Main Menu
أكاديمية سبيلي Sabeeli Academy

ഊഷ്മള ദാമ്പത്യബന്ധം

ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പരാശ്രിതരുംമനസിണക്കവുമുള്ളവരായിരിക്കേണ്ടവരാണ്. ശാരീരികവും മാനസികവും സാമ്പത്തികവുമായ കാര്യങ്ങളിലൊക്കെ അവര്‍الحياة الزوجية

പരസ്പരം ആശ്രിതരാകണം എങ്കിലേ ദാമ്പത്യബന്ധം വിജയത്തിലെത്തിക്കാന്‍ കഴിയൂ. വിശപ്പടക്കാന്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നതും ഭയത്തില്‍നിന്ന് അവര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതും അല്ലാഹുവാണെന്ന് വി. ഖുര്‍ആന്‍ പറയുന്നുണ്ട്. ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയ്ക്കും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ് ദമ്പതികള്‍ സ്വയം തങ്ങളുടെ വൈകാരികാവസ്ഥകളെ പരസ്പരം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ശ്രമിക്കുകയെന്നത്.

 

സ്‌നേഹത്തിന് വേണ്ടിയുള്ള ഉള്‍ക്കടമായ താല്‍പര്യം
മനുഷ്യന് ഏറ്റവും ആവശ്യമുള്ള കാര്യങ്ങളില്‍ ഒന്നാണ് സ്‌നേഹം. ദമ്പതികള്‍ തങ്ങള്‍ കൂടുതല്‍ സ്‌നേഹിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ദാമ്പത്യ ജീവിതത്തിന്റെ മുന്നോട്ടുള്ള സുഖകരമായ പ്രയാണത്തിന് സ്‌നേഹം അവിഭാജ്യഘടകമാണ്. അതുകൊണ്ട് ദമ്പതികള്‍ അവരുടെ സ്‌നേഹം പുതുക്കിക്കൊണ്ടിരിക്കേണ്ടതുണ്ട്. ഊഷ്മളമായ ഭാര്യഭര്‍തൃബന്ധം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള ചില നിര്‍ദേശങ്ങളാണ് ചുവടെ;
1.വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും ഇടയിലുള്ള കാലഘട്ടത്തെ തമ്മില്‍ താരതമ്യം ചെയ്യരുത്
ദമ്പതികളില്‍ ഇരുവര്‍ക്കും വ്യത്യസ്തമായ അഭിരുചികളും താല്‍പര്യങ്ങളുമുണ്ടായിരിക്കും. വിവാഹിതരായ പല ദമ്പതികളും പലപ്പോഴും ആകുലപ്പെടുന്നതും വിവാഹ നിശ്ചയത്തിന്റെയും വിവാഹം വരെയെത്തുന്ന സന്ദര്‍ഭത്തിലും ഉണ്ടായ ശക്തമായ പ്രേമവികാരം ഉണ്ടാകുന്നില്ലായെന്നാണ്. വിവാഹ ശേഷമുള്ള സ്‌നേഹ പ്രകടനത്തിന് കുറച്ചു കൂടി പക്വത വന്നിരിക്കും. അത്തരം വൈകാരിക സംസാരങ്ങളും പ്രകടനങ്ങളുമാണ് പിന്നീടുള്ള ജീവിതത്തില്‍ ദമ്പതികള്‍ക്കുണ്ടാവുക.

 

2. ജീവിത പ്രശ്‌നങ്ങളിലും പ്രാരാബ്ധങ്ങളിലും പതറരുത്
ദാമ്പത്യ ജീവിതത്തിലുമുണ്ടാകും നിരവധി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും. പ്രത്യേകിച്ച് കുട്ടികള്‍ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍. കുട്ടികളയും കുടുംബത്തെയും ഒരുമിച്ച് പരിചരിക്കാനും നോക്കാനും കഴിയാതെ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. അത്തരം പ്രയാസങ്ങള്‍ പര്‍വതീകരിച്ച് കാണുന്നത് ദമ്പതികളുടെ ജീവിതത്തില്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാക്കും.

 

3.മറ്റുള്ള ദമ്പതികളെ മാതൃകാ ദമ്പതികളായി വിലയിരുത്തരുത്.
മറ്റു ദമ്പതികളെ ഒരു നിലക്കും താരതമ്യത്തിന് വിധേയമാക്കാതിരിക്കുക. ഒരു ഭര്‍ത്താവും ഭാര്യയെ കുറിച്ച് നീ അവളെ പോലെയാകണം. അവളുടെ സ്വഭാവം ശീലിക്കണം എന്നൊന്നും പറയരുത്. അതു പോലെ തന്നെ തിരിച്ചും. ദമ്പതികള്‍ അവരുടെ യഥാര്‍ത്ഥ ജീവിതത്തില്‍ പുറമേ നാം കാണുന്നതു പോലെ ആയിക്കൊള്ളണമെന്നില്ല. .

4.തെറ്റുകളില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യുക

പങ്കാളിയുടെ പോരായ്മകളും വീഴ്ചകളും പരതുന്നതിനു പകരം അവരുടെ നല്ല വശങ്ങള്‍ കണ്ടറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുക. പരസ്പര ബഹുമാനവും ആദരവും പരിഗണനയും വര്‍ധിക്കുവാന്‍ അതാണ് ഏറ്റവും നല്ല ഉപാധി.

 

5.ലാളിത്യം
ജീവിതം യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമാണ്. അതിനെ ലളിതമാക്കാന്‍ ദമ്പതികള്‍ പരസ്പരം ശ്രമിക്കണം. ജീവിതത്തിന്റെ പ്രയാസങ്ങളില്‍ നിന്ന് സമാധാനം ലഭിക്കുന്ന ഇടമായിരിക്കണം കുടുംബം.

 

6.സ്‌നേഹം പ്രകടിപ്പിക്കുക
കഴിയുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും ദമ്പതികള്‍ അവരുടെ സ്‌നേഹം പങ്കുവെക്കണം. സ്‌നേഹം അവര്‍ വളര്‍ത്തിക്കൊണ്ടുവരികയും അതിനെ ശക്തിപ്പെടുത്തുകയും അതിനെ ആസ്വദിക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ പല  സംസ്‌കാരങ്ങളിലും പുരുഷന്‍മാര്‍ അവരുടെ വികാരം തുറന്ന് പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്നത്് സങ്കടകരമാണ്. പുരുഷന്റെ ആണത്തത്തിന്റെ ലക്ഷണം അവരുടെ ഗൗരവപൂര്‍ണമായ പെരുമാറ്റമാണെന്നും അങ്ങനെയല്ലെങ്കില്‍ അവരുടെ അന്തസ് കുറയുമെന്നും അവര്‍ ഭയപ്പെടുന്നു.
മുഹമ്മദ് നബി (സ) ഏറ്റവും സ്‌നേഹസമ്പന്നനായ ഭര്‍ത്താവായിരുന്നു. വളരെ അനുകമ്പയോടെയും താല്‍പര്യത്തോടെയുമാണ് അദ്ദേഹം അവരോടു പെരുമാറുക
തന്റെ ഭാര്യമാരോടുള്ള പ്രവാചകന്റെ ഉദാരമായ സമീപനം ഇക്കാലത്തെ മുസ് ലിം പുരുഷന്‍മാര്‍ക്ക് മാതൃകയാകേണ്ടതുണ്ട്.
സ്ത്രീകള്‍ വളരെ പ്രയാസത്തിലായിരിക്കുന്ന സന്ദര്‍ഭങ്ങളിലാണ് പുരുഷന്‍മാരുടെ കൂടുതല്‍ സംരക്ഷണവും സ്‌നേഹവും പരിചരണവും വേണ്ടത്. അവരുടെ ഗര്‍ഭധാരണ- പ്രസവ സമയങ്ങളില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ കൂടുതല്‍ പരിചരണം നല്‍കേണ്ടതുണ്ട്.

 

7.സ്വാതന്ത്ര്യം
സ്ത്രീകള്‍ക്ക്് പല കാര്യങ്ങളിലും ആവശ്യം വേണ്ട സ്വാതന്ത്ര്യം പോലും നല്‍കാന്‍ വിസമ്മതിക്കുന്ന സാമൂഹികസാഹചര്യമാണ് മുസ്‌ലിം സമൂഹത്തിലുള്ളത്, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍.ഭാര്യക്ക് അത്യാവശ്യം വേണ്ട ചിലവുകള്‍ നിര്‍വഹിക്കാന്‍ വേണ്ടിയുള്ള പണം ഭര്‍ത്താവ് നല്‍കണം. മഹ്‌റ് ചോദിക്കാന്‍ സ്ത്രീകള്‍ക്ക് ഇസ് ലാം അനുവാദം നല്‍കിയിരിക്കുന്നത് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടണമെന്നതിന്റെ സൂചനയാണ്.

അഭിപ്രായ സ്വാതന്ത്ര്യം
ഒരാളുടെ അഭിപ്രായം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. ഇരുവരുടെയും അഭിപ്രായ ഭിന്നതകളെ പരസ്പരം അംഗീകരിക്കുകയും ഉള്‍ക്കൊളളുകയും വേണം. പങ്കാളിയുടെ അഭിപ്രായത്തെ വിലകുറച്ചുകാണുന്ന സ്വഭാവം നല്ല ദാമ്പത്യത്തിന്റെ ലക്ഷണമല്ല.

ശരീഅഃയുടെ പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള സാമൂഹിക സ്വാതന്ത്ര്യം
കോളേജിലും ജോലി സ്ഥലത്തും ബന്ധുമിത്രാദികളെ സന്ദര്‍ശിക്കാന്‍ പോകുന്ന ഭാര്യയെക്കുറിച്ചും ഭര്‍ത്താവിന് ആത്മവിശ്വാസം വേണം. അനാവശ്യമായ സംശയത്തിന്റെ കണ്ണുകള്‍ അവളുടെ മേല്‍ പതിക്കുന്നത് ഒരു നല്ല ഭര്‍ത്താവിന്റെ ലക്ഷണമല്ല.

8. വിജയത്തിന്റെ ആവശ്യം

ഭാര്യഭര്‍ത്താക്കന്‍മാര്‍ക്ക് അവരുടെ ജീവിതത്തിലും ജോലി പഠനമേഖലകളിലെ വിജയത്തിനും പരസ്പരം സഹായവും സഹകരണവും ആവശ്യമാണ്. വളരെ ചെറിയ കാര്യങ്ങളില്‍ പോലും വേണം ഈ സഹകരണം.

 

9.സംതൃപ്തമായ ലൈംഗിക ജീവിതം
മനുഷ്യന്റെ ലൈംഗികാസക്തി പ്രകൃതിപരമാണ്. പങ്കാളികള്‍ ഇരുവരും പരസ്പരം ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഇണയെ തൃപ്തിപ്പെടുത്തണം. ലൈംഗിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് സമ്മതിക്കാന്‍ പ്രയാസമുണ്ടാകരുത്. ഇരുവരും രണ്ടു പേരുടെയും ലൈംഗിക പൂര്‍ത്തീകരണത്തിനുവേണ്ടി സമര്‍പ്പിതരാകണം. ദാമ്പത്യ പ്രശ്‌നങ്ങളില്‍ 70 %  ലൈംഗിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എല്ലാത്തിനുമുപരി ദമ്പതികള്‍ തമ്മില്‍ പരസ്പര സ്‌നേഹവും അനുകമ്പയും നില നില്‍ക്കുന്നുണ്ടെങ്കില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയും.

ഉമറി(റ)ന്റെ ഖിലാഫത്ത് കാലത്ത് പട്ടാളത്തിലായിരുന്ന തന്റെ പ്രിയതമനെ ഓര്‍ത്ത് ഒരു വനിത ഇങ്ങനെ പാടിയത്രെ:
കൂട്ടിന് തോഴനില്ലായ്കയാലെന്‍ മന
ക്കൂടുതുറന്നഹോ നിദ്ര പറന്നുപോയ്.
ഈശ്വരന്‍ സത്യമാണീശന്റെ ശിക്ഷക
ളാശു മറക്കുകിലാടുമിക്കട്ടിലും.

ഉമര്‍(റ) അവളുടെ കഥ അന്വേഷിച്ചു. അപ്പോള്‍ ദീര്‍ഘകാലമായി സൈന്യത്തില്‍ പോയ ഒരു പട്ടാളക്കാരന്റെ പത്‌നിയാണ് അവരെന്ന് മനസ്സിലായി. അതിനാല്‍ മക്കളായ ഹഫ്‌സയോട് ചോദിച്ചു: ‘ഭര്‍ത്താവിനെക്കൂടാതെ ഒരു സത്രീക്ക് ക്ഷമിച്ചിരിക്കാവുന്ന ഏറ്റവും കൂടിയ കാലം എത്രയാണ്.?’ അവര്‍ പറഞ്ഞു:’ നാലുമാസം’. അങ്ങനെ വിശ്വാസികളുടെ നായകന്‍ അന്നുമുതല്‍ ഒരു ഭര്‍ത്താവും തന്റെ ഭാര്യയില്‍ നിന്ന് നാലുമാസത്തിലധികം വിട്ടുനില്‍ക്കരുതെന്ന് തീരുമാനിക്കുകയുണ്ടായി.

 

Related Post