മുതലാളിത്ത ലോകത്തിന്റെ ഭാവി

الرأسماليةമൂലധനത്തിന്റെ പടക്കുതിര രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്, വിജയപതാക പറപ്പിച്ച് മുന്നേറുകയാണ്. പുതിയ ലോകത്തിന്റെ ശരീരഭാഷ മുതലാളിത്ത വ്യവസ്ഥയുടെ ജയഭേരി മുഴക്കുന്ന തരത്തിലുള്ളതാണ്. മുതലാളിത്ത വ്യവസ്ഥയുടെ കടുത്ത ശത്രുക്കള്‍ പോലും ആയുധം താഴെ വെച്ച് കീഴടങ്ങുകയാണ്. ഒഴുക്കിനെതിരെ നീന്താനുള്ള ഇച്ചാശക്തി  മനുഷ്യസമൂഹത്തിന് നഷ്ടപ്പെട്ടുപോകുന്നു. ഇനിയൊരു ബദലില്ലെന്നാണ് വര്‍ത്തമാനകാലത്തെ പ്രചാരണം. മുതലാളിത്ത വ്യവസ്ഥക്ക് ഓശാന പാടുന്ന പാശ്ചാത്യ ഉദാര ജനാധിപത്യ വ്യവസ്ഥയുടെ ആഗോളവ്യാപനത്തിലൂടെ, ചരിത്രം അവസാനിച്ചതായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സിസ് ഫുക്കുയാമക്ക് ധൈര്യം പകരുന്നത്, മുതലാളിത്തത്തിനെതിരായ പ്രതികരണങ്ങള്‍ അവസാനിച്ചുവെന്ന ധാരണകളാണ്.

മുതലിന്റെ ആധിപത്യമാണ്‌ മുതലാളിത്തം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്, സമ്പത്ത് കുന്നുകൂട്ടണമെന്ന് ദുരാഗ്രഹമുള്ള വരായിരിക്കണമെന്നാണ് മുതലാളിത്തത്തിന്റെ പിതാവായ ആഡംസ്മിത്ത്‌ പഠിപ്പിച്ചത്. വ്യക്തികളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാനേ പാടില്ല. അഥവാ ഇടപെടുന്നുണ്ടെങ്കില്‍ തന്നെ പണമുള്ളവര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കുന്നതിന് എളുപ്പവഴി സമ്മാനിക്കുന്ന വിധത്തിലായിരിക്കണം. വ്യക്തികളുടെ കൈയില്‍ പണം കുന്നുകൂടുന്നതോടെ സമൂഹവും ക്രമേണ രാഷ്ട്രവും അഭിവൃദ്ധിപ്പെടും. ഇപ്രകാരം മനുഷ്യരെ പണത്തിന് പിന്നാലെ പായുന്നവരാക്കുന്നതില്‍ മുതലാളിത്തം വിജയിച്ചു. മനുഷ്യന്റെ അടിസ്ഥാനപരമായ ദൌര്‍ഭല്യമാണല്ലോ പണത്തോടുള്ള ആര്‍ത്തി. ഈ ദൌര്‍ഭല്യത്തെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖുര്‍ആന്‍ മരണം എന്ന യാഥാര്‍ത്യത്തെക്കുറിച്ച് മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ അല്ലാഹുവിന്റെ പ്രാതിനിധ്യം മാത്രമാണ് മനുഷ്യന് സാമ്പത്തിക മേഖലയില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ പണം മനുഷ്യജീവിതത്തിന്റെ നിലനില്പിന് അനിവാര്യവുമാണ്‌. ഇസ്ലാമികസമൂഹത്തില്‍ പണമുള്ളവരുടെ സാന്നിധ്യത്തെ ആരും നിരാകരിക്കുന്നില്ല. പണം ഭൌതിക ജീവിതത്തിന്റെ അലങ്കാരവും സ്വര്‍ഗത്തിലേക്കുള്ള  പാതേയവും മൂലധനവുമാണെന്ന്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

മുതലാളിത്തത്തിന്റെ ദൌര്‍ഭല്യങ്ങള്‍

മനുഷ്യസമൂഹത്തില്‍ ആദ്യകാലത്ത് നിലനിന്നിരുന്ന വ്യവസ്ഥ ‘ലഘു ഉല്‍പാദന വ്യവസ്ഥ’ എന്നാണ് അറിയപ്പെടുന്നത്. സാധനസാമഗ്രികള്‍ ഉത്പാദിപ്പിച്ചിരുന്നത് അവയുടെ ഉപയോഗമൂല്യം നോക്കിയായിരുന്നു. ഒരു ഉല്പന്നം ഉണ്ടാക്കുകയും അത് കമ്പോളത്തില്‍ വില്പന നടത്തുകയും അതുവഴി ലഭിക്കുന്ന പണം ഉപയോഗിച്ച് മറ്റൊരു ഉല്പന്നം സ്വന്തമാക്കുകയും ചെയ്തു. CMC(Commodity Money Commodity) എന്ന സമവാക്യത്തിലാണ് ഇത് അറിയപ്പെടുന്നത്. ‘c’ എന്നാല്‍ ഉല്പന്നം (Commodity), ‘m’ എന്നാല്‍ പണം (Money). ഈ വ്യവസ്ഥിതിയില്‍ ഉല്‍പാദനം ആരംഭിക്കുന്നതും  അവസാനിക്കുന്നതും ഉല്പന്നം കൊണ്ട് തന്നെയാണ്. മനുഷ്യസമൂഹത്തിന് ഗുണകരമായ വ്യവസ്ഥയുമാണ് ഇത്. കാരണം ആത്യന്തിക ലക്‌ഷ്യം പണ മല്ലാത്തതുകൊണ്ട്‌ മനുഷ്യസമൂഹത്തിന്റെ നിലനില്പിന് ആവശ്യമായ സാധനങ്ങളും സേവനങ്ങളും മാത്രമാണ് കമ്പോളത്തില്‍ ലഭ്യമായിരുന്നത്. വസ്തുക്കളുടെ വിനിമയമൂല്യത്തിന് പകരം ഉപയോഗമൂല്യമാണ് പരിഗണിക്കപ്പെട്ടിരുന്നത്‌.

സങ്കീര്‍ണതകളില്ലാത്ത ഈ ഉല്പാദനവ്യവസ്ഥയെ മുതലാളിത്തം സമര്‍ത്ഥമായി മറിച്ചിടുകയും പണത്തിന് പ്രാധാന്യമുള്ള MCM(Money Commodity Money) എന്ന മുതലാളിത്ത ഉല്പാദനവ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്തു. ഈ വ്യവസ്ഥയില്‍ ഉല്‍പാദനം ആരംഭിക്കുന്നതും അവസാനിക്കുന്നതും പണത്തിലാണ്. പണം നേടാനുള്ള മാധ്യമം മാത്രമാണ് ഉല്പന്നം. സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗമൂല്യത്തെക്കാള്‍ അവ കമ്പോളത്തില്‍ വിറ്റഴിക്കാനുള്ള സാധ്യതയിലാണ് മുതലാളിത്തത്തിന്റെ ശ്രദ്ധ. പണമുണ്ടാക്കുന്നതിനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളുമായിരിക്കും ഉല്പാദകന്റെ മൂല്യവ്യവസ്ഥ. ഖാറൂനെ കണ്ടപ്പോള്‍ വിവരമില്ലാത്ത ജനങ്ങള്‍ പറഞ്ഞതായി ഖുര്‍ആന്‍ നല്‍കുന്ന സൂചന ശ്രദ്ധേയമാണ്. “ഖാറൂന് നല്‍കിയതുപോലെ സമ്പത്ത് ഞങ്ങള്‍ക്ക് നല്കിയില്ലല്ലോ” എന്ന് വിലപിക്കുകയായിരുന്നു അവര്‍. ഒന്നുകില്‍ പണമുണ്ടാക്കുക, അല്ലെങ്കില്‍ പണമുള്ളവരോട് കൊതിയുണ്ടാക്കുക. ഇതാണ് ആര്‍ത്തി പൂണ്ട സാമ്പത്തിക വ്യവസ്ഥയുടെ ഇന്നത്തെയും അന്നത്തെയും അടിസ്ഥാനം.സൂറത്തുല്‍കഹ്ഫിലെ തോട്ടക്കാരന്റെ കാഴ്ചപ്പാട് തന്നെയാണ് മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയില്‍ ഏര്‍പ്പെടുന്നവരുടെ മുദ്രാവാക്യങ്ങള്‍ . അതില്‍ പ്രധാനം സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ താനാണെന്ന ഭാവമാണ്. തന്റെ വ്യക്തിപരമായ കഴിവുകള്‍ കൊണ്ടാണ് അവയത്രയും ഉണ്ടാക്കിയതെന്നും ഇവയൊന്നും ഒരിക്കലും നശിച്ചുപോകുന്നതല്ലെന്നും തോട്ടക്കാരന്‍ അഹങ്കരിക്കുന്നുണ്ട്. ഈ ചിന്താഗതി കമ്പോളത്തിലേക്കും ഉല്പാദകനിലേക്കും സന്നിവേശിപ്പിക്കുകയാണ് മുതലാളിത്തം ചെയ്തത്.

മുതലാളിത്തത്തിന്റെ പ്രധാന സംവിധാനങ്ങളിലൊന്നാണ് പലിശ. അതിര് കവിഞ്ഞ മനുഷ്യന്റെ ആഗ്രഹങ്ങളാണ് പലിശയിലേക്ക് നയിക്കുന്നത്. സാമ്പത്തികശാസ്ത്രം ആഗ്രഹങ്ങളെ താഴെ പറയുന്ന രീതിയില്‍ വിശകലനം ചെയ്തിട്ടുണ്ട്.
1. ആഗ്രഹങ്ങള്‍ അതിരു കവിഞ്ഞതാണ്.
2. ആഗ്രഹങ്ങള്‍ക്ക് യാതൊരു അവസാനവുമില്ല.ഒരു ആഗ്രഹം പൂര്‍ത്തീകരിച്ചു കഴിഞ്ഞ് അടുത്ത നിമിഷം തന്നെ മറ്റൊരു ആഗ്രഹം ജന്മമെടുക്കുകയായി.
3. അതിരില്ലാത്തതും അനന്തവുമായ ആഗ്രഹങ്ങളെ ശമിപ്പിക്കുന്നതിനാവശ്യമായ വിഭവങ്ങളാവട്ടെ വളരെ പരിമിതമാണ്.

കുറഞ്ഞ വിഭവങ്ങളുള്ളവര്‍ക്ക് അതിരുകവിഞ്ഞ ആഗ്രഹങ്ങള്‍ നിവര്‍ത്തിപ്പാനുള്ള പ്രധാന ഉപാധിയാണ് പലിശാധിഷ്ടിത വായ്പകള്‍ . ഇവ പിന്നീട് ഉല്‍പാദന മേഖലയിലും കടന്നു വന്നു. സാമ്പത്തിക ശാസ്ത്രമനുസരിച്ച് നാല് ഉല്‍പാദന ഘടകങ്ങളാണ് ഉള്ളത്; ഭൂമി,തൊഴിലാളി, മൂലധനം, സംരംഭകന്‍. ഈ ഉല്പാദനഘടകങ്ങള്‍ക്ക് യഥാക്രമം പാട്ടം, കൂലി, പലിശ, ലാഭം എന്നിങ്ങനെ പ്രതിഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ഇവയില്‍ മൂലധനത്തിന് ലഭിക്കുന്ന പലിശയൊഴിച്ച് ബാക്കിയൊന്നിനോടും ഇസ്‌ലാം വിയോജിക്കുന്നില്ല. ഉല്പാദനവ്യവസ്ഥയില്‍ മൂലധനം വഹിക്കുന്ന പങ്ക് ഇസ്‌ലാമിക സാമ്പത്തികശാസ്ത്രം നിരാകരിക്കുന്നില്ല. മൂലധനത്തിന്റെ ഉടമസ്ഥനും സംരംഭകനും ലാഭനഷ്ടങ്ങള്‍ പങ്കുവെക്കുന്ന രീതിയാണ് ഇസ്‌ലാമിക ധനശാസ്ത്രം മുന്നോട്ടു വെക്കുന്നത്. അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തുവെന്ന ഖുര്‍ആന്‍ സൂക്തം ചിന്തോദ്ദീപകമാണ്. പലിശക്ക് പ്രാമുഖ്യം നല്‍കുന്ന മുതലാളിത്ത വ്യവസ്ഥയെ ചോദ്യം ചെയ്ത് പുതിയ ലോകത്തിന് ബദലാവുകയാണ് ഇസ്‌ലാമിക ധനശാസ്ത്രം.

മുതലാളിത്തവിപ്ലവം അരങ്ങേറിയതിന്റെ ഫലമായി വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കും ഇടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക അസന്തുലിതത്വം അതിഭീകരമാണ്. മനുഷ്യസമൂഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മൂല്യങ്ങളുടെ വാണിജ്യവല്‍ക്കരണം, കമ്പോളവ്യവസ്ഥ ജീവിതത്തിനുമേല്‍ ഉയര്‍ത്തിയ മറ്റൊരു വെല്ലുവിളിയാണ്. അനിയന്ത്രിതമായ വാണിജ്യവല്‍ക്കരണമാവട്ടെ, ഉപഭോഗസംസ്കാരത്തിന് അടിപ്പെട്ട ഒരു യാന്ത്രിക സമൂഹത്തെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ധാര്‍മികതയുടെ സ്വാധീനമില്ലാത്ത ശാസ്ത്ര സാങ്കേതിക മേഖലയുടെ വികാസം, പരിസ്ഥിതിക്കും മനുഷ്യസമൂഹത്തിന്റെ നിലനില്പിനും വലിയ ഭീഷണിയാണ്.

(ഫൈസല്‍ കൊച്ചി/

Related Post