‘ഇസ്‌ലാമും മിശ്രവിവാഹവും

 

ചോദ്യം: ”ഇസ്‌ലാം മിശ്രവിവാഹത്തെ അനുകൂലിക്കുന്നില്ല. ഇത് തികഞ്ഞ സങ്കുചിതത്വവും അസഹിഷ്ണുതയുമല്ലേ ?
……………………………………………………………………
الزواج1സമൂഹത്തിന്റെ അടിസ്ഥാന ഘടകമാണ് കുടുംബം. അത് രൂപപ്പെടുന്നത് വിവാഹത്തിലൂടെയാണ്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് ദാമ്പത്യപ്പൊരുത്തം അനിവാര്യമത്രെ.
അതുണ്ടാവണമെങ്കില്‍ ദമ്പതികളെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും കാരുണ്യവുമായിരിക്കണം. ഖുര്‍ആന്‍ ഇക്കാര്യം ഇങ്ങനെ വ്യക്തമാക്കുന്നു: ”അവന്‍
നിങ്ങള്‍ക്കു നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചുതന്നതും – അവരുടെ സാന്നിധ്യത്തില്‍ നിങ്ങള്‍ക്ക് ശാന്തി ലഭിക്കാനായി- നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും
കാരുണ്യവും ഉണ്ടാക്കിത്തന്നതും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. നിശ്ചയം,ചിന്തിക്കുന്ന ജനത്തിന് ഇതില്‍ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്”(ഖുര്‍ആന്‍ 30: 21).
സ്‌നേഹബന്ധം സുദൃഢമാവണമെങ്കില്‍ ആദര്‍ശൈക്യം അനിവാര്യമാണ്. ഒരു കമ്യൂണിസ്റ്റുകാരന് കോണ്‍ഗ്രസ്സുകാരനായ സഹോദരനേക്കാള്‍ അടുപ്പവും ഉറ്റ ആത്മബന്ധവുമുണ്ടാവുക തന്റെ കമ്യൂണിസ്റ്റുകാരനായ സുഹൃത്തിനോടായിരിക്കും.കോണ്‍ഗ്രസ്സുകാരന്റെയും ബി.ജെ.പി.ക്കാരന്റെയുമൊക്കെ സ്ഥിതിയും ഇതുതന്നെ. കലവറയില്ലാതെ രഹസ്യങ്ങള്‍ കൈമാറാനും കരുതിവയ്പില്ലാതെ ആത്മാര്‍ഥവും ഊഷ്മളവുമായ സ്‌നേഹബന്ധം സ്ഥാപിക്കാനും ആദര്‍ശപ്പൊരുത്തം കൂടിയേ തീരൂ. ഗണിതശാസ്ത്രത്തില്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ടാണല്ലോ. എന്നാല്‍ ഇസ്‌ലാം വിഭാവന ചെയ്യുന്ന ദാമ്പത്യലോകത്ത് അത് ‘ഇമ്മിണി വലിയ ഒന്നാ’ണ്. ഖുര്‍ആന്‍ പറയുന്നു: ”സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വസ്ത്രമാകുന്നു. പുരുഷന്മാര്‍ സ്ത്രീകള്‍ക്കും വസ്ത്രമാകുന്നു.”(2: 187) ”നിങ്ങള്‍ പരസ്പരം ഇഴുകിക്കഴിഞ്ഞവരത്രെ.”(4: 21) രണ്ട് പ്രവാഹങ്ങള്‍ ചേര്‍ന്ന് ഒന്നായി മാറുന്നപോലെ രണ്ടാള്‍ ചേര്‍ന്ന് ഒന്നായി മാറി കൂട്ടായി ജീവിക്കുന്ന അതിമഹത്തരവും അനിര്‍വചനീയവുമായ ഒന്നാണല്ലോ ദാമ്പത്യം.
വിശ്വാസ, വീക്ഷണ, ആചാര, ആരാധനാനുഷ്ഠാനങ്ങളില്‍ വൈവിധ്യവും വൈരുധ്യവുമുള്ളവര്‍ ചേര്‍ന്നുണ്ടാവുന്ന ദാമ്പത്യം ഭദ്രമോ ഊഷ്മളമോ ആവുകയില്ല.
അസുഖകരമായ അവസ്ഥയ്ക്കും അനാരോഗ്യകരമായ പരിണതിക്കുമാണ് അത് വഴിവയ്ക്കുക.താന്‍ സ്വീകരിച്ചംഗീകരിച്ച ആദര്‍ശമാണ് ഇഹപര വിജയത്തിന്റെ മാര്‍ഗമെന്നും പരമമായ സത്യമെന്നും വിശ്വസിക്കുന്ന സത്യസന്ധതയും ആത്മാര്‍ഥതയുമുള്ള ഏതൊരാളും തന്റെ മക്കളും പിന്‍മുറക്കാരും അതിന്റെ വക്താക്കളും പ്രയോക്താക്കളുമാകണമെന്ന് ആഗ്രഹിക്കുക അനിവാര്യമത്രെ. സ്വന്തക്കാരും സന്താനങ്ങളും തന്നെപ്പോലെ ആവണമെങ്കില്‍ ജീവിത പങ്കാളിയും അതേ ആദര്‍ശ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നവരാകണം. അതിനാല്‍ ദാമ്പത്യ ഭദ്രതയ്ക്കും കുടുംബത്തിന്റെ കെട്ടുറപ്പിനും പിന്‍മുറക്കാരുടെ ആദര്‍ശ പ്രതിബദ്ധതയ്ക്കും ഇണകള്‍ക്കിടയിലെ
ആദര്‍ശൈക്യം അനിവാര്യമാണ്. മിശ്രവിവാഹത്തില്‍ അതുണ്ടാവില്ലെന്നത് സുവിദിതമാണല്ലോ. ഇസ്‌ലാം അതിനെ അംഗീകരിക്കാതിരിക്കാനുള്ള കാരണവും അതുതന്നെ.

Related Post