വിജ്ഞാനവും ദൈവിക പ്രാതിനിധ്യവും
അജ്ഞതയെ ഇസ്‌ലാമിനോട് ചേര്‍ത്തുവെക്കാനാണ് ഇസ്‌ലാമിനോട് അസൂയ പുലര്‍ത്തുന്ന ചിന്തകന്മാരും സംഘടനകളും ഇഷ്ടപ്പെടുന്നത്. മുസ്‌ലിം സമൂഹത്തിന്റെ വളര്‍ച്ചക്ക് ഇത്തരം സംഘടനകള്‍ വിലങ്ങുനില്‍ക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സമുഹത്തിന്റെ നിലനില്‍പ്പിനും നാഗരിക വളര്‍ച്ചക്കും വൈജ്ഞാനിക വികാസത്തിനും ടെക്‌നോളജി അനിവാര്യമായി ഘടകമായി മാറികൊണ്ടിരിക്കുകയാണ്. നാഗരികമായ അറിവുകള്‍ ഉല്‍പാദിപ്പിക്കാനും, അജ്ഞതയുടെ ആറ്റങ്ങളെ തച്ചുടക്കാനും, രഹസ്യങ്ങളുടെ കലവറകള്‍ തകര്‍ത്ത് സമൂഹത്തില്‍ നമുക്കായ് ഒരു ഇടം സ്രഷ്ടിക്കാനും ടെകനോളജിക്ക് കഴിഞ്ഞിട്ടുണ്ട്. മനുഷ്യന് എന്താകുമെന്ന് പോലും പ്രവചിക്കുക സാധ്യമല്ലാത്തവിധം ജനിതക മാറ്റത്തിന്റെ വാതിലുകള്‍ അത് മലര്‍ക്കെ തുറന്നിരിക്കുന്നു.
മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ വൈജ്ഞാനിക വികാസത്തിന് ഒരിക്കലും ഇസ്‌ലാം തടസ്സമല്ല. അതിനാല്‍ തന്നെ അതിലെ ഒരംഗമെന്ന നിലക്ക് നാമോരോരുത്തരും ഭാഗ്യമുള്ളവരാണ്. മനുഷ്യ ജീവിതത്തിന് അനുകൂലവും, ഉപകാരപ്രദവുമായ രീതിയില്‍ വൈജ്ഞാനിക വികാസത്തിനായി ടെക്‌നോളജിയെ ഉപയോഗിക്കുന്നതിന് ഇസ്‌ലാം തടസ്സമില്ല എന്നതോടൊപ്പം തന്നെ അതിനായി യത്‌നിക്കുക നമ്മുടെ ബാധ്യതയുമാണ്. നമസ്‌കാരവും നോമ്പും പോലെതന്നെ അറിവിലൂടെ ശാരീരികവും മാനസികവുമായ വികാസം ഉണ്ടാകുന്നതിലൂടെ മനുഷ്യന്‍ ദൈവത്തിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്.
നൂതന സാങ്കേതികവിദ്യ പഠിക്കല്‍ സാമൂഹികമായ നിര്‍ബന്ധ ബാധ്യതയാണ്. (ഫര്‍ദു കിഫായ) അത് നിര്‍വഹിക്കാതിരിക്കുന്ന പക്ഷം ആ സമൂഹം മുഴുവന്‍ തെറ്റുകാരാണ്. കാരണം നാഗരികവും, ഭൗതികവും, ഭരണപരവുമായ ആവശ്യത്തിന്റെ പൂര്‍ത്തീകരണം അതിന്റെ അഭാവത്തില്‍ നടക്കുകയില്ലല്ലോ.
വിജ്ഞാന സമ്പാദനം സമൂഹത്തിന്റെ ആവശ്യമാണ് എന്നതോടൊപ്പം തന്നെ വിശ്വാസത്തിന്റെ പൂര്‍ണ്ണതക്കും, മനുഷ്യസൃഷ്ടിപ്പിന്റെ ഉദ്യേശ്യലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണവുമാണ്. ആത്മീയവും ഭൗതികവുമായ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്നതാണ് മനുഷ്യ സ്രഷ്ടിപ്പിന്റെ പ്രത്യേകത. ബുദ്ധിയുടെയും ആത്മാവിന്റെയും ആവശ്യ പൂര്‍ത്തികരണമാണ് യത്ഥാര്‍ത്ഥ സംതൃപ്തി. അതുകൊണ്ടാണ് ഇസ്‌ലാം വിജ്ഞാനസമ്പാദനവും വിതരണവും (ദാനവും) മതത്തിന്റെ ഭാഗമാക്കിയതും പ്രോത്സാഹിപ്പിക്കുന്നതും. ഭൂമിയില്‍ നിന്ന് മുളക്കുന്നതും ആകാശത്തുനിന്നും പെയ്തിറങ്ങുന്നതുമായ എല്ലാറ്റിനെ കുറിച്ചും സമഗ്രമായ വിശ്വാസവും അറിവുമാണ് അത് താല്‍പര്യപ്പെടുന്നത്. ഇതര വ്യവസ്ഥകളിലുള്ളതു പോലെ ഇസ്‌ലാമില്‍ മതത്തിനും അറിവിനും ഇടയില്‍ വേര്‍തിരിവുകളില്ല.
മധ്യ നൂറ്റാണ്ടില്‍ യൂറോപ്പ് വൈജ്ഞാനിക നേതൃത്വത്തെ കൂട്ടകശാപ്പിന് വിധേയമാക്കിയതും ആയിരകണക്കിന് കുറ്റവാളികളെ സൃഷ്ടിച്ചെടുത്തതും അറിവും മതവും തമ്മിലുള്ള എറ്റുമുട്ടല്‍ കാരണമായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ശൈഖ് മുഹമ്മദ് അബ്ദു ‘ഇസ്‌ലാമും ക്രിസ്ത്യാനികളും, അറിവും നാഗരികതയും’ എന്നീ പുസ്തകങ്ങളിലൂടെ ഇതിനെതിരെ ഒരു പോരാട്ടം തന്നെ നടത്തുന്നുണ്ട്.
ഇസ്‌ലാമിക ചരിത്രത്തിലെ പോരാട്ടങ്ങള്‍ കായികം മാത്രമല്ല, ബുദ്ധിപരം കൂടിയായിരുന്നു എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. ഇസ്‌ലാം ബുദ്ധിയെയും വിവേകത്തെയും ആദരിച്ചിരിക്കുന്നു. ചിന്തയിലേക്കും കാഴ്ച്ചപ്പാടുകളിലേക്കുമാണ് അത് ക്ഷണിക്കുന്നത്. പഠിക്കുന്നതിനേയും പഠിപ്പിക്കുന്നതിനേയും അത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല ബുദ്ധിയുള്ളവരോടും പണ്ഡിതരോടും അറിവ് ആര്‍ജിക്കാനായി ആഹ്വാനം ചെയ്യുന്നു. അന്ധമായ കാഴ്ച്ചപ്പാടുകളെയും അജ്ഞതയേയും വിലക്കുന്നതോടൊപ്പം തന്നെ പ്രഥമ ഖുര്‍ആന്‍ സൂക്തത്തിലൂടെ തന്നെ അറിവിനെയും വായനയെയും വാഴ്ത്തുകയും ചെയ്തിരിക്കുന്നു.
അന്ധമായ ദൈവഭക്തി പ്രകടനങ്ങള്‍, നീ ഒന്നും അറിയാത്തവനാണ്, ഞാന്‍ ചെയ്യുന്നത് കണ്ണടച്ച് നീ പിന്തുടരുക. ഈ മൂന്നു സമീപനത്തേയും ഇസ്‌ലാം നിരാകരിക്കുന്നു. കേവല വിശ്വാസത്തിനപ്പുറത്ത് ഇസ് ലാം മനസ്സിലെ ഉറച്ച ഒരു അംഗീകാരമാണെന്ന് പണ്ഡിതന്മാര്‍ ആഭിപ്രായപ്പെട്ടിരിക്കുന്നു. ദൈവത്തിന് പങ്കാളിയാക്കുന്നവരെ കുറിച്ച് വിശുദ്ധവേദമായ ഖുര്‍്ആനിന്റെ നിരൂപണം ശ്രദ്ദേയമാണ്. നിങ്ങളുടെ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ വാദത്തിന് തെളിവ് കൊണ്ടുവരുവാന്‍് അത് ആവശ്യപ്പെടുന്നു. അപ്രകാരം തന്നെ അവരുടെ വ്യവഹാരങ്ങളെ കുറിച്ച് അവരില്‍ അധികപേരും വസ്തുതകളെയല്ല, ഊഹങ്ങളെ പിന്‍പറ്റുകയാണെന്ന് വേദഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
മധ്യനൂറ്റാണ്ടിലെ അറബ് ചരിത്രം പൊതുവായി ചര്‍ച്ച ചെയ്ത വിഷയം വഹ്‌യ് (ദൈവിക ബോധനം) ബുദ്ധിക്ക് എതിരാണ്, ആര്‍ജിത അറിവുകള്‍ മതത്തിന് എതിരാണ്, ചിന്തകള്‍ വിശ്വാസത്തിന് എതിരാണ്, എന്നൊക്കെയായിരുന്നു. എന്നാല്‍ ഇസ്‌ലാമിക തത്വശാസ്ത്രത്തിന് വഹ്‌യും ബുദ്ധിയും, ഏക ദൈവ അസ്ഥിത്വത്തിന് അനുപൂരകങ്ങളായ തെളിവുകളാണ്. എല്ലാ അറിവുകളും വഹ്‌യിനുള്ള കൃത്യമായ തെളിവുകളത്രെ. വിശുദ്ധവേദമായ ഖുര്‍ആന്‍ അവതീര്‍ണമായിട്ട് 14 നൂറ്റാണ്ടുകളായി. ഖുര്‍ആനിലൂടെ തന്നെ നിരവധി വിജ്ഞാന ശാഖകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആധുനിക കണ്ടുപിടുത്തങ്ങള്‍ ഖുര്‍ആനിലെ ഒരു സൂക്തത്തിന് പോലും എതിരല്ല എന്നതാണ് വസ്തുത. അതുതന്നെയാണ് ആ ഗ്രന്ഥം ദൈവികമാണെന്നതിനുള്ള തെളിവും.
സാങ്കേതിക ഭാഷയില്‍ ഖുര്‍ആന്‍ എന്നത് വിജ്ഞാന സമ്പാദത്തിനുള്ള ഒരു പുസ്തകമോ ഏടുകളോ മാത്രമല്ല. എന്നാല്‍ അത് ഇറക്കപ്പെട്ട കാലത്തിനോ, അതിന് ശേഷമുള്ള നൂറ്റാണ്ടുകള്‍ക്കോ അനുയോജ്യമായ അനേകം അറിവുകളിലേക്കുള്ള ചൂണ്ടുപലകയാണത് എന്നതില്‍ തര്‍ക്കമില്ല. ഖുര്‍ആനിലെ അത്ഭുതങ്ങള്‍ പുതിയകാലത്തെ കണ്ടുപിടുത്തങ്ങള്‍ എന്ന് പുനര്‍ നാമകരണം ചെയ്ത ഒട്ടനേകം പുസ്തകങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അതിലധികവും അന്ധവിശ്വാസത്തെ നിഷേധിച്ചുള്ള വൈജ്ഞാനിക ചര്‍ച്ചകളാണ്. കേവല വിശ്വാസവും, ഊഹങ്ങളെ പിന്തുടരുന്നതും, അന്ധമായ അനുകരണവും, ബധിരമായ ഇടപാടുകളും തള്ളുവാനും, ബുദ്ധിപരവും തെളിവിന്റെ അടിസ്ഥാനത്തിലുമുള്ള വിശ്വാസം ആര്‍ജ്ജിക്കാനുമാണ് ആവശ്യപ്പെടുന്നത്. ബൗദ്ധികവും അനുഭവഭേദ്യവുമായതാണ് യഥാര്‍ത്ഥ ഈമാന്‍ എന്ന് ഖുര്‍ആന്‍ ഉത്‌ബോധിപ്പിക്കുന്നു.
ബുദ്ധിയും ചിന്തയും ദൈവിക അനുഗ്രഹങ്ങളാണ്. ചരിത്രത്തിന്റെ പിന്‍ബലത്തില്‍ പ്രപഞ്ചത്തിലേക്കുള്ള നോട്ടം മതവിരുദ്ധമാകുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ ഇടപെടലുകള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കുന്നുമില്ല. മറിച്ച് ഖുര്‍ആനിന്റെ ആജ്ഞ തന്നെ ദൈവസതിക്യത്തിന്റെ ഭൗതിക ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താനുള്ളതാണ്. അറിവുള്ളവനും ഇല്ലാത്തവനും തുല്യമാണോ? എ്ന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്.
അറിവ് ദൈവഭക്തിക്കുള്ള മാനദണ്ഡമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. അറിവ് ആര്‍ജ്ജിച്ചവര്‍ മാത്രമാണ് തഖ്‌വ ഉള്ളവര്‍. ഖുര്‍ആനിന്റെ ഭാഷയില്‍ പണ്ഡിതന്‍ എന്നത് മണ്ണിനെയും മനുഷ്യനെയും ജീവജാലങ്ങളേയും ആകാശത്തെയും ചെടിയേയും സസ്യലതാദികളേയും അറിയുന്നവനാണ്. പ്രപഞ്ചത്തെ കുറിച്ച് വിശ്വാസി അജ്ഞന്‍ ആയിരിക്കില്ല. അവയിലൂടെ ഏക ദൈവത്തെ മനുഷ്യന് കാണാന്‍ സാധിക്കുന്നു. അവന്റെ കാരുണ്യത്തെയും വിശാലതയെയും അറിയുന്നു.
. ദൈവത്തിന്റെ പ്രാതിനിധ്യം ഭുമിയില്‍ നിര്‍വ്വഹിക്കുന്നതില്‍ അവരുടെ അറിവുകള്‍ പ്രധാനമായിരുന്നു. പ്രവാചന്‍ ആദമിന്റെ മുമ്പില്‍ മലാഖമാര്‍ സാഷ്ടാഗം ചെയ്യുവാന്‍ അല്ലാഹു കല്‍പ്പിച്ചത് അറിവിനെ മാനദണ്ഡമാക്കിയായിരുന്നു. പ്രവാചകന്‍ യൂസുഫിനെ ഈജിപ്ത്തിന്റെ കൈകാര്യകര്‍ത്താവാക്കിയതും, ബല്‍ക്കീസിന്റെ അഹന്തക്ക് മുമ്പില്‍ സുലൈമാന്‍ നബി ആദരിക്കപ്പെട്ടതും അറിവിലൂടെയായിരുന്നു എന്നത് ചരിത്രം.
വിവ. ജസീല്‍ വി.പി പേരാമ്പ്ര