ഇസ്ലാമില്‍ സമ്പത്തിന്റെ സ്ഥാനം

പണം

ഇസ്ലാമില്‍ സംബത്തിന്റെ സ്ഥാനം

 മുസ്‌ലിം നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടത്

പണം പണം എന്നാലോലിച്ച് ചിലപ്പോഴൊക്കെ നമ്മുടെ തല പെരുത്തു പോകാറില്ലേ. കുറച്ച് കൂടി പണമുണ്ടായിരുന്നെങ്കില്‍ ഇന്നതൊക്കെ ചെയ്യാമായിരുന്നു എന്ന് നമ്മള്‍ പലരും വിചാരിക്കാറുമുണ്ട്. എന്നാല്‍ എങ്ങനെ പണമുണ്ടാക്കും എന്ന ചിന്ത എങ്ങനെയെങ്കിലും പണമുണ്ടാക്കണം എന്ന ആത്മഗതത്തിലേക്ക് നമ്മെ നയിക്കാറുണ്ട്. അത് ഇസ്‌ലാമികമാണോ എന്ന് നമ്മള്‍ ആലോചിക്കാറുമില്ല. ഇസ്‌ലാമില്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി നിബന്ധനകളും മാനദണ്ഡങ്ങളുമുണ്ട്. അവ പാലിക്കുമ്പോഴേ നമ്മുടെ ഇടപാടുകള്‍ ഇസ്‌ലാമികമാവുകയുള്ളൂ.തൊഴിലുടമയും തൊഴിലാളിയും
കൃത്യമായി ശമ്പളം ലഭിക്കുക, കരാറുകള്‍ക്ക് അനുസരിച്ച ജോലിസമയം, തൊഴില്‍ സുരക്ഷ എന്നിവയൊക്കെയാണ് തൊഴിലിടങ്ങളില്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍. ”വിയര്‍പ്പുണങ്ങുന്നതിന് മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക” എന്നതാണ് പ്രവാചക അധ്യാപനം. തൊഴിലാളികള്‍ക്ക് അവരുടെ അര്‍ഹമായ അവകാശങ്ങള്‍ നല്‍കാത്തവരെ പ്രവാചകന്‍ താക്കീതു ചെയ്യുകയും ചെയ്തു. അവിടുന്ന് ഒരു ഖുദ്‌സിയായ ഹദീസില്‍ പറയുന്നു: ”അല്ലാഹു പറഞ്ഞു:
അന്ത്യനാളില്‍ മൂന്ന് വിഭാഗം ആളുകളുടെ പ്രതിയോഗിയാണ് ഞാന്‍. എന്റെ സന്ദേശം ലഭിച്ചിട്ട് അതുപേക്ഷിച്ചവന്‍, സ്വതന്ത്രനായ മനുഷ്യനെ വിറ്റുകൊണ്ട് അതിന്റെ വില ഭക്ഷിക്കുന്നവന്‍, കൂലിക്ക് വിളിച്ചു പ്രതിഫലം നല്‍കാത്തവന്‍ എന്നിവരാണത്.” (ബുഖാരി).

സമ്പത്തും ദാനധര്‍മ്മങ്ങളും

സാമ്പത്തിക ഉടമ്പടികളില്‍ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹുവിനോടുള്ള ഉടമ്പടിയാണ്. ധനികര്‍ ഈ ഉടമ്പടി പൂര്‍ത്തീകരിക്കുന്നത് സകാത്ത് കൊടുത്തും ദരിദ്രര്‍ക്ക് ദാനധര്‍മ്മങ്ങള്‍ നല്‍കിയുമൊക്കെയാണ്. ദാനധര്‍മ്മങ്ങളിലൂടെ നമ്മുടെ ധനത്തോടൊപ്പം തന്നെ മനസ്സിനെയും സ്വാര്‍ത്ഥയില്‍ നിന്നും അത്യാഗ്രഹത്തില്‍ നിന്നും അല്ലാഹു ശുദ്ധമാക്കുന്നു. ദാനധര്‍മ്മങ്ങള്‍ നമ്മുടെ സമ്പത്തില്‍ ഇടിവ് വരുത്തുകയല്ല, മറിച്ച് വര്‍ധനവുണ്ടാക്കുകയാണ് ചെയ്യുന്നത്. സകാത്ത് നല്‍കാതെ ധനം കെട്ടിപ്പൂട്ടി വെക്കുമ്പോള്‍ മഴ നല്‍കാതെ അല്ലാഹു നമ്മെ പരീക്ഷിക്കും. ഖുര്‍ആനിലും സുന്നത്തിലും അതിന് ധാരാളം തെളിവുകള്‍ നമുക്ക് കാണാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ”പൊന്നും വെള്ളിയും കൂട്ടിവെക്കുകയും ദൈവികമാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ, വേദനയേറിയ ശിക്ഷയുടെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അതേ സ്വര്‍ണവും വെള്ളിയും നരകാഗ്‌നിയില്‍ പഴുപ്പിക്കുകയും അനന്തരം അതുകൊണ്ട് അവരുടെ നെറ്റികളും പാര്‍ശ്വങ്ങളും മുതുകുകളും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ഒരു ദിനം വരുന്നുണ്ട്ഇതാകുന്നു നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ശേഖരിച്ച നിക്ഷേപം. അതുകൊണ്ട് നിങ്ങള്‍ നിക്ഷേപിച്ചുകൊണ്ടിരുന്നതിന്റെ രുചി ആസ്വദിച്ചുകൊള്ളുവിന്‍.”(അത്തൗബ:34,35).

അല്ലാഹു വീണ്ടും പറയുന്നു: ”അവരുടെ ധനത്തില്‍ ചോദിച്ചുവരുന്നവര്‍ക്കും ഉപജീവനം തടയപ്പെട്ടവര്‍ക്കും നിര്‍ണിതമായ വിഹിതമുണ്ട്.” (അല്‍മആരിജ്:24,25).
”പ്രവാചകാ, നീ അവരുടെ സമ്പത്തില്‍നിന്നു ധര്‍മം വസൂല്‍ചെയ്ത് അവരെ ശുദ്ധീകരിക്കുകയും(നന്മയുടെ മാര്‍ഗത്തില്‍) വളര്‍ത്തുകയും ചെയ്യുക.” (അത്തൗബ:103)
പ്രവാചകന്‍(സ) പഠിപ്പിക്കുന്നു: ”സകാത്ത് നല്‍കാന്‍ കൂട്ടാക്കാത്ത സമ്പത്തിന്റെ ഉടമസ്ഥന്‍ നരകത്തീയില്‍ എരിക്കപ്പെടും. അവന്റെ അടിമകള്‍ക്കിടയില്‍ അല്ലാഹു വിധിതീര്‍പ്പ് നടപ്പിലാക്കുന്നത് വരെ അവര്‍ സമ്പാദിച്ചുകൂട്ടിയ ധനം ഉരുകിയ പാളികളാക്കി അവരുടെ നെറ്റിയിലും പാര്‍ശ്വഭാഗങ്ങളിലും വെക്കപ്പെടും. അമ്പതിനായിരം വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ളതായിരിക്കും അവിടത്തെ ഒരു ദിനം. പിന്നെ അവന് സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ഉള്ള മാര്‍ഗം കാട്ടപ്പെടും” (മുസ്‌ലിം).

സകാത്തിന്റെ പ്രാധാന്യം മനസ്സിലാകണമെങ്കില്‍ സമൂഹത്തില്‍ അത് ചെലുത്തുന്ന സ്വാധീനം പരിഗണിച്ചാല്‍ മതി. സമ്പന്നര്‍ അവരുടെ ബാധ്യതകള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ദരിദ്രര്‍ അവരുടെ വിഷമങ്ങള്‍ മാറ്റുന്നു. സമ്പന്നന്റെ എല്ലാ ഐക്യദാര്‍ഢ്യങ്ങളോടെയും ദരിദ്രന്‍ സമൂഹത്തില്‍ ജീവിക്കുന്നു. ആ സമൂഹത്തെ പ്രവാചകന്‍ ഉദാഹരിക്കുന്നത്: ”യുദ്ധത്തില്‍ അശ്അരികളുടെ ആഹാരസാധനങ്ങള്‍ തീര്‍ന്നു. അല്ലെങ്കില്‍ മദീനയിലായിരിക്കുമ്പോള്‍ തന്നെ അവരുടെ കുടുംബത്തിലെ ആഹാരം കുറഞ്ഞു. എങ്കില്‍ ഞങ്ങളുടെ പക്കലുള്ളതെല്ലാം കൂടി അവര്‍ ഒരു തുണിയില്‍ ശേഖരിക്കും. ശേഷം ഒരളവ് പാത്രവും കൊണ്ട് സമമായി അതവര്‍ പങ്കിട്ടെടുക്കും. അതാണ് അവരുടെ പതിവ്. അവര്‍ എന്നില്‍ നിന്നുള്ളവരും ഞാന്‍ അവരില്‍ നിന്നുള്ളവനുമാണ്” (ബുഖാരി).

പലിശയില്‍ നിന്ന് വിട്ടുനില്‍ക്കല്‍

നാഗരികതകളുടെയൊക്കെ ചരിത്രം ആഴത്തില്‍ പഠിച്ചുനോക്കിയാല്‍ എല്ലാ കുഴപ്പങ്ങളുടെയും മൂലകാരണം പലിശസമ്പ്രദായം ആയിരുന്നുവെന്ന് കാണാന്‍ സാധിക്കും. അതുകൊണ്ടാണ് പലിശയുടെ കാര്യത്തില്‍ ഇസ്‌ലാം വളരെ ജാഗ്രതത പുലര്‍ത്തിയത്. പലിശയുള്‍പ്പെടുന്ന ഒരുവിധ ഇടപാടുകളുടെയും ഭാഗമാകാതിരിക്കാന്‍ മുസ്‌ലിം നിക്ഷേപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹു പലിശ ഇടപാടിനെ ശക്തമായി വിലക്കുകയും കഠിനമായ ശിക്ഷ കൊണ്ടു താക്കീതു ചെയ്യുകയും ചെയ്തു. അല്ലാഹു പറയുന്നു: ”എന്നാല്‍ പലിശ തിന്നുന്നവരോ, അവരുടെ ഗതി ചെകുത്താന്‍ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു. കച്ചവടവും പലിശപോലെത്തന്നെ എന്നു വാദിച്ചതുകൊണ്ടത്രെ അവര്‍ക്കീ ഗതിവന്നത്. എന്നാല്‍ കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്. ആര്‍ക്കെങ്കിലും തന്റെ നാഥനില്‍നിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടില്‍നിന്നു വിരമിക്കുകയും ചെയ്താല്‍, അയാള്‍ മുമ്പ് അനുഭവിച്ചത് അനുഭവിച്ചുകഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു. ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരോ, നരകാവകാശികള്‍ തന്നെയാകുന്നു. അവരതില്‍ നിത്യവാസികളല്ലോ. അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധര്‍മങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു. നന്ദികെട്ട ദുര്‍വൃത്തരായ ആരെയും അല്ലാഹു സ്‌നേഹിക്കുകയില്ല.” (അല്‍-ബഖറ 275, 276).

പലിശ വാങ്ങുന്നവരോടും കൊടുക്കുന്നവരോടും അല്ലാഹു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: ”അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, പലിശയിനത്തില്‍ ജനങ്ങളില്‍നിന്നു കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ തന്നെയാണെങ്കില്‍. അപ്രകാരം ചെയ്യുന്നില്ലെങ്കിലോ, എങ്കില്‍, അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്നറിഞ്ഞുകൊള്‍വിന്‍. ഇനി പശ്ചാത്തപിക്ക(പലിശ വര്‍ജിക്ക)യാണെങ്കില്‍ സ്വന്തം മൂലധനം തിരിച്ചെടുക്കാവുന്നതാകുന്നു; നിങ്ങള്‍ അക്രമം പ്രവര്‍ത്തിക്കാതെയും അക്രമിക്കപ്പെടാതെയും. നിങ്ങളുടെ കടക്കാരന്‍ ഞെരുക്കത്തിലാണെങ്കില്‍ അയാള്‍ക്കു ക്ഷേമമാകുന്നതുവരെ അവധി കൊടുക്കുക. അതു ദാനമായി നല്‍കുന്നതാണ് ഏറെ ഉത്തമംനിങ്ങള്‍ ഗ്രഹിക്കുന്നവരാണെങ്കില്‍. അല്ലാഹുവിങ്കലേക്കു മടക്കപ്പെടുന്ന ആ നാളിലെ അപമാനത്തില്‍നിന്നും ആപത്തില്‍നിന്നും നിങ്ങള്‍ രക്ഷതേടുവിന്‍. അന്ന്, ഓരോ മനുഷ്യനും അവന്‍ നേടിവച്ച നന്മതിന്മകളുടെ പരിപൂര്‍ണ പ്രതിഫലം നല്‍കപ്പെടുന്നതാകുന്നു. ആരുടെ നേരെയും യാതൊരക്രമവുമുണ്ടാകുന്നതല്ല.” (അല്‍-ബഖറ 278-281).

പലിശയോടുള്ള ഇസ്‌ലാമിന്റെ നിലപാട് വളരെ കര്‍ശനമാണ്. ഏഴു വന്‍പാപങ്ങളില്‍ ഒന്നായാണ് പ്രവാചകന്‍(സ) പലിശയെ എണ്ണിയത്. പ്രവാചകന്‍(സ) പഠിപ്പിക്കുന്നു: ”നിങ്ങള്‍ ഏഴു വന്‍പാപങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക. അപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഏതൊക്കെയാണ് അവ? പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, ആഭിചാരം നടത്തുക, അന്യായമായി ഒരു ജീവനെ ഹനിക്കുക, അനാഥയുടെ ധനം അന്യായമായി ഭുജിക്കുക, യുദ്ധമുഖത്തില്‍ നിന്ന് പിന്തിരിഞ്ഞോടുക, മ്ലേച്ഛതകളെ കുറിച്ച് മനസ്സാ ചിന്തിച്ചിട്ടില്ലാത്ത വിശ്വാസിനികളായ പതിവ്രതകളെ ആരോപിക്കുക എന്നിവായണവ” (ബുഖാരി).

മിഅ്‌റാജ് രാവിലുണ്ടായ ഒരനുഭവത്തെ പറ്റി പ്രവാചകന്‍ ഹദീസില്‍ പറയുന്നു: ”രണ്ടാളുകള്‍ എന്നെ വന്ന് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ ഞങ്ങള്‍ ഒരു നദിക്കരയില്‍ എത്തിച്ചേര്‍ന്നു. നദിയില്‍ ഒരു മനുഷ്യനുണ്ടായിരുന്നു, അയാള്‍ കരയോടടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ കരയില്‍ നില്‍ക്കുന്ന മറ്റൊരാള്‍ നദിയിലെ മനുഷ്യന്റെ വായിലേക്ക് കല്ലെറിയുന്നു. നദിയിലുള്ള ആള്‍ കരയിലേക്ക് കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അയാള്‍ കല്ലെറിയുന്നു. ഞാന്‍ ചോദിച്ചു: ആരാണ് ഇവര്‍? ഞാന്‍ പറയപ്പെട്ടു: നദിയില്‍ നില്‍ക്കുന്നവന്‍ പലിശ ഭുജിച്ചവനാണ്.” (ബുഖാരി)

അവലംബം: islamweb.net

Related Post