by:
മഴയായും ഒഴുകുന്ന രൂപത്തിലും അല്ലാഹു വെള്ളത്തെ ഭൂമില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ജലം കൊണ്ടും മണ്ണിന്റെ ഫലഭൂയിഷ്ഠത കൊണ്ടും ഭൂമിയില്‍ ധാരാളം വൃക്ഷങ്ങളെയും ചെടികളെയും അല്ലാഹു വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക. വിശ്വസിക്കുന്ന ജനത്തിന് ഇതിലെല്ലാം തെളിവുകളുണ്ട്.’ (6:99) ‘മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിക്കട്ടെ. നാം ധാരാളമായി മഴവെള്ളം വീഴ്ത്തി. പിന്നെ നാം മണ്ണ് കീറിപ്പിളര്‍ത്തി. അങ്ങനെ നാമതില്‍ ധാന്യത്തെ മുളപ്പിച്ചു. മുന്തിരിയും പച്ചക്കറികളും.’ (80:24-28)
കാറ്റിനെ കുറിച്ചും അല്ലാഹു വളരെ വലിയ അനുഗ്രഹമായി പരിചയപ്പെടുത്തുന്നുണ്ട്. അത് മഴയുടെ മുമ്പുള്ള സന്തോഷവാര്‍ത്തയാണെന്നും മേഘങ്ങളെ നയിക്കുന്നത് കാറ്റാണെന്നും വൃക്ഷങ്ങളില്‍ ചിലതിലെ പരാഗണം നടത്താന്‍ സഹായിക്കുന്നത് കാറ്റാണെന്നും അല്ലാഹു പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നത് കാണുക: ‘ഭൂമിയെ നാം വിശാലമാക്കി. അതില്‍ മലകളെ ഉറപ്പിച്ചുനിര്‍ത്തി. അതില്‍ നാം നാനാതരം വസ്തുക്കള്‍ കൃത്യമായ പരിമാണത്തോടെ മുളപ്പിച്ചു. നാമതില്‍ നിങ്ങള്‍ക്ക് ജീവനോപാധികള്‍ ഉണ്ടാക്കിവെച്ചിരിക്കുന്നു. നിങ്ങള്‍ ആഹാരം കൊടുക്കാത്തവയ്ക്കും. എല്ലാറ്റിന്റെയും ജീവിതോപാധികളുടെ പത്തായം നമ്മുടെ വശമാണ്. നീതിപൂര്‍വം നിശ്ചിത തോതില്‍ നാമതു ഇറക്കിക്കൊടുക്കുന്നു. നാം മേഘവാഹിനികളായ കാറ്റിനെ അയക്കുന്നു. അങ്ങനെ മാനത്തുനിന്ന് വെള്ളമിറക്കുന്നു. നാം നിങ്ങളെയത് കുടിപ്പിക്കുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ.’ (15:19-22) ഇവിടെ കാറ്റിനെയും കൃഷിയുമായി ബന്ധപ്പെടുത്തിയാണ് അല്ലാഹു എടുത്ത് പറഞ്ഞിരിക്കുന്നത്. കൃഷിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് അതിന് അല്ലാഹു ചെയ്തുകൊടുത്തിരിക്കുന്ന സഹായങ്ങളെയും ഭൂമിയില്‍ ഒരുക്കി വെച്ചിരിക്കുന്ന അതിന് സഹായകമാകുന്ന മാര്‍ഗങ്ങളെയും ഖുര്‍ആന്‍ എടുത്തു പറഞ്ഞിരിക്കുന്നത്.
പ്രവാചകന്‍ പറയുന്നു: ‘ഒരു മുസ്‌ലിം വൃക്ഷം നടുകയോ കൃഷിചെയ്യുകയോ ചെയ്തു. അതിന്റെ ഫലത്തില്‍ നിന്ന് മനുഷ്യനോ പക്ഷികളോ തിന്നുന്നത് അവന് ധര്‍മമാണ്.’ മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘ഒരാള്‍ കൃഷിചെയ്യുകയും അതില്‍ നിന്ന് മറ്റുള്ളവര്‍ ഭക്ഷിക്കുകയുമാണെങ്കില്‍ അതിന് അവന് പ്രതിഫലമുണ്ട്. അതില്‍ നിന്ന് ആരെങ്കിലും മോഷ്ടിക്കുകയാണെങ്കില്‍ അതും അവന് സ്വദഖയാണ്. ആരെങ്കിലും അത് നശിപ്പിക്കുകയാണെങ്കില്‍ അതും അവന് ധര്‍മമാണ്.’
ഒരാള്‍ വൃക്ഷം നടുകയോ കൃഷി ചെയ്യുകയോ ചെയ്താല്‍ അതില്‍ നിന്ന് ജനങ്ങള്‍ ഉപകാരമെടുക്കുന്നതിനെല്ലാം അയാള്‍ക്ക് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. അയാള്‍ മരിക്കുകയോ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് നീങ്ങുകയോ ചെയ്താലും അത് നട്ടവന് പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും. പണ്ഡിതന്മാര്‍ പറയുന്നു: ‘ജീവിതകാലത്ത് പ്രതിഫലം ലഭിക്കുന്നത് പോലെ മരണശേഷവും പ്രതിഫലം ലഭിക്കുന്ന ആറുകാര്യങ്ങളുണ്ട്: നിലനില്‍ക്കുന്ന ധാനം, ഉപകാരപ്രദമായ അറിവ്, പ്രാര്‍ഥിക്കുന്ന സന്താനങ്ങള്‍, വൃക്ഷം നടല്‍, കൃഷി, സുരക്ഷക്കായി കാവല്‍ നില്‍ക്കല്‍ എന്നിവയാണവ.’
പ്രവാചക ശിഷ്യന്മാരില്‍ പ്രസിദ്ധനായ അബൂദര്‍ദാഅ് ഒരു വൃക്ഷം നടുകയായിരുന്നു. അപ്പോള്‍ അരികിലൂടെ ഒരാള്‍ കടന്നുപോയി. അയാള്‍ ചോദിച്ചു: നിങ്ങള്‍ ഇതെന്തിനാണ് നടുന്നത്! നിങ്ങള്‍ പടുവൃദ്ധനാണല്ലോ? കുറെ കൊല്ലങ്ങള്‍ക്ക് ശേഷമല്ലാതെ ഇതെന്തായാലും ഫലം തരില്ല. അപ്പോള്‍ അബൂദര്‍ദാഅ് പറഞ്ഞു: ഞാനല്ലാത്ത മറ്റുള്ളവര്‍ ഇതിന്റെ ഫലത്തില്‍ നിന്ന് ഭക്ഷിക്കുകയും എനിക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യുമെങ്കില്‍ പിന്നെ എന്താണ് ഞാന്‍ ചെയ്യുന്നതിന് തടസ്സം? മറ്റൊരു പ്രവാചക ശിഷ്യന്‍ ഒരിക്കല്‍ പറഞ്ഞു: പ്രവാചകന്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആരെങ്കിലും ഒരു വൃക്ഷം നടുകയും അതിനെ സംരക്ഷിക്കുന്നതില്‍ ക്ഷമ കൈകൊള്ളുകയും അത് പുഷ്പിച്ച് ഫലം നല്‍കുന്നതുവരെ അതിനെ നിലനിര്‍ത്തുകയും ചെയ്താല്‍, അതില്‍ നിന്നുണ്ടാകുന്ന എല്ലാ ഫലങ്ങള്‍ക്കും അവന്ന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്.’ ഇത്തരം ഹദീസുകളില്‍ നിന്ന് ചില പണ്ഡിതന്മാര്‍ ഏറ്റവും ഉത്തമമായ സമ്പാദന മാര്‍ഗം കൃഷിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
എന്നാല്‍ ഏറ്റവും ഉത്തമമായ സമ്പാദനമേതാണെന്ന് നിര്‍ണയിക്കപ്പെടേണ്ടത് അതിന്റെ ആവശ്യകത പരിഗണിച്ചാണ്. ഭക്ഷണ സാധനങ്ങള്‍ സമൂഹത്തിന് ആവശ്യമുള്ള സമയത്ത് കൃഷിയായിരിക്കും ശ്രേഷ്ഠം. എന്നാല്‍ കൊള്ളക്കാരും മറ്റും ഉള്ളതുകൊണ്ടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ അതെത്തിക്കുന്ന കച്ചവടമാണ് ഉത്തമം. ഇനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന് കൂടുതല്‍ ആവശ്യമെങ്കില്‍ അതാണ് നല്ലത്.
വിവ: ജുമൈല്‍ കൊടിഞ്ഞി