സനാഥമാവുന്ന ഇഷ്ടങ്ങളെക്കാള്‍, പ്രണയങ്ങളെക്കാള്‍ അനാഥമായി പോകുന്ന ഇഷ്ടങ്ങളും ജനിക്കാന്‍ വിധിക്കപ്പെടാത്ത പ്രണയങ്ങളുമാണ് ഈ ഭൂമിയില്‍ കൂടുതലെന്നു തോന്നിപ്പോവാണ്. പെണ് കൗമാരത്തില്‍ വിലക്കും പാപവുമാണ് പ്രണയം. നിഷേധിക്കപ്പെടുന്ന കനി.
ആഗ്രഹങ്ങളെ നോട്ടങ്ങളെ മോഹങ്ങളെ പെട്ടിയിലാക്കി പേടകത്തിലാക്കി ഒഴുക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന പെണ്ണുങ്ങളും. കണ്ടെടുക്കപ്പെടാതെ പോവുന്ന അവരുടെ മോഹങ്ങള്‍ കുഴിച്ചു മൂടപ്പെടുന്നു എന്നത് മാത്രമല്ല. നീ ഇനി ആരെ മാത്രം മോഹിക്കണമെന്നും, ആരെ മാത്രമേ മോഹിക്കാവൂ എന്നും നിശ്ചയിക്കപ്പെടുന്ന യൗവനവും അവള്‍ക്ക് ആശാവഹമാകാറില്ല പലപ്പോഴും.
ആദി പാപിയുടെ ‘പാപ’ മോഹത്തെ അറുക്കാന്‍ സമൂഹം, സംസ്കാരം ചാര്‍ത്തിയ അദൃശ്യവിലക്ക്. അതു ലംഘിക്കുന്നവരെ ധാരാളം കാണാമെങ്കിലും ‘തെറിച്ച’ എന്ന വാക്കിനാല്‍ അവരോധിക്കപ്പെട്ടവരായി മാറും.
വിശുദ്ധിയില്‍ നിന്നും തെറിച്ച, സംസ്കാരത്തില്‍ നിന്നും തെറിച്ച, കലര്‍പ്പുള്ള ശുദ്ധമല്ലാത്ത ഒന്നായി അവള് മാറും. ഒരു പെണ്‍കുട്ടി ശുദ്ധികൈവരിക്കുന്നത് അവള് ആഗ്രഹങ്ങളെ മോഹങ്ങളെ അടക്കിപ്പിടിക്കുമ്പോഴും വ്യവസ്ഥയ്ക്ക് കീഴടങ്ങുമ്പോഴുമാണ്. കൂടാതെ കുടുംബം അവള്‍ക്ക് ചാര്‍ത്തി കൊടുക്കുന്ന ആള്‍ക്ക് കീഴടങ്ങി അടിയറവ് പറയുമ്പോള്‍ കൂടിയാണ്.
ആരെ സ്നേഹിക്കണമെന്ന് കുടുംബവും പരിസരവും നിശ്ചയിച്ചു കൊടുക്കുമ്പോള്‍ എത്ര പെണ്‍കുട്ടികള്‍ക്ക് അതില്‍ ആത്മാര്‍ത്ഥത കാണിക്കാന്‍ കഴിയുന്നുണ്ടാവും? എത്ര എത്ര പെണ്‍കുട്ടികളാവും തന്റെ ചാര്‍ത്തി കൊടുക്കപ്പെടുന്ന പുരുഷനാല്‍ ബലാല്ക്കാരം ചെയ്യപ്പെട്ടിട്ടുണ്ടാവുക!
എത്രയെത്ര പെണ്‍കുട്ടികള്‍ തങ്ങളുടെ ആദ്യരാത്രിക്കു ശേഷം നിശബ്ദമായി തേങ്ങിയിട്ടുണ്ടാവും.. എത്രപേര്‍ ഭ്രഷ്ടും വിലക്കും പരിശുദ്ധിയേയും പേടിച്ച് കാലാക്കാലം ഈ പീഢനം ഒരു പോലീസ് സ്റ്റേഷനിലും പരാതിപ്പെടാതെ അസഹ്യമായ സഹനത്തോടെ ജീവിച്ചു തീര്‍ത്തിട്ടുണ്ടാവും. പ്രണയമില്ലാത്തതൊന്ന് പ്രാപിക്കുമ്പോഴുണ്ടാകുന്ന മാനസ്സിക പീഡയില്‍ ഉള്ളുരുക്കി ജീവിതത്തെ തീര്‍ത്തിട്ടുണ്ടാവും!
സമൂഹത്തിന്റെ മറ്റേത് ഇടങ്ങളിലെ അവകാശ നിഷേധത്തേക്കാളും ഭീകരവും തീവ്രവുമാണ് അവളുടെ ഇണയേയും തുണയേയും തിരഞ്ഞെടുക്കുന്നതില്‍ അവള് നേരിടേണ്ടി വരുന്ന അവകാശ നിഷേധം. വളരെ ചുരുക്കം പെണ്‍കുട്ടികള്‍ക്ക് മാത്രമേ അവര്‍ക്കുള്ള ഇണകളെ ഇഷ്ടത്തിനൊത്ത് നിശ്ചയിക്കാന്‍ അവകാശം ലഭിക്കുന്നുള്ളു. അതിലും പലപ്പോഴും എസ്സും നോയും പറയാനുള്ള അധികാരം മാത്രം. കാരണവന്മാരുടെ തീരുമാനങ്ങളില്‍ നാമമാത്രമായ അവകാശം. നമ്മുടെ സംസ്കാരത്തില്‍ ആണ്‍കുട്ടികളും ഒരു പരിധിവരെ ഇതൊക്കെ അനുഭവിക്കുന്നുണ്ടെങ്കിലും, അവനു കാറ്റുകൊള്ളാനുള്ള ഇടങ്ങള്‍ കൂടുതലാണെന്നതുകൊണ്ട് കൂടുതലായി അവരെ പരാമര്‍ശ്ശിക്കുന്നില്ല.
. ലൈംഗിക ആകര്ഷണമില്ലാതെ ശരീരത്തെ സമര്‍പ്പിക്കാനാവുന്നത് ശാരീരികമായ അവളുടെ പ്രത്യേകതകൊണ്ടു മാത്രമാണ്. അത് അവളുടെ ബലഹീനതയോ സമര്‍പ്പണമോ അല്ല. സമൂഹത്തീന്നും സംസകാരത്തീന്നും കുടുംബത്തീന്നും മതത്തീന്നും വരാന്‍ സാധ്യതയുള്ള ഭ്രഷ്ടും സ്നേഹക്കുറവും ഭയവും മൂലമാണ്. മാത്രമല്ല സാമ്പത്തിക ഭദ്രത വരുത്തിയല്ല നമ്മുടെ നാട്ടില്‍ പെണ്‍കുട്ടിയെ കെട്ടിച്ചുവിടുക. അതുകൊണ്ട് വരന്റെ സമ്പത്ത് അവളുടെ സുരക്ഷിതത്വവും സംരക്ഷണവും നിര്‍ബന്ധ ആവശ്യവുമായി മാറുന്നതും ഒരു പരിധിവരെ അവളെ അടിമപ്പെടാന്‍ ഇടായാക്കുകയും ചെയ്യുന്നു.
ഈ അക്രമങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുകയും സ്വതന്ത്ര ജീവിതം നയിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ കാണാതല്ല. എണ്ണത്തില്‍ കുറവായ ഈ കൂട്ടങ്ങളെക്കുറിച്ചുള്ള പൊതുധാരണ നമ്മെ സന്തോഷിപ്പിക്കുകയല്ല ചെയ്യുന്നത്. കുടുംബത്തിന്റേയും സമൂഹത്തിന്റേയും സ്നേഹവും ആദരവും പിടിച്ചുപറ്റാന്‍ അവളുടെ എല്ലാ ഇഷ്ടങ്ങളും ത്യജിക്കുക എന്നുതന്നേയുള്ളൂ അവള്‍ക്കൊരേയൊരു പോംവഴി.
ആഗ്രഹങ്ങളെ കൊല്ലുകയെന്നാല്‍ ആത്മാവിനെ ശ്വാസം മുട്ടിച്ച് ഒരു മനുഷ്യജീവിതത്തെ ഇല്ലാതാക്കുക എന്നതുകൂടിയാണ്. ഇണക്കമുള്ള ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യനിഷേധത്തോടെ ജീവനുള്ള യന്ത്രങ്ങളെ പടച്ചുണ്ടാക്കിയാവും പിന്നീടവളുടെ ജീവിതം തന്നെ. അവള്‍ക്കോ സമൂഹത്തിനോ യാതൊരുവിധ സംഭാവനകളും ചെയ്യാനൊക്കാത്ത പേറ്റിനുള്ള ചോറ്റിനുള്ള ഒരു യാന്ത്രിക ജീവിതത്തിലപ്പുറം ഒന്നുമല്ലാതായി മാറുന്നതും കാണാം.
ഈ പ്രണയദിനത്തില്‍ സ്നേഹിക്കാന്‍ അനുവാദമില്ലാത്ത, അസ്വതന്ത്രരായ, സംസ്കാരങ്ങളുടെ അടിമകളാക്കപ്പെട്ട ആ പെണ്കുട്ടികളൊടൊപ്പം. നിറയെ പ്രണയം വാരി വിതറികൊണ്ട്.. എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രണയം കൊടുക്കാനും വാങ്ങാനും സാധ്യമാകുന്ന രീതിയില്‍ ഒരു ലോകത്തെ സംസ്കാരത്തെ സൃഷ്ടിക്കാന്‍ നമുക്കാവട്ടെ എന്നു ആശംസിച്ചുകൊണ്ട്.
ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍ …
NB: ഈ എഴുത്ത് ജീവിതം മടുക്കുമ്പോഴും ശ്വാസം മുട്ടുമ്പോഴും ഉപ്പയെ വിളിച്ച് മരിച്ചു കളയും എന്ന് പറയുന്ന, നിസ്സഹയായ, അവകാശം ചോദിച്ചു വാങ്ങാന്‍ അറിയാതെ മടുപ്പുമായി ജീവിക്കുന്ന എനിക്ക് പ്രിയപ്പെട്ട പെണ്‍കുട്ടിക്ക് സമര്‍പ്പിക്കുന്നു.