നാണം കെടുത്തുന്ന ഫത്‌വകള്‍

sareea

‘നാണം കെടുത്തുന്ന ഫത്‌വകള്‍ ‘

ഫഹ്മി ഹുവൈദി

ഖിബ്തികള്‍ക്ക് അവരുടെ ആഘോഷദിനങ്ങളില്‍ ആശംസയര്‍പ്പിക്കാമോ എന്ന് ബുദ്ധിയുള്ളവരാരും ഇക്കാലത്ത് ചോദിക്കില്ല. അപ്രകാരം ചെയ്യുന്നത് നിഷിദ്ധമാണെന്നോ, വെറുക്കപ്പെട്ടതാണെന്നോ ഫതവ നല്‍കിയവരെയല്ല ഞാന്‍ ആക്ഷേപിക്കുന്നത്, മറിച്ച് അത്തരമൊരു ചോദ്യത്തിന്റെ ഉല്‍ഭവത്തെയാണ്. സമൂഹത്തിലെ ഒരു പക്ഷം ആളുകള്‍ എത്തിച്ചേര്‍ന്ന ധൈഷണികവും, ബുദ്ധിപരവുമായ അപചയത്തിന്റെ ആഴം വ്യക്തമാക്കുന്ന ചോദ്യമാണത്. മറ്റുവള്ളരോടുള്ള വെറുപ്പും വിദ്വേഷവും ഇടപാടുകളുടെ അടിസ്ഥാനമായി കണക്കാക്കുന്ന ഏതാനും പേരാണ് അങ്ങനെയൊരു സംശയമുന്നയിക്കുക. അതുമായി ബന്ധപ്പെട്ട് നല്‍കപ്പെട്ട ഫത്‌വ അഥവാ മറുപടി ഏറ്റവും വലിയ വഷളത്തരമാണെത്തതില്‍ സംശയമില്ല. കാരണം ചോദ്യകര്‍ത്താവ് ഒരു പക്ഷെ പൊതുജനത്തില്‍പെട്ട ഏതെങ്കിലും അവിവേകിയായിരിക്കും. അയാളുടെ മതപരവും സാമൂഹികവുമായ അവബോധം അത്രയധികം താഴേയുമായിരിക്കും. എന്നാല്‍ ഫത്വ നല്‍കുന്നയാള്‍ അങ്ങനെയല്ലല്ലോ. അദ്ദേഹം വിവരമുള്ളവനാണ്, അല്ലെങ്കില്‍ വിവരമുണ്ടെന്ന് ജനങ്ങള്‍ വിലയിരുത്തുന്നയാളാണ്. അതിനാല്‍ തന്നെ അവരുടെ വിഢ്ഢിത്തം സമൂഹത്തിന് തലവേദന തന്നെയാണ്. വിവരമുള്ളവരുടെ കാര്യം ഇങ്ങനെയാണെങ്കിലും, അജ്ഞരായ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നത് ഊഹിക്കാവുന്നതാണ്. കാര്യം ഇവിടെ അവസാനിക്കുന്നില്ല. മറിച്ച് പ്രസ്തുത ഫത്‌വയെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നവര്‍ ഇരുവിഭാഗങ്ങളായി തിരിയുകയും, ചൂടേറിയ ചര്‍ച്ചാ വിഷയമായി സമൂഹത്തില്‍ ഇടംപിടിക്കുകയും ചെയ്തിരിക്കുന്നു. അതോടെ അതുമായി ബന്ധപ്പെട്ട് അനുകൂലമോ, പ്രതികൂലമോ ആയി ഫത്‌വ നല്‍കിയ ഗവേഷകരൊക്കെ പരിഭ്രാന്തിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഏതായാലും നിലവിലുള്ള ഈ സാമൂഹികാന്തരീക്ഷം ജാഹിളിന്റെ വരികളെയാണ് ഓര്‍മിപ്പിക്കുന്നത്. ‘ബുദ്ധിക്ക് രോഗവും അഭിപ്രായത്തിന് ബലഹീനതയും ബാധിച്ചിരിക്കുന്നു, അല്ലാഹുവിനോട് കാണിച്ച വഞ്ചനയുടെ ഫലമല്ലാതെ അവ രണ്ടും വരികയുമില്ല.’

പ്രസ്തുത ഫത്‌വകളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ ഞാനാളല്ല. ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്കും അതിന്റെ ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തുന്നവരും, അത്തരം അവിവേകികളെ വേട്ടയാടി, അവക്ക് കൂടുതല്‍ പ്രചരണം നല്‍കുകയും ചെയ്യുന്ന പത്രപ്രവര്‍ത്തകരും തമ്മില്‍ വ്യത്യാസമില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവര്‍ മറ്റുള്ളവരെ നിന്ദിക്കുകയും, ഇസലാമിനെക്കുറിച്ച് ജനങ്ങളില്‍ വെറുപ്പുണ്ടാക്കുകയും മാത്രമല്ല ചെയ്യുന്നത്, ഇസ്‌ലാമിക അധ്യാപനങ്ങള്‍ വികൃതമാക്കുക മുഖേന ഇസ്‌ലാമിനെ തന്നെ നിന്ദിക്കുകയാണ് അവര്‍. ഇസലാമിസ്റ്റുകള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇപ്രകാരം ചെയ്യുന്നത് അവരുടെ മുഖം വികൃതമാക്കാനും, അവരുടെ ആസൂത്രണങ്ങളും, തയ്യാറെടുപ്പുകളും തകര്‍ക്കുന്നതിനും വേണ്ടിയാണ്. എണ്ണപ്പെട്ട മാസങ്ങള്‍ക്കുള്ളില്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇസ്‌ലാം വിരുദ്ധര്‍ക്ക് വിജയം വരിക്കാനുള്ള മാര്‍ഗങ്ങളാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്ന് ചുരുക്കം.

ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈറോയിലെ ഒരു ഗ്രാമത്തിലെ ജുമുഅ പ്രഭാഷകന്‍ ക്രൈസ്തവര്‍ക്ക് സലാം ചൊല്ലരുതെന്നും കൈകൊടുക്കരുതെന്നും ഫത്‌വ പുറപ്പെടുവിച്ചിരുന്നു. അഹ്‌റാമിന്റെ കോളത്തിലൂടെ ഞാനതിനെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി. അതു കണ്ട ശൈഖ് മുഹമ്മദുല്‍ ഗസ്സാലി ടെലഫോണിലൂടെ എന്നെ വിളിച്ചു. അദ്ദേഹം ചിരിച്ച് കൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ഇസലാം ക്രൈസ്തവരില്‍ നിന്ന് വിവാഹം കഴിക്കുന്നതിനും, ഒരേ മേല്‍ക്കൂരക്ക് കീഴില്‍ ഒന്നിച്ച് ജീവിക്കാനും അനുവാദം നല്‍കിയിരിക്കെയാണ് അയാള്‍ കൈകൊടുക്കുന്നതും സലാം ചൊല്ലുന്നതും നിഷിദ്ധമാക്കയിരിക്കുന്നത്. ഇത്തരത്തിലുള്ള വിഢ്ഢികള്‍ അമുസ്‌ലിംകളോട് സലാം ചൊല്ലുന്നതിനെ ശക്തമായി ആക്ഷേപിക്കുകയാണ്. ഒരൊറ്റ രാഷ്ട്രത്തില്‍ മുസ്‌ലിംകളും അല്ലാത്തവരും ഒന്നിച്ച് ജീവിക്കുന്നത് അവരെങ്ങനെ സഹിക്കുന്നു? അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. ഇത്തരത്തിലുള്ളവരെ കൈകാര്യം ചെയ്ത് താങ്കള്‍ വിലയേറിയ സമയം പാഴാക്കരുത്. കാരണം അവരുടെ വര്‍ത്തമാനങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിനേക്കാള്‍ അല്‍ഭുതകരമായ പലതും താങ്കള്‍ കേള്‍ക്കാനിടയായേക്കാം. ജനോപകാരപ്രദമായ പല കാര്യങ്ങളില്‍ നിന്നും അവ താങ്കളെ തിരിച്ച് വിട്ടേക്കാം. ബുദ്ധിമാന്‍മാരെ അഭിസംബോധന ചെയ്യുന്നതാണ് താങ്കള്‍ക്ക് ഉത്തമം. വിഢ്ഢികള്‍ക്ക് മറുപടി പറഞ്ഞത് താങ്കള്‍ സമയം കളഞ്ഞേക്കരുത്.’

അതോടെ ഞാന്‍ ആ വിഷയം ഉപേക്ഷിച്ചു. പക്ഷെ 1985-ല്‍ പുറത്തിറങ്ങിയ ‘ദിമ്മികളല്ല, പൗരന്മാര്‍’ എന്ന എന്റെ ഗ്രന്ഥത്തില്‍ അതുസംബന്ധിച്ച സൂചനകള്‍ ഞാന്‍ നല്‍കുകയുണ്ടായി. ‘തെറ്റിദ്ധാരണകളും, പൊള്ളത്തരങ്ങളും’ എന്ന തലക്കെട്ടിന് കീഴില്‍ അമുസ്‌ലിംകളോടുള്ള ഇടപാടുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള പ്രതിലോമചിന്തകളെ ഞാന്‍ സവിസ്തരം കൈകാര്യം ചെയ്യുകയുണ്ടായി. യഹൂദരോടും ക്രൈസ്തവരോടും സലാം കൊണ്ട് തുടങ്ങരുത് എന്ന ആശയമുള്ള അബൂഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസും ഞാന്‍ ഉദ്ധരിച്ചിരുന്നു. കര്‍മശാസ്ത്ര പണ്ഡിതര്‍ക്കിടയില്‍ ശക്തമായ ചര്‍ച്ച സൃഷ്ടിച്ച നബിവചനമായിരുന്നു അത്. ഇരട്ട സാഹചര്യങ്ങളോട് അത് സ്വീകരിച്ച ഇരട്ടമുഖം ഞാന്‍ വിശദീകരിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായ ഗൂഢാലോചന നടന്ന സന്ദര്‍ഭത്തില്‍ പ്രവാചകന്‍ (സ) സ്വീകരിച്ച താല്‍ക്കാലിക നിലപാടായിരുന്നുവെന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി. അമുസ്‌ലിംകളുമായുള്ള നിലപാടിന്റെ അടിസ്ഥാനം ബിര്‍റ് അഥവാ നന്മയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ സംശയലേശമന്യെ വ്യക്തമാക്കിയ കാര്യമാണ്. തന്റെ പടച്ചട്ട യഹൂദിയുടെ അടുത്ത് പണയത്തിലായിരിക്കെ മരണപ്പെട്ട പ്രവാചകന്‍ (സ) തന്നെ ആ പ്രമാണത്തിന്റെ പ്രായോഗിക രൂപം ലോകത്തിന് പഠിപ്പിച്ചു. ആദമിന്റെ പുത്രന്മാര്‍ക്ക് മതജാതി ഭേദമന്യെ എല്ലാവര്‍ക്കും മഹത്വമുണ്ടെന്നും, യഹൂദിയുടെ മൃതദേഹം ചുമന്ന് നടക്കുന്നത് കണ്ടപ്പോള്‍ എഴുന്നേറ്റ് പ്രവാചകന്‍ അതിന് മഹിതമായ മാതൃക കാണിച്ചുവെന്നും ഞാന്‍ സൂചിപ്പിക്കുകയുണ്ടായി.

ചരിത്രത്തെക്കുറിച്ച എന്ന പഠനത്തില്‍, മറ്റുള്ളവരോട് കലഹിക്കുന്ന, അവരോട് വെറുപ്പ് വെച്ച് പുലര്‍ത്തുന്ന അഭിപ്രായ പ്രകടനങ്ങള്‍ രൂപപ്പെട്ടത് പതനത്തിന്റെയും, അസ്ഥിരതയുടെം കാലഘട്ടങ്ങളിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഉസ്മാനി ഖിലാഫത്തിന്റെ അവസാന കാലത്തായിരുന്നു അവയില്‍ മിക്കതും രംഗപ്രവേശം ചെയ്തത്. യഹൂദികളും ക്രൈസ്തവരും റോഡിലിറങ്ങി നടക്കുന്നത് പോലും വിലക്കപ്പെട്ട കാലമായിരുന്നു അത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം വരെ ലബനാനിലും ഇത് നടപ്പിലുണ്ടായിരുന്നു. അതിനാല്‍ തന്നെ നിലവില്‍ ഏതാനും പേര്‍ നല്‍കിയ ഫത്‌വയും എന്നില്‍ അസ്വസ്ഥത സൃഷ്ടിക്കുകയുണ്ടായി. അത് പുറത്ത് വന്നത് പതനത്തിന്റെ കാലത്തല്ലെങ്കിലും, പതനത്തിന്റെ കാലത്തേക്ക് അത് നമ്മെ പിടിച്ച് വലിക്കുമോ എന്നതായിരുന്നു എന്റെ ആശങ്ക.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Post