അവരുടെ വേദന നിങ്ങളാണ്

അവരുടെ വേദന നിങ്ങളാണ്

എഴുതിയത് : ജംഷിദ് നരിക്കുനി
securedownload  1
നിങ്ങളുടെ കൊച്ചു മക്കളുടെ മനസ്സ് നിങ്ങളുമായി ചുറ്റിവരിഞ്ഞാണ് നില്‍ക്കുന്നത്. അവരുടെ കൊച്ചു മിഴികള്‍ നിങ്ങളെ തിരയുന്നു. പ്രതീക്ഷകളും സ്വപ്‌നങ്ങളും, അത്താണിയും അവലംഭവുമെല്ലാം നിങ്ങള്‍തന്നെ. രാവും പകലും അവര്‍ നിങ്ങളെ നിരീക്ഷിക്കുകയാണ്. നിങ്ങള്‍ പറയുന്നതെന്തും കേള്‍ക്കുന്ന കാതുകളാണവരുടേത്. നിങ്ങളെപ്പോലെയാകാനും കൊതിച്ച് ദിവസങ്ങളിലൂടെ സഞ്ചരിക്കുന്നവരും നിങ്ങളെ മാതൃകയാക്കി മനസ്സില്‍ വലിയ ബിംബങ്ങള്‍ കൊത്തിപ്പടുക്കുന്നവരുമാണവര്‍.നിങ്ങളെയവര്‍ നിരന്തരം പഠിക്കുന്നു. പക്ഷേ, നിങ്ങളവരെ അറിയാന്‍ ശ്രമിക്കുന്നില്ല. നിങ്ങളുടെ വാക്കുകള്‍ വേദമൊഴികളെപ്പോലെ അവര്‍ കേള്‍ക്കുന്നു. നിങ്ങളുടെ രീതികള്‍ പിന്തുടര്‍ന്ന് നിങ്ങളെപ്പോലെ പറയുന്നു, പ്രവര്‍ത്തിക്കുന്നു, നിങ്ങള്‍ ചെയ്യുന്നതെന്തും ശരിയെന്ന് വിശ്വസിക്കുന്നു. വളര്‍ന്നുവലുതായാലും നിങ്ങളെപ്പോലെ, നിങ്ങളുടെ രൂപം തീര്‍ക്കാന്‍ ബാക്കിയാകുന്നവര്‍, അവര്‍ നിങ്ങളിലൂടെ വന്ന നിങ്ങളുടെ ജീവനാണ്, പക്ഷേ, നിങ്ങള്‍ അവരെ അറിയാന്‍ ശ്രമിക്കുന്നില്ല !സംസ്ഥാനത്തെ ഒരു മന്ത്രിയും പത്‌നിയും തമ്മിലുള്ള പുകിലുകള്‍ പെയ്തുതീര്‍ന്നിട്ടില്ല, ഇതുവരെയും. കവിയുടെ അക്ഷരങ്ങള്‍പോലും സംഭവവുമായി വളരെ ചേര്‍ന്നുനില്‍ക്കുന്നു. മന്ത്രിയുടെ ദാമ്പത്യ ജീവിതത്തെ വിശകലനം ചെയ്യാനിവിടെ ഉദ്ദേശിക്കുന്നില്ല.

 

എന്നാല്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിത്തീരുന്ന ദാമ്പത്യത്തകര്‍ച്ചയുടെ ഇടിനാദങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന അലോസരങ്ങളാണ് ആലോചനാവിഷയം.കനത്ത വെയിലിന്റെ പൊള്ളുന്ന ചൂടില്‍ ഉരുകിയൊലിക്കുകയാണിന്ന് നാം. എന്തുമാത്രം അസ്വസ്ഥജനകമായ അന്തരീക്ഷം! എന്നാല്‍ ഈയവസരത്തില്‍തന്നെ സമൂഹത്തിലെ ചില കുട്ടികളെങ്കിലും വേനല്‍ ചൂടിന്റെ കാഠിന്യത്തേക്കാളും വലിയ വേദനകള്‍ അനുഭവിക്കുന്നുണ്ടെന്നത് നാമറിയണം. ദമ്പതിമാരായിക്കഴിഞ്ഞ മാതാപിതാക്കള്‍ ദാമ്പത്യജീവിതമവസാനിപ്പിക്കാന്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ മക്കള്‍ അനുഭവിക്കുന്ന വേദനകള്‍ക്ക് അതിരുകളില്ല. അവരുടെ ഏങ്ങലുകള്‍ക്ക് അവസാനവുമില്ല. ഉള്ളില്‍ നീറിപ്പുകയുന്ന മനസ്സും, ചൂടുപിടിപ്പിക്കുന്ന മസ്തിഷ്‌കവുമായി അവര്‍ക്ക് പിന്നീടുള്ള കാലം കഴിച്ചുകൂട്ടേണ്ടിവരുന്നു. വീര്‍പ്പുമുട്ടിക്കൊണ്ട് മാത്രമേ ഓര്‍മകളോടൊപ്പം അവര്‍ക്ക് ജീവിക്കാനാവൂ. എന്തുമാത്രം വേദനയുണര്‍ത്തുന്ന നിസ്സഹായത!ദാമ്പത്യത്തകര്‍ച്ചകള്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും മനസ്സിലും ജീവിതത്തിലുമുണ്ടാക്കിത്തീര്‍ക്കുന്ന വേദനകളും വ്യഥകളും ഏറെ വിഷകരമം തന്നെയാണ്. ഒന്നിച്ച്, ജീവിച്ചവര്‍ വേര്‍പിരിയുമ്പോഴുണ്ടാവുന്ന വേദനകള്‍ അളക്കാനാവില്ല. വ്യക്തിയുടെ സ്വഭാവം, മനസ്സ്, വേര്‍പിരിയുന്നതിന്റെ കാരണങ്ങള്‍, ചുറ്റുപാടുകള്‍ തുടങ്ങിയവയ്ക്കനുസരിച്ച് വേദനയുടെ തോത് കൂടിയും കുറഞ്ഞുമിരിക്കും. എന്നാല്‍ വേര്‍പിരിയുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ വളരെ വലുതാണ്. കോടതിക്കുള്ളില്‍ മാതാവും പിതാവും കടിച്ചുകീറുന്നതും സ്വന്തം വാദങ്ങള്‍ അവതരിപ്പിച്ചുറപ്പിക്കാന്‍ രക്ഷിതാക്കളുടെ പ്രതിനിധികളായി എത്തുന്ന കറുത്ത കോട്ടിട്ടവരുടെ വാക്ചാതുരിയും കേള്‍ക്കേണ്ടിവരുന്ന മക്കള്‍, ഒടുവില്‍ വേര്‍പിരിയാനുള്ള അവസാനവിസിലും മുഴങ്ങുമ്പോള്‍ അച്ചന്റെ കൂടെയാണോ, അമ്മയുടെ കൂടെയാണോ പോകാനിഷ്ടം? എന്ന ചോദ്യത്തിനുത്തരം പറയേണ്ടിവരുന്ന നിമിഷം! ഇത്രവലിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍മാത്രം കരുത്തുള്ള മനസ്സോ കാര്യശേഷിയോ ഈ കുരുന്നു ഹൃദയങ്ങള്‍ക്ക് ഇല്ലെന്ന തിരിച്ചറിവുപോലും ഇന്നത്തെ സമൂഹത്തിന് നഷ്ടമാവുകയാണെന്ന് തോന്നുന്നു. വര്‍ധിച്ച ഹൃദയമിടിപ്പോടെയല്ലാതെ അവരുടെ വേദന ഇവിടെ എഴുതാന്‍ പോലുമാകില്ല. അച്ഛന്റെ കൂടെ പോകാം, അല്ലെങ്കില്‍ അമ്മയുടെകൂടെ! എന്ന തെരഞ്ഞെടുപ്പിന്റെ സമയം ഹൃദയം പറിച്ചെടുക്കുന്നതുപോലെയോ, അതിനേക്കാളുമധികമോ ആയിരിക്കും ആ പിഞ്ചുപൈതങ്ങള്‍ക്ക്! അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍തന്നെ, അനാഥത്വം വരിക്കേണ്ടിവരുന്ന പിഞ്ചുപൈതങ്ങള്‍ നമ്മുടെയൊക്കെ നൊമ്പരം തന്നെയാണ്.

രണ്ടുപേര്‍ ഇണകളാവുന്നു
ഒഴുകുന്ന രണ്ട് പുഴകള്‍ ഒന്നിക്കുന്നതുപോലെ വ്യത്യസ്തരായ രണ്ടുപേര്‍ ഒന്നിച്ചുചേരുന്ന സംഗമത്തിനാണ് വിവാഹം എന്ന് പറയുന്നത്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ അകന്നുകഴിഞ്ഞവര്‍ വിവാഹമെന്ന കരാര്‍ മുഖേന അടുത്തുചേരുന്ന ആനന്ദവേളയാണത്. ഭാര്യയെന്നോ, ഭര്‍ത്താവെന്നോ തരംതിരിക്കുന്ന രീതിയിലല്ല വിവാഹത്തെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. ‘ഇണകള്‍’ എന്നാണ് സംബോധന. ഇണകള്‍ ജീവിതത്തിന് തുണയാകുന്നവരാണ്. ഈ തുണ മരണശേഷവും നിലനില്‍ക്കുന്നുവെങ്കില്‍ അതാണ് ഇണ ജീവിതത്തിന്റെ സൗന്ദര്യം. കരുത്തും കരുതലും ഒന്നിച്ചുചേര്‍ന്ന് ജീവിതത്തെ നെയ്‌തെടുക്കുന്ന വേളകളെ ഇണ ജീവിതമായി കണക്കാക്കാം.ആരാകണം ഇണയെന്നത് നാഥന്റെ വിധിയില്‍പെട്ടതാണ്. നാം വലുതാകുന്നതിന്റെ മുമ്പുതന്നെ നമ്മുടെ ജീവിതത്തിന്റെ കാലനിയോഗങ്ങള്‍ അല്ലാഹു രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. മനുഷ്യര്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളുമൊക്കെ ഇണകളായിട്ടാണ് കഴിയുന്നത്. പക്ഷെ, മനുഷ്യനെപ്പോലെ പാലിക്കപ്പെടേണ്ട നിയമങ്ങള്‍ അവര്‍ക്കിടയിലില്ല. അല്ലാഹു അവര്‍ക്കായി നിര്‍ണയിച്ചുകൊടുത്ത രീതിയിലവര്‍ ജീവിക്കുന്നുവെന്നുമാത്രം.മനുഷ്യന്‍ വികാരങ്ങളും വിചാരങ്ങളുമുള്ള ജീവിയായതുകൊണ്ടും സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍, ഭാവനകള്‍ മുതലായവയ്ക്ക് അവന്‍ പ്രാധാന്യം നല്‍കുന്നതുകൊണ്ടും യോജിച്ച ഇണയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. പരസ്പരമുള്ള വിശ്വാസം, വിനയം, പരസ്പരസ്‌നേഹം വിട്ടുവീഴ്ച, ക്ഷമ തുടങ്ങിയ ഗുണങ്ങള്‍ ഇണജീവിതത്തെ ഏറ്റവും നല്ലതാക്കിത്തീര്‍ക്കുമ്പോള്‍ അഹങ്കാരം, അസൂയ, വിട്ടുവീഴ്ചയില്ലായ്മ, വഞ്ചന, അനുസരണമില്ലായ്മ തുടങ്ങിയ ദു:സ്വഭാവങ്ങള്‍ ഇണ ജീവിതത്തിന് വിഘ്‌നം വരുത്തുന്ന ഘടകങ്ങളാണ്. ഞങ്ങള്‍ ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഇണകളാണ് എന്ന കാര്യം ഭാര്യാഭര്‍ത്താക്കന്മാര്‍ സദാ ഓര്‍ക്കേണ്ടതുണ്ട്. വിവാഹം സ്വര്‍ഗത്തില്‍വെച്ചല്ല, ഭൂമിയില്‍ വെച്ചുതന്നെയാണെന്ന് ഇണ ജീവിതംകൊണ്ട് തെളിയിക്കപ്പെടണം.

വിടരുന്ന സുമങ്ങള്‍
മലര്‍വാടിയില്‍ സുമങ്ങള്‍ വിരിയുന്നതുപോലെ ഇണജീവിതത്തിന്റെ അനുഗ്രഹമായി സന്താനം ജനിക്കുന്നു. ആനന്ദവും ആരവങ്ങളുമുയരുന്നു. ലോകരക്ഷിതാവിന് നന്ദിപറയുന്നു. മനസ്സില്‍ പ്രാര്‍ഥനകളുടെ മന്ത്രങ്ങള്‍ നിറയുന്നു. പിഞ്ചുപൈതലിന് വിശേഷനാമം പകരുന്നു. പുതിയൊരു സൃഷ്ടിയെ നാം നമ്മിലേക്ക് ചേര്‍ക്കുന്നു.
സന്താനഭാഗ്യം കൈവന്നിട്ടില്ലാത്തവര്‍ക്കാണ് അതിന്റെ വലുപ്പം കൃത്യമായി അറിയുക. നല്ല വിജ്ഞാനവും മൂല്യങ്ങളും മക്കളിലേക്ക് പകരേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മാതാവിന്റെ കാരുണ്യവും പിതാവിന്റെ വാല്‍സല്യവും നിറഞ്ഞുതുളുമ്പുന്ന അവസ്ഥയിലാണ് നന്മയുടെ പാഠങ്ങള്‍ തുടക്കം കുറിക്കപ്പെടുക. പിതാവിന്റെ സ്‌നേഹവും മാതാവിന്റെ അലിവും ചേര്‍ന്നിട്ടില്ലാത്ത പാഠങ്ങള്‍ കുട്ടികളില്‍ അരോചകതയായിരിക്കും ഉണര്‍ത്തുക. രക്ഷിതാക്കളുടെ സ്പര്‍ശവും സാന്നിധ്യവും മക്കളില്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന ഉണര്‍വ് വിവരണാതീതമായിരിക്കും. നമ്മുടെ മലര്‍വാടിയില്‍ വിരിഞ്ഞ മക്കളെ വളര്‍ത്തുവാനും ശരിയായ ശിക്ഷണം നല്‍കുവാനും നാം തന്നെയാണ് ബാധ്യതപ്പെട്ടവര്‍.

വേര്‍പിരിയുന്നവര്‍
ഇതുവരെയും ഒന്നിച്ച് നീങ്ങിയവര്‍ വേര്‍പിരിഞ്ഞ് നടക്കാന്‍ തീരുമാനിക്കുമ്പോള്‍ സമൂഹമനസ്സില്‍ വേദനകള്‍ നിറയുന്നു. ഒന്നിച്ച് ജീവിതനൗക തുഴഞ്ഞവര്‍, പരസ്പരം അന്നം പകുത്തവര്‍, രഹസ്യങ്ങള്‍ സൂക്ഷിച്ചവര്‍, അല്ലാഹുവിന്റെ തീരുമാനപ്രകാരം ഇണകളായവര്‍, കുട്ടികളെ പോറ്റിവളര്‍ത്തിയവര്‍, പലകാരണങ്ങളാല്‍ അകന്നകന്ന് പോവുകയും അകല്‍ച്ചയളന്ന് ജീവിതത്തെ മറ്റൊരിടത്തേക്ക് മാറ്റിയിടുന്നു. ഇണകളിലൂടെ ഒന്നായിത്തീര്‍ന്ന രണ്ട് കുടുംബങ്ങളും ബന്ധത്തിന്റെ ഉറപ്പില്‍ നിന്ന് വഴുതിനീങ്ങുന്നു. പതിയെ, ചേര്‍ത്തുകെട്ടിയ കമ്പി പൊട്ടുമ്പോള്‍ ഉണ്ടായിത്തീരുന്ന അകല്‍ച്ച അടുപ്പിച്ച് ചേര്‍ക്കാവുന്നത്ര അടുത്തല്ലായെന്ന് എല്ലാവരും തിരിച്ചറിയുന്നു. രണ്ട് പുഴകള്‍ ഒന്നായതുപോലെത്തന്നെ, ഒന്നായി ശക്തിയോടെ ഒഴുകിയ നീരൊഴുക്ക് രണ്ടായി വഴിതിരിയുന്നത് വേദനയോടെ നാം കാണുന്നു.വേര്‍പിരിയുന്ന ഇണ ജീവിതം ഒരു ദു:ഖം തന്നെയാണ്. വലിയ സൂക്ഷ്മതയോടെ മാത്രം ചെയ്യാന്‍ കഴിയുന്നതും ഒരുപാട് നടപടിക്രമങ്ങള്‍ ഉള്ളതുമാണ് വിവാഹമോചനം എന്നത്. നബി(സ) ഇതിന്റെ ഗൗരവത്തിലേക്ക് നമ്മുടെ മനസ് ക്ഷണിക്കുന്നു. ‘അല്ലാഹു തന്റെ അടിമക്ക് അനുവദിച്ച കാര്യങ്ങളില്‍ അവനെ കോപിഷ്ഠനാക്കുന്ന കാര്യമാണ് വിവാഹമോചനം’
ഒന്നിച്ച് പോകാവുന്നതിന്റെ പരമാവധി സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുകയെന്നതാണ് കരണീയം. അസാധ്യമാണെന്ന് ഉറപ്പാവുകയും അല്ലാഹു പറഞ്ഞിട്ടുള്ള നടപടിക്രമങ്ങള്‍ കൃത്യമായി ചെയ്തിട്ടും മുന്നോട്ട് പോകാനുള്ള വഴി അടഞ്ഞുതന്നെ കിടപ്പാണെങ്കില്‍ മാത്രമാണ് വഴിപിരിയല്‍ മതത്തില്‍ അനുവദിച്ചിട്ടുള്ളത്. നിരവധി ഖുര്‍ആന്‍ വചനങ്ങള്‍ ഇവ്വിഷയകമായി വന്നിട്ടുണ്ട്. വിവാഹമോചനമെന്നത് ഒരു ഫാഷനായിട്ടാണ് പടിഞ്ഞാറന്‍ നാടുകളില്‍ അനുവര്‍ത്തിച്ച് പോന്നിരുന്നത്. എന്നാലത് ഇന്ന് നമ്മുടെയിടയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഒരു വിവാഹം കഴിഞ്ഞ് കുറച്ചുകാലത്തിനുശേഷം വേര്‍പിരിയുകയും മറ്റൊരു വിവാഹത്തിന് വേണ്ടി ഇരുവരും (ഭാര്യയും ഭര്‍ത്താവും) തീരുമാനിക്കുകയും ചെയ്യുന്ന നിലവാരമില്ലാത്ത സ്വഭാവത്തിലേക്ക് ആധുനിക സമൂഹം നീങ്ങുകയാണ്. രണ്ടുപേരും രണ്ട് വഴിക്ക് പിരിയുന്നതോടെ അനാഥമാകുന്ന മക്കള്‍, അകലുന്ന രണ്ട് കുടുംബങ്ങള്‍, ബന്ധങ്ങള്‍! അകല്‍ച്ചയും അനിഷ്ടവും കുടുംബങ്ങളിലേക്ക് പോലും പടരുന്നു. നന്മയില്ലെന്ന് മാത്രമല്ല, തിന്മമാത്രം ഉല്പാദിപ്പിക്കുന്ന നെറികേടായി വഴിപിരിയല്‍ സംസ്‌കാരം വ്യാപിച്ചുവരികയാണ്.വിവാഹബന്ധത്തിന്റെ മഹത്വവും ഔന്നത്യവും മനസ്സിലാകാത്ത വിധത്തില്‍ വിവിധതരം സാമൂഹ്യ സ്വാധീനങ്ങളുണ്ടാകുന്നു. എന്റെ വീട്, വാഹനം, ഭാര്യ, ഭര്‍ത്താവ്, ജീവിതശൈലി, വസ്ത്രം തുടങ്ങിയവ എങ്ങനെയാവണം, ഏത് രീതിയിലാവണം എന്നതിനെപ്പറ്റിയുള്ള അറിവ് നമുക്ക് പറഞ്ഞുതരുന്നത് ടെലിവിഷനാണ്. സിനിമയും സീരിയലുകളും മറ്റു വിനോദപരിപാടികളുമാണ്. നാമറിയാതെ, കാലക്രമേണ നമ്മുടെ മനസ്സുകളില്‍ നമുക്കുള്ളതൊന്നും ‘അത്രപോരാ’ എന്ന കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികം മാത്രം. നമ്മുടെ ജീവിതത്തിന്റെ മുഴുവന്‍ രംഗങ്ങളിലും മീഡിയകളുടെ ഇത്തരം ദുസ്വാധീനങ്ങള്‍ നാം കാണാതിരുന്നുകൂടാ. നന്മയും തിന്മയും മികച്ചതും ചീത്തയും ഏതാണ് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യംപോലും നമ്മില്‍നിന്ന് എടുത്തുകളയുന്ന മീഡിയയുടെ കുത്സിത ശ്രമങ്ങളെ തിരിച്ചറിവുകൊണ്ട് നേരിടേണ്ടതുണ്ട്.

അനാഥരാകുന്ന മക്കള്‍
ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്നവരായിട്ടും അനാഥത്വത്തിന്റെ വേദന കടിച്ചിറക്കേണ്ടിവരുന്ന മക്കള്‍ ഏറിവരികയാണിന്ന്. നമ്മുടെ സഹതാപങ്ങള്‍ക്കോ, സ്‌നേഹസ്പര്‍ശങ്ങള്‍ക്കോ മുഖംതരാന്‍ പോലും കഴിയാത്തത്ര വേദനയില്‍ ഉരുകുന്നവരാണവര്‍.
ചില കുട്ടികള്‍ക്കെങ്കിലും അവധിക്കാലം ഉത്സവകാലമല്ല. വേര്‍പിരിഞ്ഞു കഴിയുന്ന അമ്മയ്ക്കും അച്ഛനുംവേണ്ടി കോടതി വരാന്തയില്‍ കയറിയിറങ്ങേണ്ടിവരുന്ന ദുരവസ്ഥ! അച്ഛന്റെ വാത്സല്യവും അമ്മയുടെ തലോടലും നേടേണ്ട പ്രായത്തില്‍ അച്ഛനും അമ്മയും ജീവിച്ചിരിക്കെത്തന്നെ അനാഥത്വം പേറേണ്ടിവരുന്ന മക്കള്‍ ഇന്നിന്റെ വേദനയാണ്.കറുത്ത കോട്ടുധാരികളുടെ ഇടയിലേക്ക് കയറിച്ചെന്നപ്പോള്‍ അവന് ആകെ അമ്പരപ്പായിരുന്നു. അവന്‍ ജഡ്ജിയോട് ഇങ്ങനെ പറഞ്ഞു: ‘എനിക്ക് അമ്മയോടൊപ്പംപോയാല്‍ മതി. അമ്മയെ മതി! അമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ ചിരി വിടര്‍ന്നപ്പോള്‍ മറുഭാഗത്ത് അച്ഛന്റെ ഹൃദയത്തില്‍ വേദനകനം കൂടുകയായിരുന്നു. കോടതിയുടെ നീളന്‍ വരാന്തയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ അവന്റെ കൂടെ അമ്മയുണ്ടായിരുന്നു. അല്‍പം ദൂരെ അച്ഛന്റെ രൂപം അവന്‍ തിരിച്ചറിഞ്ഞു. അച്ഛനെ കെട്ടിപ്പിടിക്കാന്‍ ഓടിയടുക്കാന്‍ വെമ്പിയപ്പോഴേക്കും അമ്മയുടെ പിടിമുറുകി. എന്തുചെയ്യാന്‍, കഷ്ടം!എനിക്ക് അച്ഛനും അമ്മയും വേണം എന്ന് പറയാന്‍ കുട്ടികള്‍ക്ക് അവകാശമില്ലാത്ത കാലമാണിത്. ഒന്നുകില്‍ അച്ഛന്‍ അല്ലെങ്കില്‍ അമ്മ! ഈ തെരഞ്ഞെടുപ്പില്‍ ഹൃദയകം തകര്‍ന്നുകൊണ്ടേ ഒരു തീരുമാനത്തിലെത്താന്‍ ഏത് മക്കള്‍ക്കുമാകൂ. അവരുടെ മനസ്സിലുണ്ടായിത്തീരുന്ന ആഴത്തിലുള്ള മുറിവിന് ആര്‍ക്ക് സമാധാനം പറയാനാകും? ഇത്തരം കുട്ടികള്‍ ഭാവിയില്‍ അക്രമാസക്തരും കുറ്റവാളികളുമായിത്തീര്‍ന്നാല്‍ ആരാണ് ഉത്തരം പറയുക ?ഓരോ അവധിക്കാലത്തും കുടുംബകോടതികളില്‍ നിന്നുയര്‍ന്നുകേള്‍ക്കുക കുരുന്നു ഹൃദയങ്ങളുടെ നിലവിളികളായിരിക്കും. കുട്ടികളെ സ്വന്തം കസ്റ്റഡിയില്‍ കിട്ടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന അച്ഛനമ്മമാര്‍ കുട്ടിയുടെ വേദനയുടെ കടലിരമ്പം എങ്ങനെ കേള്‍ക്കാനാണ്? ഒരു തെറ്റും ചെയ്യാത്ത കൊച്ചുകുട്ടികള്‍ സഹിക്കേണ്ടിവരുന്ന നീറുന്ന വേദനകള്‍ സമൂഹത്തിന്റെ മുമ്പിലേക്ക് ഒരുപാട് ചോദ്യശരങ്ങള്‍ എയ്തുവിടുന്നുണ്ട്, തീര്‍ച്ച. കാലം നിങ്ങളുടെ മുഖത്തുനോക്കിപ്പറയും, വേര്‍പിരിയുന്ന ദമ്പതിമാരേ, ‘അവരുടെ വേദന നിങ്ങളാണ്, നിങ്ങള്‍ മാത്രം!’

അവലംബം:  pudavaonline.net

 

 

Related Post