Main Menu
أكاديمية سبيلي Sabeeli Academy

ഇസ്ലാമിന്റെ ലക്ഷ്യം

 

غاية الإسلامഭൗതികഭൂമി മനുഷ്യന്റെ താല്‍ക്കാലിക താമസ സ്ഥലമാണ്. മരണത്തോടെയവന്‍ പരലോകത്തേക്ക് നീങ്ങുകയായി. ജീവിതകാലത്ത് ഭൂമിയില്‍ അന്തസ്സും സന്തോഷവുമുണ്ടാകണം. മരണാനന്തരം പൂര്‍ണവിജയം ലഭിക്കണം. ഇതാണിസ്ലാമിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പല മതങ്ങളും അനുശാസിക്കുന്നത് പോലെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇസ്ലാം കല്‍പ്പിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ബന്ധങ്ങളും അവഗണിച്ച് കേവലം പരലോകത്തിനുവേണ്ടി അധ്വാനിക്കണമെന്ന് ഇസ്ലാം നിര്‍ദേശിക്കുന്നില്ല. പ്രത്യുത നിനക്കല്ലാഹു നല്‍കിയ അനുഗ്രഹങ്ങളിലുടെ പരലോക വിജയം നേടുക. അതേയവസരം ദുനിയാവില്‍ നിന്റെ പങ്കിനെ കുറിച്ച് അശ്രദ്ധനായിരിക്കരുത്.’ എന്നാണ് ഖുര്‍ആന്‍ കല്‍പ്പിച്ചത്.

ഐഹികലോകത്ത് ഉത്തുംഗതയിലെത്തുന്നതോടെ പരലോകത്ത് ഉന്നതസ്ഥാനം നേടിയെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം. ഭൌതികലോകത്തെ പാടേ ത്യജിച്ചുകൊണ്ടുള്ള ആത്മീയ ജീവിതവും ആത്മീയ ചിന്തയെ വര്‍ജ്ജിച്ചുകൊണ്ടുള്ള ഭൌതിക ജീവിതവും ഇസ്ലാമിന് അന്യമാണ്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള സംസ്കൃത സമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.

അല്ലാഹു മനുഷ്യന് സാധിക്കാത്തത് അവനോട് നിര്‍ബന്ധിക്കുകയില്ല(ഖുര്‍ആന്‍ 2/286). നിന്റെ നാഥന്‍ ഒരാളോടും അക്രമം പ്രവര്‍ത്തിക്കുകയില്ല (ഖുര്‍ആന്‍ 18 -49). ഇല്ലായ്മയില്‍ നിന്നാണ് അല്ലാഹു ലോകത്തെ സൃഷ്ടിച്ചത്. ഒരു മുന്‍ മാതൃകയും ആരുടെയും സഹായവുമില്ലാതെ അനന്തവിസ്തൃതമായ ഈ അത്ഭുത പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിന്റെ ശക്തി അപാരമാണ്. നിശ്ചിത കാലം വരെ പ്രപഞ്ചത്തിന് ഈ പ്രകൃതിയും ഘടനയും നിലനില്‍ക്കും. ഒരു ദിവസം എല്ലാം തകര്‍ന്നു തരിപ്പണമാകും. നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുകയും സൂര്യപ്രഭ മങ്ങുകയും ചന്ദ്രന്‍ പിളരുകയും ആകാശം പൊട്ടിച്ചിതറുകയും ചെയ്യുന്ന അതിഭീകരമായ ഒരുദിവസം വരാനിരിക്കുന്നു. ലോകാന്ത്യം. അന്ന് സര്‍വ ജീവജാലങ്ങളും മണ്ണടിയും. എല്ലാം കഥാവശിഷ്ടമാകുന്നു. ആ ദിവസത്തില്‍ മനുഷ്യരാരും ബാക്കിയുണ്ടാകില്ല. ആ രംഗം കാണാനും റിപ്പോര്‍ട്ടു ചെയ്യാനും ഒരാള്‍ പോലും ശേഷിക്കുകയില്ല.

ഇതര ജീവജാലങ്ങളെപ്പോലെ ലോകാന്ത്യ ദിനത്തിലോ അതിനു മുമ്പോ മണ്ണടിഞ്ഞുകഴിഞ്ഞാല്‍ മനുഷ്യന്റെ കഥ കഴിഞ്ഞോ? എങ്കില്‍ ഈ മനുഷ്യനെന്ത് വ്യത്യാസം. മൃഗവും മനുഷ്യനും തമ്മില്‍ എന്തന്തരം? തീര്‍ച്ചയായും മനുഷ്യന് സവിശേഷതയുണ്ട്. മനുഷ്യന്‍ ഭൗതികലോകത്ത് നിയന്ത്രിത ജീവിതം നയിച്ചവരാണ്. അല്ലാഹുവിന്റെ നിയമങ്ങളംഗീകരിച്ചവരാണ്. അനേകം മോഹങ്ങളും അഭിലാഷങ്ങളും അല്ലാഹുവിനുവേണ്ടി കയ്യൊഴിച്ചവരാണ്. ഒരുപാട് സ്വപ്നങ്ങള്‍ ഭൂമിയില്‍ വിട്ടേച്ച് കൊണ്ടാണ് അവന്‍ വിടപറഞ്ഞത്.

കുറ്റകൃത്യങ്ങളും മഹാപാപങ്ങളും ചെയ്ത് കൊന്നും കവര്‍ന്നും ജീവിച്ചവര്‍, കുടിച്ചു മഥിച്ചു രമിച്ചു നടന്നവര്‍, നിയമങ്ങള്‍ അവഗണിച്ച് തള്ളിയവര്‍, ക്രൂരതയും ധിക്കാരവും കാട്ടി സമൂഹത്തെ ദ്രോഹിച്ചവര്‍ അത്തരക്കാരും മനുഷ്യരിലുണ്ട്. മദ്യമദിരാക്ഷികളുടെ അടിമകളായി സ്വച്ഛന്ദം വിഹരിച്ചവരും സുകൃതരും സത്യവിശ്വാസികളുമായി അടങ്ങിയൊതുങ്ങി മാന്യരും ഭക്തരുമായി കഴിഞ്ഞവരും ഒരേയവസ്ഥ പ്രാപിക്കുന്നത് ശരിയല്ല.

അതുകൊണ്ടുതന്നെ മനുഷ്യന്‍ പുനര്‍ജനിക്കും. ഇല്ലായ്മയില്‍ നിന്നും പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച അല്ലാഹുവിന് മരിച്ചു മണ്ണടിഞ്ഞ മനുഷ്യരെ പുനര്‍ജീവിപ്പിക്കാന്‍ എന്താണ് പ്രയാസം. ‘ജീര്‍ണിച്ച അസ്ഥികളെ ആരാണ് ജീവിപ്പിക്കുക എന്നവന്‍ ചോദിക്കുന്നു. പറയുക. അവയെ ആദ്യം ഉണ്ടാക്കിയതാരോ അവന്‍ തന്നെയാണവയെ പുനര്‍ജീവിപ്പിക്കുക. അവന്‍ സര്‍വശക്തനാണ’ (യാസീന്‍).

മരണാനന്തര ജീവിതത്തിലാണ് ഭൌതികലോകത്തെ കര്‍മഫലങ്ങള്‍ ലഭിക്കുന്നത്. അവി ടെ ഭൂമിയിലെ പ്രവര്‍ത്തനങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നു. സുകൃതര്‍ക്ക് പ്രതിഫലമായി സ്വര്‍ഗീയ സൌകര്യങ്ങള്‍ ലഭിക്കുന്നു. ദുഷ്കര്‍മികള്‍ക്കു തങ്ങളുടെ ചെയ്തികള്‍ക്കനിവാര്യമായ ശിക്ഷയും ലഭിക്കുന്നു. കഠിനകഠോരമായ ശിക്ഷ. ശിക്ഷയനുഭവിക്കാനവര്‍ വിധിക്കപ്പെടുന്നു. ആഖിറത്ത്, വിചാരണയുടെ ലോകം എന്നൊക്കെ ആ ജീ വിതകാലത്തെ വിശേഷിപ്പിക്കാം.

Related Post