ഏകദൈവസങ്കല്‍പത്തില്‍ ആകൃഷ്ടയായി
എഴുതിയത് : ഖദീജ നൂര്‍ |
|
(ഇംഗ്ലണ്ടിലെ യോക്ഷയോര്‍ സ്വദേശി ഖദീജ നൂറിന്റെ ഇസ് ലാം ആശ്ലേഷത്തിന്റെ വിവരണം)ഇംഗ്ലണ്ടിലെ യോര്‍ക്‌ഷോറിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. മൂന്ന് പെണ്മക്കളില്‍ ഏറ്റവും മൂത്തവളായിരുന്നു. പിതാവ് മതവിശ്വാസിയായിരുന്നില്ലെന്ന് മാത്രമല്ല, വിശ്വാസളെയും ആചാരങ്ങളെയും അദ്ദേഹം നേരിട്ടെതിര്‍ത്തിരുന്നു. എനിക്ക് പന്ത്രണ്ട് വയസായപ്പോള്‍ മതത്തോട് ആഭിമുഖ്യം തോന്നിത്തുടങ്ങി. ജീവിതപ്രശ്‌നങ്ങളില്‍ പ്രാര്‍ത്ഥിക്കാന്‍ ഒരു ദൈവം വേണമെന്ന് ഞാനാഗ്രഹിച്ചു. അങ്ങനെ ചര്‍ച്ചില്‍ പോയിത്തുടങ്ങി. പക്ഷേ പിതാവിന് അതിഷ്ടമായില്ല. ചര്‍ച്ചില്‍ പോയതിന് അദ്ദേഹമെന്നെ മര്‍ദ്ദിച്ചു. അതിനിടെ, 37ാം വയസില്‍ എന്റെ മാതാവ് സെറിബ്രല്‍ ഹെമറേജ് ബാധിച്ച് കിടപ്പിലായി. സംസാരിക്കാന്‍ പോലും കഴിയാത്ത വിധം അവര്‍ തീരെ അവശയായി. രണ്ടര വര്‍ഷത്തിനകം അവര്‍ മരണത്തിന് കീഴടങ്ങി. അമ്മയുടെ മരണം അച്ഛന്റെ ദൈവനിഷേധം അധികരിച്ചു. കാരുണ്യവാനായ ദൈവം എന്തുകൊണ്ട് എന്റെ മാതാവിനോട് ഇത്ര ക്രൂരമായി പെരുമാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഭവം.നീണ്ടകാലം അവശയായി ആശുപത്രികളില്‍ പാര്‍പ്പിച്ച് കഷ്ടപ്പെടുത്തുന്നതിന് പകരം മാതാവിനെ ദൈവം അവിടുത്തെ സവിധത്തിലേക്ക് വിളിച്ച് അനുഗ്രഹിച്ചു എന്നാണ് ഞാന്‍ വിശ്വസിച്ചത്. പിതാവിന് എതിര്‍പ്പുണ്ടായിട്ടും വര്‍ഷങ്ങളോളം ഞാന്‍ പള്ളിയില്‍ പോകല്‍ മുടക്കിയില്ല. എന്നാല്‍ പള്ളിയില്‍ പോയിക്കൊണ്ടിരിക്കുമ്പോഴും എവിടെയൊക്കെയോ ചില പോരായ്മകളുള്ളത് പോലെ എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ചര്‍ച്ചില്‍ നിന്ന് കേള്‍ക്കാറുള്ള പലതിലും എനിക്ക് സംശയങ്ങള്‍ തോന്നിത്തുടങ്ങി.
വചന പ്രഘോഷണങ്ങള്‍ നിര്‍വഹിക്കുന്ന ചര്‍ച്ചാധികാരികള്‍ എല്ലായ്‌പോഴും ഇസ്‌ലാമിനെ വാക്കുകൊണ്ടാക്രമിക്കുന്നത് പതിവായിരുന്നു. ഇസ്‌ലാം പൈശാചികമാണ്, കള്ളമതമാണത്, അവരുടെ ദൈവസങ്കല്‍പം വിഡ്ഢിത്തമാണ്, അല്ലാഹു മനുഷ്യരാശിയുടെ ക്ഷേമം ആഗ്രഹിക്കുന്നില്ല , മനുഷ്യനെ സ്‌നേഹിക്കുന്നില്ല, മുസ്‌ലിംകള്‍ ദൈവത്തെ പേടിച്ച് കൊണ്ടാണ് ആരാധന നടത്തുന്നത്, അതിലപ്പുറം അതില്‍ ആത്മാര്‍ത്ഥതയില്ല എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍.ഇസ്‌ലാം മതവിശ്വാസികളുമായി സംവാദം
എന്റെ അയല്‍ക്കാര്‍ മുസ്‌ലിംകളായിരുന്നു. സ്‌നേഹത്തോടും ആദരവോടും കൂടിയായിരുന്നു ഞാന്‍ അവരോട് ഇടപഴകിയിരുന്നത്. പുറത്ത് നിന്ന് പഠിക്കുന്നതിനേക്കാള്‍ മുസ്‌ലിംകളില്‍ നിന്ന് നേരിട്ട് ഇസ്‌ലാം പഠിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. ഖുര്‍ആനിന്റെ മുഖ്യമായ ഊന്നലുകളെക്കുറിച്ചും ഇസ്‌ലാമിന്റെ വിശ്വാസസങ്കല്‍പങ്ങളെക്കുറിച്ചും ഞാനവരോട് ചോദിച്ച് മനസ്സിലാക്കി. അങ്ങനെ അയല്‍വീടുകളിലെ സ്വീകണമുറികളിലെ സംവാദങ്ങളിലൂടെ ഞാന്‍ ഇസ്‌ലാം പഠനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ശഹാദത്തിന് മുമ്പ് (ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ്) തന്നെ ഞാന്‍ ഇസ്‌ലാമിലെ വിശ്വാസകാര്യങ്ങള്‍ നെഞ്ചേറ്റിയിരുന്നു. ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ സുഹൃത്തുക്കളെന്നോട് എന്റെ വിശ്വാസസങ്കല്‍പത്തെക്കുറിച്ച് വിശദീകരിക്കാനാവശ്യപ്പെട്ടു. ഞാന്‍ എനിക്കറിയാവുന്ന ഇസ്‌ലാമിക ദൈവശാസ്ത്ര സങ്കല്‍പങ്ങളായ ഏകദൈവത്വം, ഇബാദത്ത്, പരലോകം എന്നിവയെക്കുറിച്ച് വിവരിച്ചു. ഇത് കേട്ട അവര്‍ എന്നോട് പറഞ്ഞു: ഇതുതന്നെയാണ് ഇസ്‌ലാം.
അതിനിടെ, ഇസ്‌ലാമിനോടുള്ള എന്റെ താല്‍പര്യം വീട്ടിലറിഞ്ഞു. ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്തുന്നതിലേക്കത് കൊണ്ടെത്തിച്ചു. ക്രിസ്ത്യാനിസം, ജൂതായിസം, ഇസ്‌ലാം എന്നിവയുടെ പൂര്‍വ്വകാല ചരികത്രങ്ങളെക്കുറിച്ചായിരുന്നു പിന്നീട് എന്റെ അന്വേഷണം. ഇതര പ്രവാചകന്മാരെയും തൗറാത്ത് പോലുള്ള മതദര്‍ശനങ്ങളെയും ഇസ്‌ലാം തള്ളിപ്പറയുന്നുവെന്നാണ് ഞാന്‍ ചര്‍ച്ചില്‍ നിന്നുള്ള പ്രസംഗങ്ങളില്‍ കേട്ടത്. എന്നാല്‍ അതെല്ലാം തെറ്റായിരുന്നുവെന്ന് ഇസ് ലാമിനെ ആഴത്തില്‍ പഠിച്ചപ്പോള്‍ എനിക്ക് ബോധ്യമായി. ഇസ്‌ലാമിന്റെയും ജൂതമതത്തിന്റെയും ദൈവസങ്കല്‍പം ഒന്നാണെന്ന് മനസ്സിലാക്കാന്‍ ഇബ്‌റാഹീം നബിയുടെ ജീവിതം തന്നെ ഉദാഹരണമാണ്. ജൂതരുടെ ശനിയാഴ്ച പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ അത് മുഴുവന്‍ തൗഹീദീ സങ്കല്‍പമാണെന്ന് തോന്നിപ്പോകും. ‘ശേമയിസ്രയേല്‍ ……’എന്ന് തുടങ്ങുന്ന ജൂതപ്രാര്‍ത്ഥനയുടെ സാരം തന്നെ, അല്ലയോ ഇസ്രയേല്‍ ജനമേ നിങ്ങളുടെ ദൈവം ഏകനായ അല്ലാഹുവാണ് എന്ന പ്രതിജ്ഞയാണ് (തോറ, മാര്‍ക്ക്, അധ്യായം12, സൂക്തം 29). മാത്രമല്ല, ബൈബിളും ഖുര്‍ആനും ഇബ്‌റാഹീം നബിയെ ‘ഖലീലുല്ല'(അല്ലാഹുവിന്റെ കൂട്ടുകാരന്‍) എന്നാണു വിശേഷിപ്പിച്ചത്.
ഇസ്‌ലാമില്‍ ദൈവഭക്തിയെക്കുറിച്ചും ഞാന്‍ അന്വേഷിച്ചറിഞ്ഞു. ക്രിസ്തുമതം അടങ്ങുന്ന എല്ലാ ദൈവസങ്കല്‍പങ്ങളിലും മനുഷ്യരെ അക്രമത്തില്‍നിന്നും മറ്റും തടയുന്നത് ദൈവഭയമാണെന്ന് ഞാന്‍ മനസ്സിലാക്കി. ആരാധനയര്‍പ്പിക്കുമ്പോള്‍ ദൈവസ്‌നേഹമാണുണ്ടാവുകയെന്നും എനിക്ക് മനസിലാക്കാനായി.
ഇംഗ്ലണ്ടിലെ എന്‍.എന്‍.പി(ന്യു മുസ്‌ലിം പ്രോജക്ട്) എന്ന മുസ് ലിം സംഘടനയുടെ സഹായത്തോടെയാണ് ഞാന്‍ മുസ് ലിമായി ജീവിക്കാനാരംഭിച്ചത്. 2007 ന്റെ അവസാനത്തോടെ ഞാന്‍ ഹിജാബ് ധരിക്കാനും പള്ളിയില്‍ പോകാനും ആരംഭിച്ചെങ്കിലും 2008 ലാണ് ഔദ്യോഗികമായി ഇസ് ലാം സ്വീകരിച്ചത്.
|