ഇസ്‌ലാമുംജനാധിപത്യവും.
(ചിത്രത്തില്‍ കാണുന്നവര്‍ പര്‍ദ്ദയിട്ട അമുസ്ലിം സഹോദരി മാരാണ്)
നിദ ലുലു
തങ്ങളുടെ ഭരണകര്‍ത്താക്കളെ ജനങ്ങള്‍ തെരെഞ്ഞെടുക്കുക, അവര്‍ വെറുക്കുന്ന വ്യക്തികളെയും വ്യവസ്ഥകളെയും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക, ഭരണാധികാരി തെറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ ചോദ്യം ചെയ്യാനും വഴിതെറ്റുമ്പോള്‍ സ്ഥാനഭ്രഷ്ടനാക്കാനും പകരം ഒരാളെ കണ്ടെത്താനുമുള്ള അവകാശവുമുണ്ടായിരിക്കുക തുടങ്ങി സമ്മതിദാനാവകാശം, പൊതുവായ അഭിപ്രായ രൂപീകരണം, ഭൂരിപക്ഷാഭിപ്രായത്തിന്റെ പ്രാമുഖ്യം, രാഷ്ട്രീയ കക്ഷികളുടെ വൈവിധ്യം, ന്യൂനപക്ഷത്തിന്റെ വിമര്‍ശന സ്വാതന്ത്ര്യം, ജുഡീഷ്യറി എന്നീ ജനാധിപത്യത്തിന്റെ ഗുണപരമായ സവിശേഷതകളെ ഇസ്‌ലാം അംഗീകരിക്കുന്നു.
നിങ്ങളുടെ നേതാക്കന്മാരില്‍, ഭരണാധികാരികളില്‍ ഉത്തമര്‍ നിങ്ങള്‍ അവരെയും അവര്‍ നിങ്ങളെയും ഇഷ്ടപ്പെടുന്നവരാണ്. അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കും. അവര്‍ നിങ്ങളെ വെറുക്കുന്നവരാണെങ്കില്‍ അവര്‍ നിങ്ങളെയും നിങ്ങള്‍ അവരെയും ശപിച്ചുകൊണ്ടിരിക്കും (സ്വഹീഹ് മുസ്‌ലിം). ഭരണീയര്‍ ഭരണാധികാരികളെ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും വേണം. അവര്‍ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവരും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നവരുമാകണം. അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരും സമ്പത്ത് കൊള്ളയടിക്കുന്നവരുമായ ഭരണാധിപന്മാരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഇടനിലക്കാരെയും ഇവരുടെ തണലില്‍ സുഖലോലുപരായി വാഴുന്ന ധനാഢ്യ-പ്രഭുക്കളെയും അല്ലാഹു താക്കീതു ചെയ്യുന്നു.
അല്ലാഹുവിന്റെ അടിമകളുടെ മേല്‍ കിരാതവാഴ്ച നടത്തുകയും ദൈവത്തിന്റെ മണ്ണില്‍ ദൈവം ചമയുകയും അഹങ്കരിക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ ഫിര്‍ഔനിനെ പോലെയാണ്. ധിക്കാരിയായ ഭരണാധികാരിയെ സേവിക്കുന്നതില്‍ തന്റെ ബുദ്ധിയും കഴിവും വിനിയോഗിക്കുന്ന രാഷ്ട്രീയക്കാരന്‍ ആ ധിക്കാരിയുടെ ഭരണം അരക്കിട്ടുറപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നവരാണ്. അയാള്‍ക്ക് കീഴൊതുങ്ങാനായി ജനങ്ങളെ പ്രലോഭിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. അതിനുദാഹരണമാണ് ഹാമാന്‍. ഇവരുടെ അക്രമ ഭരണത്തില്‍ നിന്ന് ഫലം കൊയ്യുന്ന മുതലാളിമാരും ഫ്യൂഡല്‍ പ്രഭുക്കളും സമൂഹത്തിന്റെ രക്തവും വിയര്‍പ്പും ഊറ്റിക്കുടിക്കുന്നവരാണ്. കൂടുതല്‍ സമ്പത്ത് നേടിയെടുക്കുന്നതിനായി തന്റെ സ്വത്തിന്റെ ചെറിയൊരംശം മര്‍ദ്ദക ഭരണകൂടത്തെ താങ്ങിനിര്‍ത്താനായി ചിലവഴിക്കുന്ന ഇവര്‍ ഖാറൂനെ പോലെയാണ്.
ഈ ത്രികക്ഷി സഖ്യത്തിന്റെ അവിശുദ്ധ ബാന്ധവത്തെ കുറിച്ച് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”നാം മൂസയെ നമ്മുടെ ദൃഷ്ടാന്തങ്ങളും സുവ്യക്തമായ അധികാര പത്രവുമായി ഖാറൂനിന്റെയും ഫിര്‍ഔനിന്റെയും ഹാമാനിന്റെയും അരികിലേക്കയക്കുകയുണ്ടായി. അപ്പോള്‍ അവര്‍ ഘോഷിച്ചു: ആഭിചാരകന്‍, കള്ളം പറയുന്നവന്‍” (അല്‍-ഗാഫിര്‍).
”ഖാറൂനെയും ഹാമാനെയും ഫിര്‍ഔനിനെയും നാം നശിപ്പിച്ചു. മൂസാ തെളിവുകളുമായി അവരില്‍ ചെന്നിട്ടുണ്ടായിരുന്നു. പക്ഷേ, അവര്‍ ഭൂമിയില്‍ കേമന്മാരായി നടിച്ചു. അവരാകട്ടെ മുന്നേറാന്‍ സാധിക്കുന്നവരുമായിരുന്നില്ല.” (അല്‍-അന്‍കബൂത്ത്: 39)
സ്വേച്ഛാധിപത്യത്തെ ഇസ്‌ലാം എതിര്‍ക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ അഭിപ്രായ സ്വാതന്ത്ര്യത്തിന് നബി(സ) വലിയ പ്രാധാന്യം നല്‍കി. വിശ്വാസികളുടെ ജീവിതത്തിന്റെ സമഗ്രമേഖലകളിലും കൂടിയാലോചന നിശ്ചയിക്കുകയും ഭരണാധികാരികള്‍ക്ക് ശൂറ നിര്‍ബന്ധമാക്കുകയും ചെയ്തു. നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാക്കി. അക്രമിയായ ഭരണാധികാരികളുടെ മുമ്പില്‍ സത്യം വിളംബരം ചെയ്യുന്നത് അതിമഹത്തായ ജിഹാദാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ധാര്‍മിക സദാചാര സേവന മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിന് കരുത്തുറ്റ മൂല്യ പ്രമാണങ്ങള്‍ സമര്‍പ്പിച്ചത് ഇസ്‌ലാമാണ്. ജനാധിപത്യപരമായ സവിശേഷതകളെ നൂറ്റാണ്ടുകള്‍ക്കു മുമ്പേ അത് ഊന്നിപ്പറഞ്ഞിട്ടുണ്ട്. നിലനില്‍ക്കുന്ന ജനാധിപത്യ വ്യവസ്ഥയോടൊപ്പം നില്‍ക്കുക എന്നത് പ്രായോഗിക മുഖമായിരിക്കെ അതിന്റെ പോരായ്മകള്‍ പരിഹരിച്ച് ഉദാത്തവും കാര്യക്ഷമവുമായ രൂപങ്ങളെയും ശൈലികളെയും കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്.
ഇസ്‌ലാമിന്റേതല്ലാത്ത സാങ്കേതിക വിദ്യയോ ദാര്‍ശനിക കാഴ്ചപ്പാടോ സ്വീകരിക്കുന്നതിന് തടസ്സമൊന്നുമില്ല. ശരീഅത്തിന്റെ സുസ്ഥിര നിയമത്തിനും സുവ്യക്തമായ അടിസ്ഥാനങ്ങള്‍ക്കും വിരുദ്ധമാകാത്തിടത്തോളം നമുക്കത് അനുവദനീയമാണ്. സ്വീകരിച്ച കാര്യങ്ങള്‍ ചര്‍ച്ചക്ക് വിധേയമാക്കുകയും കൂട്ടിക്കിഴിക്കലുകള്‍ നടത്തുകയും ചെയ്ത് തികച്ചും നമ്മുടേതാക്കി മാറ്റുകയും വേണം. എന്നാല്‍ നിര്‍ബന്ധിത ബാധ്യതകളെ ഇല്ലാതാക്കുകയും ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാക്കുകയും ചെയ്യുന്ന അതിന്റെ തത്വശാസ്ത്രങ്ങള്‍ നാം ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്.
(ശാന്തപുരം അല്‍-ജാമിഅ അല്‍ ഇസ്‌ലാമിയ്യയില്‍ ശരീഅ വിദ്യാര്‍ഥിനിയാണ് ലേഖിക)