മുസ്‌ലിമായതില്‍ ഞാന്‍ അഭിമാനിക്കുന്നു

  • യൂറോപ്പിലെ ബോസ്‌നിയ ഹെര്‍സിഗോവിനയിലെ ഒരു ചെറിയ പട്ടണമാണ് വിസോകോ. വിസോകോ നഗരത്തിന്റെ തെരുവിലൂടെ ഇസ് ലാമിക വസ്ത്ര ധാരണ രീതിയില്‍ നടന്നു പോകുന്ന അംറ ബാബികിനെ കാണുമ്പോള്‍ തെരുവില്‍ ഇരിക്കുന്ന ജനങ്ങള്‍ ബഹുമാന പുരസ്സരം എഴുന്നേറ്റ് നില്‍ക്കും. തങ്ങളുടെ വസ്ത്രങ്ങള്‍ നേരെയാക്കി കൈയ്യിലുള്ള സിഗരറ്റുകള്‍ വലിച്ചെറിഞ്ഞ് ആദരവ് പ്രകടിപ്പിക്കും. അംറ ബാല്‍ക്കണ്‍ പ്രദേശത്തെ ജനങ്ങളുടെ ബഹുമാനാദരവുകള്‍ നേടാന്‍ അവരെ പ്രാപ്തയാക്കിയത് അവരുടെ ഇസ് ലാമിക വസ്ത്രധാരണ രീതി മാത്രമല്ല, വിസോകോ പട്ടണത്തിന്റെ മേയറെന്ന അവരുടെ പദവി കൂടിയാണ്.

യുദ്ധക്കെടുതികള്‍ ഏറെ മുറിവേല്‍പ്പിച്ച പഴയ ബാല്‍ക്കണ്‍ രാജ്യമായ ബോസ്‌നിയയില്‍, ഹിജാബ് ധരിക്കുന്ന ഏക മുസ് ലിം വനിതാ മേയറാണ് സാമ്പത്തിക വിദഗ്ധയായ അംറ ബാബിക്.

അംറ ബാബികിന്റെ മേയറായുള്ള വിജയമാണ് യൂറോപ്പില്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് ഹിജാബ് പാടുണ്ടോ ഇല്ലയോ എന്ന വിവാദ ചര്‍ച്ചക്കും ഏതാനും രാജ്യങ്ങളില്‍ ഹിജാബ് നിരോധത്തിനും കാരണമായതെന്ന് പലര്‍ക്കുമറിയില്ല.
എന്നാല്‍, ബാബിക്കിനെ സംബന്ധിച്ചിടത്തോളം, വിവാദങ്ങളില്‍ തളരാതെ മുസ് ലിം പാരമ്പര്യ വേഷങ്ങളില്‍ തുടരാനാണ് തീരുമാനം. മുസ് ലിം പാരമ്പര്യം പാശ്ചാത്യ ജനാധിപത്യ മൂല്യങ്ങളുമായി സമരസപ്പെടുന്നതാണെന്നായിരുന്നു അവരുടെ നിലപാട്.
‘ഹിജാബണിഞ്ഞ എന്റെ വിജയം സഹിഷ്ണുതയുടെ വിജയമാണ്. വിസോകോയില്‍ നിന്നുള്ള സന്ദേശം, സഹിഷ്ണുതയുടെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ്.’
‘ഞാന്‍ ഒരേ സമയം പാശ്ചാത്യനും പൗരസ്ത്യനുമാണ്. മുസ് ലിമായതില്‍ ഞാന്‍ അഭിമാനിക്കുന്നു, ഒരു യൂറോപ്യനായതിലും. മതവും സംസ്‌കാരവും ഇഴചേര്‍ന്നു നില്‍ക്കുന്ന ഒരു രാജ്യത്ത് നിന്നാണ് ഞാന്‍ വരുന്നത്. അതെല്ലാമാണ് എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും.’
ബോസ്‌നിയ നൂറ്റാണ്ടുകളോളം മത സാംസ്‌കാരിക സമന്വയത്തിന്റെ ഈറ്റില്ലമായിരുന്നു. മുസ് ലിംകളും കത്തോലിക്കരായ സെര്‍ബുകളും റോമന്‍ കത്തോലിക്കരായ കോട്ടുകളും ഉള്‍പ്പെട്ട ഒരു ബഹുസ്വര സമൂഹം. ഇവര്‍ക്കിടയില്‍ പലപ്പോഴും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമുണ്ടായിട്ടുണ്ട്. എങ്കില്‍ തന്നെയും നൂറ്റാണ്ടുകളോളം ഈ ജനത സൗഹൃദത്തില്‍ ജീവിച്ചവരാണ്. 1990 ലാണ് ബോസ്‌നിയയില്‍ വംശവെറി ആളിപ്പടര്‍ന്നത്. കമ്യൂണിസ്റ്റ് ഭരണകൂടമായ യുഗോസ്ലോവിയയാണ് ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന്റെ വിത്തുപാകിയത്. ഫലം, ബോസ്‌നിയന്‍ മുസ് ലിംകള്‍ സെര്‍ബുകളുടെ കൂട്ടക്കശാപ്പിനിരയായി എന്നതായിരുന്നു.
ഒരു സാമ്പത്തിക വിദഗ്ധ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും ബോസ്‌നിയയുടെ സാമ്പത്തികസാമൂഹിക വളര്‍ച്ചയില്‍ ബാബികിനും വലിയ പങ്കുണ്ട്. മേയറാകുന്നതിന് മുമ്പ് പ്രദേശത്തെ സാമ്പത്തിക മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് അംറ ബാബിക്. 45000 ജനസംഖ്യയുള്ള  ഈ മുസ് ലിംഭൂരിപക്ഷ നഗരത്തിന്റെ ഭരണം തന്റെ കൈയ്യില്‍ ഭദ്രമാണെന്ന് ബാബിക് ഉറച്ച് പറയുന്നു.
199295 കാലത്തെ യുദ്ധം ഉണ്ടാക്കിയ കെടുതികളില്‍ നിന്ന് മുക്തമാകാന്‍ ബോസ്‌നിയക്ക് ഇനിയുമായിട്ടില്ല. നഗരത്തിന്റെ പ്രാഥമിക സൗകര്യങ്ങളുടെ വികസനത്തിനാണ് ബാബിക് പ്രഥമ പരിഗണന നല്‍കുന്നത്. 25% തൊഴിലില്ലായ്മ അനുഭവപ്പെടുന്ന നഗരത്തില്‍, യുവാക്കള്‍ക്ക് ചെറിയ ചെറിയ ബിസിനസുകള്‍ തുടങ്ങാന്‍ ആവശ്യമായ പദ്ധതികളും അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.
‘ബാബിക്കിനെ പോലൊരു സ്ത്രീയെ മേയറായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ പ്രദേശത്തെ ബിസിനസ്സുകാരനായ മുറിസ് കാരാവ്ദിക് പറയുന്നു. ‘അവര്‍ തല മറയ്ക്കുന്നതോ മറക്കാത്തതോ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല, അവര്‍ സാമ്പത്തികം കൈകാര്യം ചെയ്യാനറിയുന്ന ചുണയുള്ള യുവതിയാണ്’.
ഭര്‍ത്താവ് സെര്‍ബുകളുമായുള്ള യുദ്ധത്തില്‍ മരണപ്പെട്ടതിന് ശേഷമാണ് ബാബിക് ഹിജാബണിയാന്‍ തീരുമാനിച്ചത്. വ്യക്തിപരമായ അവകാശമായാണ് അവരതിനെ കാണുന്നത്. മതബോധവും കഠിനാദ്ധ്വാന ശീലവുമാണ് ഭര്‍ത്താവിന്റെ വേര്‍പാടിലും മൂന്ന് ആണ്‍ക്കുട്ടികളുടെ മാതാവായ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രചോദനമേകുന്നത്.
ടൗണില്‍ അങ്ങിങ്ങായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ കാണാം. അവയില്‍ പലതും കീറിയും വൃത്തികേടായ അവസ്ഥയിലുമാണ്. എന്നാല്‍ ബാബികിന്റെ പോസ്റ്ററുകള്‍ ഇപ്പോഴും വൃത്തിയോടു കൂടി ചുമരുകളില്‍ കാണാം. അവര്‍ ജനമനസ്സുകളിലും മായാതെ നില്‍ക്കുന്നു..

 

Related Post