സൗമ്യശീലനായ ഇമാം അബൂ ഹനീഫ

abu haneefa
ശൈഖ് സല്‍മാനുല്‍ ഔദ

ഇമാം അബൂ ഹനീഫ ഒത്ത പൊക്കമുള്ള, സുഗന്ധം പൂശി മാന്യമായി വസ്ത്രധാരണംചെയ്തുനടക്കുന്ന  യുവകോമളനായിരുന്നു.  മധുരതരമായി സംസാരിക്കുന്ന സരളപ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. നാട്യങ്ങളില്ലാതെയുള്ള തുറന്നസംസാരം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
യഹ്‌യ അല്‍ കത്താന്‍ പറയുന്നു: ‘ഞങ്ങള്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ക്ലാസ്സുകള്‍ കേള്‍ക്കുമായിരുന്നു. അല്ലാഹുവാണ! നിങ്ങള്‍ അദ്ദേഹത്തിന്റ മുഖത്തേക്കു നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്കു മനസ്സിലാകും, അല്ലാഹുവിനെ ഭയപ്പെടുന്ന മനുഷ്യനാണ് അദ്ദേഹമെന്ന്’,
ഇമാമിനെക്കുറിച്ച് ശിഷ്യനായ ഇമാം അബൂ യൂസുഫ് ഹാറൂണ്‍ റഷീദിനോട് വിശദീകരിക്കുന്നതിങ്ങനെയാണ്.

‘അല്ലാഹു പറഞ്ഞിട്ടുണ്ട്: ഒരാളും ഒരു വാക്കും ഉച്ചരിക്കുന്നില്ല അല്ലാഹുവിന്റെ മലക്കുകള്‍ അവ രേഖപ്പെടുത്തിവച്ചിട്ടല്ലാതെ. ആര് സംസാരിക്കുന്നതും കുറിച്ചുവെക്കാനായി അവന്‍ ഇവിടെത്തന്നെയുണ്ട്. അബൂ ഹനീഫയെക്കുറിച്ച് എനിക്കറിയാവുന്നത്  പാപങ്ങള്‍ ചെയ്തു പോകുന്നതിനെ വളരെയധികം കരുതല്‍പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു അദ്ദേഹമെന്നതാണ്. അല്ലാഹുവിന്റെ ദീനില്‍ അദ്ദേഹത്തിന് വ്യക്തമായ അറിവില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും പറയാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.  ഭക്തിയും പാപമുക്തമായ കര്‍മ്മങ്ങളും കാണാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. ഇഹലോകത്തെ മാത്രം കാംക്ഷിക്കുന്നവരുടെ കൂട്ട് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഭൗതികമാത്സര്യത്തിലോ പോരിലോ അദ്ദേഹം ഏര്‍പ്പെട്ടിരുന്നില്ല’.
സദാ ധ്യാനനിരതമായ ഒരു ശാന്തപ്രകൃതക്കാരനായിരുന്നു ഇമാം. ശരിക്കും അറിവിന്റെ കലവറ. അദ്ദേഹത്തിന്റെ സംസാരം  ഒരിക്കലും ആജ്ഞാസ്വരത്തിലായിരുന്നില്ല. ആരെങ്കിലും ചോദ്യം ചോദിച്ചാല്‍ ഉത്തരം അറിയുമെങ്കില്‍മാത്രം അദ്ദേഹം പറയും. അതിന് പ്രമാണികമായ തെളിവുകള്‍ വേണമെങ്കില്‍ അദ്ദേഹം ഉദ്ധരണികള്‍ സഹിതം മറുപടി നല്‍കും. അല്ലെങ്കില്‍ അദ്ദേഹം ആ ചോദ്യത്തിന് ഏതെങ്കിലും ഉദാഹരണങ്ങളിലൂടെ ഉത്തരം പറയും.
ചോദിക്കുന്നവര്‍ക്ക് തന്റെ സമ്പത്തും വിജ്ഞാനവും  അദ്ദേഹം സൗജന്യമായി നല്‍കി. ആര്‍ത്തിയും ആഗ്രഹങ്ങളുമില്ലാത്ത അദ്ദേഹം തന്റെ ആവശ്യങ്ങള്‍ക്ക് മറ്റാരെയും ആശ്രയിച്ചില്ല. മറ്റുള്ളവരുടെ കുറവുകളെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാതി പറഞ്ഞില്ല. മനുഷ്യരുടെ നല്ല കാര്യങ്ങള്‍ മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളൂ.
ഇതു കേട്ട ഹാറൂണ്‍ റശീദ് പറഞ്ഞു:’ ഇതു സുകൃതവാന്‍മാരുടെ ഗുണഗണങ്ങളാണല്ലോ’. എന്നിട്ട് തന്റെ പരിചാരകരുടെ നേരെ തിരിഞ്ഞ് നിര്‍ദ്ദേശിച്ചു’ ഇതു എഴുതിയെടുത്ത് എന്റെ മകന് വായിക്കാന്‍ നല്‍കുക’.
ഇസ്‌ലാമിക നിയമങ്ങളില്‍ അഗാധ പാണ്ഡിത്യത്തിനുടമയായ ഇമാം അബൂഹനീഫ അക്കാലത്ത് അറിയപ്പെട്ട നിയമജ്ഞനായിരുന്നു. സമ്പന്നനായിരുന്ന അദ്ദേഹം വളരെ ഉദാരനുമായിരുന്നു. കോടതിയില്‍  പരാതി ബോധിപ്പിക്കാനെത്തുന്നവര്‍ക്കുപോലും ദാനം ചെയ്തിരിുന്നു അദ്ദേഹം. രാത്രിയിലും പകലിലും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിക നിയമസംഹിതയില്‍ അദ്ദേഹം ക്ലാസ്സുകള്‍ നല്‍കി. മിതഭാഷിയായ അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം നല്‍കി. അദ്ദേഹത്തിന്റെ മറുപടികള്‍ കൃത്യവും വ്യക്തവുമായിരുന്നു. ഭരണകൂടത്തിന്റെ സമ്മാനങ്ങളും പാരിതോഷികങ്ങളും വാങ്ങാന്‍ അദ്ദേഹം വിസമ്മതിച്ചു.
അറിവില്ലാത്തവരോടു ഇമാം അബൂ ഹനീഫ ഒരിക്കലും അക്ഷമനായി പെരുമാറുകയോ ക്ഷോഭിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കല്‍ അദ്ദേഹം പള്ളിയിലിരിക്കെ ഒരാള്‍ വന്ന് ഇമാമിനോട് ഒരു ചോദ്യം ചോദിച്ചു. ഇമാം അതിന് മറുപടിയും നല്‍കി. ഉത്തരം കേട്ട ചോദ്യ കര്‍ത്താവ് പറഞ്ഞു. ‘ഇമാം ഹസ്വനുല്‍ ബസരി ഈ വിഷയത്തില്‍ മറിച്ചാണല്ലോ പറഞ്ഞിരിക്കുന്നത്’. ഇമാം പറഞ്ഞു. ‘അദ്ദേഹത്തിന് തെറ്റുപറ്റിയിട്ടുണ്ട’്. ചോദ്യ കര്‍ത്താവ് ചാടിയെഴുന്നേറ്റ് ഇമാം അബൂ ഹനീഫക്കു നേര്‍ക്ക്് ആക്രോശിച്ചു:’ ഇമാം ഹസനുല്‍ ബസ്വരിക്ക് തെറ്റു പറ്റുകയോ, നിങ്ങള്‍ ഒരു തെമ്മാടിയാണ്’ ഇമാമിനെ ചീത്ത വിളിച്ച അയാള്‍ അതും പറഞ്ഞു ഇറങ്ങിപ്പോയി. എന്നാല്‍ ഇമാം ഇതെല്ലാം കേട്ടിട്ടും ശാന്തനായിരുന്നു. ഹസന്‍ ബസ്വരിക്ക് തെറ്റു പറ്റിയെന്നും ഇബ്‌നു മസ്ഊദ് (റ)വാണ് അത് തിരുത്തിയത് എന്നും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

ഇമാം അബൂ ഹനീഫയുടെ നിയമനിര്‍ധാരണ രീതിയെ ഇഷ്ടപ്പെടാത്തവര്‍ അദ്ദേഹത്തെ വിമര്‍ശിക്കുമായിരുന്നു. മുസ്‌ലിം സമൂഹത്തെ ഇമാം വിഭജിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അക്കൂട്ടര്‍ അദ്ദേഹത്തിനെതിരെ ഉയര്‍ത്തിയ കുറ്റം.
ഒരിക്കല്‍ ഒരാള്‍ ഇമാം അബൂ ഹനീഫയുടെ അടുക്കല്‍ വന്ന്  പറഞ്ഞു. ‘ഇത്തഖില്ലാഹ! അല്ലാഹുവിനെ സൂക്ഷിക്കുക’. ഇതു പറഞ്ഞ് ഇമാമിനെ അദ്ദേഹം ചീത്തപറയാന്‍ തുടങ്ങി. അല്ലാഹു താങ്കള്‍ക്ക് നന്മ നല്‍കി അനുഗ്രഹിക്കട്ടെ. ഇതു പോലെ  ഞങ്ങളെ ശകാരിക്കുന്ന കുറെ ആളുകളുടെ ആവശ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു.

ഇമാം അബൂ ഹനീഫയുടെ സ്വഭാവം ലോലവും ശാന്തവും കരുണാര്‍ദ്രവുമായിരുന്നു. അദ്ദേഹത്തിന്റെ കാരുണ്യത്തെ അദ്ദേഹം പ്രസരിപ്പിച്ച വിജ്ഞാനവുമായി  മാത്രമേ  ഉപമിക്കാനാവൂ. സദ്ജനങ്ങള്‍ക്ക് ഏറെ വിമര്‍ശകരും ഉണ്ടാകും എന്നത് യാഥാര്‍ഥ്യമാണല്ലോ.

Related Post