ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(2)

 ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(2)

ഈ ഗ്രന്ഥം സ്വന്തം വാദമുഖങ്ങളെ ചോദ്യംചെയ്യാന്‍ മനുഷ്യനോടാവശ്യപ്പെടുന്നു. ബുദ്ധിപരമായി സംവദിക്കാന്‍ തയാറാവാതെ അംഗീകരിക്കാന്‍ വരുന്നവനെ ഈ ഗ്രന്ഥം വിഡ്ഢിയായി കാണുന്നു: ”തങ്ങളുടെ രക്ഷിതാവിന്റെ (ദൈവത്തിന്റെ) വചനങ്ങള്‍ കേള്‍പ്പിക്കപ്പെട്ടാല്‍ അന്ധമായും ബധിരമായും അതിന്മേല്‍ മുട്ടുകുത്തിവീഴുന്നവരല്ല വിശ്വാസികള്‍” (അല്‍ഫുര്‍ഖാന്‍: 73).
സ്വന്തം വീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും അവിശ്വസിക്കാനും എതിര്‍ക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യന് വകവച്ചുകൊടുക്കുന്നു, ഈ ഗ്രന്ഥം. അതിന്റെ പേരില്‍, മനുഷ്യന്‍ വിശ്വസിക്കുന്ന ഈ ഭൗതികജീവിതത്തില്‍ അവന്റെ യാതൊരു അവകാശവും നിഷേധിക്കപ്പെടില്ലായെന്ന് ഉറപ്പുനല്‍കുന്നു. പരലോകത്താണ് പ്രശ്‌നം.

അതില്‍ അവിശ്വസിക്കുന്നവര്‍ക്ക് അത് പ്രശ്‌നമാവുന്നുമില്ലല്ലോ. എത്ര ഉന്നതമായ സമീപനം! എത്ര ഉദാത്തമായ നിലപാട്! വാഗ്വാദം നടത്തി അവിശ്വസിക്കുന്നവര്‍ക്ക്, കളവാക്കി തള്ളിക്കളയുന്നവര്‍ക്ക് നീതിയും രക്ഷയും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സ്വാതന്ത്ര്യവും അവര്‍ വിശ്വസിക്കുന്ന ഈ ഭൗതികജീവിതത്തില്‍ നല്‍കിയെങ്കിലേ വിശ്വാസികള്‍ക്ക് പരലോകത്ത് അനശ്വരസ്വര്‍ഗം ലഭ്യമാവൂ എന്ന് സമര്‍ഥിക്കുന്നു, ഈ ഗ്രന്ഥം.

 Al-Quran

ഖുര്‍ആന്‍ അത്ഭുത ഗ്രന്ഥം(2)

രചയിതാവില്ലാത്ത ഗ്രന്ഥം! ഇത്തരത്തില്‍ ലോകത്തെ ഏകഗ്രന്ഥം! ഈ ഗ്രന്ഥത്തിന്റെ രചയിതാവ് സാക്ഷാല്‍ ദൈവം തന്നെ. ഈ ഗ്രന്ഥത്തിന്റെ ഏറ്റവും ശക്തമായ അവകാശവാദവും അതുതന്നെ. ദൈവത്തില്‍നിന്ന്, അത്യുന്നതനും പ്രതാപശാലിയും സര്‍വജ്ഞനും കരുണാമയനും സ്രഷ്ടാവും പരിപാലകനും സംഹാരകനുമെല്ലാമായ ദൈവത്തില്‍നിന്ന് അവതീര്‍ണമായ ഗ്രന്ഥം.

മുഴുവന്‍ മനുഷ്യരാശിക്കുമായുള്ള സന്ദേശങ്ങളടങ്ങുന്ന ഗ്രന്ഥം. ദൈവത്തിന്റെ അവസാനത്തെ ദൂതനായ മുഹമ്മദ് നബിയിലേക്ക് മാലാഖ മുഖേന അവതീര്‍ണമായ ഗ്രന്ഥം. ഇതാണ് ഖുര്‍ആന്റെ അവകാശവാദം. ഈ ഗ്രന്ഥത്തിന്റെ വേരുകള്‍ അന്വേഷിച്ചുപോയാല്‍ ഗ്രന്ഥമെന്താണെന്നറിഞ്ഞിരുന്നിട്ടില്ലാത്ത ഒരു സമൂഹത്തില്‍, കടലാസില്ലാത്ത ഒരു കാലഘട്ടത്തില്‍ എത്തുന്നു.

എഴുത്തും വായനയും തന്നെ നന്നേ വിരളമായിരുന്ന ഒരു ജനതയില്‍; വിജ്ഞാനം ഒട്ടും തന്നെ പരിഗണനീയമല്ലാതിരുന്ന, പോരും പെണ്ണും പാനവും മാത്രം ജീവിതരീതിയാക്കിയിരുന്ന ഒരു സമൂഹത്തില്‍. അജ്ഞതയുടെ അന്ധകാരയുഗത്തില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ് നബിയിലാണ് ഈ ഗ്രന്ഥത്തിന്റെ പഴമ തേടിച്ചെന്നാലെത്തുന്നത്.
മൃദുലപാളികളില്‍ ഉല്ലേഖനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ഗ്രന്ഥം. ”ത്വൂര്‍മലയാണ, വരികളായി എഴുതപ്പെട്ട ഗ്രന്ഥം; മൃദുലതാളുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്” (അത്ത്വൂര്‍: 1,2,3) എന്ന് സ്വയം ഉദ്‌ഘോഷിക്കുകയായിരുന്നു ഈ ഗ്രന്ഥം.

ഇതിന്റെ വാഹകനായ മുഹമ്മദ് നബി, കടലാസുപാളികളോ അഭ്രപാളികളോ കമ്പ്യൂട്ടര്‍ഫ്‌ളോപ്പികളോ ഇല്ലാതിരുന്ന കാലത്ത് ഈ വചനങ്ങള്‍ അപ്പാടെ ജനങ്ങളുടെ സന്നിധിയിലെത്തിച്ച് പ്രമാണമാക്കി തന്റെ ദൗത്യം പൂര്‍ത്തിയാക്കി. വിശ്വസ്തനും സത്യസന്ധനുമായ ദൂതന്‍. അദ്ദേഹം ഗ്രന്ഥത്തിന്റെ കോപ്പിറൈറ്റ് അവകാശപ്പെട്ടില്ല. അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല. അദ്ദേഹത്തിന്റെ കഴിവുകള്‍ക്കും സാധ്യതകള്‍ക്കുമെത്രയോ ഉപരിയായിരുന്നു ഈ ഗ്രന്ഥം

Related Post