1. ഹിജ്റ ഒരു അധ്യായത്തില്‍ പരിമിതപ്പെടുത്താന്‍ കഴിയാത്ത ചരിത്ര സംഭവം
ബദര്‍ യുദ്ധത്തെ തുടര്‍ന്നാണ് അല്‍ അന്‍ഫാല്‍ അധ്യായം അവതീര്‍ണമായത്. ആലു ഇംറാന്റെ അവസാന ഭാഗം ഉഹ്ദ് യുദ്ധത്തെ തുടര്‍ന്നും. ഖന്ദഖ് യുദ്ധം കഴിഞ്ഞ പശ്ചാതലത്തിലാണ് സൂറതുല്‍ അഹ്സാബ് അവതീര്‍ണമായത്. ഇത്തരത്തില്‍ ഹിജ്റയെ തുടര്‍ന്ന് ഒരു അധ്യായം വിശുദ്ധ ഖുര്‍ആനില്‍ എന്തുകൊണ്ട് അവതീര്ണമായില്ല എന്നത് പ്രസക്തമാണ്. ഹിജ്റ എന്നത് ഏതെങ്കിലും ഒരു അധ്യായത്തില്‍ പരിമിതപ്പെടുത്താന്‍ കഴിയാത്തത്ര വിശാലമായ ചരിത്ര സംഭവമാണ്. വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന ഗുണപാഠാര്ഹമായ വിഷയമാണിത്. വ്യത്യസ്ത സാഹചര്യങ്ങളില്‍ വിവിധങ്ങളായ ഉല്‍ബോധനങ്ങളാണ് ഹിജ്റയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. മറ്റൊരു വീക്ഷണത്തില്‍ യുദ്ദങ്ങള്‍ പരിമിതമായ ദിനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. എന്നാല്‍ മുഹാജിറുകള്‍ കൂട്ടം കൂട്ടമായി വര്‍ഷങ്ങളോളം ഹിജ്റ പോയിട്ടുണ്ട്. അതിനാല്‍ തന്നെ ആവശ്യമായ സന്ദര്‍ഭത്തില്‍ വിവിധ ഇടങ്ങളിലായി അനിവാര്യമായ ഉല്ബോധനങ്ങള് ഹിജ്റയില്‍ നല്ക അനിവാര്യമായിരുന്നു. ഇത്തരത്തില്‍ ഹിജ്റയെ കുറിച്ച പ്രതിപാദനങ്ങള്‍ അല്‍ബഖറ, ആലുഇംറാന്, അന്നിസാഅ്, അല്‍അന്‍ഫാല്‍, അത്തൗബ, അന്നഹല്, അല്‍ ഹജ്ജ്, അല്‍ മുംമ്തഹിന, അത്തഗാബുന്‍, അല്‍ ഹശര് തുടങ്ങിയ അധ്യായങ്ങളിലെല്ലാം വന്നിട്ടുണ്ട്.
2. ഹിജ്റയിലെ വിശ്വാസ ദാര്‍ഢ്യം
ഒരു ഉദ്യോഗസ്ഥന് ജോലി സ്ഥലത്ത് നിന്ന് സമീപ പ്രദേശത്തേക്കുള്ള മാറ്റമല്ല ഹിജ്റ. ഊഷര ഭൂമിയില്‍ നിന്നും ഊര്‍വരത തേടിയുള്ള വിദ്യാര്‍ഥിയുടെ സഞ്ചാരവുമല്ല. മറിച്ച് ഊരും പേരും കുടുംബ ബന്ധവും സ്വദേശവുമെല്ലാം തൃണവല്‍ഗണിച്ചുകൊണ്ടുള്ള പ്രയാണമാണ്, യാത്രയില്‍ കൊല്ലപ്പെടാനും കവര്ച്ചചെയ്യപ്പെടാനും സാധ്യതയുണ്ട്. തീര്‍ത്തും അവ്യക്തവും ഇരുളടഞ്ഞതുമായ ഒരു ഭാവി മുന്നില്‍ കണ്ടുകൊണ്ടാണ് നിര്‍ഭയാവസ്ഥയില്‍ നിന്ന് എല്ലാം ത്യജിച്ചുകൊണ്ട് ദൈവിക മാര്‍ഗത്തില്‍ പുറപ്പെടുന്നത്. ഇത്തരത്തില്‍ ദൈവിക മാര്‍ഗത്തില്‍ ഇറങ്ങിപ്പുറപ്പെടാന്‍ വിശ്വാസ ദാര്‍ഢ്യവും ദൈവബോധവുമുള്ളവര്ക്കു മാത്രമേ സാധിക്കുകയുള്ളൂ.
3.അദൃശ്യത്തിലുള്ള വിശ്വാസവും ഭാവിയെ കുറിച്ച പ്രതീക്ഷയും
പരലോക വിശ്വാസമുള്ളവര്‍ക്കു മാത്രമേ ഭാവിയെ കുറിച്ച് ശുഭപ്രതീക്ഷയുമായി ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ഉത്തമ നൂറ്റാണ്ടിലെ മുഹാജിറുകള്‍ക്ക് ഭാവിയെ കുറിച്ച് വിശ്വാസദൗര്ബല്യത്തില് നിന്നും ഉടലെടുക്കുന്ന നിരാശാ ബോധമോ വൈമനസ്യമോ ഒന്നും ഉണ്ടായിരുന്നില്ല. മറിച്ച് ദൈവിക മാര്‍ഗത്തില്‍ സര്‍വസ്വം സമര്‍പ്പിക്കാന്‍ സന്നദ്ധമാകുന്ന ഈമാന്റെ കരുത്ത് അവര്‍ നേടിയെടുത്തിരുന്നു.
ഇസ്ലാമിന്റെ പതാക വാനിലുയരുമെന്നും അസത്യത്തിന്റെ കുമിളകള്‍ തകര്‍ന്നു തരിപ്പണമാകുമെന്നും അല്ലാഹു വിശ്വാസികള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു .’ഏതായാലുംശരി, നാമവരെ ശിക്ഷിക്കുക തന്നെ ചെയ്യും. ഒരുവേള നിന്നെ നാം ഇഹലോകത്തുനിന്ന് കൊണ്ടുപോയിക്കഴിഞ്ഞ ശേഷമാവാം; അല്ലെങ്കില്‍ നാമവര്‍ക്ക് വാഗ്ദാനം ചെയ്ത ശിക്ഷ നിനക്കു നാം കാണിച്ചുതന്നേക്കാം. തീര്‍ച്ചയായും അവരെ ശിക്ഷിക്കാന്‍ നാം തികച്ചും കഴിവുറ്റവന്‍ തന്നെ. അതിനാല്‍ നിനക്ക് നാം ബോധനം നല്‍കിയത് മുറുകെപ്പിടിക്കുക. ഉറപ്പായും നീ നേര്‍വഴിയിലാണ്.'(അസ്സുഖ്റുഫ് 41-44). സത്യവിശ്വാസികളുടെ സ്വപ്നങ്ങള്‍ ഭാവിയെക്കുറിച്ച പ്രതീക്ഷയും പരലോകത്ത് നാഥനെ കണ്ടുമുട്ടാനുള്ള ഉള്‍ക്കടമായ ആഗ്രഹവും നിറഞ്ഞതാണ്. സത്യവിശ്വാസിക്ക് തന്റെ പ്രവര്‍ത്തനങ്ങളുടെയും ജിഹാദിന്റെയും ഹിജ്റയുടെയും ഫലം ഐഹിക ജീവിതത്തില്‍ തന്നെ അനുഭവഭേദ്യമായിക്കൊള്ളണമെന്നില്ല, ചിലപ്പോള്‍ അതിന്റെ സല്ഫലങ്ങള് മരണാനന്തരമായിരിക്കും പ്രകടമാകുക. ഈ വിശ്വാസദാര്‍ഢ്യമാണ് ഹിജ്റക്കുള്ള വിളി വന്നപ്പോള്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വിളിക്കുത്തരം നല്കാന് വിശ്വാസികള്‍ക്ക് പ്രേരണയായത്.
4. യാത്രയല്ല; ചിന്താപദ്ധതിയാണ്
യാത്ര എന്ന നിലയില്‍ ഹിജ്റക്ക് ഒരു മഹത്വവുമില്ല. കാരണം ആധുനികവും പൗരാണികവുമായ കാലങ്ങളിലെല്ലാം നിരവധിപേര്‍ മക്കയിലേക്കും മദീനയിലേക്കും യാത്രപോയിട്ടുണ്ട്. ഒരേ പ്രവൃത്തി തന്നെ ബാഹ്യമായ രീതിയില്‍ ഗൗരവതരമായതും ഉല്ലാസത്തിനു വേണ്ടിയുമുള്ളതാകാം. പക്ഷെ അതിനുള്ള പ്രേരകവും താല്പര്യവുമാണ് പ്രധാനം. മല്‍സ്യബന്ധനം ചിലര്‍ ആസ്വാദനത്തിന് വേണ്ടിയും മറ്റു ചിലര്‍ ജീവിതായോധനത്തിനും വേണ്ടി നടത്തുന്നതു പോലെയാണിത്. അത്തരത്തില്‍ തന്നെയാണ് യാത്രയും. വിശ്വാസിയുടെ ഹൃദയസാന്നിദ്ധ്യമുള്ള പ്രയാണമായിരുന്നു ഹിജ്റ. സമര്‍പ്പണ സന്നദ്ധത, ഉന്നതമായ ആത്മവിശ്വാസം എന്നിവയായിരുന്നു അതിനുള്ള ഇന്ധനം. ദീനിന്റെ സംസ്ഥാപനത്തിനും ശരീഅത്തിന്റെ പ്രായോഗികതക്കും വേണ്ടിയുള്ള മണ്ണിനായുള്ള അന്വേഷണ യാത്രയായിരുന്നു അത്.
5. നിര്‍ഭയത്വമായ ഒരു സാമൂഹിക വ്യവസ്ഥിതിയുടെ സംസ്ഥാപനം
അക്രമ മര്ദ്ധനങ്ങളില് നിന്നുള്ള ഒളിച്ചോട്ടമോ കുഴപ്പങ്ങളില്‍ നിന്നുള്ള രക്ഷ തേടലോ അല്ല ഹിജ്റ. അതായിരുന്നുവെങ്കില്‍ നിഷേധത്തിന്റെയും പീഢനങ്ങളുടെയും കരാളമായ പതിമൂന്ന് വര്‍ഷം മക്കയില്‍ ചിലവഴിച്ചതിന് പ്രത്യേക ന്യായീകരണമൊന്നുമുണ്ടാവില്ല. നിര്‍ഭയത്വമായ ഒരു പ്രദേശത്തെ പുതിയ ഒരു സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും നിര്‍മിതിയായിരുന്നു ഹിജ്റ കൊണ്ടുള്ള ലക്ഷ്യം. ജനങ്ങളെ ഇസ്ലാം പഠിപ്പിക്കാനും പ്രബോധനപ്രവര്ത്തനങ്ങള്ക്കുമായി മുസ്അബ് ബിന്‍ ഉമൈറിനെ പ്രവാചകന്(സ) ആദ്യമേ പ്രസ്തുത മണ്ണിലേക്ക് അയച്ചിരുന്നു.
6. സാധ്യതകള്‍ കണ്ടെത്താനുള്ള പ്രചോദനം
മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥയെ കുറിച്ചും മറ്റുള്ളവരുടെ പുരോഗതിയെയും ചിത്രീകരിക്കുന്നിടത്ത് പ്രവാചകന്റെ നയസമീപനങ്ങളെ ശൈഖ് ഗസ്സാലി പ്രത്യേകം പരാമര്‍ശിക്കാറുണ്ട്. ‘ ഞങ്ങള്‍ പീഢിതരാണ്, കുടിലുകളില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടവര്‍ എന്ന രീതിയിലുള്ള പരാജിത സ്വരങ്ങള്‍ പ്രവാചകന്റെയടുത്ത് നിന്നും ഉണ്ടായിട്ടില്ല, മറിച്ച് പുതിയ സാധ്യതകളേയാണ് പ്രവാചകന്(സ) എപ്പോഴും അന്വേഷിച്ചുകൊണ്ടിരുന്നത്. പ്രായോഗികമായ സമീപനങ്ങളുമായി കൃത്യമായ ലക്ഷ്യത്തോടെ മുന്നേറുകയായിരുന്നു പ്രവാചകന്(സ) ചെയ്തത്. അതിനാല്‍ തന്നെ പ്രവാചകന്(സ) കാര്യകാരണ ബന്ധിയായ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചിരുന്നു. ശത്രുക്കള്‍ പ്രവാചകനെ തിരഞ്ഞു ഗുഹാമുഖത്തെത്തിയപ്പോള്‍ അദ്ദേഹം തെക്കോട്ടും വടക്കോട്ടും ചെരിഞ്ഞുകൊണ്ട് ശത്രുക്കളില്‍ നിന്നും മറയുകയുണ്ടായി. ശത്രുക്കളുടെ കണ്ണില്‍ നിന്നും അന്യമായ വിദൂരമായ വഴിയായിരുന്നു ഹിജ്റക്കായി തെരഞ്ഞെടുത്തത്. അലി(റ)യെ തന്റെ വിരിപ്പില്‍ കിടത്തുകയും തന്റെ വാഹനം സഞ്ചരിച്ചതിന്റെ പാടുകള്‍ മായ്ച്ചുകളയാനായുള്ള സംവിധാനങ്ങളിലേര്പ്പെടുകയുണ്ടായി. ശത്രുവില്‍ നിന്നും തികഞ്ഞ സൂക്ഷമത പാലിക്കുകയും അബൂബക്കര്‍(റ)വിന്റെ ഇടയന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് മുന്നോട്ട് പോകുകയും ചെയ്തു. അബൂബക്കറിന്റെ പുത്രി അസ്മാഅ് ബിന്ത് അബൂബക്കര്‍ അവര്‍ക്കാവശ്യമായ ഭക്ഷണങ്ങള്‍ എത്തിച്ചുകൊടുക്കുകയുണ്ടായി. കാര്യകാരണവുമായി ബന്ധവുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പുകളും അദ്ദേഹമെടുത്തിരുന്നു. പ്രവാചകന് കാര്യകാരണ ബന്ധിയായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക മാത്രമല്ല ചെയ്തത്. നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെല്ലാം നിര്‍വഹിച്ചതിന് ശേഷം കാര്യങ്ങള്‍ അല്ലാഹുവില്‍ ഭരമേല്പിക്കുകയാണുണ്ടായത്. ഇതു തന്നെയാണ് യഥാര്‍ഥ ഇസ്ലാമിക സങ്കല്പം. ഇതുതന്നെയാണ് സത്യവിശ്വാസിയും സത്യനിഷേധിയും തമ്മിലെ പ്രധാന വ്യത്യാസം. സത്യവിശ്വാസി തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ട ഭൗതികമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുതീര്‍ക്കും. പക്ഷെ, അതിനെ അവലംഭമാക്കാതെ കാര്യങ്ങളെല്ലാം അല്ലാഹുവില്‍ ഭരമേല്പിക്കുകയാണ് ചെയ്യുക. എന്നാല്‍ സത്യനിഷേധി ഭൗതികമായ കാര്യകാരണങ്ങളെയാണ് എല്ലാറ്റിനും അവലംഭമാക്കുക.