നന്മ കാണുന്ന കണ്ണുകള്‍

അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം. റസൂല്‍ (സ)പറഞ്ഞു: ഊഹത്തെ നിങ്ങള്‍ കരുതിയിരിക്കുക. ഊഹം സംസാരത്തിലെ ഏറ്റവും വലിയ കള്ളമാണ്. നിങ്ങള്‍ മറഞ്ഞ കാര്യങ്ങളും സ്ഥിതിഗതികളും തേടി നടക്കരുത്. ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം മത്സരിക്കരുത്. അസൂയ വെച്ചുപുലര്‍ത്തരുത്, ദേഷ്യപ്പെടരുത്. പരസ്പരം പുറംതിരിഞ്ഞു പിണങ്ങി നില്‍ക്കരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സഹോദരങ്ങളായി വര്‍ത്തിക്കുക.(മുസ് ലിം)


261081_

എല്ലാറ്റിലും നന്മ ദര്‍ശിക്കുന്ന സ്വഭാവം ആര്‍ജിക്കണം.
മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി സായൂജ്യമടയുന്ന സ്വഭാവം വിശ്വാസിക്ക് അനുഗുണമല്ല. സ്വന്തം കുറ്റങ്ങള്‍ കാണാനും അവ തിരുത്താനുമാണ് വിശ്വാസി പരിശ്രമിക്കേണ്ടത്.

അസൂയ. ഊഹം, കുറ്റങ്ങള്‍ പരതി നടക്കല്‍, പരസ്പരം മത്സരം, മൗനം തുടങ്ങിയ ദുഃസ്വഭാവങ്ങളില്‍ നിന്ന് മുക്തി നേടി സഹോദരന്മാരായി ജീവിക്കാന്‍ ആവശ്യമായ ധാര്‍മികോപദേശമാണ് ഈ ഹദീസില്‍ അടങ്ങിയിട്ടുള്ളത്.

 

വ്യക്തികളെന്ന നിലയില്‍ ഓരോരുത്തര്‍ക്കും വീഴ്ചകളുണ്ടാവും. തെറ്റും കുറ്റവും കാണും. വൈകല്യമില്ലാത്ത ആരും മനുഷ്യരിലില്ല. അതുകൊണ്ടുതന്നെ ന്യൂനതകളും പിഴവുകളും പരതി നടക്കുന്നതിന് പകരം നന്മകള്‍ കണ്ടെത്തി അവ വളര്‍ത്തി വികസിപ്പിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. എല്ലാറ്റിലും നന്മ ദര്‍ശിക്കുന്ന സ്വഭാവം ആര്‍ജിക്കണം.
മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി സായൂജ്യമടയുന്ന സ്വഭാവം വിശ്വാസിക്ക് അനുഗുണമല്ല. സ്വന്തം കുറ്റങ്ങള്‍ കാണാനും അവ തിരുത്താനുമാണ് വിശ്വാസി പരിശ്രമിക്കേണ്ടത്.
വ്യക്തികളെ സംബന്ധിച്ച് സദ് വിചാരമാണ് വിശ്വാസികള്‍ വെച്ചുപുലര്‍ത്തേണ്ടത്. ഈമാന്‍ ഉള്‍ക്കൊണ്ട ഒരാളെക്കുറിച്ചും മോശമായ ഒരു ചിന്തയും മനസ്സിലുണ്ടാവരുത്. മാത്രമല്ല, ഇങ്ങനെ പ്രാര്‍ഥിക്കുകയും വേണം:രക്ഷിതാവേ, വിശ്വാസികളെക്കുറിച്ച് ഞങ്ങളുടെ മനസ്സില്‍ മോശമായ ഒരു ചിന്തയും നീ ഉണ്ടാക്കരുതേ (ഖുര്‍ആന്‍).
ഒരിക്കല്‍ രണ്ടാളുകള്‍ തോട്ടത്തിലൂടെ നടന്ന പോകുകയായിരുന്നു. ഒരാള്‍ റോസാചെടിയെ നോക്കിപറഞ്ഞു: നോക്കൂ, ഈ ചെടികളില്‍ നിറയെ മുള്ളുകളാണ്. ഒന്നിനും കൊള്ളില്ല. അപ്പോള്‍ മറ്റേയാള്‍ പറഞ്ഞു: ‘മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും എത്ര മനോഹരമാണ് ഈ പുഷ്പങ്ങള്‍ !’ ഇങ്ങനെ കുറ്റങ്ങള്‍ മാത്രം കണ്ടുപിടിക്കുന്ന കണ്ണുകള്‍ സമൂഹത്തില്‍ ധാരാളം കാണാന്‍ കഴിയും.
മദ്യപനായ ഒരാളുണ്ടായിരുന്നു. കുടി നിര്‍ത്താന്‍ നബി(സ) അയാളെ ഉപദേശിച്ചു. ഫലം കണ്ടില്ല. ഒരു ദിവസം മൂക്കറ്റം കുടിച്ച് അയാള്‍ തിരുമേനിയുടെ സദസ്സില്‍ വന്നു. മദ്യത്തിന്റെ ദുര്‍ഗന്ധം എല്ലാവരെയും കുപിതരാക്കി. കൂട്ടത്തില്‍ ഒരാള്‍ വേണ്ടാത്ത ഒരു വാക്ക് വിളിച്ചുപറഞ്ഞു. ഇത് കേട്ടപ്പോള്‍ നബി(സ)ക്ക് കോപം വന്നു. അവിടുന്ന് അയാളെ ശാസിച്ചു: ‘അങ്ങനെ പറയരുത്. ഒരു തിന്മക്ക് പകരം വേറെ അനേകം നന്മകള്‍ അയാള്‍ക്കുണ്ട്. അത് കാണാതിരിക്കരുത്.’ മദ്യപനിലെ നല്ല മനുഷ്യനെ കണ്ടെത്തുകയാണിവിടെ പ്രവാചകന്‍. കുറ്റവാളികള്‍ തെറ്റ് തിരുത്തി നന്മയിലൂടെ മുന്നേറാന്‍ ഇത്തരം സമീപനങ്ങള്‍ സഹായിക്കും.
തന്നിലും സമൂഹത്തിലും നന്മയും ക്ഷേമവും വിളയാടണമെങ്കില്‍ നന്മ കാണുന്ന കണ്ണുകള്‍ വേണം. പ്രവാചകന്‍ (സ) തന്റെ അനുചരന്മാരുടെ നന്മകള്‍ കണ്ടെത്തി അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. ദോഷൈകദൃക്കുകളെ നബി(സ) കുറ്റപ്പെടുത്തിയിട്ടുണ്ട്. സ്വന്തം തെറ്റുകള്‍ മറച്ചുവെക്കാനും അത് കണ്ടില്ലെന്ന് നടിക്കാനും വിശ്വാസികള്‍ ശ്രമിക്കരുത്. സ്വന്തം രോഗത്തെ തിരിച്ചറിയാതെ മറ്റുള്ളവരുടെ രോഗത്തെ എടുത്തുകാണിക്കുന്നത് ശരിയായ രീതിയല്ല.
നബി(സ) പറഞ്ഞു: മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പരതി സമയം കളയാതെ തന്റെ കുറ്റങ്ങളും വീഴ്ചകളും കണ്ടെത്തി തിരുത്തുന്നവര്‍ക്കാണ് സര്‍വ മംഗളങ്ങളും.

Related Post