മനിലയിലെ ഒരു സ്‌കൂള്‍ അധ്യാപികയായിരുന്ന സിസ്‌റ്റര്‍ ഫാത്വിമ തൂതെ. ഇസ്ലാം സ്വീകരിച്ചപ്പോള്‍ അസാധാരണമായ അവസ്ഥയാണ് നേരിടേണ്ടി വന്നത്. കുടുംബക്കാര്‍ അവരെ ബഹിഷ്
കരിച്ചു. മൂത്തമകന്‍ പ്രതിഷേധം കാരണം വീടു വിട്ടിറങ്ങിപ്പോയി. ചെറിയ കുട്ടി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍, ഫാത്വിമ സ്ഥിരചിത്തതയോടുകൂടി സത്യപാതയില്‍ ഉറച്ചു നിന്നു. ഒടുവില്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പ്രതിസന്ധികളൊന്നൊന്നായി നീങ്ങി. കാര്യങ്ങളെല്ലാം ശരിയായ നിലയിലായി. ആത്മാവിനെ ത്രസിപ്പിക്കുന്ന ആ കഥ അവരിങ്ങനെ വിവരിക്കുന്നു:’ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ എനിക്ക് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവേണ്ടിവന്നുവെന്നത് ശരി തന്നെ. എന്നാല്‍, ഇസ്ലാം സ്വീകരിച്ചതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൌഭാഗ്യം. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എന്റെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. ഭൗതികതയില്‍ മുങ്ങിപ്പോയതായിരുന്നു എന്റെ ജീവിതം.
യാഥാര്‍ഥ്യബോധം എന്നില്‍നിന്ന് എത്രയോ അകലെയായിരുന്നു. എന്നാല്‍, ഇസ്ലാം യഥാര്‍ഥത്തില്‍ എന്നെ പുതിയൊരു ജീവിതമാണ് അനുഭവിപ്പിച്ചത്. വൃത്തിയും വെടിപ്പും ശാന്തിയുമുള്ള വ്യവസ്ഥാപിതമായ ജീവിതം. എന്റെ ജീവിതത്തിലെ സുപ്രധാന സംഭവമാണത്, വിപ്‌ളവകരമായ സംഭവം. അതിന് അല്ലാഹുവിനോട് എത്ര നന്ദി പ്രകടിപ്പിച്ചാലും അപൂര്‍ണമായിരിക്കും. എനിക്ക് ലക്ഷ്യബോധമുണ്ടായത് ഇസ്ലാം സ്വീകരിച്ചതിനു ശേഷമാണ്. ഒരു സ്ത്രീയുടെ യഥാര്‍ഥ ഇടം വീടാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ഭാര്യയെന്ന നിലയിലും മാതാവെന്ന നിലയിലും അവളുടെ ബാധ്യത എത്ര സങ്കീര്‍ണവും മഹത്തരവുമാണെന്ന് ഞാന്‍ മനസ്സിലാക്കിയത് ഇസ്ലാം സ്വീകരിച്ചതിലൂടെയാണ്.
എന്റെ ഇസ്ലാം സ്വീകരണം വീട്ടിലുണ്ടാക്കിയ പുകിലുകള്‍ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. ഭൗതികതയില്‍ രമിച്ചുപോയ ഒരു കുടുംബമായിരുന്നു എന്റേത്. ഞാന്‍ ഇസ്ലാമിക വസ്ത്രം സ്വീകരിക്കുകയും നമസ്‌കാരം തുടങ്ങുകയും ദൈനംദിന ജീവിതത്തെ ഇസ്ലാമിക അധ്യാപനങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തുകയും ചെയ്തപ്പോള്‍ പ്രതീക്ഷിച്ചതുപോലെ ചുറ്റുപാട് ഒന്നടങ്കം എനിക്കെതിരായി. ചര്‍ച്ചിന്റെ മേല്‍നോട്ടത്തിലുള്ള കത്തോലിക്കാ സ്‌കൂളിലാണ് എന്റെ ചെറിയ മകള്‍ പഠിച്ചിരുന്നത്. അവര്‍ അവളെ അവിടെ നിന്നു പുറത്താക്കി. മൂത്തമകന്‍ വീടുവിട്ട് എങ്ങോ പോയി. എന്റെ കുടുംബക്കാരും അയല്‍വാസികളും സുഹൃത്തുക്കളും എനിക്ക് ഭ്രാന്താണെന്ന് വിധിയെഴുതി. ഡോക്ടറായ എന്റെ ഒരു സഹോദരി മനോരോഗവിദഗ്ധനെ കാണാന്‍ ഉപദേശിക്കുകയും ചെയ്തു.
എന്നാല്‍, അല്ലാഹുവിന് സ്തുതി. എന്റെ ഇസ്ലാമിക വ്യക്തിത്വം ഞാന്‍ മുറുകെ പിടിച്ചു. ഞാനാരുടെയും വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും വകവെച്ചില്ല. ക്ഷമയോടും സഹനത്തോടും കൂടി എല്ലാവരുമായും നല്ലനിലയില്‍ വര്‍ത്തിച്ചു. എനിക്ക് ചുറ്റുമുള്ള എല്ലാ സ്ത്രീകളും സ്‌കര്‍ട്ടോ മിനിസ്‌കര്‍ട്ടോ ആണ് ധരിക്കുന്നത്. എന്നാല്‍, മുഖവും മുന്‍കൈയും ഒഴിച്ചുള്ള മറ്റു ശരീരഭാഗങ്ങള്‍ മറച്ചുകൊണ്ടാണ് ഞാന്‍ പുറത്തിറങ്ങുന്നത്. പലര്‍ക്കും വിചിത്രമായിട്ടാണിത് അനുഭവപ്പെട്ടത്. വിചിത്ര ജീവിയെന്നപോലെ പലരും എന്നെ നോക്കി. അങ്ങാടിയില്‍ ചെന്നപ്പോള്‍ തുടക്കത്തില്‍ കച്ചവടക്കാര്‍ കരുതിയത് ഞാനൊരു കന്യാസ്ത്രീയാണെന്നാണ്. ക്രിസ്തുമതത്തിലെ ഏത് വിഭാഗത്തിലാണെന്ന് അവരെന്നോട് അന്വേഷിച്ചു. ആരും എന്നെ സാധാരണ സ്ത്രീയായി കാണാന്‍ ഒരുക്കമായിരുന്നില്ല. എന്റെ വസ്ത്രം കന്യാസ്ത്രീകളുടെ പരമ്പരാഗത വസ്ത്രത്തില്‍നിന്ന് അല്‍പം ഭിന്നമായത് അവരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കി. സ്‌കൂളിലായാലും സൂപ്പര്‍മാര്‍ക്കറ്റിലായാലും നിങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്ന ഒരേ ഒരു ചോദ്യമാണ് എപ്പോഴും എന്നെ നേരിട്ടത്. എന്റെ ബന്ധം ഇസ്ലാമുമായിട്ടാണെന്നും ഞാന്‍ മുസ്ലിമാണെന്നും ഞാന്‍ അതിന് മറുപടി നല്‍കി. കന്യാസ്ത്രീയെപ്പോലെ എന്തിനാണ് വസ്ത്രം ധരിക്കുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്.
സ്‌കൂളില്‍ ഇത്തരം വസ്ത്രം ധരിച്ചു ചെന്നതിന് ഡയറക്ടറുടെ നിശിതമായ വിമര്‍ശനം എനിക്ക് നേരിടേണ്ടിവന്നു. ഞാന്‍ അതിന് മറുപടിയായി ഇപ്രകാരം വിശദീകരിച്ചു: ‘ഈ വസ്ത്രം ഹസ്‌റത്ത് മര്‍യ(മേരി)മിന്റെ വസ്ത്രത്തോട് സാദൃശ്യമുള്ളതാണ്. അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും പ്രിയങ്കരിയായ മാതൃകാ വ്യക്തിത്വമാണ്. നാം ഒരു വ്യക്തിത്വത്തെ മാതൃകയാക്കി അംഗീകരിക്കുന്നു, അവരോട് അങ്ങേയറ്റം സ്‌നേഹമുള്ളതായി വാദിക്കുകയും ചെയ്യുന്നു. എന്നാല്‍, അവരെ ജീവിതത്തില്‍ മാതൃകയാക്കുന്നുമില്ല. അവര്‍ക്ക് ഇഷ്ടപ്പെട്ട രീതിയെ എതിര്‍ക്കുകയും ചെയ്യുന്നു. ഇതു വളരെ വിചിത്രം തന്നെ! നാം അവരെ സ്‌നേഹിക്കുന്നുവെന്ന വാദം കേവലം കാപട്യമാണെന്നല്ലേ അതിന്റെ അര്‍ഥം?’
എന്റെ വിശദീകരണത്തിന് ഡയറക്ടര്‍ക്ക് മറുപടിയില്ലാതായി. എന്നാല്‍, പലര്‍ക്കും എന്റെ വിശദീകരണം സ്വീകാര്യമായി തോന്നി. അവരുടെ മനസ്സിന്റെ ഏതോ കോണില്‍ ഇസ്ലാമിനോടും ഇസ്ലാമിക വസ്ത്രധാരണരീതിയോടും നേരിയ ചായ്വുള്ളതായും അനുഭവപ്പെട്ടു. എന്റെ കുടുംബത്തിന്റെ എന്നോടുള്ള നിലപാടും ക്രമേണ അയഞ്ഞു തുടങ്ങി. പ്രത്യേകിച്ച് മാതാപിതാക്കള്‍ ഇപ്പോള്‍ എന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ഞാനവരോടൊപ്പമാകുമ്പോള്‍ എനിക്ക് പ്രത്യേകമായി ഭക്ഷണം ഒരുക്കാന്‍ അവര്‍ പ്രത്യേക താല്‍പര്യമെടുക്കുന്നു. എനിക്കും കുട്ടികള്‍ക്കും നമസ്‌കാരത്തിന് സൌകര്യങ്ങളൊരുക്കിത്തരികയും ചെയ്യുന്നു. എത്രത്തോളമെന്നാല്‍ നമസ്‌കാരസമയമായാല്‍ കുട്ടികളെ ഓര്‍മപ്പെടുത്തുന്നതു പോലും ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത അവരുടെ പിതാവാണ്.
സ്‌കൂള്‍ ഡയറക്ടര്‍ ഒരു കന്യാസ്ത്രീയാണ്. അല്ലാഹുവിന് സ്തുതി; ഇപ്പോള്‍ അവരുടെ പെരുമാറ്റത്തിലും സന്തോഷകരമായ മാറ്റങ്ങളുണ്ടായി. അവരുടെ നിലപാട് ഇപ്പോള്‍ സൗഹൃദപരമാണ്. വിമര്‍ശനത്തിന് പകരം അവര്‍ എന്റെ കാര്യങ്ങള്‍ താല്‍പര്യത്തോടെ പഠിക്കാന്‍ തുടങ്ങിയിരിക്കയാണ്. സ്‌കൂളില്‍നിന്ന് പുറത്താക്കിയ മകളെ തിരിച്ചെടുക്കുകയും ചെയ്തു. എന്റെ ഇസ്ലാം ആശ്‌ളേഷത്തില്‍ പ്രതിഷേധിച്ച് വീടു വിട്ടിറങ്ങിയ മകനും തിരിച്ചുവന്നു. തന്റെ ചെയ്തിയില്‍ അവനിപ്പോള്‍ ലജ്ജ തോന്നുന്നു. ഇസ്ലാമിനെക്കുറിച്ച് പലതും അവനിപ്പോള്‍ എന്നോട് ചോദിച്ചു മനസ്സിലാക്കുകയാണ്. വിശ്വസിച്ചിട്ടില്ലെങ്കിലും ചിലപ്പോഴൊക്കെ അവന്‍ എന്റെ കൂടെ നമസ്‌കാരത്തില്‍ പങ്കെടുക്കുക പോലും ചെയ്യുന്നുണ്ട്!
ഇതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം, മുസ്ലിംകള്‍ ക്ഷമയുടെയും അവധാനതയുടെയും യുക്തിയുടെയും നിലപാട് സ്വീകരിച്ചുകൊണ്ട് എതിര്‍പ്പുകളോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതിനു പകരം സ്‌നേഹവും വിട്ടുവീഴ്ചയും സ്വീകരിക്കണമെന്നാണ്. അല്ലാഹുവുമായി തങ്ങളുടെ ബന്ധം സുദൃഢമാക്കുകയും ഇച്ഛാശക്തിയോടുകൂടി വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്താല്‍ അല്‍പകാലങ്ങള്‍ക്കകം എതിര്‍പ്പ് താനെ കെട്ടടങ്ങുകയും അനുകൂലാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ് എന്റെ അനുഭവം.”
|