ആന്തരീക കരുത്തിന് ആരാധനകള്‍

أركان الإسلامമനുഷ്യന്റെ ധാര്‍മികചിന്തയും സദാചാരബോധവും  വെല്ലുവിളിക്കപ്പെടുന്ന ഒരു സാമൂഹിക പരിസരമാണ് എവിടെയുമിന്ന് കാണാന്‍ കഴിയുന്നത്‌. നന്മയും വിശുദ്ധിയും ജീവിതത്തില്‍ നിലനിന്നു കാണാനാഗ്രഹിക്കുന്നവര്‍ക്ക്പോലും ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരുന്നു. “ഭീഷണമായ ഒരു കാലഘട്ടം വരാനിരിക്കുന്നു. സ്വന്തം ദീനിനെ കാത്തു സൂക്ഷിക്കാന്‍ അന്ന് ഒരു മുസ്‌ലിമിന്    പര്‍വത   ശിഖരങ്ങളോ മഞ്ഞുപെയ്യുന്ന താഴ്വരകളോ അന്വേഷിച്ചു പോവേണ്ടി വരും”എന്ന് നബി(സ) ദീര്‍ഘദര്‍ശനം ചെയ്തത് (ബുഖാരി) ഇന്നത്തേത് പോലുള്ള ഒരു കാലഘട്ടത്തെയാണോ ഓര്‍മപ്പെടുത്തുന്നത്?

 
‘ദീന്‍’ എന്ന വാക് ഇവിടെ പ്രതിനിധാനം ചെയ്യുന്നത് സംസ്കാരത്തെയും ധര്‍മവിചാരത്തെയും  സാന്മാര്‍ഗികബോധത്തെയും മൂല്യങ്ങളേ യുമൊക്കെയാണ്‌. അവയൊക്കെ വെല്ലുവിളിക്കപ്പെടുന്ന ഒരു സാമൂഹികാവസ്ഥ എത്ര ഭയാനകമായിരിക്കും. ഏതൊരാളുടെയും  ജീവിതത്തില്‍ ഒട്ടേറെ പ്രശ്നങ്ങളുണ്ടാകാറുണ്ട്. തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങള്‍ വരാറുണ്ട്. ഇവിടെയൊക്കെ അയാളെ സ്വാധീനിക്കുന്ന ഘടകമെന്താണ്? പ്രധാനമായും മൂന്നെണ്ണമാണുള്ളത്. അതില്‍ എതെങ്കിലുമൊന്നാകാം  അയാളെ സ്വാധീനിക്കുക. ഒന്നുകില്‍ അയാളുയര്‍ത്തിപ്പിടിക്കുന്ന വിശ്വാസം, അതല്ലെങ്കില്‍ അയാളുടെ നിക്ഷിപ്ത താല്പര്യങ്ങള്‍, അതുമല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍.
സമ്മര്‍ദങ്ങളെന്നത് കുടുംബപരമോ രാഷ്ട്രീയപരമോ സാമൂഹികപരമോ എന്തുമാകാം. പ്രയോഗതലത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്, താല്‍പര്യങ്ങളുടെയും സമ്മര്‍ദങ്ങളുടെയും സ്വാധീനവലയത്തില്‍പെട്ടു മനുഷ്യന്‍ തന്റെ വിശ്വാസം അഥവാ ‘ദീന്‍’ ബലി കഴിക്കുന്നതാണ്. അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരനും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനും കൃത്രിമം കാട്ടുന്ന ബിസിനസ്സുകാരനും സത്യം മറച്ചുവെക്കുന്ന പുരോഹിതനുമെല്ലാം ഒരുപോലെ ബലികഴിക്കുന്നത് മൂല്യങ്ങളെയാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്‌? ഭൌതികജീവിതത്തിന്റെ സുഖസമൃദ്ധികള്‍ക്ക് പ്രാമുഖ്യം നല്‍കുകയും ഐഹികലോകത്ത് ചെയ്യുന്ന സ്വന്തം കര്‍മങ്ങള്‍ക്ക് മരണാനന്തരലോകത്ത്  കണക്ക്‌ ബോധിപ്പിക്കേണ്ടി വരുമെന്നുള്ള വീണ്ടുവിചാരം നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് ഏതൊരാള്‍ക്കും ഈ അപചയം സംഭവിക്കുന്നത്‌. തീവ്രമായ ഭക്തിയും ഉറച്ച ഇച്ഛാശക്തിയും പകര്‍ന്നു നല്‍കുന്ന ആന്തരീകമായ കരുത്തുകൊണ്ട് മാത്രമേ ഈ അപചയത്തെ  അതിജീവിക്കാനാവൂ.

 
രാജകീയ ചക്രവര്‍ത്തിയുടെ പത്നിയായിട്ടും കൊട്ടാരജീവിതം ലഭ്യമായിട്ടും ആസിയാബീവിയെ കീഴ്പെടുത്താന്‍ പ്രലോഭനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഈജിപ്തിലെ കൊട്ടാരത്തെക്കാള്‍ അവര്‍ക്ക് പ്രധാനം സ്വര്‍ഗത്തില്‍ അല്ലാഹുവിന്റെ സന്നിധിയില്‍ ഒരു ഭവനമായിരുന്നു. ആ ഭവനത്തോടുള്ള അത്യധികമായ അനുരാഗമായിരുന്നു അവരെ ആര്‍ജവമുള്ള ഒരു വിശ്വാസിയാക്കി മാറ്റിയത്. “നിന്നെ സംബന്ധിച്ചേടത്തോളം ഇഹലോകത്തേക്കാള്‍ മികച്ചത് പരലോകമാണ്‌” ( ഖുര്‍ആന്‍:അദ്ദുഹാ-൪) .   സൌഭാഗ്യങ്ങളുടെ പ്രൌഡിയിലോ പൊലിമയിലോ ധിക്കാരിയും സ്വേചാധിപതിയുമായ ഭര്‍ത്താവിന്റെ നിഷേധാത്മക ശാസനകളിലോ ഒന്നും വശംവദയാകാതെ സ്വന്തം വിശ്വാസത്തിന്റെ തീഷ്ണതയും മൂര്‍ച്ചയും എപ്പോഴും ഉയര്‍ത്തിപ്പിടിച്ച ഫിര്‍ഔന്റെ ഭാര്യ ആസിയാബീവിയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്‌ ഈ ആന്തരിക കരുത്താണ്. ” ഫിര്‍ഔന്റെ പത്നിയെ അല്ലാഹു വിശ്വാസികള്‍ക്ക് ഒരു മാതൃകയായി അവതരിപ്പിക്കുന്നു. അവര്‍ പ്രാര്‍ഥിച്ചു: എന്റെ നാഥാ, സ്വര്‍ഗത്തില്‍ നിന്റെ സന്നിധിയില്‍ എനിക്കായി നീയൊരു ഭവനം നിര്‍മിച്ചു തരേണമേ. ഫിര്‍ഔനില്‍നിന്നും അവന്റെ ചെയ്തികളില്‍ നിന്നും അക്രമികളായ ജനതയില്‍നിന്നും എന്നെ നീ രക്ഷപ്പെടുത്തണേ.” (ഖുര്‍ആന്‍:൬൬:൧൧)

 
പ്രലോഭനങ്ങളെയും സമ്മര്‍ദങ്ങളെയും അതിജീവിക്കാനുള്ള കരുത്ത് വ്യക്തികള്‍ക്ക് എവിടെ നിന്നാണ് ലഭിക്കുക? ഒരു രാത്രികൊണ്ടോ പകലുകൊണ്ടോ നെടിയെടുക്കാവുന്നതാണോ ഇത്?  നിരന്തരവും  അര്‍ത്ഥപൂര്‍ണവുമായ ജീവിതാനുഭവങ്ങളിലൂടെയും പ്രക്രിയകളിലൂടെയും കടന്നുപോയാലല്ലാതെ വ്യക്തികള്‍ക്ക് ആന്തരീകമായ കരുത്ത് കിട്ടുകയില്ല. അതുതന്നെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ട അനുഭവങ്ങളിലും പ്രക്രിയകളിലും ആയിരിക്കുകയും വേണം.  മുഹമ്മദ്‌ നബി(സ) ക്ക് പ്രവാചകത്വം കൊടുത്തനുഗ്രഹിച്ചതിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് വ്യക്തികളെ സ്വഭാവപരമായി പാകപ്പെടുത്തിയെടുത്തും സംസ്കരിച്ചും ആന്തരികമായ അതിജീവനശേഷി ഉണ്ടാക്കുകയായിരുന്നു. “നിരക്ഷരരായ ഒരു ജനതയില്‍, അവരില്‍നിന്നു തന്നെ ഒരു പ്രവാചകനെ നിയോഗിച്ചത് അല്ലാഹുവാണ്. ദൈവികദൃഷ്ടാന്തങ്ങള്‍ അദ്ദേഹം അവര്‍ക്ക്  ഓ തിക്കൊടുക്കുകയും അവരെ സംസ്കരിച്ച് പാകപ്പെടുത്തുകയും വേദഗ്രന്ഥവും തത്ത്വജ്ഞാനവും അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. അതിനു മുമ്പ് അവര്‍ ബഹുദൂരം വഴിപിഴച്ചു പോയിരുന്നു. (ഖുര്‍ആന്‍,൬൨:൧,൨).

 
ഇസ്‌ലാമിലെ ആരാധനകളുടെയും അനുഷ്ടാനങ്ങളുടെയും യുക്തിഭദ്രത ഇവിടെ നമുക്ക് ബോധ്യമാകും. വ്യക്തിയുടെ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നത് അവന്റെ ചിന്തയിലും മനോഭാവത്തിലും സമീപനങ്ങളിലും വ്യവഹാരരീതികളിലും മാറ്റമുണ്ടാകുമ്പോഴാണ്. ഇസ്‌ലാമിലെ ഇബാദത്തുകളുടെ ലക്‌ഷ്യം ഇപ്പറഞ്ഞ ഓരോന്നുമാണ്.  അചേതനങ്ങളായ ചടങ്ങുകളായി അനുഷ്ടാനങ്ങളോ  ആരാധനകളോ  തരംതാണു പോകാതിരിക്കാന്‍ ദീനിന്റെ പ്രമാണങ്ങള്‍ മുങ്കരുതലെടുത്തിട്ടുണ്ട്. വ്യക്തിയെ സദാ സക്രിയമാക്കി നിര്‍ത്തുന്ന ചടുലത ഇബാദ ത്തുകല്‍ക്കുണ്ടാവണം. ദിനേന അഞ്ചു നേരത്തെ നമസ്കാരം, പ്രതിവര്‍ഷം ഒരു മാസത്തെ നോമ്പ്, കൊല്ലം തോറുമുള്ള നിര്‍ബന്ധദാനം, സാധിക്കുമെങ്കില്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജ്  എന്നിങ്ങനെയുള്ള അനുഷ്ടാനങ്ങളുടെ ഘടനയും സ്വഭാവവും വിശകലനം ചെയ്താല്‍ നമുക്കവയുടെ ശാസ്ത്രീയമായ പ്രക്രിയാപരത ബോധ്യപ്പെടും. വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് എപ്പോഴെങ്കിലും അനുഷ്ടിച്ചു വിടാവുന്ന തരത്തിലല്ല അവയൊന്നും ക്രമീകരിച്ചിട്ടുള്ളത്. നൈരന്തര്യം, കൃത്യത, സൂക്ഷ്മത, പൂര്‍ണത മുതലായ സവിശേഷതകള്‍ ഇസ്‌ലാമിലെ അനുഷ്ടാനങ്ങള്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നുണ്ട്.
നമസ്കാരത്തെ വിശകലനം ചെയ്തു നോക്കാം. നിത്യജീവിതത്തില്‍ ദൈവസ്മരണ സജീവമാക്കി നിര്‍ത്താന്‍ വേണ്ടിയാണ് വിശ്വാസികളോട് നിര്‍ബന്ധമായും നമസ്കാരമനുഷ്ടിക്കാന്‍ കല്‍പിച്ചത്‌. ദിനേന നിര്‍വഹിക്കേണ്ട നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കും അല്ലാഹു തന്നെ സമയനിര്‍ണയം നടത്തിയിട്ടുണ്ട്.
ഇളവുകള്‍ നല്കപ്പെട്ടവരൊഴികെയുള്ള എല്ലാവരും പ്രസ്തുത സമയനിര്‍ണയം പാലിക്കാന്‍ ബാധ്യസ്ഥരാണ്. നമസ്കാരത്തിന് മുമ്പ് ശരീരത്തിലെ മാലിന്യം നീക്കം ചെയ്ത് അംഗശുദ്ധി വരുത്തണം.  വൃത്തിയുള്ള വസ്ത്രം ധരിച്ച് വൃത്തിയുള്ള സ്ഥലത്ത് വെച്ചുവേണം നിര്‍വഹിക്കാന്‍. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ചു തന്ന രീതിയിലും ക്രമത്തിലുമായിരിക്കണം നമസ്കാരം നിര്‍വഹിക്കേണ്ടത്. സ്വന്തം സൃഷ്ടികര്‍ത്താവിനോട്  ഒരു വിശ്വാസി ആത്മീയമായി നടത്തുന്ന സംവദിക്കലാണ് സിദ്ധാന്തപരമായി നമസ്കാരമെങ്കിലും ചിന്തയിലും മനോഭാവത്തിലും അനിഷേധ്യമായ മാറ്റം വരുത്താന്‍ പോന്ന അനുഷ്ടാനമൂല്യം നമസ്കാരത്തിനുണ്ട്.

 
സ്വാര്‍ഥത, കുടിലത, അസ്വസ്ഥത, പരോപകാരവിമുഖത തുടങ്ങിയ നിഷേധാത്മക പ്രവണതകളില്‍ നിന്നും വിശ്വാസിയെ നമസ്കാരം വിമോചിപ്പിക്കേണ്ടതുണ്ടെന്നാണ് ഖുര്‍ആന്‍ അത് സംബന്ധമായി പറഞ്ഞിട്ടുള്ളത്‌. “തീര്‍ച്ചയായും മനുഷ്യന്‍ ഒരു ദുര്‍ബല സൃഷ്ടിയാണ്. ദോഷം ബാധിച്ചാല്‍ അവന്‍ വിരണ്ടുപോകും. ഗുണം കിട്ടിയാലാവട്ടെ പിശുക്ക് കാട്ടുകയും ചെയ്യും. നമസ്കരിക്കുന്നവര്‍ മാത്രമേ ഇതില്‍ നിന്നൊഴിവുള്ളൂ.
നമസ്കാരം പതിവായി അനുഷ്ടിക്കുന്നവരാണവര്‍.”(ഖുര്‍ആന്‍,൭൦:൧൯-൨൩) മനുഷ്യന്റെ ദൌര്‍ബല്യങ്ങളെയും ചാപല്യങ്ങളെയും ചികിത്സിച്ചു ഭേദപ്പെടുത്തുന്നതില്‍ നമസ്കാരത്തിന് നിര്‍ണായകമായ പങ്ക്‌ വഹിക്കാനുണ്ടെന്നല്ലേ   ഇതില്‍നിന്ന് മനസ്സിലാകുന്നത്‌.

 
“നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ വേണ്ടി” നോമ്പെടുക്കാനാണല്ലോ അല്ലാഹു അനുശാസിക്കുന്നത്. അതായത് നോമ്പിന് ഒരു ലക്ഷ്യമുണ്ട്.
ആ ലക്‌ഷ്യം തഖവയാണ്. സൂക്ഷ്മത, ഭക്തി, മൂല്യവിചാരം എന്നൊക്കെ തഖവയെ നമുക്ക് ഭാഷാന്തരപ്പെടുത്താം. ശരീരത്തെ പട്ടിണിക്കിട്ടത്‌
കൊണ്ട് മാത്രം ഈ ലക്‌ഷ്യം നേടാന്‍ ഒരു വ്യക്തിക്ക് കഴിയുമോ? കഴിയുമായിരുന്നെങ്കില്‍ നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്ന ദാരിദ്രന്മാരെല്ലാം
സല്കര്‍മികളും പുണ്യാളന്മാരും ഭക്തരുമൊക്കെ ആകേണ്ടതായിരുന്നില്ലേ?
വിശപ്പും ദാഹവും വഴി ശരീരത്തെ പാകപ്പെടുത്തുന്നതോടൊപ്പം നാവിനും കണ്ണിനും കാതിനും ലൈംഗികാവയവങ്ങള്‍ക്കും വിചാരവികാരങ്ങള്‍ക്കുമെല്ലാം  കടിഞ്ഞാണിടാന്‍
ഒരു നോമ്പുകാരന് കഴിയുമ്പോഴേ ലക്‌ഷ്യം നേടാന്‍ കഴിയൂ. ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍, ഓരോ വര്‍ഷവും ഇതേ പ്രക്രിയ ആവര്‍ത്തിക്കപ്പെടുമ്പോള്‍ വ്യക്തിയുടെ ഉള്ളിലും പുറത്തും വലിയ മാറ്റം പ്രകടമാകും. നമസ്കാരവും സകാത്തും ഹജ്ജും വിശകലനം ചെയ്താല്‍ ഇതേ യുക്തി കൂടുതല്‍ വ്യക്തമാകും.

(കുഞ്ഞുമുഹമ്മദ് പുലവത്ത്)

Related Post