ഡോ. മുഹമ്മദ് അമാന്‍ ബ്‌നു അലിയ്യുല്‍ ജാമി
മുസ് ലിം സമൂഹത്തിനു രണ്ട് ആഘോഷങ്ങളാണ് അല്ലാഹു നിശ്ചയിച്ചു തന്നിട്ടുള്ളത്. ഇസ് ലാമിന്റെ എല്ലാ ആഘോഷങ്ങളും ഇസ് ലാമിന്റെ അഭിവാജ്യ ഘടകങ്ങളായ ഏതെങ്കിലും ഇബാദത്തിനെ തുടര്‍ന്നാണ് കൊണ്ടാടപ്പെടുന്നത്. അതില്‍ ആദ്യത്തേത്, ‘ഈദുല്‍ ഫിത്വറ’ും രണ്ടാമത്തേത് ‘ഈദുല്‍ അദ്ഹാ’യുമാണ്.
കണിശമായ വ്രതാനുഷ്ഠാനമെന്ന ആരാധനാ കര്‍മ്മം ഒരു മാസക്കാലം തുടര്‍ച്ചയായി നിര്‍വ്വഹിച്ച ശേഷമാണ് ശവ്വാല്‍ ഒന്നിന് ഈദുല്‍ ഫിത്വര്‍. അല്ലാഹു മുസ് ലിംകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള വിശിഷ്ഠമായ ഒരു ആരാധനാ കര്‍മ്മമാണ് റമദാനിലെ നോമ്പ്. തുല്യതയില്ലാത്ത പ്രതിഫലമാണ് നോമ്പുകാരന് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. അല്ലാഹു പറയുന്നതായി നബി (സ) പറയുകയാണ്. ‘ആദം സന്തതികളുടെ മുഴുവന്‍ സല്‍ക്കര്‍മ്മങ്ങളും അവനുള്ളതാണ്. നോമ്പൊഴികെ, നോമ്പ് എനിക്കുള്ളതാണ്. ഞാനാണതിന് പ്രതിഫലം നല്‍കുന്നത്’. ‘എനിക്ക് വേണ്ടിയാണ് നോമ്പുകാരന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നത്’ തുടങ്ങിയ പ്രവാചക വചനങ്ങള്‍ നോമ്പിന്റെ മഹത്വം കുറിക്കുന്നുണ്ട്. ഇത്തരം അനിര്‍വ്വചനീയമായ ആത്മീയാനുഭൂതി വിശുദ്ധ റമദാന്‍ മാസത്തിലൂടെ നേടിയെടുത്താണ് വിശ്വാസി പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്. കഠിനമായ ആരാധനാ കര്‍മ്മങ്ങളിലേര്‍പ്പെട്ട വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ ഉപഹാരമാണ് പെരുന്നാള്‍. നീണ്ട കാലത്തെ ഉപവാസത്തിന് ശേഷം അവര്‍ തിന്നുകയും കുടിക്കുകയും ചെയ്യുകയാണ് ഈദില്‍. അല്ലാഹു വിശ്വാസികള്‍ക്ക് അനുവദിച്ചിട്ടുള്ള മുഴുവന്‍ നന്മകളും അവര്‍ ആസ്വദിക്കുകയാണ്. അവരുടെ ഏറ്റവും മനോഹരവും പുതിയതുമായ വസ്ത്രങ്ങള്‍ ധരിച്ച്, അല്ലാഹുവിന്ന് സ്തുതി സ്‌ത്രോതങ്ങള്‍ ഉച്ചയിസ്ഥരം പ്രഖ്യാപിച്ച് അവര്‍ ഈദ് ഗാഹിലേക്ക് യാത്രയാകുന്നു.
ഇവിടെ ഈദുല്‍ ഫിത്വര്‍ അല്ലാഹു വിശ്വാസികള്‍ക്കേകിയ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകാശനം കൂടിയാണ്. രണ്ട് റകഅ്ത്ത് ഈദു നമസ്‌കാരം നിര്‍വ്വഹിച്ച് പരസ്പരം ആശ്ലേഷിച്ച് തങ്ങളുടെ സന്തോഷം അവര്‍ പങ്കു വെക്കുന്നു.
ഈദുല്‍ അദ്ഹായും ഒരു ഇബാദത്തിന്റെ അവസാനത്തെ തുടര്‍ന്നാണ് ആഘോഷിക്കുക. അല്ലഹുവിന്റെ തിരു ഭവനത്തില്‍ ചെന്ന് ഹജ്ജ് നിര്‍വഹിച്ച് ശേഷമാണ് ഈദുല്‍ അദ്ഹ. ആയിശ (റ) തിരുമേനിയോട് ചോദിച്ചു. ‘സ്ത്രീകള്‍ക്ക് ജിഹാദ് നിര്‍ബന്ധമില്ലേ?’ പ്രവാചകന്‍ പറഞ്ഞു. ‘അവര്‍ക്കുമുണ്ട് ജിഹാദ്. എന്നാല്‍ അതില്‍ യുദ്ധമില്ല. അവരുടെ ജിഹാദ് ഹജ്ജും ഉംറയുമാണ്’.
ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ മുഴുവന്‍ കഴിയുന്നതിന് തൊട്ടു മുന്‍പാണ് ദുല്‍ ഹജ്ജ് പത്തിന് ‘ഈദുല്‍ അദ്ഹ’ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്.
അറഫയില്‍ ഒരുമിച്ചു കൂടാനും അറഫാ മൈതാനിയില്‍ പശ്ചാത്താപ വിവശരായി ഭക്തി പുരസ്സരം നില്‍ക്കാനും അല്ലാഹു ഹാജിമാരോട് കല്‍പ്പിച്ചിരിക്കുകയാണ്. ഹാജിമാര്‍ അറഫയില്‍ നില്‍ക്കുമ്പോള്‍ മറ്റുള്ള വിശ്വാസികള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നോമ്പ് അനുഷ്ഠിക്കുന്നു. മുന്‍ വര്‍ഷത്തിലെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുത്തു കൊടുക്കുന്ന നോമ്പാണ് അറഫാ നോമ്പ്. ഇങ്ങനെ ഒരു മഹത്തായ ദിവസത്തിന് ശേഷമുള്ള, ശ്രേഷ്ടമായ ആരാധനാ കര്‍മ്മത്തിന് ശേഷമുള്ള അതിമഹത്തായ സുദിനമാണ് ‘ഈദുല്‍ അദ്ഹാ’. അറഫാ നോമ്പു കൊണ്ടും ഹജ്ജ് കൊണ്ടും അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹത്തിന്റെ നന്ദി പ്രകാശം തന്നെയാണ് ഈദുല്‍ അദ്ഹാ.
ഹാജിമാര്‍ ഹജ്ജിന്റെ കര്‍മ്മത്തിലൂടെയും മറ്റുള്ള മുസ് ലിംകള്‍ ബലികര്‍മ്മത്തിലൂടെയും അല്ലാഹുവോട് ഏറെ അടുക്കുകയാണ്. അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ബലി പെരുന്നാള്‍ ദിനത്തെ തുടര്‍ന്നുള്ള മൂന്ന് ദിവസവും നന്ദിയും സ്തുതിയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ് വിശ്വാസികള്‍. ഇസ് ലാമിന്റെ ആഘോഷങ്ങളിലും വാഴ്ത്തപ്പെടുന്നതും സ്മരിക്കപ്പെടുന്നതും അല്ലാഹുവിന്റെ നാമങ്ങള്‍ തന്നെ. വിശ്വാസി അതിരറ്റ് സന്തോഷിക്കുന്ന വേളയിലും അല്ലാഹുവിന്റെ ഇഷ്ട ദാസനായി അവന്റെ മാര്‍ഗ്ഗത്തില്‍ തന്നെയാണ്. അത് തന്നെയാണ് ഇസ് ലാമിന്റെ പെരുന്നാളുകളുടെ ഏറ്റവും വലിയ പ്രത്യേകതയും.