വെറുതെയല്ല മാതാവ്

الأمഒരിക്കല്‍ ഒരാള്‍ പ്രവാചകനെ സമീപിച്ച് അദ്ദേഹത്തിന്റെ മുന്നില്‍ ഒരു സംശയമുന്നയിച്ചു:
‘തിരുമേനി, ഞാന്‍ ഏറ്റവും ആത്മാര്‍ത്ഥമായ സ്‌നേഹവും അങ്ങേയറ്റം മാന്യമായ പെരുമാറ്റവും ആരോടാണ് പ്രകടിപ്പിക്കേണ്ടത്?’
പ്രവാചകന്‍ പ്രതിവചിച്ചു:
‘നിങ്ങളുടെ മാതാവിനോട്’
ചോദ്യകര്‍ത്താവ് വീണ്ടും:
‘പിന്നെയാരോടാണ്?’
പ്രവാചകന്‍: ‘നിങ്ങളുടെ മാതാവിനോട്’
ചോദ്യകര്‍ത്താവ് വീണ്ടും ചോദിച്ചു:
‘പിന്നെയാരോടാണ്?’
പ്രവാചകന്‍: ‘നിങ്ങളുടെ മാതാവിനോട്.’നാലാമതും ചോദ്യകര്‍ത്താവ് അതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:

 
‘പിന്നെ, നിങ്ങളുടെ പിതാവിനോട്’. പ്രവാചകന്‍ പല സന്ദര്‍ഭങ്ങളിലായി സ്ത്രീയെ ഇങ്ങനെ ഔല്‍കൃഷ്ട്യത്തിന്റെ ഔന്നത്യത്തില്‍ അവരോധിച്ചിട്ടുണ്ട്. സ്ത്രീ പുരുഷന്റെ നല്ല പകുതിയാണെന്നും പ്രവാചകന്‍ ഓര്‍മ്മിപ്പിച്ചിരുന്നു. മറ്റൊരിക്കല്‍ അദ്ദേഹം പറഞ്ഞു:
‘ലോകവും അതിലെ വസ്തുക്കളെല്ലാം തന്നെയും ശ്രേഷ്ഠങ്ങളാണ്. എന്നാല്‍ ഈ ലോകത്തിലെ അത്യന്തം അമൂല്യം എന്ന് വിശേഷിപ്പിക്കേണ്ടത് സ്ത്രീയെയാണ്.’
‘അഞ്ചുനേരം നമസ്‌കാരക്രിയ നടത്തുകയും റമദാന്‍ മാസം വ്രതമാചരിക്കുകയും ധര്‍മ്മിഷ്ഠയായിരിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്യുന്ന സ്ത്രീയോട് പറയുക: അവര്‍ക്ക് അവരിഷ്ടപ്പെടുന്ന ഏത് വാതിലിലൂടെയും സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കാം.’
‘ഹേ, മനുഷ്യാ സ്ത്രീ മാതാവാണ്, കുടുംബിനിയാണ്, പുത്രിയാണ്, സമസ്തവുമാണ്. നീയവരെ നന്നായി പരിരക്ഷിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.’
സ്ത്രീക്ക് ആത്മാവില്ലെന്ന് കരുതുകയും പെറ്റുവീണത് പെണ്ണാണെന്നറിഞ്ഞാല്‍ കുഴിച്ചുമൂടുകയും ചെയ്തുപോന്ന ഒരു സമൂഹത്തിന്റെ മുന്നിലാണ് പ്രവാചകന്‍ ദിവ്യസൂക്തങ്ങള്‍ പ്രകാശിതങ്ങളാകുന്നത് എന്നോര്‍ക്കുമ്പോള്‍ അതിന്റെ വിപ്ലവപരത വിസ്മയം ജനിപ്പിക്കുന്നു.

Related Post