ലിയോ പോള്‍ഡ് വെയ്‌സ് മുഹമ്മദ് അസദ് ആവുന്നു

 

 

ബുധന്‍, 12 ജൂണ്‍ 2013 06:55

മുഹമ്മദ് അസദ്. മക്കയിലേക്കുള്ള പാത എന്ന കൃതിയിലൂടെ മുഹമ്മദ് അസഎന്നായിരുദ് മലയാളി മുസ്‌ലിം സമൂഹത്തിന് സുപരിചതനാണ്.

‘ഇസ് ലാമിന്റെ ഏതെങ്കിലും പ്രത്യേക ഒരു അധ്യാപനമല്ല, എന്നെ അതിലേക്ക് ആകര്‍ഷിച്ചത്. ഇസ് ലാമിന്റെ സമഗ്രവും സന്തുലിതവും യുക്തിസഹവുമായ ജീവിത പദ്ധതിയാണ് എന്നെ ഇസ്‌ലാമിലേക്കടുപ്പിച്ചത്. ഇസ്‌ലാമിന്റെ ഏതുവശമാണ്, അതിന്റെ മറ്റു ചില വശങ്ങളേക്കാള്‍ എന്നെ ആകര്‍ഷിപ്പിച്ചത് എന്ന് പറയാന്‍ എനിക്ക് ഇപ്പോഴും കഴിയില്ല’

ഇരുപതാം നൂറ്റാണ്ടിലെ മുസ്‌ലിം ജനസാമാന്യത്തിന് സുപരിചിതനാണ് മുഹമ്മദ് അസദ്. മക്കയിലേക്കുള്ള പാത എന്ന കൃതിയിലൂടെ മുഹമ്മദ് അസഎന്നായിരുദ് മലയാളി മുസ്‌ലിം സമൂഹത്തിന് സുപരിചതനാണ്. ലിയോപോള്‍ഡ് വെയിസ് ന്നു ഇസ്‌ലാമാകുന്നതിന് മുമ്പ് മുഹമ്മദ് അസദിന്റെ പേര്. ജര്‍മനിയിലെ ഒരു ജൂത കുടുംബത്തില്‍ 1900 ല്‍ ജനിച്ചു. പിതാമഹന്‍ ഒരു ജൂതറബ്ബിയായിരുന്നു. ഒന്നാം ലോകയുദ്ധത്തിനു ശേഷം ഇരുപതാം വയസ്സില്‍ ജറുസലേമില്‍ എത്തിയ ലിയോപോള്‍ഡ് അവിടെ നിന്നാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. ജര്‍മന്‍ സ്വിസ് പത്രങ്ങളുടെ പശ്ചിമേഷ്യന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായാണ് കരിയര്‍ ജീവിതം ആരംഭിക്കുന്നത്. അവിടം മുതല്‍ മുഹമ്മദ് അസദ് അറബികളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തി പോന്നിട്ടുണ്ട്. അറബികളുടെ ജീവിതരീതി അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. അറബികളോടുള്ള ഇഷ്ടമാണ,് ഇസ് ലാമിനെ പഠിക്കാന്‍ അസദിന് പ്രചോദനമാകുന്നത്. ഇസ്‌ലാമിനെ കുറിച്ച് ഗൗരവത്തില്‍

പഠിക്കാനാരംഭിക്കുന്നത് അങ്ങനെയാണ്. ഇസ്‌ലാമിനെ കുറിച്ച്  പഠിക്കുന്തോറും ഇസ്‌ലാം പ്രായോഗികമായി ഏറ്റവും എളുപ്പവും മനുഷ്യ ജീവിതത്തോടു വളരെ അടുത്തു നില്‍ക്കുന്നതായും അദ്ദേഹത്തിനു അനുഭവപ്പെട്ടു. എന്നാല്‍ എത്രയോ മുസ് ലിംകള്‍ ഈ പ്രായോഗിക ഇസ്‌ലാമില്‍ നിന്ന് അകന്നു കഴിയുന്നുവെന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. ഇത്രയും മഹത്തായ ഒരു ജീവിതവ്യവസ്ഥ മുസ്‌ലിംകള്‍ എന്തു കൊണ്ട് കൈയ്യൊഴിഞ്ഞു എന്ന ചിന്തയും അന്വേഷണവുമായിരുന്നു ആ ജീവിതത്തില്‍.

ബാല്യം
ജൂത കുടുംബ പൈതൃകത്തിന്റെ ഭാഗമായി ജൂത ചരിത്രവും ജൂതമതവും ചെറുപ്പത്തിലേ പഠിക്കാനുള്ള ഭാഗ്യം ലഭിച്ചു. 13 ാം വയസ്സില്‍തന്നെ ഹിബ്രൂ ഭാഷ എഴുതാനും ഒഴുക്കോടെ സംസാരിക്കാനും അഭ്യസിച്ചു. തല്‍മൂദും പഴയ നിയമവും നന്നായി പഠിച്ചു. ജൂതമതത്തിന്റെ ധാര്‍മിക സദാചാര നിയമങ്ങള്‍ പാലിക്കുന്നതില്‍ വെയ്‌സിന് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല.
കുടുംബത്തിലെ മതാന്തരീക്ഷം ഒരു നല്ല ജൂത ബാലനായി ലിയോപോള്‍ഡിനെ വളര്‍ത്തിയെങ്കിലും, കൗമാര പ്രായത്തിലെത്തിയപ്പോള്‍ തന്റെ മറ്റു പല സുഹൃത്തുക്കളെയും പോലെ മതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്നതിലും എതിര്‍ക്കുന്നതിലുമായിരുന്നു വെയ്‌സിന് കൂടുതല്‍ കമ്പം.
പിന്നീട് ഫ്രെഞ്ച്, ജര്‍മന്‍, പോളിഷ് ഭാഷകള്‍ എഴുതാനും വായിക്കാനും പഠിച്ചു. സ്‌കൂള്‍ ജീവിതത്തിന് ശേഷം വിയന്ന യൂണിവേഴ്‌സിറ്റിയില്‍ രണ്ട് വര്‍ഷം കലയുടെയും തത്ത്വശാസ്ത്രത്തിന്റെയും ചരിത്രം പഠിച്ചു. എന്നാല്‍ ആ വിഷയങ്ങളില്‍ തൃപ്തിപ്പെടുന്ന മനസ്സായിരുന്നില്ല അദ്ദേഹത്തിന്റെത്.

നിരീക്ഷകനായ വിദ്യാര്‍ത്ഥി

യൂണിവേഴ്‌സിറ്റി പഠനകാലത്തെ ജീവിതത്തില്‍ യൂറോപിന്റെ ആത്മാവിനെ അദ്ദേഹം ശരിക്കും നിരീക്ഷണത്തിന് വിധേയമാക്കി. യൂറോപിലെ മിക്കവാറും മനുഷ്യരിലും നിലനിന്ന ആത്മീയതയുടെയും ധാര്‍മികതയുടെയും അഭാവം അദ്ദേഹം തിരിച്ചറിഞ്ഞു. അവരിലെ കമ്യൂണിസ്റ്റുകാരനും ഡെമോക്രാറ്റുകളും ബുദ്ധിജീവികളും സാധാരണക്കാരും ജീവിത ലക്ഷ്യമായിക്കണ്ടത് ഭൗതിക പുരോഗതി  മാത്രമായിരുന്നു. തങ്ങളുടെ ജീവിതം സുഖകരവും അനായാസകരവുമാക്കി മാറ്റുക എന്നതാണ് യൂറോപ്യന്‍ ജനതയുടെ മുഖമുദ്ര എന്നു അദ്ദേഹത്തിനു ബോധ്യപ്പെട്ടു. ആയിടക്കാണ്  തന്റെ അനന്തിരവനെ ക്ഷണിച്ചു കൊണ്ട് ജറുസലേമിലുള്ള അമ്മാവന്‍ ഡോറിയന്റെ കത്ത് വെയ്‌സിന് ലഭിക്കുന്നത്. ജോലി ചെയ്തിരുന്ന യുണൈറ്റഡ് ടെലിഗ്രാഫില്‍ നിന്ന് ജോലി രാജിവെച്ച് അടുത്ത ദിവസം തന്നെ അദ്ദേഹം ജറുസലേമിലേക്കു യാത്ര തിരിച്ചു. ജറുസലേമിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് അദ്ദേഹം പിന്നീട് എഴുതി.

‘അറബ് ലോകത്തേക്കുള്ള എന്റെ യാത്ര, ഒരു ഒഴിവുകാല ദിവസങ്ങള്‍ക്കപ്പുറം എന്റെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു അനുഭവമാകുമെന്ന് എന്നോടാരെങ്കിലും അപ്പോള്‍ പറഞ്ഞിരുന്നെങ്കില്‍, അസംബന്ധമെന്നു ഞാന്‍ അതിനെ പുച്ഛിച്ചു തള്ളുമായിരുന്നു.’

‘വിശുദ്ധ ഖുര്‍ആന്റെ വിവരണമനുസരിച്ച്, മനുഷ്യന്‍ ഇസ്‌ലാമിനെ അന്ധമായി അനുധാവനം ചെയ്യാന്‍ പാടില്ല. പകരം അവന്‍ തന്റെ ബുദ്ധി ഉപയോഗപ്പെടുത്തി ദൈവത്തിലേക്കു അടുക്കണം. മനുഷ്യന്റെ വിധിയില്‍ നിന്ന് അകന്നു മാറി നില്‍ക്കുന്നവനല്ല ദൈവം. മറിച്ചു അവന്റെ കണ്ഠനാഡിയേക്കാള്‍ സമീപസ്ഥനാണ് ദൈവം’.

‘ഒട്ടേറെ വികലധാരണകളായിരിക്കും ഒരു ശരാശരി പാശ്ചാത്യന്റെ മനസ്സില്‍ ഇസ്‌ലാമിനെകുറിച്ച് ഉള്ളതെന്നാണ് നിരീക്ഷണത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം. എന്നാല്‍  തീര്‍ത്തും ഭൗതികവീക്ഷണം വെച്ചുപുലര്‍ത്തുന്ന ഒരു വിശ്വാസസംഹിതയല്ല അതെന്ന്  ഖുര്‍ആനെ അടുത്തറിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. തികച്ചും ദൈവപ്രോക്തവും ആത്മീയവുമായ സന്ദേശങ്ങളാണ് അതുള്‍ക്കൊള്ളുന്നത്. ദൈവത്തിന്റെ മുഴുവന്‍ സൃഷ്ടികള്‍ക്കും വളരെ യുക്തിഭദ്രമായി സ്വീകരിക്കാന്‍ കഴിയുന്നവയാണവ. മനുഷ്യന്റെ യുക്തിയെയും മനസ്സിനെയും സമഞ്ജസമായി അത് സമ്മേളിപ്പിച്ചിരിക്കുന്നു. ഇതെന്നെ ഒരു കാര്യം ബോധ്യപ്പെടുത്തി: മുസ് ലിംകളുടെ നിലവിലെ പതിതാവസ്ഥയ്ക്കുപിന്നില്‍ ഇസ്‌ലാമല്ല, മുസ്‌ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനെ തങ്ങളുടെ ജീവിതത്തില്‍ സ്വീകരിക്കാന്‍ പരാജയപ്പെട്ടതാണ് മുസ്‌ലിംകളുടെ അധപതനത്തിനു കാരണം.’

ജറുസലേമില്‍
ജറുസലേമില്‍ എത്തിയ വെയ്‌സ് കണ്ടത് വളരെ ആസൂത്രിതമായി ജൂതര്‍ ഫലസ്തീനികളുടെ ഭൂമി കൈയ്യേറിയതാണ്. ആയിരത്തിലധികം വര്‍ഷങ്ങളായി ഫലസ്തീന്‍ ജനത ജീവിച്ചു കൊണ്ടിരുന്ന അവരുടെ ഭൂമി നഷ്ടപ്പെട്ടത് അദ്ദേഹത്തെ വളരെ വേദനിപ്പിച്ചു. ഒരു ജൂതനായിരുന്നിട്ടു കൂടി സയണിസത്തെ അദ്ദേഹം എതിര്‍ത്തു. താന്‍ ഭാവിയില്‍ മുസ്‌ലിമാകുമെന്ന ഒരു ചെറിയ ചിന്ത പോലും അന്നദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരു വന്‍ ക്തിയുടെ സഹായത്തോടെ ലോകത്തിന്റെ പല ഭാഗത്തു നിന്നും ജൂതന്‍മാര്‍ ഫലസ്തീനില്‍ വരികയും അവിടത്തെ ജനതയെ ആട്ടിയോടിച്ച് കുടിയേറിപ്പാര്‍ക്കുകയും ചെയ്തതിനെ അദ്ദേഹം ചോദ്യം ചെയ്തു. അദ്ദേഹം എഴുതി. ‘1917 ലെ ബാള്‍ഫര്‍ പ്രഖ്യാപനത്തില്‍, ഒരു ക്രൂരചെയ്തി ഞാന്‍ കാണുന്നുണ്ട്. എല്ലാ കോളനി ശക്തികളും ഒരു പോലെ സ്വീകരിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ തത്ത്വം തന്നെയാണ് ഇവിടെയും അവര്‍ പ്രയോഗിച്ചിരിക്കുന്നത്’. തദ്‌സംബന്ധമായി അക്കാലത്തെ സയണിസ്റ്റ് നേതാക്കളുമായി അദ്ദേഹം സംസാരിക്കുകയും അവരോടു വാഗ്വാദത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി.
ഫലസ്തീനില്‍ ഇസ്രയേല്‍ ഭൂമി കയ്യേറുന്നതിനെതിരെ ശക്തമായ ഭാഷയില്‍ അദ്ദേഹം എഴുതി. ‘ഇതെങ്ങനെ സാധ്യമാകും. ജൂതന്‍മാരെ പോലെ ബൗദ്ധികവും സര്‍ഗാത്മകവുമായ കഴിവുകള്‍ നേടിയ ഒരു സമൂഹം, ഒരു ജനതയെ കടന്നാക്രമിക്കുന്നതും അവരുടെ ഭൂമി തട്ടിയെടുക്കുന്നതും നീതിപൂര്‍വകമല്ല. നിരവധി പീഡനങ്ങള്‍ സഹിക്കുകയും പല നാടുകളില്‍ ചിതറിത്തെറിക്കപ്പെടുകയും ചെയ്ത ഒരു ജനതക്ക്, അവരുടെ ഒരു ലക്ഷ്യം നേടാന്‍ വേണ്ടി, അവര്‍ അനുഭവിച്ച അതേ വിഷമതകള്‍ തന്നെ മറ്റൊരു ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയെന്നത് അത്യന്തം ഗുരുതരമാണ്.’

അറേബ്യന്‍ ജീവിതത്തെ ഇഷ്ടപ്പെട്ട സഞ്ചാരി
1922 ലാണ് യൂറോപില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളില്‍ ഒന്നായ ഫ്രാങ്ക്ഫര്‍ട്ട് സേതൂംഗിന്റെ കറസ്‌പോണ്ടന്റായി അസദ് ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് മറ്റു മൂന്നു പത്രങ്ങളുടെയും കറസ്‌പോണ്ടന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു.
ജറുസലേമില്‍ അറബികളുടെ ജീവിത ശൈലി അദ്ദേഹം അടുത്തുകണ്ടു . തികച്ചും ലളിതമായ അവരുടെ ജീവിതം അദ്ദേഹത്തെ ആകര്‍ഷിച്ചു. ജറുസലേമിലേക്കു പോകവേ ഈജിപ്തില്‍ നിന്ന് സിനായ് മരുഭൂമി വഴി തീവണ്ടിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. യാത്രയില്‍ അദ്ദേഹത്തിന്റെ കമ്പാര്‍ട്ട്‌മെന്റില്‍ എതിര്‍ ഭാഗത്തെ സീറ്റില്‍ ഒരു കാട്ടറബി ഇരിക്കുന്നുണ്ടായിരുന്നു. തീവണ്ടി ഏതോ ഒരു സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ കുറെ കുട്ടികള്‍ റൊട്ടി, മുട്ട തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാനായി പ്ലാറ്റ് ഫോമില്‍ വരികയായി. തീവണ്ടിയുടെ പുറത്ത് നില്‍ക്കുന്ന കച്ചവടക്കാരായ കുട്ടികളില്‍ നിന്ന് പല യാത്രക്കാരും ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ആ കാട്ടറബിയും ഒരു കഷണം റൊട്ടി വാങ്ങി. ജനാലയുടെ അരികില്‍ നിന്ന് തിരിച്ച് തന്റെ സീറ്റില്‍ ഇരിക്കാനൊരുങ്ങിയ ഗ്രാമീണ അറബിയുടെ കണ്ണുകള്‍ നേരെ എതിര്‍വശത്തിരിക്കുന്ന വെയിസിന്റെ കണ്ണുകളുമായി ഉടക്കി. തന്റെ കൈയ്യിലിരിക്കുന്ന റൊട്ടി പകുത്ത് പകുതി തന്റെ സഹയാത്രക്കാരനായ വെയിസിന്റെ നേര്‍ക്കു നീട്ടിയിട്ടു പറഞ്ഞു. ‘തഫദ്ദല്‍’ ഇതു സ്വീകരിച്ചാലും. തഫദ്ദല്‍ എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്ന് വെയിസിന് അന്ന് അറിയുമായിരുന്നില്ല. എന്നാല്‍ ആ സംഭവം തന്റെ ജീവിതത്തില്‍ അറബികളുടെ ആഥിത്യ മര്യാദയുടെ ആദ്യ നിദര്‍ശനമായി. താന്‍ യൂറോപില്‍ പരിചയിച്ചതില്‍ നിന്നു വളരെ വ്യത്യസ്തമായ ഒരു ജീവിത കാഴ്ചപ്പാടു കാത്തു സൂക്ഷിക്കുന്ന ഒരു ജനവിഭാഗമാണ് അറബികള്‍ എന്ന ഒരു തിരിച്ചറിവ് വെയിസില്‍ ഉണ്ടാവുകയായിരുന്നു. ‘നാളുകളായി ബോധപൂര്‍വമല്ലാതെയാണെങ്കിലും തെരഞ്ഞുകൊണ്ടിരുന്ന ചില കാര്യങ്ങള്‍ ഞാന്‍ അറബികളില്‍ കാണാന്‍ തുടങ്ങുകയായിരുന്നു. ജീവിതത്തിന്റെ എല്ലാ ചോദ്യങ്ങളെയും സമീപിക്കുന്ന ഒരു വൈകാരികമായ പ്രകാശമാണ് ഞാന്‍ അവരില്‍ കണ്ടത്’. എന്ന് അദ്ദേഹം എഴുതി.

വെയിസ് അധിക നാള്‍ ഫലസ്തീനില്‍ താമസിച്ചില്ല. പിന്നീട് മധ്യപൗരസ്ത്യ ദേശത്തെ നിരവധി നാടുകളിലൂടെ മുസ്‌ലിം ജീവിതം പഠിച്ചു കൊണ്ട് അദ്ദേഹം സഞ്ചരിച്ചു. അന്ന് മുസ്‌ലിംകളെ അടുത്തറിയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. ഇസ്‌ലാം മതം അന്ന് അദ്ദേഹത്തിന്റെ ചിന്തയില്‍ കടന്നു കൂടിയിട്ടുണ്ടായിരുന്നില്ല.

മതിലുകളില്ലാത്ത സമൂഹത്തില്‍ ഒരുവനായി
അസദ് എഴുതുന്നു: ‘ഇസ്‌ലാമിനെകുറിച്ചുള്ള ചിന്ത എന്റെ മനസ്സില്‍ മൊട്ടിടുന്നതിനു മുമ്പുതന്നെ, പള്ളിയിലോ വഴിയരികിലോ, പരുപരുത്ത പായിലോ നമസക്കരിക്കുന്ന മുസ്‌ലിമിനെ കാണുമ്പോള്‍ എനിക്ക് തോന്നിയിരുന്നു, എത്രയും എളിമയാര്‍ന്ന വിനയത്തിന്റെ ബഹിര്‍സ്ഫുരണമാണ് ഈ ആരാധനാ കര്‍മ്മമെന്ന്. തന്റെ ഇരുകരങ്ങളും ചുമലിനോളം ഉയര്‍ത്തി തല താഴ്ത്തി, പൂര്‍ണ്ണമായും അവനില്‍ തന്നെ മുഴുകി, തനിക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നതെന്തെന്നറിയാതെ, സ്വയം ശാന്തിയില്‍ ലയിച്ചിരിക്കുന്ന ആ പ്രാര്‍ത്ഥന വിനയത്തിന്റെ അങ്ങേയറ്റമാണെന്ന് എനിക്ക് തോന്നിയിരുന്നു’.

ദമാസ്‌കസില്‍ വെള്ളിയാഴ്ചകളില്‍ മുസ്‌ലിംകളുടെ കൂടിക്കാഴ്ചകളും അവരുടെ പ്രാര്‍ത്ഥനയും അദ്ദേഹം കണ്ടു. വെള്ളിയാഴ്ച ദിവസം മറ്റേതൊരു ദിവസം പോലെ തന്നെയാണ്. അതില്‍ അവര്‍ക്ക് കച്ചവടവും ജോലിയുമുണ്ട്. യൂറോപ്യന്റെ ഞായറാഴ്ച പോലെയല്ല അറബിയുടെ വെള്ളിയാഴ്ചയെന്നദ്ദേഹം മനസ്സിലാക്കി.
ഒരിക്കല്‍ ഒരു സുഹൃത്തിനോടൊപ്പം മുസ്‌ലിം പള്ളി സന്ദര്‍ശിച്ച വെയിസ് ഒരു വൃദ്ധനായ ഇമാമിന് പിന്നില്‍ അനേകം പേര്‍ നമസ്‌ക്കരിക്കുന്നതു കണ്ടു. ഇമാമിനു പിറകില്‍ നില്‍ക്കുന്നവര്‍ അദ്ദേഹത്ത അനുകരിച്ച് വളരെ അനുസരണയോടെ അച്ചടക്കത്തോടെ കര്‍മങ്ങള്‍ ആവര്‍ത്തിക്കുന്നു. എല്ലാവരും ഒരുമിച്ച് സാഷ്ടാംഗം ചെയ്യുന്നതും കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതും അദ്ദേഹത്തെ അല്‍ഭുതപ്പെടുത്തി.

അസദ് പറയുന്നു: ‘മുസ്‌ലിംകളുടെ നമസ്‌ക്കാരം കണ്ട നിമിഷത്തിലാണ്, മുസ്‌ലിംകളുടെ ദൈവം അവരുമായി എത്ര അടുത്തു നില്‍ക്കുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. ഈ ജനങ്ങളുടെ വിശ്വാസം അവരുമായി എത്ര അടുത്തുനില്‍ക്കുന്നുവെന്നും. അവരുടെ പ്രാര്‍ത്ഥന അവരെ ജോലിയില്‍ നിന്നു തടഞ്ഞു നിര്‍ത്തുന്നില്ല. അവരുടെ ജോലിയുടെ ഒരു ഭാഗം തന്നെയാണ് അതിനിടക്കുള്ള പ്രാര്‍ത്ഥന. മുസ് ലിംകളുടെ പ്രാര്‍ത്ഥന അവരുടെ ജീവിതത്തെക്കുറിച്ചു ശരിക്കും ഓര്‍മപ്പെടുത്തുകയാണ്. ദൈവത്തെ ഓര്‍ക്കുകവഴി അവരുടെ ജോലിയെ കുറിച്ച് അവര്‍ നന്നായി ഓര്‍ക്കുകയാണ്’.
അതോടു കൂടിയാണ് വെയിസ്സ് ഈ ജനതയുടെ മതത്തെക്കുറിച്ച് ഗൗരവത്തില്‍ പഠനമാരംഭിക്കുന്നത്. ഒരു കര്‍ട്ടണ്‍ ഉയര്‍ത്തപ്പെടുന്ന പോലെ തന്റെ മുന്നില്‍ ഇസ്‌ലാം അനാവരണം ചെയ്യപ്പെടുന്നതു അതു മുതല്‍ക്കാണ്. ഒരു ജീവിത ീതി എന്ന നിലയില്‍ മാത്രമല്ല, ദൈവബോധത്തില്‍ അധിഷ്ഠിതമായ ഒരു ദൈവശാസ്ത്രം എന്ന നിലയിലും ഒരു സാമൂഹികക്രമം എന്ന നിലയിലും ഇസ്‌ലാമിനെ പഠിക്കുന്നതവിടം മുതല്‍ക്കാണെന്ന് വെയിസ് പറയുന്നു. ഇസ്‌ലാമിനെ കുറിച്ച് കേട്ടതും വായിച്ചതുമല്ല, സ്വയം പഠനത്തില്‍ അദ്ദേഹത്തിനു ബോധ്യപ്പെട്ടത്.

കുറച്ചു നാളുകള്‍ക്ക് ശേഷം വെയിസ് ഒരു കപ്പല്‍ യാത്ര നടത്തുകയായിരുന്നു. മക്കയിലേക്കു പോകുന്ന നിരവധി തീര്‍ത്ഥാടകരുമുണ്ട് കപ്പലില്‍. കപ്പലിന്റെ താഴെ തട്ടില്‍ കുറഞ്ഞ ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാരാണ്. ഒരു ദിവസം അദ്ദേഹം തന്റെ സുഹൃത്തുക്കളില്‍ ഒരാളെ കാണാന്‍ വേണ്ടി താഴത്തെ ഡെക്കിലേക്ക് ഇറങ്ങി ചെന്നു. അവിടെ താഴെ പനിപിടിച്ച് ഒരാള്‍ ഇരുമ്പിന്റെ കിടക്കയില്‍ ചുരുണ്ടുകിടക്കുന്നതു വെയിസ് കണ്ടു. കപ്പലിലെ താഴെതട്ടില്‍ വന്ന് ചികില്‍സിക്കാന്‍ കഴിയില്ലെന്ന്  ഡോക്ടര്‍ പറഞ്ഞിരിക്കുകയാണത്രെ. ആ യാത്രക്കാരന് ബാധിച്ചിരിക്കുന്നത് മലേറിയയാണെന്ന അനുമാനത്തില്‍ അയാള്‍ക്ക് ക്വിനിന്‍ (മലേറിയ അസുഖത്തിന് ആദ്യ കാലത്ത് ഉപയോഗിച്ചിരുന്ന മരുന്ന്്) കൊടുത്തു. വെയിസ് രോഗിയെ പരിശോധിക്കുമ്പോള്‍, മക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്ന ഒരു പറ്റം യമനികള്‍ പരസ്പരം കുശുകുശുക്കുന്നതു അദ്ദേഹം കണ്ടു. അവസാനം അവരില്‍ ഒരാള്‍ വെയിസിന്റെ അടുത്ത് വന്നു ഏതാനും ചുക്കിച്ചുളിഞ്ഞ നോട്ടുകള്‍ നീട്ടിക്കൊണ്ടു പറഞ്ഞു.
‘ഞങ്ങളെല്ലാവരും കൂടി സംഭാവന പിരിച്ചെടുത്ത തുകയാണിത്. വലിയ തുകയൊന്നുമില്ല. എങ്കിലും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് സ്വീകരിച്ചാലും.’
ഞാന്‍ പിന്നോട്ടു നീങ്ങി. ഞാന്‍ ഞെട്ടിപ്പോയി. അവരുടെ സുഹൃത്തിനെ പരിചരിച്ചതും അവന് മരുന്നു നല്‍കിയതും പണത്തിനു വേണ്ടിയല്ലെന്നു ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ അവര്‍ പറഞ്ഞു. ‘ഞങ്ങള്‍ക്കറിയാം അത്. എന്നാലും നിങ്ങള്‍ പണം സ്വീകരിക്കണം. ഇത് നിങ്ങളുടെ ജോലിക്കുള്ള കൂലിയല്ല, ഞങ്ങള്‍ അങ്ങേക്കു തരുന്ന ഒരു ഉപഹാരമാണ്. നിങ്ങളുടെ സഹോദരന്‍മാരുടെ ഒരു സമ്മാനം. നിങ്ങളില്‍ ഞങ്ങള്‍ വളരെ സന്തുഷടരാണ്. അതു കൊണ്ടാണ് ഞങ്ങള്‍ പണം നല്‍കുന്നത്. ദൈവത്തിന്റെ പ്രവാചകനെ ഓര്‍ത്ത് നിങ്ങള്‍ ഇതു സ്വീകരിച്ചാലും’.
ഞാന്‍ എന്റെ യൂറോപ്യന്‍പ്രകൃതം കൈവെടിഞ്ഞില്ല: ‘എന്റെ സുഹൃത്തിനെ ശ്രുശ്രൂഷിച്ചതിന്റെ പേരില്‍ എനിക്ക് പണം സ്വീകരിക്കാന്‍ പ്രയാസമുണ്ട്. എന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്. മാത്രമല്ല, നിങ്ങള്‍ക്കായിരിക്കും അതു കൂടുതല്‍ ആവശ്യമായി വരുക, അതല്ല നിങ്ങള്‍ക്ക് ഇതാര്‍ക്കെങ്കിലും കൊടുക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ നിങ്ങള്‍ പോര്‍ട്ട് സെയ്ദിലെ ദരിദ്രരായ മറ്റാര്‍ക്കെങ്കിലും കൊടുക്കൂ.’
യെമനി വീണ്ടു പറഞ്ഞു. ‘ഇത് നിങ്ങള്‍ ഞങ്ങളുടെ കൈയില്‍ നിന്ന് സ്വീകരിച്ചേ മതിയാകൂ. നിങ്ങള്‍ ഇത് നിങ്ങളുടെ അടുക്കല്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ പേരില്‍ തന്നെ നിങ്ങള്‍ പാവപ്പെട്ടവര്‍ക്കു കൊടുത്തോളൂ. ഞാന്‍ പണം നിരസിച്ചതോടെ അവര്‍ നിശബ്ദരായി. എന്നാല്‍ അവരുടെ മുഖഭാവവും അവരുടെ നിശബ്ദതയും ഞാന്‍ അവരുടെ പണമല്ല നിരസിച്ചത്, അവരുടെ ഹൃദയത്തെയാണ് എന്ന വിധത്തിലായിരുന്നു. അത് തിരിച്ചറിഞ്ഞ് ഞാന്‍ അവരോടു പറഞ്ഞു:’ തരൂ സഹോദരങ്ങളേ, ഞാന്‍ അത് സ്വീകരിച്ചിരിക്കുന്നു. നന്ദി, പ്രിയപ്പെട്ട സഹോദരങ്ങളേ’

ഇതെന്തൊരു ജനതയാണിത്, ഞാനും നീയും തമ്മിലുള്ള ബന്ധത്തില്‍ പരസ്പരം മതില്‍കെട്ട് സൃഷ്ടിക്കുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്നാല്‍ ഇവിടെയിതാ, ഈ ജനത മനുഷ്യര്‍ക്കിടയിലുള്ള അകല്‍ച്ചയുടെ മതില്‍കെട്ടുകള്‍ തകര്‍ത്ത് ഹൃദയം തുറന്നു ബന്ധം സ്ഥാപിക്കാന്‍ വരുന്നു. വെയിസിന്റെ മനസ്സിനെ പിടിച്ചു കുലുക്കിയ  സംഭവമായിരുന്നു അത്.

സിറിയയിലെ പര്യടനം കഴിഞ്ഞ വെയിസ് നേരെ പോയത് ബെര്‍ലിനിലേക്കാണ്. സേതൂംഗ് പത്രത്തിലെ പശ്ചിമേഷ്യന്‍ കറസ്‌പോണ്ടന്റായ വെയിസിനെ കണ്ട ചീഫ് എഡിറ്റര്‍ ഡോ. ഹെന്റിക് സൈമണ്‍ അല്‍ഭുതത്തോടെ പറഞ്ഞു: ‘ചിന്തോദ്ദീപകമായ നിങ്ങളുടെ ലേഖനം വായിച്ചപ്പോള്‍ നിങ്ങള്‍ പ്രായമായ ഒരു വ്യക്തിയായിരിക്കുമെന്നാണ് കരുതിയത്.’  വെറും ഇരുപത്തിനാല് വയസ്സുളള ഒരാളാണ് ഇതെഴുതിയത് എന്നതില്‍ തനിക്ക് ആശ്ചര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയണിസ്റ്റ് വിരുദ്ധ ലേഖനമെഴുതിയ അസദിനെ ആദ്യമായി പ്രശംസിച്ച അനറബി വനിതയായിരുന്നു എല്‍സ. പതിനഞ്ച് വയസ്സ് തന്നേക്കാള്‍ പ്രായം കൂടിയ അവരെ വിവാഹം ചെയ്ത വെയിസ് പിന്നീട് വ്യക്തമാക്കിയത്, പ്രവാചകന്‍ മുഹമ്മദിന് ആശ്വാസം നല്‍കിയ ഖദീജയെപോലെയായിരുന്നു തനിക്ക്  ആശ്വാസവും സമാധാനവും പ്രദാനം ചെയ്ത എല്‍സ എന്നാണ്. ഖദീജയെ പോലെ എല്‍സക്കും എന്നേക്കാള്‍ 15 വയസ്സു കൂടുതലായിരുന്നു.
ഏതാനും നാളുകള്‍ ബെര്‍ലിനില്‍ താമസിച്ച ശേഷം അദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് പഠിക്കണമെന്ന ഉദ്ദ്യേശ്യത്തോടെ ഈജിപ്തിലേക്കു പോയി, ഈജിപ്തിലെ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടറായിരുന്ന ശൈഖ് മുസ്്തഫ അല്‍ മറാഗിയെ കാണാനായി അദ്ദേഹം യാത്രതിരിച്ചു.
ഈജിപ്തില്‍ ശൈഖ് മറാഗിയുമായുള്ള സഹവാസത്തിലൂടെ ഇസ്‌ലാമിനെകുറിച്ച് അദ്ദേഹം വളരെയേറെ പഠിച്ചു. ഇസ്‌ലാമിലെ വ്യത്യസ്ത വിഷയങ്ങളില്‍ അവര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു. അസ്ഹറിലെ ഒരു വിദ്യാര്‍ത്ഥിയുടെ സഹായത്തോടെ അറബി ഭാഷ പഠിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇസ്‌ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും മുസ്‌ലിംകള്‍ പൊതുവില്‍ യഥാര്‍ത്ഥ ഇസ്‌ലാമില്‍ നിന്നു എത്രയോ അകലെയാണെന്ന സത്യം അദ്ദേഹം മനസ്സിലാക്കി്. എന്നാലും ഇസ്‌ലാം സ്വീകരിക്കണമെന്ന് അദ്ദേഹം കരുതിയില്ല. ഒരു പ്രത്യേക വിശ്വാസത്തിന്റെ ചട്ടക്കൂടില്‍ നിലകൊള്ളണമെന്നത് ഒരു ആവശ്യമായി അദ്ദേഹത്തിന് തോന്നിയില്ല.
ഈജിപ്തിലായിരിക്കുമ്പോള്‍ തന്നെ വെയിസ് പലവട്ടം സിറിയയിലേക്കും ട്രാന്‍സ് ജോര്‍ദാനിലേക്കും യാത്ര ചെയ്തു.
മധ്യേഷ്യയില്‍ നിരവധി സഞ്ചരിച്ച വെയിസ് ഒരിക്കല്‍ അഫ്ഗാനിസ്ഥാനിലേക്കു യാത്ര തിരിച്ചു. അവിടെ വച്ചുണ്ടായ ഒരനുഭവം വെയിസ് അനുസ്മരിക്കുന്നുണ്ട്. കാബൂളില്‍ നിന്ന് ഹെറാതിലേക്ക് അതിശൈത്യകാലത്താണ് യാത്ര. മഞ്ഞു മൂടിയ ഹിന്ദുകൂഷ് മല നിരകളിലൂടെയുള്ള കുതിരപ്പുറത്തുള്ള യാത്ര ദിവസങ്ങളോളം നീളുന്നതായിരുന്നു. കുതിരയുടെ ഇരുമ്പു കുളമ്പുകള്‍ നഷ്ടപ്പെട്ടപ്പോള്‍ വഴിയില്‍ ഒരു ഗ്രാമത്തില്‍ തങ്ങേണ്ടിവന്നു. അഫ്ഘാനിസ്ഥാനിലെ ആ പ്രവിശ്യയുടെ (ഹാകിം) ഗവര്‍ണര്‍ വെയിസിനെ സന്ദര്‍ശിച്ച് ഒരു സായാഹ്നം അവരോടൊപ്പം ചിലവഴിക്കാനും ആവശ്യപ്പെട്ടു. അന്ന് പേര്‍ഷ്യന്‍ ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പഠിച്ചിരുന്ന വെയിസ് ഗ്രാമമുഖ്യന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. അതിഥിയെ സന്തോഷിപ്പിക്കാന്‍ ഒരു അഫ്ഘാന്‍ ഗ്രാമീണന്‍ വന്ന് തന്റെ ഓടക്കുഴലൂതി ഗാനം ആലപിച്ച് അതിഥിയെ സന്തോഷിപ്പിച്ചു. ഗാനത്തിന്റെ ഉള്ളടക്കം ഗോലിയാത്തിനെ പരാജയപ്പെടുത്തുന്ന ദാവൂദിന്റെ കഥയായിരുന്നു.
ഗാനാലാപനം അവസാനിച്ചപ്പോള്‍ പ്രവിശ്യാ ഗവര്‍ണര്‍ പറഞ്ഞു. ‘ദാവൂദ് ശാരീരികമായി വളരെ ചെറിയവനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിശ്വാസം വളരെ വലുതായിരുന്നു’
ഇതു കേട്ടതും തിരിച്ച് ഒരു കമന്റ് പറയാതിരിക്കാന്‍ വെയിസ്സിന് കഴിഞ്ഞില്ല. ‘നിങ്ങള്‍ കുറെയേറെയുണ്ട്. എന്നാല്‍ നിങ്ങളുടെ വിശ്വാസം തുലോം കുറവാണ’്. എന്റെ ആതിഥേയന്‍ ആശ്ചര്യത്തോടെ എന്നെ നോക്കി. ഞാന്‍ പറഞ്ഞത് അവരെ വേദനിപ്പിച്ചപോലെ. ആദര്‍ശത്തിന്റെ പിന്‍ബലമുണ്ടായിരുന്ന മുസ് ലിം സമൂഹത്തിന് അവരുടെ വിശ്വാസദാര്‍ഢ്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും നൂറുവര്‍ഷത്തിനുള്ളില്‍ ഇസ് ലാമിന്റെ സന്ദേശം ലോകത്തിന്റെ പല ഭാഗത്തേക്കുമെത്തിക്കുന്നതില്‍ വിജയിക്കാനായി. അറേബ്യ മുതല്‍ ലോകത്തിന്റെ നാനാ ഭാഗത്തേക്കും ഈ സന്ദേശം പ്രചരിച്ചു. എന്നിട്ടിപ്പോള്‍ ആ ഉന്നതമായ വിശ്വാസത്തിന്റെ ആളുകളായ നിങ്ങള്‍ നിഷ്പ്രയാസം പതിതരായി പാശ്ചാത്യ സംസ്‌കാരത്തിനും ചിന്തക്കും സ്വയം കീഴടങ്ങുന്നു. യൂറോപ് അന്ധകാരത്തിലും അജ്ഞതയിലും ആണ്ടുപൂണ്ടു കിടന്നിരുന്ന ഒരു കാലത്ത് വിജ്ഞാനം കൊണ്ടും ശാസ്ത്രംകൊണ്ടുംലോകത്തെ പ്രകാശിപ്പിച്ച നിങ്ങളുടെ പൂര്‍വപിതാക്കളെപോലെ എന്തുകൊണ്ട് നിങ്ങള്‍ക്കും കഴിയുന്നില്ല ? ഇസ് ലാമിന്റെ മുഴുവന്‍ നന്‍മകളും മൂല്യങ്ങളും ചവിട്ടിമെതിച്ച മതവിദ്വേഷിയായ അത്താതുര്‍ക്കിനെ പോലുള്ളവര്‍ എങ്ങനെ  മുസ്‌ലിം പരിഷ്‌ക്കരണത്തിന്റെ പ്രതീകമായി മാറി ?
അഫ്ഗാനിലെ ആ പ്രവിശ്യാ ഗവര്‍ണര്‍ക്ക് ഉത്തരമില്ലാതെ മൗനിയായി ഇരിക്കാനേ കഴിഞ്ഞുള്ളൂ. പറയൂ, നിങ്ങളുടെ പ്രവാചകനും അദ്ദേഹത്തിന്റെ വിശുദ്ധിയും  ലാളിത്യവും തലനാരിഴ കീറി പരിശോധിക്കുന്ന നിങ്ങളുടെ പാണ്ഡിത്യത്തിനും സംശയത്തിന്റെയും ഇടയില്‍ എങ്ങനെയാണ് കുഴിച്ചു മൂടപ്പെട്ടത് ? നിങ്ങളിലെ ഭൂരിപക്ഷവും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുമ്പോള്‍  നിങ്ങളിലെ രാജകുമാരന്‍മാരും പ്രമാണിമാരും സമ്പത്തിന്റെ കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന അവസ്ഥ വരാന്‍ കാരണമെന്താണ് ?  ‘അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല’ എന്ന് നിങ്ങളുടെ പ്രവാചകന്‍ പറഞ്ഞിരിക്കേ നിങ്ങളിലെ പാവങ്ങള്‍ ഇവ്വിധം തഴയപ്പെടുന്നതെന്തു കൊണ്ട് ? ഇതെങ്ങനെ സംഭവിച്ചു? വിജ്ഞാനം കരസ്ഥമാക്കുക ഓരോ മുസ് ലിംസത്രീ പുരുഷന്റെയും ബാധ്യതയാണെന്നിരിക്കെ, നിങ്ങളുടെ സമൂഹം എന്തു കൊണ്ടു ഇത്രയും അജ്ഞരായിത്തീര്‍ന്നു ? നിങ്ങള്‍ പറയൂ.
ആ ഗവര്‍ണര്‍ എന്റെ ചോദ്യങ്ങള്‍ കേട്ട് സ്തബ്ധനായിരുന്നു. ഏറെ നേരം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. നിങ്ങളൊരു മുസ്‌ലിമാണല്ലേ?
ഞാന്‍ ചിരിച്ചു കൊണ്ടു പ്രതിവചിച്ചു: ‘ഇല്ല ഞാനൊരു മുസ്‌ലിമല്ല. എന്നാല്‍ ഇസ്‌ലാമിന്റെ സൗന്ദര്യം വളരെയേറെ ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ ചില മുസ്‌ലിംകളുടെ പ്രവൃത്തികള്‍ എന്നെ ദേഷ്യം പിടിപ്പിക്കുന്നു. നിങ്ങള്‍ മുസ് ലിംകള്‍ ഈ മഹത്തായ ഇസ് ലാമിനെ യഥാര്‍ത്ഥ രീതിയില്‍ തിരിച്ചറിയുന്നില്ലായെന്നത് എന്നില്‍ തീവ്രവേദനയുണ്ടാക്കുന്നു. ഞാന്‍ പരുഷമായി സംസാരിച്ചെങ്കില്‍ നിങ്ങള്‍ എന്നോടു ക്ഷമിക്കണം’. എന്റെ ആതിഥേയന്‍ അദ്ദേഹത്തിന്റെ തലയാട്ടിക്കൊണ്ടേയിരുന്നു. ‘ഇല്ല. നിങ്ങള്‍ ഞാന്‍ പറഞ്ഞില്ലേ നിങ്ങള്‍ ഒരു മുസ്‌ലിമാണ്, എന്നാല്‍ നിങ്ങള്‍ സ്വയം അത് അറിയില്ലെന്നു മാത്രം’.
വെയിസ് മാസങ്ങള്‍ക്കു ശേഷം ബെര്‍ലിനിലേക്കു തിരിച്ചു. എന്നാല്‍ തന്നെ സല്‍ക്കരിച്ച ആ അഫ്ഗാന്‍ ആതിഥേയന്‍ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നു മാഞ്ഞിരുന്നില്ല.

കുറേ കാലം കൂടി അറബ് നാടുകളില്‍ താമസിച്ച അദ്ദേഹം തിരിച്ച് 1926 ല്‍ ബര്‍ലിനില്‍ തിരിച്ചെത്തി. ബര്‍ലിനില്‍ തിരിച്ചെത്തിയ അദ്ദേഹം ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ തുടങ്ങി. ഭാര്യ എല്‍സയും അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണ നല്‍കി. അവരും ഖുര്‍ആന്റെ വശ്യത ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു. കേവലം ഒരു മതഗ്രന്ഥം എന്നതിനുപരി പ്രായോഗിക ജീവിതത്തിലെ നിയമനിര്‍ദേശങ്ങള്‍ എന്ന നിലയില്‍ അവരതിനെ നോക്കിക്കണ്ടു.
ഒരിക്കല്‍ വെയിസും ഭാര്യ എല്‍സയും കൂടി ബര്‍ലിനില്‍ ഭൂഗര്‍ഭ റെയില്‍വേയില്‍ സഞ്ചരിക്കുകയായിരുന്നു.
തീവണ്ടിയില്‍ ഉയര്‍ന്ന ക്ലാസിലാണ് അവരുടെ യാത്ര. വെയിസ് പറയുന്നു. ‘ കമ്പാര്‍ട്ട്‌മെന്റില്‍ എനിക്കഭിമുഖമായിരിക്കുന്ന മാന്യമായി വസ്്ത്രം ധരിച്ചിട്ടുള്ള ഒരാളിലേക്കു എന്റെ ശ്രദ്ധ പതിഞ്ഞു. ഒരു ബിസിനസ്സുകാരനാണെന്നു തോന്നുന്ന ആ മാന്യന്റെ കാല്‍ മുട്ടുകള്‍ക്കിടയില്‍ ഒരു പെട്ടിയുമുണ്ട്. കയ്യില്‍ ഒരു വലിയ ഡയമണ്ട് മോതിരമണിഞ്ഞിട്ടുണ്ട്് അദ്ദേഹം. അന്ന് യൂറോപ് കൈവരിച്ചിരിക്കുന്ന ഭൗതിക പുരോഗതിയുടെ പ്രതീകമാണ് അദ്ദേഹമെന്ന് എനിക്കു തോന്നി. യൂറോപിനെ സാമ്പത്തികമായി തകര്‍ത്ത നാണയപ്പെരുപ്പത്തിനു ശേഷം സാമ്പത്തിക മേഖല പുഷ്ടിപ്പെട്ടു വരുന്ന സന്ദര്‍ഭമായിരുന്നു അത്. അന്നത്തെ യൂറോപിലെ മിക്കവാറും ജനങ്ങളുടെയും സാമ്പത്തികമായ വളര്‍ച്ചയെ എടുത്തോതുന്നതായിരുന്നു അയാളുടെ മുന്തിയ വസ്ത്രധാരണ രീതിയും മറ്റും. എന്നാല്‍ ഞാന്‍ അയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. തന്റെ ശരീരത്തിന്റെയും വസ്ത്രത്തിന്റെയും മേന്‍മ അയാളുടെ മുഖത്ത് സന്തോഷത്തോടെ വിരിയുന്നില്ലെന്നു എനിക്ക് തോന്നി. അയാള്‍ വിഷണ്ണനായാണ് ഇരിക്കുന്നത്. എന്നല്ല അത്യധികം ദുഃഖിതനാണ് അദ്ദേഹമെന്ന് എനിക്ക് തോന്നി. അടുത്തിരിക്കുന്ന മറ്റൊരു സ്ത്രീയിലേക്കും ഞാന്‍ നോക്കി. അവരും വളരെ ഉയര്‍ന്ന രീതിയില്‍ വസ്ത്രം ധരിച്ചിരിക്കുന്നു. എന്നാല്‍ അവരും സന്തോഷവതിയല്ല. അവളുടെ മനസ്സില്‍ വേദനയുടെ കടല്‍ ആര്‍ത്തിരമ്പുന്നുണ്ടെങ്കിലും അവള്‍ മുഖത്ത് ഒരു പുഞ്ചിരി കരുതിവെച്ചിരിക്കുന്നു. കമ്പാര്‍ട്ടുമെന്റിലെ നന്നായി ഉണ്ണുകയും ഉടുക്കുകയും ചെയ്ത പലരുടെയും മുഖങ്ങളിലേക്ക് ഞാന്‍ കണ്ണു പായിച്ചു. ഏകദേശം എല്ലവരുടെയും മുഖത്ത് കാണാം വിഷാദവും പ്രയാസവും. എനിക്കു ചുറ്റും ഇത്രയും അസന്തുഷ്ടരായ ജനങ്ങളെ ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല. യാത്രക്കാരുടെ അവസ്ഥയെക്കുറിച്ചും യൂറോപ്യന്‍ പൊതു സമൂഹത്തിന്റെ അവസ്ഥയെയും കുറിച്ച് ഞാന്‍ എല്‍സയോടു സംസാരിച്ചു. അവളും ചുറ്റിലുള്ള ജനങ്ങളിലേക്ക് കണ്ണോടിച്ചു. അവരുടെ അംഗവിക്ഷേപങ്ങളും മുഖഭാവവും ശ്രദ്ധിച്ച് ആശ്ചര്യത്തോടെ ‘താങ്കള്‍ പറഞ്ഞത് ശരിയാണ്. നരകശിക്ഷ അനുഭവക്കുന്നതു പോലെയുള്ള ദൈന്യതയാണ് അവരുടെ മുഖങ്ങളില്‍’ എന്ന് അവള്‍ ഏറ്റു പറഞ്ഞു.
യാത്ര കഴിഞ്ഞ് ഞങ്ങള്‍ തിരികെ വരുമ്പോള്‍ വീട്ടിലെ സ്വീകരണ മുറിയില്‍ മേശപുറത്തിരിക്കുന്ന ഖുര്‍ആന്റെ കോപ്പി  കണ്ണില്‍പെട്ടു. മുമ്പ് ഞാന്‍ അത് പലവട്ടം വായിച്ചതായിരുന്നു. ഖുര്‍ആന്‍ എടുത്ത് മറ്റൊരിടത്തേക്ക് മാറ്റി വെയ്ക്കാം എന്നു കരുതിയാണ് ഞാന്‍ ഖുര്‍ആന്‍ എടുത്തത്. തുറന്നിരിക്കുന്ന ഖുര്‍ആന്‍ ഞാന്‍ അടക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അതില്‍ തുറന്നിരിക്കുന്ന പേജിലേക്കു എന്റെ കണ്ണുകള്‍ പതിയുന്നത്. ഞാനത് വായിച്ചു.

‘മറ്റുള്ളവരെ കവച്ചുവെച്ച് അധികമധികം ഭൗതിക നേട്ടങ്ങളാര്‍ജിക്കാനുള്ള ആര്‍ത്തി നിങ്ങളെ ബോധശൂന്യരാക്കിയിരിക്കുന്നു. (അതേ വിചാരത്തോടെ) നിങ്ങള്‍ കല്ലറകളിലെത്തിച്ചേരുവോളം. ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഇനിയും(കേട്ടുകൊള്ളുക) ഒരിക്കലുമല്ല. അടുത്തുതന്നെ നിങ്ങള്‍ അറിയുന്നുണ്ട്. ഒരിക്കലുമല്ല. (ഈ നിലപാടിന്റെ അനന്തരഫലത്തെക്കുറിച്ച്) നിങ്ങള്‍ക്ക് സുദൃഢമായ ജ്ഞാനമുണ്ടായിരുന്നുവെങ്കില്‍ (ഈ നടപടി അനുവര്‍ത്തിക്കുമായിരുന്നില്ല). നിങ്ങള്‍ നരകത്തെ കാണുകതന്നെ ചെയ്യും. ഇനിയും (കേട്ടുകൊള്ളുക) നിങ്ങള്‍ തികഞ്ഞ ബോധ്യത്തോടെ അതിനെ കാണുകതന്നെ ചെയ്യും. പിന്നെ ഇന്നത്തെ സൗഭാഗ്യത്തെക്കുറിച്ച് അന്നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു.’ (വിശുദ്ധ ഖുര്‍ആന്‍ 102).
കുറെ നിമിഷത്തേക്ക് എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. ഖുര്‍ആന്‍ പിടിച്ച എന്റെ കൈകള്‍ വിറക്കാന്‍ തുടങ്ങി. ഞാന്‍ അത് എല്‍സക്കു നല്‍കിയിട്ടു പറഞ്ഞു. എല്‍സാ ഇതു വായിച്ചു നോക്കൂ. നമ്മള്‍ ഇന്ന് ബെര്‍ലിനില്‍ തീവണ്ടിയില്‍ കണ്ടതിന്റെ ഉത്തരമല്ലേ ഇത് ? ഞാന്‍ ചോദിച്ചു.
തീര്‍ച്ചയായും അവ എനിക്ക് ചില ഉത്തരങ്ങളായിരുന്നു. എന്റെ എല്ലാ സംശയങ്ങളും ഒറ്റയടിക്ക് നീക്കിക്കളഞ്ഞ ഉത്തരമായിരുന്നു അത്. ഒരു സംശയത്തിനുമിടയില്ലാത്ത വിധം ഞാനിപ്പോള്‍ തിരിച്ചറിയുന്നു. എന്റെ കൈയില്‍ പിടച്ചു കൊണ്ടിരിക്കുന്ന ഗ്രന്ഥം ദൈവപ്രോക്തമായ ഗ്രന്ഥമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. 13 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു സമൂഹത്തിന്റെ മുന്നില്‍ ഇത് അവതരിച്ചതായിരിക്കെ, സങ്കീര്‍ണവും യന്ത്രവല്‍കൃതവും അതിവേഗതയുമാര്‍ന്ന നമ്മുടെ ഈ കാലഘട്ടത്തില്‍ സത്യമായി പുലരുന്ന ചില കാര്യങ്ങള്‍ വി. ഖുര്‍ആനിലുണ്ടെന്നത് എത്രയോ അത്ഭുതകരമാണ്.
എല്ലാ കാലത്തെ ജനതതികളിലുമുണ്ടായിട്ടുണ്ട് അത്യാഗ്രഹവും പണത്തിനോടുള്ള അത്യാര്‍ത്തിയും. എന്നാല്‍ മുന്‍ കാലങ്ങളേക്കാള്‍ ഇന്നാണ് അതു കൂടുതലായിരിക്കുന്നത്.
വിദൂര ഭൂതകാലത്ത് അറേബ്യന്‍ മണലാരണ്യത്തില്‍ ജീവിച്ച ഒരാളുടെ ബുദ്ധിയുടെ ഭാഷണങ്ങളല്ല ഇത്. അദ്ദേഹം ബുദ്ധിമാനായിരുന്നുവെങ്കിലും, അദ്ദേഹത്തിനു സ്വയം മുന്‍കൂട്ടിക്കാണാന്‍ കഴിയുമായിരുന്ന ഒരു സത്യമല്ല ഖുര്‍ആന്‍ ലോകത്തോടു വിളിച്ചു പറഞ്ഞത്.
അടുത്ത ദിവസം വെയിസ് ബെര്‍ലിനിലെ പ്രാദേശിക മുസ് ലിംപള്ളിയില്‍ ചെന്നു. വളരെമുമ്പ് അങ്ങനെ ഒരു മസ്ജിദ് അവിടെയുള്ളതായി അദ്ദേഹം കേട്ടിട്ടുണ്ട്. പള്ളി ഇമാമിനു മുമ്പില്‍ ചെന്നു ശഹാദത്ത് കലിമ ഏറ്റു ചൊല്ലി. 1926 സെപ്തംബറിനായിരുന്നു അത്. അങ്ങനെ കേവലം 26 ാമത്തെ വയസ്സില്‍ തന്നെ ലിയോപോള്‍ഡ് വെയിസ്സ് ഒരു മുസ് ലിമായിത്തീര്‍ന്നു. പിന്നീടൊരിക്കലാകാം എന്നുകരുതി നീട്ടിവക്കാതെ സത്യം മനസ്സിലാക്കിയ ദിവസം തന്നെ അദ്ദേഹം അതിനെ സ്വീകരിച്ചു.  സത്യം മനസ്സിലാക്കിയിട്ടും ഇസ്‌ലാമാണ് യഥാര്‍ത്ഥ മതമെന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിക്കാത്ത അനേകരുണ്ടായിരിക്കെ മുഹമ്മദ് അസദിന്റെ സത്യം സ്വീകരിക്കാനുളള സന്നദ്ധത മാതൃകയാകേണ്ടതാണ്. ഏതാനും ആഴ്ചകള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ആദ്യഭാര്യയായ എല്‍സയും ഇസ്‌ലാം സ്വീകരിച്ചു. പിന്നീട് മുഹമ്മദ് അസദ് എന്ന പേര് സ്വീകരിക്കുകയും താമസിയാതെ മക്കയില്‍ വന്ന് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.

Related Post