അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 2

അനുഗ്രഹവര്‍ഷം സുന്നത്തു നമസ്‌കാരത്തിലൂടെ – 2

വിത്ര്‍ നമസ്‌കാരം

നബി(സ)തിരുമേനി വളരെ പ്രോത്സാഹിപ്പിച്ച ഒരു പ്രബല സുന്നത്താണ് വിത്ര്‍ നമസ്‌കാരം. അലി (റ) പ്രസ്താവിക്കുന്നു: ‘വിത്ര്‍ നിങ്ങളനുഷ്ഠിക്കുന്ന ഫര്‍ദു നമസ്‌കാരങ്ങള്‍ പോലെ നിര്‍ബന്ധമൊന്നുമല്ല. പക്ഷേ, റസൂല്‍ (സ)തിരുമേനി വിത്ര്‍ നമസ്‌കരിക്കുകയും അനന്തരം ഇങ്ങനെ പറയുകയുംചെയ്തിട്ടുണ്ട്: ‘ഖുര്‍ആന്‍ വാഹകരേ, നിങ്ങള്‍ വിത്ര്‍ (ഒറ്റയായ നമസ്‌കാരം) നമസ്‌കരിക്കുവിന്‍; കാരണം അല്ലാഹു ഒറ്റയാണ്(ഏകനാണ്). ഒറ്റയെ അവന്‍ ഇഷ്ടപ്പെടുന്നു.”
വിത്ര്‍ നിര്‍ബന്ധമാണെന്ന ഇമാം അബൂഹനീഫയുടെ അഭിപ്രായം ദുര്‍ബലമാണ്. ഈ വിഷയത്തില്‍ അബൂഹനീഫയോട് യോജിക്കുന്നവരായി ആരെയും താന്‍കണ്ടിട്ടില്ലെന്ന് ഇബ്‌നുല്‍ മുന്‍ദിര്‍ പറയുന്നു.
വിത്ര്‍ നമസ്‌കാരത്തിന്റെ സമയം ആരംഭിക്കുന്നത് ഇശാ നമസ്‌കാരത്തിനുശേഷമാണെന്നും അത് പ്രഭാതംവരെ നീണ്ടുനില്‍ക്കുമെന്നുമുള്ള കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു. ‘റസൂല്‍ (സ) തിരുമേനി രാത്രിയുടെ ആദ്യത്തിലും മധ്യത്തിലും അവസാനത്തിലും വിത്ര്‍ നമസ്‌കരിക്കാറുണ്ടായിരുന്നു’ എന്ന് അബൂമസ്ഊദില്‍ അന്‍സാരി പ്രസ്താവിക്കുന്നു(അഹ്മദ്).
‘നിങ്ങളില്‍ ആര്‍ക്കെങ്കിലും രാത്രിയുടെ അവസാനത്തില്‍ ഉണരുകയില്ലെന്ന് തോന്നുന്നപക്ഷം അവന്‍ ആദ്യത്തില്‍ വിത്ര്‍ നമസ്‌കരിച്ചുകൊള്ളട്ടെ. രാത്രിയുടെ അവസാനം ഉണരുമെന്ന് വല്ലവനും ഉറപ്പുണ്ടെങ്കില്‍ അവന്‍ അവസാനം വിത്ര്‍ നമസ്‌കരിച്ചുകൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍ രാത്രിയുടെ അവസാനത്തിലുള്ള നമസ്‌കാരത്തിന്ന് (മലക്കുകളുടെ) സാന്നിധ്യമുണ്ടായിരിക്കും. അതത്രെ ഉത്തമം'(അഹ്മദ്, മുസ്‌ലിം, തിര്‍മിദി, ഇബ്‌നുമാജ).
നബി(സ) പതിമൂന്നുറക്അത്തും പതിനൊന്ന് റക്അത്തും വിത്ര്‍ നമസ്‌കരിച്ചതായും ഒമ്പതും ഏഴും അഞ്ചും മൂന്നും ഒന്നും നമസ്‌കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് തിര്‍മിദി പ്രസ്താവിക്കുന്നു. വിത്ര്‍ നമസ്‌കരിക്കുമ്പോള്‍ രണ്ടുവീതം റക്അത്തുകളായി നമസ്‌കരിക്കുകയും അവസാനം ഒരു റക്അത്ത് വേറെ നമസ്‌കരിക്കുകയുംചെയ്യാം. എല്ലാ റക്അത്തുകളും ഒന്നായി നമസ്‌കരിക്കുകയും അവസാനത്തില്‍ മാത്രം അത്തഹിയ്യാത് ചൊല്ലുകയും സലാംവീട്ടുകയും ചെയ്യുന്നതിന് വിരോധമില്ല. ഈ രൂപങ്ങളെല്ലാം നബി(സ)യില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടതും അനുവദിക്കപ്പെട്ടതുമത്രേ.
വിത്ര്‍ നമസ്‌കാരത്തില്‍ ഫാത്തിഹക്കുശേഷം ഖുര്‍ആനിലെ ഏതുഭാഗവും ഓതാവുന്നതാണ്. എങ്കിലും മൂന്നു റക്അത്ത് വിത്ര്‍ നമസ്‌കരിക്കുമ്പോള്‍ ഒന്നാം റക്അത്തില്‍ ഫാത്തിഹക്കുശേഷം സൂറത്തുല്‍ അഅ്‌ലായും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും മൂന്നാമത്തേതില്‍ ഇഖ്‌ലാസ്വ്, ഫലഖ്, നാസ് എന്നീ അവസാന അധ്യായങ്ങളും ഓതുന്നത് സുന്നത്താണ്. റമദാനിലെ അവസാനത്തെ പകുതിയിലുള്ള വിത്ര്‍ നമസ്‌കാരത്തില്‍ മാത്രമേ ഖുനൂത്ത് സുന്നത്തുള്ളൂവെന്നാണ് ഇമാം ശാഫിഈയും മറ്റും അഭിപ്രായപ്പെടുന്നത്.

രാത്രിനമസ്‌കാരം(തഹജ്ജുദ്)

ഇശാഅ് നമസ്‌കാരം കഴിഞ്ഞ ശേഷം രാത്രിയുടെ അവസാനംവരെ സുബ്ഹിനുമുമ്പായി നിര്‍വഹിക്കുന്ന നമസ്‌കാരമാണ് തഹജ്ജുദ്. നബി(സ) രാത്രിയുടെ ആദ്യപകുതി സമയം ഉറങ്ങുകയും പിന്നീടുള്ള മൂന്നിലൊന്ന് നമസ്‌കരിച്ച ശേഷം ബാക്കിയുള്ള ആറിലൊന്ന് സമയം വീണ്ടും ഉറങ്ങിയാണ് അത് നിര്‍വഹിച്ചിരുന്നത്.
നബി(സ)പറഞ്ഞു: ‘രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ നമ്മുടെ നാഥന്‍ ഭൂമിക്ക് സമീപസ്ഥമായ ആകാശത്തിലേക്ക് ഇറങ്ങിവരും . എന്നിട്ട് ഇങ്ങനെ പറയും : ആര്‍ എന്നെ വിളിച്ചുവോ അവന് നാം ഉത്തരം നല്‍കും. ആര് എന്നോട് ചോദിച്ചുവോ അവന് നാം പൊറുത്തുനല്‍കും. പ്രഭാതമാകുന്നത് വരെ.’ രാത്രിയുടെ അവസാനസമയത്ത് നമസ്‌കരിക്കുന്നതിന്റെ ശ്രേഷ്ഠതയാണ് ഇതിലൂടെ വെളിവാകുന്നത്.

റമദാനിലെ രാത്രിനമസ്‌കാരം

റമദാനിലെ രാത്രിനമസ്‌കാരം അഥവാ തറാവീഹ് (തര്‍വീഹത്ത് -വിശ്രമം എന്നതിന്റെ ബഹുവചനമാണ് തറാവീഹ്. രാത്രിനമസ്‌കാരത്തിലെ നാലുറക്അത്തുകഴിഞ്ഞുള്ള വിശ്രമത്തിന് തര്‍വീഹത്ത് എന്ന് പേരുവന്നു. പിന്നെ അത് നാല് റക്അത്തിന്റെ പേരായിത്തീര്‍ന്നു.)സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സുന്നത്താകുന്നു. ഇശാ നമസ്‌കാരത്തിനുശേഷവും വിത്ര്‍ നമസ്‌കാരത്തിന് മുമ്പുമായി ഈ രണ്ടു റക്അത്തായിക്കൊണ്ടാണത് നിര്‍വഹിക്കേണ്ടത്. ഇശാനമസ്‌കാരം കഴിഞ്ഞ ഉടനെ അത് നിര്‍വഹിക്കാമെങ്കിലും ഉത്തമം അതല്ല. അതിന്റെ സമയം രാത്രിയുടെ അവസാനംവരെ നീണ്ടുനില്‍ക്കുന്നതാണ്. നബി(സ) റമദാനിലോ മറ്റുകാലത്തോ പതിനൊന്നു റക്അത്തിലധികം നമസ്‌കരിക്കാറുണ്ടായിരുന്നില്ല എന്ന് ആഇശ (റ)പ്രസ്താവിക്കുന്നു.ഇപ്പറഞ്ഞതാണ് നബി(സ)യില്‍നിന്ന് നിവേദനം ചെയ്യപ്പെടുന്ന സുന്നത്ത്. അതല്ലാത്ത മറ്റൊരു രൂപവും തിരുമേനിയില്‍നിന്ന ്സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഉമര്‍ , ഉസ്മാന്‍ , അലി(റ) തുടങ്ങിയവരുടെ ഭരണകാലത്ത് ജനങ്ങള്‍ ഇരുപത് റക്അത് നമസ്‌കരിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ഹനഫീ, ഹമ്പലീ മദ്ഹബുകാരുടെ അഭിപ്രായം അതത്രേ. ഈ നമസ്‌കാരം ഒറ്റയ്ക്കും ജമാഅത്തായും നിര്‍വഹിക്കാം.

ദുഹാ നമസ്‌കാരം

സൂര്യന്‍ കാഴ്ചയില്‍ ഒരു കുന്തത്തോളം ഉയരുന്നതുമുതല്‍ ആരംഭിക്കുകയും ഉച്ചയോടുകൂടി അവസാനിക്കുകയുംചെയ്യുന്നതാണ് ദുഹാ നമസ്‌കാരം. സൂര്യന്‍ ഉദിച്ചുയര്‍ന്ന് വെയില്‍ ശക്തിയാവുന്നതുവരെ അതു പിന്തിക്കുന്നതാണ് അഭികാമ്യം. ഏറ്റവും കുറഞ്ഞത് രണ്ടു റക്അത്തും നബി അനുഷ്ഠിച്ചതില്‍ ഏറ്റവും കൂടിയത് എട്ടു റക്അത്തും അവിടുന്ന് ഉപദേശിച്ചതില്‍ ഏറ്റവും കൂടിയത് പന്ത്രണ്ടുറക്അതുമത്രേ. ദുഹാ നമസ്‌കാരത്തിന്റെ പുണ്യത്തെക്കുറിച്ച് ധാരാളം ഹദീസുകളുണ്ട്. ചിലത്:
1. റസൂല്‍ (സ)പറഞ്ഞതായി അബൂദര്‍റ് (റ)നിവേദനംചെയ്യുന്നു: ‘ നേരം പുലരുമ്പോള്‍ നിങ്ങളില്‍ ഒരാളുടെ എല്ലാ സന്ധികള്‍ക്കും ഒരു ധര്‍മമുണ്ട്. ഓരോ തസ്ബീഹും ധര്‍മമാണ്. ഹംദ്, തഹ്‌ലീല്‍, തക്ബീര്‍, നന്‍മ കല്‍പിക്കല്‍, തിന്‍മ വിരോധിക്കല്‍ എന്നിവയെല്ലാം ധര്‍മമാണ്. ഇതിനെല്ലാം പകരമായി ദുഹാ സമയത്ത് (പൂര്‍വാഹ്നത്തില്‍) അവന്‍ നമസ്‌കരിക്കുന്ന രണ്ടു റക്അത്ത് മതിയാകുന്നതാണ്'(അഹ്മദ് , മുസ്‌ലിം)
2. നബി (സ)പറഞ്ഞതായി നവ്വാസുബ്‌നു സംആന്‍ (റ)റിപ്പോര്‍ട്ടുചെയ്യുന്നു:’അല്ലാഹു പറയുന്നു: മനുഷ്യാ, പകലിന്റെ ആദ്യത്തില്‍ നാലുറക്അത്ത് നമസ്‌കരിക്കുന്നതിന് നീ ഒരിക്കലും അശക്തനാവാതിരിക്കുക. എന്നാല്‍ പകലിന്റെ അവസാനഭാഗം ഞാന്‍ നോക്കിക്കൊള്ളാം.’

പ്രാര്‍ഥനാനമസ്‌കാരം(ഇസ്തിഖാറത്)
അനുവദനീയമായ ഏതെങ്കിലുമൊരു കാര്യം ചെയ്യാനുദ്ദേശിക്കുകയും ചെയ്യുന്നതോ ചെയ്യാതിരിക്കുന്നതോ ഗുണമെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്യുമ്പോള്‍ , നിര്‍ബന്ധമല്ലാത്ത രണ്ടു റക്അത്തുനമസ്‌കരിക്കുകയും അനന്തരം താഴെ പറയുന്ന പ്രാര്‍ഥന നടത്തുകയും ചെയ്യുന്നത് സുന്നത്താകുന്നു.

اللَّهُمَّ إنِّي أَسْتَخِيرُكَ بِعِلْمِكَ , وَأَسْتَقْدِرُكَ بِقُدْرَتِكَ , وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلا أَقْدِرُ , وَتَعْلَمُ وَلا أَعْلَمُ , وَأَنْتَ عَلامُ الْغُيُوبِ , اللَّهُمَّ إنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ  خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ : عَاجِلِ أَمْرِي وَآجِلِهِ , فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ , اللَّهُمَّ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ شَرٌّ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي أَوْ قَالَ : عَاجِلِ أَمْرِي وَآجِلِهِ , فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ ارْضِنِي بِهِ

‘അല്ലാഹുമ്മ ഇന്നീ അസ്തഖീറുക ബി ഇല്‍മിക വസ്തഖ്ദിറുക ബി ഖുദ്‌റതിക വസ്അലുക മിന്‍ ഫദ്‌ലികല്‍ അളീം. ഫഇന്നക തഖ്ദിറു വ ലാ അഖ്ദിറു വ തഅ്‌ലമു വലാ അഅ്‌ലമു വ അന്‍ത അല്ലാമുല്‍ ഗുയൂബ്. അല്ലാഹുമ്മ ഇന്‍ കുന്‍ത തഅ്‌ലമു അന്ന ഹാദല്‍ അംറ ഖൈറന്‍ ലീ ഫീ ദീനീ വ മആശീ വ ആഖിബതി അംരീ, ഫഖ്ദുര്‍ഹു ലീ വയസ്സിര്‍ഹു ലീ സുമ്മ ബാരിക് ലീ ഫീഹി, വഇന്‍ കുന്‍ത തഅ്‌ലമു അന്ന ഹാദല്‍ അംറ ശര്‍റന്‍ ലീ ഫീ ദീനീ വ മആശീ വ ആഖിബതി അംരീ ഫസ്വ്‌രിഫ്ഹു അന്നീ വസ്വ്‌രിഫ്‌നീ അന്‍ഹു വഖ്ദിര്‍ലിയല്‍ ഖൈറ ഹൈസു കാന, സുമ്മ ര്‍ദിനീ ബിഹീ.'(അല്ലാഹുവേ, നിന്റെ അറിവ് മുന്‍നിര്‍ത്തി ഞാന്‍ നിന്നോടു നന്‍മ ചോദിക്കുന്നു. നിന്റെ കഴിവ് മുന്‍നിര്‍ത്തി നിന്നോട് ഞാന്‍ കഴിവുചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യവും നിന്നോടര്‍ഥിക്കുന്നു. എന്തുകൊണ്ടെന്നാല്‍ നീ എല്ലാറ്റിനും കഴിവുള്ളവനാണ്; എനിക്ക് കഴിവുമില്ല. നീ എല്ലാം അറിയുന്നു; എനിക്ക് അറിവുമില്ല.നീ അദൃശ്യങ്ങളെല്ലാം നന്നായി അറിയുന്നവനാണല്ലോ. അല്ലാഹുവേ, ഇക്കാര്യം എന്റെ ദീനിലും ജീവിതത്തിലും എന്റെ അവസാനപരിണാമത്തിലും എനിക്ക് ഗുണകരമാണെന്ന് നീ അറിയുന്നുണ്ടെങ്കില്‍ അതെനിക്ക് നീ വിധിക്കുകയും സൗകര്യപ്പെടുത്തിത്തരുകയും അതിലെനിക്ക് ഗുണം വര്‍ധിപ്പിക്കുകയുംചെയ്യേണമേ. ഇനി ഇക്കാര്യം എന്റെ ദീനിലും ജീവിതത്തിലും അവസാനപരിണാമത്തിലും എനിക്ക് ദോഷകരമാണെന്നാണ് നീ അറിയുന്നതെങ്കില്‍ എന്നില്‍നിന്ന് അതിനെയും അതില്‍നിന്ന് എന്നെയും നീ തിരിച്ചുകളയേണമേ. നന്‍മ എവിടെയാണെങ്കിലും അതെനിക്ക് വിധിക്കുകയും അതിലെനിക്ക് സംതൃപ്തി നല്‍കുകയും ചെയ്യേണമേ.(പ്രാര്‍ഥനയില്‍ ‘ഇക്കാര്യം ‘ എന്നുപറയുന്നിടത്ത് പ്രാര്‍ഥിക്കുന്നവന്റെ പ്രത്യേകആവശ്യമാണ് പറയേണ്ടത്.)

നമസ്‌കരിക്കുന്നത് നിര്‍ബന്ധനമസ്‌കാരത്തോടൊപ്പമുള്ള സുന്നത്തുകളോ പള്ളിയില്‍ പ്രവേശിക്കുമ്പോഴുള്ള സുന്നത്തോ ഏതായാലും വിരോധമില്ല. നമസ്‌കാരം രാത്രിയോ പകലോ ആകാം.

Related Post