം പുറമെ താന്‍ നിര്‍വ്വഹിച്ച ഈ ആരാധനക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന അംഗീകാരവും പ്രതിഫലവും കൂടി അറിയുമ്പോള്‍ മനുഷ്യന്‍ സമാധാനത്തോടെയും ഒതുക്കത്തോടെയും അടുത്ത നിസ്കാരത്തിനായി കാത്തിരിക്കുകയാണ്.

നിസ്കാരത്തിന് മാത്രമല്ല അതിനായി ഒരുങ്ങുന്ന വിശ്വാസിക്ക് തന്നെയും വലിയ പ്രതിഫലമാണ് ഇസ്ലാം വാഗ്ദാനം ചെയ്യുന്നത്. വുളു (അംഗസ്നാനം) ചെയ്യുന്നതിനും നിസ്കാരത്തിനായി വസ്ത്രം ധരിക്കുന്നതിനും അതിനായി കാത്തിരിക്കുന്നതിന് വരെയും എണ്ണമറ്റ ഗുണങ്ങള്‍ വിശുദ്ധ വചനങ്ങളില്‍ കാണാവുന്നതാണ്. നിസ്കാരത്തിലേക്കുള്ള വിളി (ബാങ്ക്) കേള്‍ക്കുന്നവന് അതിന്റെയും ഇഖാമത്തിന്റെയും ഇടയിലുളള ദുആഅ് തട്ടുകയില്ല. അവിടുന്നങ്ങോട്ട് പ്രതിഫലങ്ങളുടെ പരമ്പരയാണ്. പരിപൂര്‍ണ്ണമായ നിസ്കാരം മനുഷ്യനെ തെറ്റില്‍ നിന്നും നീചവൃത്തികളില്‍ നിന്നും തടയുമെന്ന സത്യം തന്നെ എത്ര സമാധാനമാണ്. ഭയ ഭക്തിയോടെയും ഹൃദയ സാന്നിധ്യത്തോടെയും നിസ്കരിക്കുന്ന വിശ്വാസികള്‍ നിശ്ചയമായും വിജയിച്ചിരിക്കുന്നു എന്ന സൂറത്തുല്‍ മുഅ്മിനിലെ പരാമര്‍ശവും വിശ്വാസിയെ പ്രതീക്ഷയുടെ തേരിലേറ്റുകയാണ്. പകലിന്റെ രണ്ടറ്റങ്ങളിലും രാത്രിയുടെ ആദ്യയാമങ്ങളിലും നീ നിസ്കാരം നിലനിര്‍ത്തുക, കാരണം നിശ്ചയമായും സത്കര്‍മ്മങ്ങള്‍ തിന്മകളെ നീക്കി കളയുന്നതാണ് എന്ന സൂറത്തുല്‍ ഹൂദിലെ നൂറ്റി പതിനാലാമത്തെ ആയത്തും നിസ്കാരം നിലനിര്‍ത്തുന്നവന് സുവിശേഷമാണ്.

വിശുദ്ധ ഖുര്‍ആനില്‍ ഇനിയും ധാരാളം സൂക്തങ്ങളില്‍ നിസ്കാരക്കാര്‍ക്കുളള പ്രതിഫലത്തെ കുറിച്ച് പറയുന്നുണ്ട്. തിരു നബി (സ്വ) യുടെ വിശുദ്ധ ഹദീസുകളിലും ഫര്‍ള് നിസ്കാരങ്ങള്‍ക്കും സുന്നത്ത് നിസ്കാരങ്ങള്‍ക്കും സ്രഷ്ടാവ് നല്‍കുന്ന സ്വീകാര്യതയെക്കുറിച്ചും പ്രതിഫലത്തെ സംബന്ധിച്ചും നമുക്ക് കാണാവുന്നതാണ്. ഹസ്റത്ത് ഉസ്മാന്‍ (റ) പറയുന്നു, നബി (സ്വ) പറയുന്നതായി ഞാന്‍ കേട്ടു. ‘മുസ്ലിമായ ഒരാളുമില്ല, അയാള്‍ക്ക് നിസ്കാര സമയമാവുകയും അതിന്റെ വുളൂഉം ഭക്തിയും റുകൂഉമെല്ലാം അയാള്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആ നിസ്കാരം അതിനു മുമ്പ് അവന്‍ ചെയ്ത എല്ലാ ചെറു ദോഷങ്ങള്‍ക്കും പ്രായശ്ചിത്തമാകും. ഇത് സര്‍വ്വ കാലവുമാകുന്നു (മുസ്ലിം). അബൂഹുറൈറഃ (റ) യില്‍ നിന്ന് മുസ്ലിമിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയും കാണാം: “അഞ്ച് നേരത്തെ നിസ്കാരങ്ങളും ഒരു ജുമുഅഃ തൊട്ട് അടുത്ത ജുമുഅ വരെയും അവകള്‍ക്കിടയിലുളള വീഴ്ചകള്‍ക്ക് പരിഹാരമാണ് (വന്‍ദോഷം ചെയ്യാതിരിക്കുമ്പോള്‍).”അഞ്ച് നേരത്തെ നിസ്കാരങ്ങളില്‍ സ്വുബ്ഹിക്കും അസ്വറിനും പ്രത്യേകം ശ്രേഷ്ഠതയും പ്രതിഫലവും പറഞ്ഞതായി ഹദീസില്‍ കാണാം. ആരെങ്കിലും ‘ബര്‍ദയ്നി’ നിസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു. ‘ബര്‍ദയ്നി’ കൊണ്ട് ഉദ്ദേശിക്കുന്നത് സ്വുബ്ഹിയും അസ്വറുമാണ്. അബൂമൂസ (റ) യില്‍ നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്നതാണ് പ്രസ്തുത ഹദീസ്. അബൂഹുറൈറഃ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസിന്റെ സാരം ഇങ്ങനെ മനസ്സിലാക്കാം. നബി(സ്വ) പറഞ്ഞു. ‘രാവിലും പകലിലും ചില മലകുകള്‍ നിങ്ങളുടെ അടുക്കല്‍ വന്നുപോയിക്കൊണ്ടിരിക്കും, സ്വുബ്ഹി നിസ്കാരത്തിലും അസ്വറ് നിസ്കാരത്തിലും അവര്‍ ഒരുമിച്ച് കൂടുകയും ശേഷം അവര്‍ ആകാശത്തേക്കുയരുകയും ചെയ്യും. അപ്പോള്‍ അല്ലാഹു അവരോട് ചോദിക്കും. നിങ്ങള്‍ ഭൂമിയില്‍ നിന്ന് പോരുമ്പോള്‍ എന്റെ ദാസന്മാര്‍ എന്ത് ചെയ്യുന്നു? (അവന് അടിമകളെക്കുറിച്ച് നന്നായി അറിയാം) അപ്പോള്‍ മലക്കുകള്‍ പറയും ‘ഞങ്ങള്‍ ചെന്നപ്പോഴും തിരിച്ച് പോരുമ്പോഴും അവര്‍ നിസ്കരിക്കുക തന്നെയാണ് (ബുഖാരി, മുസ്ലിം). അല്ലാഹു വിനോടുള്ള സംഭാഷണത്തില്‍ മലകുകളുടെ സാന്നിധ്യവും അംഗീകാരവും കൂടി ആകുമ്പോള്‍ അത് മൂലം അടിമക്കുണ്ടാകുന്ന ആനന്ദവും പ്രതിഫലവും അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരി ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ആരെങ്കിലും അസ്വര്‍ നിസ്കാരം ഉപേക്ഷിച്ചാല്‍ അവന്റെ സര്‍വ്വ അമലുകളും നിഷ്ഫലമായി. അബൂ ഹുറൈറഃ (റ) യില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് കൂടി ശ്രദ്ധിക്കുക, നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ നിന്ന് ഓരോരുത്തരും അവന്റെ നിസ്കാര ശേഷം തെറ്റുകള്‍ ഒന്നും ചെയ്യാതെ അതേ സ്ഥലത്ത് തന്നെ ഇരിക്കുമ്പോഴെല്ലാം മലകുകള്‍ അയാള്‍ക്ക് വേണ്ടി പൊ റുക്കലിനെ തേടുന്നതാണ്. ‘അല്ലാഹുവെ ഇയാള്‍ക്ക് നീ പൊറുക്കണെ…, ഇയാള്‍ക്ക് നീ കരുണ ചെയ്യണെ… എന്ന് മലകുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് (ബുഖാരി). തനിച്ച് നിസ്കരിക്കുന്ന തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇത്രയും നാം മനസ്സിലാക്കിയത്. ഇനി സംഘടിതമായിട്ടാണ് നിസ്കരിക്കുന്നതെങ്കില്‍ ധാരാളം പ്രതിഫലം വേറെയും പറഞ്ഞതായി കാണാവുന്നതാണ്.

 

Related Post