മഴവര്‍ഷിക്കല്‍: ഖുര്‍ആനും ശാസ്ത്രവും തമ്മില്‍ വൈരുധ്യമോ ?

ചോദ്യോത്തരം
എഴുതിയത് : ശൈഖ് യൂസുഫുല്‍ ഖറദാവി

gwe63997

സമുദ്രജലത്തില്‍നിന്നുയരുന്ന നീരാവിയാണ് മഴയായി വര്‍ഷിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു.

സമുദ്രജലത്തില്‍നിന്നുയരുന്ന നീരാവിയാണ് മഴയായി വര്‍ഷിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. മഴ ആകാശത്തുനിന്ന് വര്‍ഷിക്കുന്നു എന്നു ഖുര്‍ആനും. ഇത് പരസ്പരവിരുദ്ധമല്ലേ ?

………………………………………………………..
ഇതില്‍ ഒരു പൊരുത്തക്കേടുമില്ല. ‘അവന്‍ ആകാശത്തുനിന്ന് മഴയിറക്കി’നാം ആകാശത്തുനിന്ന് മഴയിറക്കി’ എന്നെല്ലാം ഖുര്‍ആനിലുണ്ട്. മഴ ആകാശത്തിന്റെ ദിശയില്‍നിന്ന് വരുന്നതുകൊണ്ടാണിങ്ങനെ പറഞ്ഞതെന്ന് പൗരാണികരും ആധുനികരുമായ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മുകള്‍ഭാഗം എന്നാണ് ‘അസ്സമാഅ്’ എന്ന പദത്തിന് അവര്‍ നല്‍കുന്ന വ്യാഖ്യാനം. വിദൂരസ്ഥമായ ആകാശലോകങ്ങള്‍ മാത്രം കുറിക്കുന്ന പദമല്ല അത്. അതായത് നമുക്ക് മുകളിലുള്ളതെല്ലാം ആകാശമാണ്. ചിലപ്പോള്‍ വീടിന്റെ മേല്‍ത്തട്ടിനുപോലും ‘സമാഅ്’ എന്ന പദം ഉപയോഗിക്കും. നമ്മുടെ മേല്‍ നിഴല്‍ വീഴ്ത്തുന്നതെല്ലാം സമാഅ് എന്ന പദത്തിന്റെ വിവക്ഷയില്‍ പെടുന്നു. ‘മുഹമ്മദിനെ ഇഹലോകത്തും പരലോകത്തും അല്ലാഹു സഹായിക്കുകയില്ലെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ ഒരു കയര്‍ വഴി ‘സമാഅ്’ ലേക്ക് കയറിക്കൊള്ളട്ടെ’ എന്ന് ഖുര്‍ആനില്‍ കാണാം.ഇവിടെ ‘സമാഇ’ന്നര്‍ഥം  വീടിന്റെ മേല്‍ത്തട്ട് എന്നാണ്. എന്നാല്‍ ‘മിനസ്സമാഅ്’ (ആകാശത്തുനിന്ന്) എന്ന് അല്ലാഹു പ്രയോഗിച്ചിടത്തെല്ലാം  ഇതിന്നര്‍ഥം  ‘ഉപരിഭാഗത്തുനിന്ന് ‘ എന്നാകുന്നു. ഇതു ശരിയുമാണ്. മേഘങ്ങളില്‍ നിന്നാണ് മഴ വര്‍ഷിക്കുന്നത്. സമുദ്രത്തില്‍ നിന്ന് നീരാവി നിറഞ്ഞ മേഘങ്ങളെ അല്ലാഹു തെളിച്ചുകൊണ്ടുപോകുകയും അവ ജലകണങ്ങളായി വര്‍ഷിക്കുകയും ചെയ്യുന്നു. ഭൂഗോളത്തിന്റെ ഏതാണ്ടു നാലില്‍ മൂന്നുഭാഗവും സമുദ്രമാണെന്ന് ചോദ്യകര്‍ത്താവിന് അറിയാമല്ലോ. നാം ജീവിക്കുന്ന ഭൂമിയുടെ 71 ശതമാനവും ജലമാണെന്നര്‍ഥം. ശക്തമായ സൂര്യതാപമേറ്റ് അത് നീരാവിയായി മാറുന്നു. നാം പതിവായി കാണുന്നതാണീ പ്രക്രിയ. അടുപ്പിന്‍മേല്‍ തിളക്കുന്ന ജലത്തില്‍! സമുദ്രത്തിലും ഇതു തന്നെ സംഭവിക്കുന്നു. കടലിന്റെ പ്രവിശാലമായ പ്രതലത്തില്‍ നിന്നുണ്ടാകുന്ന നീരാവി മുകളിലേക്കുകയരുന്നു. തണുത്ത അന്തരീക്ഷവുമായോ പര്‍വതശിഖരങ്ങളുമായോ ഉള്ള ബന്ധം  അതിനെ ജലകണങ്ങളാക്കി താഴേക്കയക്കുന്നു. അത് തോടുകളും അരുവികളും  നദികളുമായി ഒഴുകുന്നു. അപ്പോള്‍ മഴയുടെ യഥാര്‍ഥ ഉറവിടം ഭൂമിയാണ്. നദികളും അരുവികളുമായി ഒഴുകുന്ന ജലത്തിന്റെ സ്രോതസ്സ് ഭൂമിയാണ്. ഭൂമി  സൃഷ്ടിച്ച അല്ലാഹു അതിന്നാവശ്യമായ അളവില്‍ ജലവും അതില്‍തന്നെ സൃഷ്ടിച്ചു. ‘അവന്‍ ഭൂമിയെ  വിശാലമാക്കുകയുംഅതില്‍നിന്ന് അതിന്റെ ജലവും മേച്ചില്‍പുറങ്ങളും ഉണ്ടാക്കുകയും ചെയ്തു’ എന്ന് ‘അന്നാസിആത്ത്’ എന്ന അധ്യായത്തില്‍ കാണാം.

‘അതില്‍നിന്ന് അതിന്റെ ജലത്തെ ഉണ്ടാക്കി.’എന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? വെള്ളത്തിന്റെ വലിയൊരു പങ്ക് ആകാശത്തുനിന്നാണ് വരുന്നതെങ്കിലും അത് ഭൂമിയുടെ പുറത്തുനിന്നല്ല എന്നല്ലേ? ആകാശത്തുനിന്നിറങ്ങുന്ന ജലത്തിന്റെ ഉറവിടം ഭൂമിയായതുകൊണ്ടാണ് അല്ലാഹു അങ്ങനെ പറഞ്ഞത്.
ഇക്കാര്യം മുസ് ലിംകളും  അറബികളും മുമ്പേ മനസ്സിലാക്കിയിട്ടുള്ളതാണ്. മേഘത്തെ വര്‍ണിച്ചുകൊണ്ട്  ഒരു പുരാതന കവി പാടിയതുനോക്കൂ: ‘മേഘങ്ങളില്‍നിന്ന് മഴ വര്‍ഷിക്കുന്ന സമുദ്രം പോലെ ! മേഘത്തിന് സമുദ്രത്തെക്കാള്‍ ഒരു ശ്രേഷ്ഠതയുമില്ല. കാരണം മേഘം വഹിക്കുന്ന ജലം സമുദ്രത്തിന്റെതുതന്നെ.’ പൗരാണികജനങ്ങള്‍ പോലും ഇക്കാര്യം മനസ്സിലാക്കുകയും തുറന്നുപറയുകയും ചെയ്തിരിക്കെ ശാസ്ത്ര-വൈജ്ഞാനികയുഗത്തില്‍ ജീവിക്കുന്ന നാം അതെങ്ങനെ നിരസിക്കും.
തന്റെ ഇച്ഛയും ആസൂത്രണവുമനുസരിച്ച് അല്ലാഹു സൃഷ്ടിക്കുന്ന ഒരു വസ്തുവിന്റെ കാര്യത്തില്‍ ‘അല്ലാഹു അത് ഇറക്കി’ എന്ന അര്‍ഥം വരുന്ന ‘ അന്‍സലല്ലാഹു’ എന്ന പ്രയോഗം സാധുവാണ്. ഖുര്‍ആനില്‍ ഇങ്ങനെ പ്രയോഗിച്ചിട്ടുണ്ട്: ‘കന്നുകാലികളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് എട്ടുതരം ഇണകളെ ഇറക്കിത്തന്നു. അതില്‍ വമ്പിച്ച ശക്തിയും ജനങ്ങള്‍ക്ക് പ്രയോജനവുമുണ്ട്.’ എന്ന് ‘അസ്സുമര്‍’ അധ്യായത്തിലും  ‘നാം നിങ്ങള്‍ക്ക് ഇരുമ്പ് ഇറക്കിത്തന്നു’ എന്ന് ‘ അല്‍ ഹദീദ്’  അധ്യായത്തിലും പറഞ്ഞതു കാണാം . അല്ലാഹു ഇരുമ്പ് ‘ഇറക്കുകയുണ്ടായോ’? നാമതു ഭൂമിക്കടിയില്‍നിന്ന് ഖനനം ചെയ്‌തെടുക്കുകയല്ലേ ചെയ്യുന്നത്? അപ്പോള്‍ ഇവിടെ ‘ഇറക്കുക’ എന്നതിന്റെ അര്‍ഥം  അല്ലാഹു തന്റെ രീതിയും ആസൂത്രണവും പ്രകാരം അവയെ സൃഷ്ടിച്ചു എന്നുമാത്രമാണ്.
ചുരുക്കത്തില്‍, ഈ വിഷയത്തില്‍ മതവും ശാസ്ത്രവും തമ്മില്‍ പൊരുത്തക്കേട് ഒന്നും തന്നെയില്ല. ഖേദകരമെന്നുപറയട്ടെ, മതപണ്ഡിതന്‍മാരെന്നവകാശപ്പെടുന്ന എന്റെ കൂട്ടുകാരില്‍ ചിലര്‍ ഈ ശാസ്ത്രസിദ്ധാന്തത്തെ നിരാകരിക്കുന്നു. അവരുടെ അഭിപ്രായത്തില്‍ മഴ മേഘത്തില്‍ നിന്ന് വര്‍ഷിക്കുന്നതല്ല! മേഘം ഒരു അരിപ്പ മാത്രമാണ്. മഴ ആകാശത്തുനിന്നാണ് വരുന്നത്. ഇതൊട്ടും ശരിയല്ല. ഇക്കാര്യത്തില്‍ ശാസ്ത്രസത്യത്തെ എതിര്‍ക്കുന്നതോ ഖുര്‍ആന്‍ ശാസ്ത്രത്തിന് വിരുദ്ധമാണെന്ന് പറയുന്നതോ അത്രയും ശരിയല്ല. ഖുര്‍ആന്‍ ഈ വിഷയം സ്പഷ്ടമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ‘അതില്‍നിന്ന് അതിന്റെജലത്തെയും അതിന്റെ മേച്ചില്‍പുറങ്ങളെയും ഞാനുണ്ടാക്കി’എന്ന സൂക്തം തന്നെ ധാരാളം മതി.

 

Related Post