ആഗോളവ്യാപകമായി അനുഭവപ്പെടുന്ന ഭക്ഷ്യക്ഷാമം ലോകമെങ്ങും – വിശേഷിച്ച് അവികസിത, വികസ്വര രാജ്യങ്ങളില്‍ – ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ദുസ്സഹമായിത്തീര്‍ന്നിരിക്കുകയാണ്. പല ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ മൂന്നു നേരത്തെ ആഹാരം രണ്ടു നേരമായും രണ്ടു നേരത്തേത് ഒരു നേരമായും വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പട്ടിണിമരണം പെരുകുന്നു. കുട്ടികളില്‍ ആപത്കരമായ തോതില്‍ പോഷകാഹാരക്കുറവും തജ്ജന്യമായ രോഗങ്ങളും കണ്ടുവരുന്നു.
ഭക്ഷ്യദൌര്‍ലഭ്യം മുതലാളിത്ത സമ്പദ്ഘടനക്കാകമാനം ഭീഷണിയുയര്‍ത്തുന്നതായി ലോക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘യഥാര്‍ത്ഥ ആഗോള ദുരന്തം’ എന്നാണ് യു.എന്‍.സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ഇതിനെ വിശേഷിപ്പിച്ചത്. മുന്‍ ലോകബാങ്ക് പ്രസിഡണ്ട് പോല്‍ വുള്‍ഫോ വിട്സ് വ്യാപകമായ ഭക്ഷ്യകലാപത്തെക്കുറിച്ച് ഉത്കണ് ടപ്പെടുകയാണ്. ‘നിശ്ശബ്ദ സുനാമി’ എന്നാണ് വേള്‍ഡു ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയരക്ടര്‍ ജോസെറ്റ് ഷിറാന്‍ ഇതിനെ വിളിക്കുന്നത്. ഈ ദുരന്തത്തെ നേരിടുന്നതിന് കൂട്ടായ പരിപാടികളാവിഷ്കരിക്കാന്‍ യു. എന്‍. സെക്രട്ടറി ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്യുകയുണ്ടായി.
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് റോമില്‍ ഒരു അന്താരാഷ്ട്ര ഭക്ഷ്യ സമ്മേളനം ചേരുകയും ചെയ്തു. ചര്‍ച്ചകള്‍ ധാരാളം നടന്നെങ്കിലും ഉറച്ച തീരുമാനങ്ങളോ പ്രതീക്ഷക്ക് വക നല്കുന്ന പ്രായോഗിക പദ്ധതികളോ ഒന്നും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. അംഗരാജ്യങ്ങള്‍ പാ ലിച്ചുകൊള്ളണമെന്ന് ഒരു നിര്‍ബന്ധവുമില്ലാത്ത ശിപാര്‍ശാ രൂപത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സമ്മേളനം പുറത്തു വിട്ടത്. വികസിത രാജ്യങ്ങള്‍ പൊതുവില്‍ സ്വീകരിച്ചത് ഇപ്പോഴത്തെ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളില്‍നിന്നും ശരിയായ പരിഹാരമാര്‍ഗത്തില്‍നിന്നും ഒഴിഞ്ഞുമാറുന്ന നിലപാടായിരുന്നു. ഇന്ത്യയിലും ചൈനയിലും ജീവിതനിലവാരം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഭക്ഷണ ഉപഭോഗം വര്‍ധിച്ചതാണ് ഭക്ഷ്യക്ഷാമത്തിന്റെ കാരണമായി അമേരിക്ക ഉന്നയിച്ചത്. ഉല്‍പാദനക്കമ്മി, വികലമായ വിതരണരീതി, ഭക്ഷ്യവിഭവങ്ങള്‍ ആഹാരേതര ആവശ്യങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കല്‍ തുടങ്ങിയ ഭക്ഷ്യക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെ ഗൌരവപൂര്‍വ്വം സമീപിക്കാന്‍ സമ്മേളനം തയ്യാറായില്ല. ഈ കാരണങ്ങളെല്ലാം ആഗോളീകൃത മുതലാളിത്ത സമ്പദ്ഘടനയുടെ സൃഷ്ടികളാകുന്നു എന്നതാണതിന് കാരണം. വികസിതനാടുകളില്‍ സര്‍ക്കാര്‍ സബ്സിഡികളുടെ തണലില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവിഭവങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് ലോകത്തെവിടെയും കൊണ്ടുവന്ന് വില്ക്കാന് ആഗോളവല്‍ക്കരണം കളമൊരുക്കിയിട്ടുണ്ട്. സബ്സിഡി വിലക്കപ്പെട്ട അവികസിത, വികസ്വര രാജ്യങ്ങളിലെ കര്‍ഷകര്‍ക്ക് അവരോടു മത്സരിക്കാനാവില്ല. അവരുടെ കൃഷി ഭക്ഷ്യവിളകളില്‍നിന്ന് നാണ്യവിളകളിലേക്ക് മാറി. അതിന് കഴിയാത്തവര്‍ കടംകൊണ്ട് വലഞ്ഞ് കാര്‍ഷികവൃത്തിയില്‍നിന്ന് പിന്മാറി. പെട്രോളിന്റെ വിലക്കയറ്റം ഭക്ഷ്യവിളകളെ ജൈവ ഇന്ധനം ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത പദാര്‍ത്ഥമാക്കി മാറ്റാന്‍ വ്യവസായികളെ പ്രേരിപ്പിച്ചു. ഈ പ്രശ്നങ്ങളെയൊന്നും സമ്മേളനം ഗൌരവപൂര്‍വ്വം സമീപിക്കുകയുണ്ടായില്ല. സമീപിച്ചിരുന്നുവെങ്കില് ആഗോളവല്‍കൃത സമ്പദ്വ്യവസ്ഥയില് ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത അനിഷേധ്യമായി ഉയര്‍ന്നു വരുമായിരുന്നു. മുതലാളിത്ത സമൂഹങ്ങള്‍ അതൊരിക്കലും അംഗീകരിക്കുകയില്ല. ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വേണ്ട, മുതലാളിത്തത്തിന്റെ നിലവിലുള്ള വ്യവസ്ഥക്ക് കോട്ടം തട്ടിക്കൂടാ എന്നാണവരുടെ നിലപാട്.
സമകാലീന സാമ്പത്തിക കുഴപ്പങ്ങളുടെ യഥാര്‍ത്ഥ കാരണം മുതലാളിത്തത്തിന്റെ ലോകാധിപത്യമാണെന്ന് ഇസ്ലാമിക സാമ്പത്തിക വിദഗ്ദ്ധന്മാര് വാദിക്കുന്നത് വെറുതെയല്ല. അക്കൂട്ടത്തിലൊരാളായ, ഇന്റര്‍ നാഷണല്‍ സെന്റെര് ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ഡീന്‍ ഡോക്ടര്‍ മുഹമ്മദ് മഹ്മൂദ് അവാന്റെ അഭിപ്രായത്തില്‍ , അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തങ്ങള്‍ പിന്തുടര്ന്നിരുന്നുവെങ്കില് ആസന്നമായ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഇസ്ലാമിക തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം അത് സമര്‍ഥിക്കുന്നത്. കേവല ഭൌതിക സാമ്പത്തിക വീക്ഷണത്തില്‍ വ്യവസായികള്‍ക്കും മൂലധനയുടമകള്‍ക്കും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാം.സമകാലീന സാമ്പത്തിക കുഴപ്പങ്ങളുടെ യഥാര്‍ത്ഥ കാരണം മുതലാളിത്തത്തിന്റെ ലോകാധിപത്യമാണെന്ന് ഇസ്ലാമിക സാമ്പത്തിക വിദഗ്ദ്ധന്മാര് വാദിക്കുന്നത് വെറുതെയല്ല. അക്കൂട്ടത്തിലൊരാളായ, ഇന്റര്‍ നാഷണല്‍ സെന്റെര് ഫോര്‍ എജുക്കേഷന്‍ ഇന്‍ ഇസ്ലാമിക് ഫിനാന്‍സ് ഡീന്‍ ഡോക്ടര്‍ മുഹമ്മദ് മഹ്മൂദ് അവാന്റെ അഭിപ്രായത്തില്‍ , അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക സിദ്ധാന്തങ്ങള്‍ പിന്തുടര്ന്നിരുന്നുവെങ്കില് ആസന്നമായ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഇസ്ലാമിക തത്വങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അദ്ദേഹം അത് സമര്‍ഥിക്കുന്നത്. കേവല ഭൌതിക സാമ്പത്തിക വീക്ഷണത്തില്‍ വ്യവസായികള്‍ക്കും മൂലധനയുടമകള്‍ക്കും അവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാം.ലാഭം കിട്ടുമെങ്കില്‍ രാഷ്ട്രങ്ങളുടെ തകര്‍ച്ചയോ ജനതകളുടെ കൂട്ടക്കുരുതിയോ ഒന്നും പ്രശ്നമല്ല. ഭക്ഷ്യവിളകളേക്കാള്‍ ലാഭകരം നാണ്യവിളകളാണെന്ന് കണ്ടാല്‍ ഭക്ഷ്യക്ഷാമം കൊടുമ്പിരി കൊള്ളുമ്പോഴും അവര്‍ നാണ്യവിളകളെ കൃഷി ചെയ്യൂ. കണ്മുമ്പില് ആയിരങ്ങള്‍ വിശന്നു മരിക്കുമ്പോഴും കൈവശമുള്ള ഭക്ഷ്യധാന്യങ്ങള്‍ ജൈവ ഇന്ധനം ഉത്പാദിപ്പിക്കാന്‍ നീക്കി വെക്കുന്നതില്‍ ഒരു സങ്കോചവുമുണ്ടാവില്ല. ദുര മൂത്ത മുതലാളിത്തത്തിന്റെ ക്രൂരവും അമാനവികവുമായ ഈ നയത്തിന്റെ സ്വാഭാവികമായ പരിണതിയാണ് ലോകം ഇന്നഭിമുഖീകരിക്കുന്നത്. ഈ സാഹചര്യം ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെ മറ്റെന്നത്തേക്കാളുമേറെ പ്രസക്തമാക്കുന്നുണ്ട്. ദുര്‍ബല വിഭാഗങ്ങള്‍ അനുഭവിക്കുന്ന ചൂഷണത്തിനും പീഡനത്തിനും അറുതി വാഗ്ദാനം ചെയ്യുന്ന ഒരു ബദല്‍ അത് മാത്രമേയുള്ളൂ. ഇനിയെങ്കിലും ലോകം അതൊന്നു പരീക്ഷിച്ചു നോക്കാന്‍ തയ്യാറായെങ്കില്‍ !
(ടി.കെ.ഉബൈദ് /സന്ദേശം)