ഡോ. ആഇശ അബ്ദുല്ല
എന്റെ പഴയ പേര് ചന്ദ്രലീല എന്നായിരുന്നു. ബാംഗ്ളൂരിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന് ഹിന്ദുമതത്തെക്കുറിച്ച് എനിക്കൊന്നും പറഞ്ഞുതന്നിട്ടില്ല. ഏതെങ്കിലും ക്ഷേത്രത്തില്‍ പോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും ജീവിതത്തില്‍ നല്ല ആദര്‍ശനിഷ്ഠ പുലര്‍ത്തിയിരുന്ന അദ്ദേഹം എപ്പോഴെങ്കിലും കളവ് പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. നിസ്സംശയം അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങള്‍ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. എന്നാല്‍, അമ്മ വ്യവസ്ഥാപിതമായി ക്ഷേത്രങ്ങളില്‍ പോയിരുന്നു. ഞാനും ഇടക്കിടെ അവരോടൊപ്പം ക്ഷേത്രങ്ങളില്‍ പോയിരുന്നു. പ്രത്യേകിച്ച് പരീക്ഷാ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം വര്‍ധിക്കും. പൂജകള്‍ക്കും മറ്റുമായി ധാരാളം പണം ചെലവഴിക്കുകയും ചെയ്തിരുന്നു.
അധിക ഹിന്ദുക്കളിലും വിഗ്രഹാരാധന പരമ്പരാഗതമായി തുടര്‍ന്നുവരുന്നതാണ്. അതിന്റെ രീതിയെക്കുറിച്ചോ യാഥാര്‍ഥ്യത്തെക്കുറിച്ചോ ആരും ആലോചിക്കാറില്ല. മറ്റു വിശ്വാസങ്ങളുടെ കാര്യവും അങ്ങനെത്തന്നെ. അതിനെ അന്ധമായ അനുകരണം എന്നു പറയുന്നതിനേക്കാള്‍ നല്ലത്, ആരും ചിന്തിക്കുക പോലും ചെയ്യാത്തവിധം അത് ദ്വിതീയ പ്രകൃതമായി മാറിയിരുന്നു എന്ന് പറയുന്നതായിരിക്കും.
ഉദാഹരണത്തിന്, സ്കൂള്‍ പഠനകാലത്ത് തന്നെ ഞാന്‍ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ വായിച്ചിരുന്നു. ചില ധാര്‍മിക പാഠങ്ങള്‍ തീര്‍ച്ചയായും അതിലുണ്ട്. ആസ്വാദ്യകരമായ വായനാനുഭവവും അത് പകരുന്നു. എന്നാല്‍, പല സംഭവങ്ങളും കഥകളും കുഞ്ഞുങ്ങള്‍ക്കു പോലും ഉള്‍ക്കൊള്ളാനാവാത്തതാണ്. രാവണന്റെ പത്ത് തലകള്‍, കൃഷ്ണന്റെ പതിനാറായിരം ഭാര്യമാര്‍ തുടങ്ങിയവ ഉദാഹരണം. ഈ കഥകള്‍ എത്രത്തോളം ശരിയാണെന്ന് ഞാന്‍ പല ഗുരുക്കന്മാരോടും ചോദിച്ചിട്ടുണ്ട്. ആരും ഉത്തരം പറഞ്ഞില്ല, എല്ലാവരും നിശ്ശബ്ദത പാലിക്കാന്‍ ഉപദേശിച്ചു. കൂടുതല്‍ ചോദിച്ചപ്പോള്‍ അധികപ്രസംഗിയെന്ന് ശകാരിക്കുകയും ചെയ്തു. ഗുരുക്കന്മാര്ക്കുപോലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും അവരും ഇരുട്ടില്‍ തപ്പുകയാണെന്നും ഞാന്‍ മനസ്സിലാക്കി.
ഹിന്ദുമതത്തിലെ ദൈവങ്ങളുടെ ആധിക്യവും എന്നെ വിഷമവൃത്തത്തിലാക്കി. ഒട്ടും അതിശയോക്തിയില്ലാതെ പറഞ്ഞാല്‍ നൂറുകണക്കിനല്ല; ആയിരക്കണക്കിനാണ് ഈ മതത്തില്‍ ദൈവങ്ങള്‍. ചില ദൈവങ്ങള്‍ നല്ലവരാണ്. മറ്റു ചിലര്‍ ചീത്തയും. ചീത്ത ദൈവങ്ങളെ നാം ഭയപ്പെടണം. നല്ലതിനോട് കൃതജ്ഞത കാണിക്കുകയും വേണം. ഞാന്‍ അതിനെക്കിറിച്ചാലോചിക്കുമ്പോഴൊക്കെ ഞാന്‍ ചിന്താകുഴപ്പത്തിലാകും. പക്ഷേ, ആരോടും ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല.
ഈ അവസ്ഥയുടെ സ്വാഭാവിക ഫലം ക്രമേണ മതത്തിലുള്ള വിശ്വാസത്തിനു തന്നെ ഇളക്കം തട്ടി എന്നതാണ്. അക്കാലത്ത് ഞാന്‍ കോളേജില്‍ പ്രീ മെഡിക്കലിന് പഠിക്കുകയായിരുന്നു. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം സിലബസിലുണ്ടായിരുന്നു. അതെന്നെ വല്ലാതെ സ്വാധീനിച്ചു. ഞാന്‍ തികഞ്ഞ മതനിഷേധിയും നാസ്തികയുമായി മാറി.
അക്കാലത്ത് ഞാന്‍ ഒരു മുസ്ലിം സഹപാഠിയുമായി ഇഷ്ടത്തിലായി. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. മതത്തിനോ ദൈവത്തിനോ എന്റെ ജീവിതത്തില്‍ ഒരു പ്രാധാന്യവുമില്ലാത്തതിനാല്‍ അദ്ദേഹം ഏത് മതക്കാരനാണെന്നതൊന്നും എനിക്ക് പ്രശ്നമായിരുന്നില്ല. ഞാനപ്പോള്‍ ഡാര്‍വിന്റെ അനുയായിയും ഭൗതിക വാദത്തില്‍ ഉറച്ചു നില്‍ക്കുന്നവളുമായിരുന്നു.
ഞാന്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ സഹപാഠിയായ ഡോക്ടര്‍ സിയാഉല്‍ ഹഖ്, താനൊരു മുസ്ലിമിന്റെ ഭാര്യയായിട്ടും നിന്റെ പേരെന്താണ് ഹിന്ദുവിന്റേതെന്ന് ചോദിച്ചുകൊണ്ട് എന്നെ കളിയാക്കി. ‘എന്റെ മനസ്സിന് പൂര്‍ണമായും ബോധ്യപ്പെടാതെ ഞാനെങ്ങനെ ഇസ്ലാം സ്വീകരിക്കും? ഞാനദ്ദേഹത്തോട് തിരിച്ചു ചോദിച്ചു. ഇസ്ലാം എന്നല്ല, ഒരു മതവും അക്കാലത്ത് എനിക്ക് സ്വീകാര്യമായിരുന്നില്ല. അന്നേരം സിയാഉല്‍ ഹഖ് അദ്ദേഹത്തിന്റെ ഉമ്മ ലത്വീഫുന്നിസാഉമായി ബന്ധപ്പെടാന്‍ എന്നെ ഉപദേശിച്ചു. അവര്‍ പണ്ഡിതയും പ്രബോധകയുമായിരുന്നു.
എന്തുകൊണ്ടോ എന്നറിയില്ല, ആ ഉപദേശം സ്വീകരിക്കണമെന്ന് എനിക്ക് തോന്നി. ഞാന്‍ അവരുമായി ബന്ധപ്പെട്ടു. അവരുടെ സ്നേഹവും വാത്സല്യവും എന്നെ അവരിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. അല്ലാഹു ആ മഹതിയെ അനുഗ്രഹിക്കട്ടെ. തെളിവുകളോടും പ്രമാണങ്ങളോടും കൂടി ഒരു മാസത്തിനുള്ളില്‍ എന്റെ മനസ്സില്‍ പടര്‍ന്നിരുന്ന സംശയത്തിന്റെ മാറാലകള്‍ ഒന്നൊന്നായി അവര്‍ വകഞ്ഞ് പുറത്തിട്ടു. ഇസ്ലാമിലെ ഓരോ അധ്യാപനങ്ങളും യുക്തിപൂര്‍വം അവരെന്നെ ബോധ്യപ്പെടുത്തി. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഇസ്ലാം സൃഷ്ടിക്കുന്ന നന്മകളും എന്നെ പരിചയപ്പെടുത്തി. എന്റെ ചോദ്യങ്ങള്‍ക്കും വിമര്ശങ്ങള്ക്കും അവര്‍ വാത്സ്യലത്തോടെ മറുപടി പറഞ്ഞു. അവര്‍ പരിചയസമ്പന്നയായ ഒരു പ്രബോധകയാണെന്ന് പറഞ്ഞല്ലോ. എല്ലാ ആഴ്ചയിലും വിവിധ സ്ഥലങ്ങളില്‍ അവര്‍ മതപഠനക്ളാസുകള് നടത്തിയിരുന്നു. അവിടേക്കെല്ലാം അവര്‍ എന്നെ കൂടെ കൊണ്ടുപോയി.
ലത്വീഫുന്നിസായുടെ സ്വഭാവമഹിമയിലും സ്നേഹത്തിലും ആത്മാര്‍ഥതയോടുകൂടിയ പ്രവര്‍ത്തനത്തിലും ഞാന്‍ വല്ലാതെ സ്വാധീനിക്കപ്പെട്ടു. ഈ സ്വാധീനം എന്നെ ഇസ്ലാമിന്റെ രാജപാതയില്‍ എത്തിക്കുകയും ചെയ്തു. 1973 ഡിസംബറിലാണ് ഞാന്‍ ഇസ്ലാം സ്വീകരിച്ചത്. 1966ലാണ് ഞാന്‍ മുസ്ലിം യുവാവിനെ വിവാഹം ചെയ്തത് എന്നോര്‍ക്കുക.
ദൈവത്തിന് സ്തുതി! ഞാന്‍ മുസ്ലിമായി. പക്ഷേ, ഹൈന്ദവ സമൂഹത്തില്‍ ഈ നടപടി അങ്ങേയറ്റം അപകടകരമായിരുന്നു. അതിനാല്‍ എന്റെ ഇസ്ലാമാശ്ളേഷം ഞാന്‍ പരസ്യമാക്കിയില്ല. സാമൂഹികമായി ബഹിഷ്കരിക്കപ്പെടുകയും അധഃകൃതരെപ്പോലെ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുമെന്നതുകൊണ്ടാണ് ഞാന്‍ അങ്ങനെ ചെയ്യാതിരുന്നത്.
എന്നാല്‍, അല്ലാഹുവിന് നന്ദി! ഞാന്‍ ബോധപൂര്‍വം ഇസ്ലാമുമായി കൂടുതല്‍ അടുക്കുകയും ആരാധനയില്‍ നിഷ്ഠപുലര്‍ത്തുകയും ചെയ്തതോടുകൂടി ഭയം എന്നെ വിട്ടകന്നു. എന്റെ എല്ലാ വിശ്വാസങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ശക്തമായ തെളിവുണ്ട് എന്ന ബോധം എനിക്ക് പുതിയ ആത്മവിശ്വാസം നല്കി. ഖുര്‍ആന്‍ ദൈവത്തിന്റെ സത്യസന്ധമായ ഗ്രന്ഥമാണെന്ന വിശ്വാസം ഉറയ്ക്കുകയും, നൂറുകണക്കിന് ദൈവങ്ങള്‍ക്കു പകരം പങ്കുകാരില്ലാത്ത ഏകദൈവത്തിന്റെ കാരുണ്യത്തിലാണ് ഞാന്‍ അഭയം തേടിയിരിക്കുന്നതെന്ന ചിന്ത ആത്മാവില്‍ പുതിയ ജ്ഞാനദീപ്തിയുണ്ടാക്കുകയും ചെയ്തു. ഏകദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ് ഇസ്ലാം എനിക്ക് നല്കിയ ഏറ്റവും വലിയ സമ്മാനമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോള്‍ എന്റെ നാഥനോട് നേര്‍ക്കുനേരെ ബന്ധം സ്ഥാപിക്കുന്ന ഞാനെത്ര ഭാഗ്യവതിയാണ്! അവനുമായി ബന്ധപ്പെടാന്‍ ഇപ്പോള്‍ എനിക്ക് ഏതെങ്കിലും ബ്രാഹ്മണന്റെയോ പുരോഹിതന്റെയോ ആവശ്യമില്ല.
ഇസ്ലാമില്‍ ആശങ്കകള്‍ക്കും സന്ദേഹങ്ങള്‍ക്കും ഒരടിസ്ഥാനവുമില്ലെന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തുപോകുകയോ യാത്രക്ക് പുറപ്പെടുകയോ ചെയ്യേണ്ടി വന്നാല്‍ ഏതെങ്കിലും പ്രത്യേക ദിനമോ സമയമോ കാത്തിരിക്കേണ്ടതില്ല. ഹൈന്ദവ സമൂഹത്തില്‍ ഓരോ ചുവടിലും അടിസ്ഥാനരഹിതവും പരിഹാസ്യവുമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഇന്ദ്രജാലങ്ങളാണ്. ഇസ്ലാം ഇത്തരം വരിഞ്ഞുകെട്ടലുകളില് നിന്നെല്ലാം പൂര്‍ണമായും സ്വതന്ത്രമാണ്.
ഹിന്ദുമതത്തില്‍ സ്ത്രീകളുടെ അവസ്ഥ പരിതാപകരമാണ്. എന്നാല്‍, ഇസ്ലാമില്‍ സ്ത്രീക്ക് എല്ലാ അര്‍ഥത്തിലും ആദരവും ബഹുമാനവും ലഭിക്കുന്നു. പ്രത്യേകിച്ച് വിധവകളായ സ്ത്രീകളോട് സഹാനുഭൂതിയും ഗുണകാംക്ഷയുമുള്ള നിലപാടാണ് ഇസ്ലാമിന്റേത്. എന്നാല്‍, ഹിന്ദു സമൂഹത്തില്‍ വിധവ കുറ്റവാളികളെ പോലെയാണ് പരിഗണിക്കപ്പെടുന്നത്. പൊതുവായ പരിപാടികളില്‍ നിന്നെല്ലാം അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. വിധവ എല്ലാ അര്‍ഥത്തിലും ദുശ്ശകുനമായിട്ടാണ് ഗണിക്കപ്പെടുന്നത്. ജീവിതകാലം മുഴുവന്‍ അവര്‍ നിന്ദ്യതയും വെറുപ്പും ഏറ്റുവാങ്ങേണ്ടി വരുന്നു.
ഇസ്ലാമിലെ ആരാധനകളുടെ ലാളിത്യവും ഏകവര്‍ണവും എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. വിശുദ്ധ വചനം ഉരുവിടുന്ന എല്ലാവരും സാഹോദര്യത്തിന്റെ ചരടില്‍ കോര്ക്കപ്പെട്ടിരിക്കയാണ്. വര്‍ണ, വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒരേ അണിയില്‍ തോളോടുതോള്‍ ചേര്‍ന്ന് ഒരേ ദിശയിലേക്ക് മുഖം തിരിച്ചുകൊണ്ടുള്ള പ്രാര്‍ഥന അനിര്‍വചനീയമായ ഒരു കാഴ്ചയാണ്. ഇസ്ലാമിന് മുമ്പ് എനിക്കൊരിക്കലും ഈ തുല്യത കൈവരിക്കാനായിരുന്നില്ല. ശരിയാണ്, ഞാനൊരു വിദഗ്ധ ഡോക്ടറാണ്. മെഡിക്കല്‍ സയന്‍സില്‍ ഉന്നതബിരുദവുമുണ്ട്. എന്നാല്‍, ബ്രാഹ്മണയല്ലാത്തതിനാല് സാമൂഹികമായി താഴ്ന്ന പദവിയാണ് എനിക്ക് ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സ്വാധീനത്തില്‍ നിന്ന് ഇപ്പോഴും ഇന്ത്യ മുക്തമല്ലെന്നത് വേദനാജനകമായ ഒരു യാഥാര്‍ഥ്യമാണ്.