ഖുശൂഅ് അതവാ ഭയഭക്തി

നമസ്‌കാരത്തില്‍ ‘ഖുശൂഅ്’ നേടാന്‍
ഖാലിദ് ബിന്‍ സഊദ്
നമസ്‌കാരം-പഠനങ്ങള്‍

ഹൃദയസാന്നിധ്യവും അവയവങ്ങളുടെ അടക്കവുമാണ് ഭയഭക്തി. അല്ലാഹുവിന്റെ അടിമ അതുമുഖേന നമസ്‌കരിക്കുന്നു. അതിന്റെ ഉദ്ദേശ്യം സാക്ഷാത്ക രിക്കുന്നു. ആരാധനകളുടെ മാധുര്യം ആസ്വദിക്കുന്നു. അല്ലാഹുവെ കണ്ടുമുട്ടുകയും അവനുമായി സംഭാഷണംനടത്തുകയുംചെയ്യുന്നു. അതുവഴി അവനില്‍ ശാന്തി വന്നണയുന്നു. തന്റെ സ്രഷ്ടാവിനോടുള്ള വിധേയത്വവും എളിമയും ആശ്രിതത്വവും അവിടെ പ്രകടമാകുന്നു. നമസ്‌കാരത്തോടൊപ്പം പ്രതീക്ഷയും സ്വാധീനവും അവന്‍ കരസ്ഥമാക്കുന്നു. അല്ലാഹുപറയുന്നു: ‘വിശ്വാസികള്‍ വിജയിച്ചു. അവര്‍ അവരുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ളവരാകുന്നു(അല്‍ മുഅ്മിനൂന്‍ 1,2). അതെക്കുറിച്ച് ഇബ്‌നുഅബ്ബാസ് (റ) പറഞ്ഞു.’ഭയപ്പെടുന്നവരും അടക്കമുള്ളവരും’ . ഖതാദഃ ഇപ്രകാരം അഭിപ്രായപ്പെടുന്നു:’ഹൃദയത്തിലുള്ള ഭയഭക്തി എന്നത് നമസ്‌കാരത്തിലെ ഭയവും ദൃഷ്ടിതാഴ്ത്തലും’. ഇബ്‌നു റജബ് പറയുന്നു:’ഭയഭക്തിയുടെ അടിസ്ഥാനം ഹൃദയത്തിന്റെ നൈര്‍മല്യവും ദയയും ശാന്തിയും വിനയവും സ്പന്ദനവും ഗദ്ഗദവും’. ഹൃദയത്തില്‍ ഭയഭക്തിയുണ്ടായാല്‍ അംഗോപാംഗം ഭക്തിയിലാറാടുന്നു.

നബിതിരുമേനി(സ) ഭയഭക്തിയില്ലാത്ത ഹൃദയാവസ്ഥയില്‍ നിന്ന് സദാ അല്ലാഹുവിനോട് അഭയംതേടിയിരുന്നു. അദ്ദേഹം നമസ്‌കരിക്കുമ്പോള്‍ അടുപ്പില്‍വെച്ച പാത്രത്തിലെ വെള്ളം തിളക്കുന്നതുപോലെ നെഞ്ചില്‍ നിന്ന് ശബ്ദം കേള്‍ക്കുമായിരുന്നു. രാത്രി നമസ്‌കാരത്തിലുള്ള അദ്ദേഹത്തിന്റെ നിഷ്ഠയും ഭയഭക്തിയും ആരെയും അത്ഭുതപ്പെടുത്തുമായിരുന്നു. സച്ചരിതരായ മുന്‍ഗാമികള്‍ അവരുടെ നമസ്‌കാരത്തില്‍ ഭയഭക്തിക്ക് അതിപ്രാധാന്യം നല്‍കുകയും ഗൗരവബുദ്ധ്യാ പരസ്പരം ഉപദേശിക്കുകയും ചെയ്യുമായിരുന്നു. മുജാഹിദ് പറയുന്നു:’പണ്ഡിതന്‍മാരായ ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കാനായി നിന്നാല്‍ പരമകാരുണികനെ ഭയന്നുകൊണ്ട് ഏതെങ്കിലും വസ്തുവിലേക്ക് നോക്കാനും, ഭൗതികലോകത്തെ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനും അവര്‍ മടിച്ചിരുന്നു.’ മുജാഹിദ് മറ്റൊരിക്കല്‍ പ്രസ്താവിച്ചു:’സുബൈര്‍ (റ) നമസ്‌കരിക്കാനായി നിന്നാല്‍ മരക്കഷ്ണം പോലെയായിരുന്നു.’ കച്ചവടക്കാര്‍ പള്ളിയുടെ ഭാഗം തകര്‍ന്നുവീണേക്കുമോ എന്ന ആശങ്കപുലര്‍ത്തുമ്പോഴും മുസ്‌ലിം ഇബ്‌നു യസാര്‍ തന്റെ നമസ്‌കാരത്തില്‍ ഒരിക്കലും തിരിഞ്ഞുനോക്കിയിരുന്നില്ല എന്ന് ഒരു റിപോര്‍ട്ടില്‍ കാണാം. അലിയ്യുബ്‌നു ഹുസൈന്‍ (റ) നമസ്‌കാരത്തിനായി വുദു ആരംഭിക്കുന്നതുമുതല്‍ക്ക് ഭയവും വിറയലും അദ്ദേഹത്തെ പിടികൂടുമായിരുന്നു. അതെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞു:’ നിങ്ങള്‍ക്ക് നാശം, ആരുടെ മുമ്പിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ, ഞാന്‍ ആരുമായാണ് സംഭാഷണത്തിനൊരുങ്ങുന്നതെന്നറിയില്ലേ?’

ഒരുവന്റെ ഹൃദയം അശ്രദ്ധമായിരിക്കെ, ബാഹ്യമായ ഭയഭക്തി പ്രകടിപ്പിക്കുന്നത് കറാഹത്താകുന്നു. അബുദ്ദര്‍ദാഅ് (റ)പറയുന്നു:’കാപട്യത്തിന്റെ ഭാഗമായുള്ള ഭയഭക്തിയില്‍നിന്ന് അല്ലാഹുവിനോട് അഭയംതേടുക.’ അപ്പോള്‍ ആരോ ചോദിച്ചു:’കാപട്യത്തിന്റെ ഭയഭക്തി എന്നാല്‍ എന്ത്?’ മറുപടി ഇതായിരുന്നു: ‘ശരീരം ഭയഭക്തി പ്രകടിപ്പിക്കുന്നു. എന്നാല്‍ ഹൃദയത്തില്‍ അത് ലവലേശംപോലുമില്ല.’
നമസ്‌കാരത്തില്‍ ആരെങ്കിലും തലതാഴ്ത്തി നില്‍ക്കുന്നതുകണ്ടാല്‍ ഉമര്‍(റ) ഉച്ചത്തിലുള്ള ശബ്ദത്തോടെ അടിച്ചുകൊണ്ട് പറയും:’നാശം, ഭക്തി ഹൃദയത്തിലാണുണ്ടാകുന്നത്.’
ഫുദൈയ്‌ലുബ്‌നു ഇയാദ് പറയുന്നു:’തന്റെ ഹൃദയത്തിലുള്ളതിനെക്കാള്‍ ഭയഭക്തി പുറത്തേക്ക് പ്രകടിപ്പിക്കുന്നത് കറാഹത്തായ കാര്യമാണ്’ . ഈ രീതിയിലുള്ള പ്രകടനങ്ങള്‍ പ്രയാസങ്ങളേറ്റുമെന്നല്ലാതെ ന്നും സത്യസന്ധമായ ഭയഭക്തിയുടെ ഭാഗമല്ല.

അടിമയുടെ നമസ്‌കാരത്തെ എളുപ്പവും ലളിതവുമാക്കുന്നു എന്നത് ഭയഭക്തിയുടെ ശ്രേഷ്ഠതകളില്‍പെട്ടതാണ്. അത് അവന് ഇണക്കവും ആശ്വാസവും ദുന്‍യാവിലെ അനുഗ്രഹവുമാകുന്നു. അവന്റെ ആത്മാവ് നമസ്‌കാരത്തെ ആസ്വദിക്കുന്നു. നമസ്‌കാരനിര്‍വഹണത്തില്‍ യാതൊരുവിധ ഞെരുക്കവും അനുഭവിക്കാതെ അവനത് പൂര്‍ത്തിയാക്കുന്നു. എന്നാല്‍ കളിതമാശകളില്‍ മുഴുകി നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധപുലര്‍ത്തുന്നവനെ സംബന്ധിച്ചിടത്തോളം അതെത്രമാത്രം കുറഞ്ഞ സമയമാണെങ്കിലും അത് നിര്‍വഹിക്കുന്നത് വളരെ ഭാരിച്ചതും പ്രയാസമേറിയതും ആയി അനുഭവപ്പെടും. അല്ലാഹു പറയുന്നു:
‘സഹനത്തിലൂടെയും നമസ്‌കാരത്തിലൂടെയും ദിവ്യസഹായം തേടുക. നമസ്‌കാരം വലിയ ഭാരം തന്നെ; ഭക്തന്മാര്‍ക്കൊഴികെ'(അല്‍ബഖറ 45).

നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ പുലര്‍ത്തുന്ന ഭയഭക്തിയും ഏകാഗ്രതയും അനുസരിച്ച് അതിന് പ്രതിഫലം ഉറപ്പാക്കപ്പെടുന്നുവെന്നത് അതിന്റെ ശ്രേഷ്ഠതയില്‍പെട്ടതാണ് . ഇമാം അഹ്മദ് റിപോര്‍ട്ട് ചെയ്യുന്നത് കാണുക:ഒരു അടിമ അവന്‍ നിര്‍വഹിക്കുന്ന നമസ്‌കാരത്തിന്റെ പത്തിലൊന്ന് , ഒമ്പതിലൊന്ന് , എട്ടിലൊന്ന്, ഏഴിലൊന്ന്, ആറിലൊന്ന്, അഞ്ചിലൊന്ന്, നാലിലൊന്ന്, മൂന്നിലൊന്ന്,രണ്ടിലൊന്ന് ഒഴിച്ചുള്ളത് മാത്രമാണ് എഴുതപ്പെടുന്നത്.. ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു: ‘നീ നിര്‍വഹിച്ച നമസ്‌കാരത്തില്‍ ഹൃദയസാന്നിധ്യമുള്ളതുമാത്രമാണ് നിനക്കുള്ളത്.’

ഇക്കാലത്ത് നമസ്‌കാരത്തില്‍ ഭയഭക്തി നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിനിടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും അധികപേരും പരാതിപറയുന്നത് കാണാം. അതുകാരണം, അവന്റെ നമസ്‌കാരം ബാഹ്യരൂപം മാത്രം നിലനിര്‍ത്തുന്നതായാണ് മനസ്സിലാകുന്നത്. അതെച്ചൊല്ലി വിശ്വാസി നഷ്ടംപേറുകയും ഖേദിക്കുകയുംചെയ്യുന്നു. ഹുദൈഫ (റ)അതെപ്പറ്റി പറയുന്നു:’നിങ്ങളുടെ ദീനില്‍ ആദ്യം നഷ്ടപ്പെടുന്നത് ഭയഭക്തിയാണ്. അവസാനം നമസ്‌കാരവും. തങ്ങളുടെ നമസ്‌കാരംകൊണ്ട് യാതൊരു നന്‍മയും കരസ്ഥമാക്കാനാകാത്ത എത്രയെത്ര നമസ്‌കാരക്കാരാണ്! അവര്‍ നമസ്‌കാരത്തിനായി എപ്പോഴും പള്ളിയിലെത്തും എന്നാല്‍ അവരില്‍ ലവലേശം ഭയഭക്തിപോലുമുണ്ടാകില്ല.’
എന്നാല്‍ അത്തരം സംഗതികളെ മറികടക്കാന്‍ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്. ഭയഭക്തി ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നവന് ഒരുവേള ചിലപ്പോഴൊക്കെ സാഹചര്യങ്ങള്‍ മൂലം അശ്രദ്ധയുണ്ടായേക്കാം. അത്തരത്തില്‍ ഭയഭക്തിപുലര്‍ത്തുന്നതില്‍ തടസ്സംസൃഷ്ടിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താഴെ വിവരിക്കുന്നത്:
1. അശ്രദ്ധയും ദൈവികസ്മരണയില്‍നിന്ന് പിന്തിരിയലും.
2. നിര്‍ബന്ധനമസ്‌കാരങ്ങളിലെ വീഴ്ച.
3.ദുന്‍യാവിലെ സുഖസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള പരക്കംപാച്ചില്‍.
4. സമയത്ത് നിര്‍വഹിക്കാതെ വൈകിപ്പിക്കുക.
5. ആരാധനാനുഷ്ഠാനങ്ങളെക്കുറിച്ചും നിര്‍വഹണത്തെക്കുറിച്ചുമുള്ള അജ്ഞത.
6. അല്ലാഹുവെക്കുറിച്ച തിരിച്ചറിവില്ലായ്മ.

ഭയഭക്തി സ്വായത്തമാക്കാനും അത് നിലനിര്‍ത്താനും നിരവധി മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത്:

1.ആരാധനകള്‍ അല്ലാഹുവിന് മാത്രമായി നിര്‍വഹിക്കാനുള്ള ആത്മാര്‍ത്ഥശ്രമം. ഹൃദയം അല്ലാഹുവിലേക്കും പാരത്രികപ്രതിഫലത്തിലേക്കും തിരിച്ചുനിര്‍ത്തുകയും ഭൗതികവിഭവങ്ങളില്‍നിന്ന് വിമുക്തമാക്കുകയും അവന്റെ പ്രതിഫലത്തെക്കുറിച്ച ചിന്തയില്‍ മുഴുകുകയും അതില്‍ ദൃഢവിശ്വാസം വെച്ചുപുലര്‍ത്തുകയുംചെയ്യുക വഴി ഭയഭക്തിയുള്ളതായിത്തീരും.

2. അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളും പ്രവര്‍ത്തനങ്ങളും വിശേഷണങ്ങളും പൂര്‍ണമായും അറിയാന്‍ ശ്രമിക്കുക. അല്ലാഹുവിന്റെ മഹത്ത്വവും ഔന്നത്യവും അറിയുന്ന അടിമ അവനെ കാണാന്‍ ഇഷ്ടപ്പെടുകയും ഹൃദയപൂര്‍വം വണക്കം പ്രകടിപ്പിക്കുകയുംചെയ്യും.

3.തക്ബീറുകളും തസ്ബീഹുകളും ഖുര്‍ആനികസൂക്തങ്ങളും ദിക്‌റുകളും ആശയമറിഞ്ഞു ചൊല്ലാന്‍ കഴിയുക. അല്ലാഹുവിനുള്ള സ്തുതിയും പ്രകീര്‍ത്തനവും മഹത്ത്വപ്പെടുത്തലും പ്രാര്‍ഥനയും അര്‍ഥമറിഞ്ഞുനിര്‍വഹിച്ചാല്‍ അത് മനസ്സിലുണ്ടാക്കുന്ന സ്വാധീനം വലുതായിരിക്കും. അക്കാരണംകൊണ്ടുതന്നെ ഹൃദയം പ്രചലിതമാകുന്നു.

4. അല്ലാഹുവിന്റെ നിയമങ്ങള്‍ അനുസരിക്കുന്നതില്‍ ഔത്സുക്യം പുലര്‍ത്തുക, അവനെക്കുറിച്ച ദിക്‌റുകള്‍ വര്‍ധിപ്പിക്കുക, ദിനേനയുള്ള ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും മുടക്കംകൂടാതെ ചെയ്യുക, അത് പതിവാക്കിയാല്‍ ഹൃദയം നിര്‍മലമായിത്തീരുന്നു. മനസ്സ് വിനയാന്വിതമാകുന്നു,ഉത്‌ബോധനങ്ങള്‍ ശ്രവിക്കാന്‍ താല്‍പര്യംകാട്ടുംവിധം ഹൃദയം നന്‍മയുടെ ഇരിപ്പിടമാകും.

5. കൈകളെ പിടിച്ചുവെച്ച് നോട്ടം താഴ്ത്തി, അവയവങ്ങള്‍ ശാന്തതകൈവരിച്ച് ഹൃദയം തപിച്ചുകൊണ്ട് അല്ലാഹുവിന്റെ മുന്നിലുള്ള കീഴ്‌വണക്കമായിരിക്കണം ലക്ഷ്യമാകേണ്ടത്. വിനയവും കീഴ്‌വണക്കവും അല്ലാഹുവിന്റെ അനുഗ്രഹത്തെയും കാരുണ്യത്തെയും ആശ്രയിക്കുന്നതിന്റെ അടയാളമാണ്. അതിലൂടെ ശാന്തി ലഭ്യമാകണം. തീര്‍ച്ചയായും അങ്ങേയറ്റം താഴ്മയോടെ ചോദിക്കുന്നവനാണ് അല്ലാഹുവിന്റെ ഔദാര്യവും അനുഗ്രഹങ്ങളും ലഭിക്കുകയുള്ളൂ. നമസ്‌കാരത്തിനായി നില്‍ക്കുമ്പോള്‍ കൈ ഒന്നിന്റെ മുകളിലായി വെക്കുന്നതിന്റെ ഉദ്ദേശ്യമെന്തെന്ന് ആരോ ചോദിച്ചതിന് ഇമാം അഹ്മദ് നല്‍കിയ വിശദീകരണം ഇപ്രകാരമാണ്:’ അല്ലാഹുവിന്റെ മുന്നിലുള്ള എളിമയുടെ പ്രകടനമത്രെ അത്.’

6: ഭക്തിയില്‍നിന്ന് അശ്രദ്ധമാക്കുന്ന കച്ചവടം പോലുള്ള ലൗകികവൃത്തികളില്‍നിന്നും ശരീരത്തെയും ഹൃദയത്തെയും മുക്തമാക്കിനിര്‍ത്തുക. നമസ്‌കാരത്തിനായി ഒരുങ്ങിനിന്നാല്‍ തന്റെ മനസ്സിനെ എല്ലാ ചിന്തകളില്‍നിന്ന് മോചിപ്പിക്കുക. ഹൃദയസാന്നിധ്യം ഉറപ്പിക്കുക. ഭയഭക്തിയും ദൈവികസ്മരണയുടെ സ്വാധീനവും അനുഭവവേദ്യമാക്കുക. എന്നാല്‍ ഭൗതികവിചാരങ്ങളുള്ള ഹൃദയവുമായാണ് ഒരാള്‍ നമസ്‌കാരത്തിന് നില്‍ക്കുന്നതെങ്കില്‍ അത് ഭയഭക്തി ഉണ്ടാകുന്നതിന് മറയിടുന്നു. അബുദ്ദര്‍ദാഅ് പറയുന്നു:’ഒരാള്‍ ഇഹലോകചിന്തയുമായി എഴുന്നേറ്റുനിന്നാല്‍’ അവന്‍ നമസ്‌കാരമുദ്ദേശിച്ചാല്‍ പോലും ഹൃദയം അതിലുണ്ടാവുകയില്ല’.

7 : ശാരീരികേച്ഛകളും ആവശ്യങ്ങളും പൂര്‍ത്തിയാക്കി അതില്‍ നിന്ന് വിമുക്തി നേടുക. അതല്ലാത്തപക്ഷം ആരാധനകളില്‍ ഏകാഗ്രതകൈവരിക്കാന്‍ സാധിക്കുകയില്ല. ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ മാറ്റിവെച്ച് നമസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ ഹൃദയം നമസ്‌കാരത്തിലാകുന്നതിനുപകരം ശാരീരികാവശ്യത്തെക്കുറിച്ച് അസ്വസ്ഥപ്പെടുകയാണ് ചെയ്യുക. മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു:’ ഭക്ഷണത്തിന്റെ സാന്നിധ്യത്തില്‍ നമസ്‌കാരമില്ല. അതുപോലെ മലമൂത്രവിസര്‍ജനത്തിനുള്ള പ്രേരണയുള്ളപ്പോഴും.’ ബുഖാരി,മുസ്‌ലിം ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെ:’ രാത്രി ഭക്ഷണം തയ്യാറായാല്‍ അത് കഴിച്ചതിനുശേഷം മഗ്‌രിബ് നമസ്‌കരിക്കുക. നിങ്ങളുടെ ഇശാ നമസ്‌കാരത്തിനും നിങ്ങള്‍ ധൃതി കൂട്ടരുത്.’

8: നബി (സ) കാണിച്ചുതന്നതുപോലെ നമസ്‌കാരത്തിനായി പള്ളിയിലേക്ക് ശാന്തമായി വേഗത്തില്‍ പോവുക. ‘നമസ്‌കാരത്തിന് സമയമായാല്‍ സമാധാനപൂര്‍വം നീങ്ങുക. നിങ്ങള്‍ക്ക് (ജമാഅത്തില്‍നിന്ന്) ലഭിക്കുന്നത് നമസ്‌കരിക്കുക. നഷ്ടപ്പെട്ടത് പൂര്‍ത്തീകരിക്കുക(ബുഖാരി, മുസ്‌ലിം).’ ധൃതിവെക്കാതെയും ഓടാതെയും ആണ് ഒരാള്‍ നമസ്‌കാരത്തിന് ചെല്ലുന്നതെങ്കില്‍ അവന്റെ ഹൃദയം ശാന്തവും ദൈവചിന്തയുള്ളതും ആയിരിക്കും. അതല്ല, തിരക്കുകൂട്ടിയും ഓടിപ്പിടഞ്ഞുമാണ് നമസ്‌കാരത്തില്‍ ചെല്ലുന്നതെങ്കില്‍ മനസ്സ് ചപലവും ശരീരം അസ്വസ്ഥവും ആയിമാറും. അത് ഭയഭക്തി നഷ്ടപ്പെടുത്താനേ ഇടയാക്കുകയുള്ളൂ.

9. ബാങ്ക് കൊടുക്കുമ്പോഴോ അതിന് മുമ്പോ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രദ്ധിക്കുക. ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസില്‍ ഇങ്ങനെ കാണാം.
ബാങ്ക് വിളിയുടെയും ആദ്യസ്വഫ്ഫിന്റെയും ശ്രേഷ്ഠത ആളുകള്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ നറുക്കെടുത്തിട്ടെങ്കിലും അവര്‍ അത് നേടിയെടുക്കുമായിരുന്നു. നേരത്തേ (നമസ്‌കാരത്തിന്) പുറപ്പെടുന്നതിന്റെ മഹത്ത്വം അറിഞ്ഞിരുന്നെങ്കില്‍ അവര്‍ അതില്‍ മത്സരിക്കുമായിരുന്നു. ഫര്‍ദ് നമസ്‌കാരത്തിന് മുമ്പ് പള്ളിയിലെത്തുകയും നമസ്‌കാരത്തെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്താല്‍ അതിന്റെ ശ്രേഷ്ഠതതിരിച്ചറിഞ്ഞ് അവന്റെ മനസ്സ് ഖുര്‍ആന്‍ കേള്‍ക്കാനും നമസ്‌കാരം പ്രയോജനകരമാക്കാനും അതുവഴി സ്വാധീനിക്കപ്പെടാനും വഴിയൊരുങ്ങും. നമസ്‌കാരംതുടങ്ങി ഏതാനും റക്അത്തുകള്‍ക്ക് ശേഷമാണ് അവനെത്തുന്നതെങ്കില്‍ അവന്റെ മനസ്സ് ഭയഭക്തി പുലര്‍ത്താന്‍ സജ്ജമല്ലെന്നര്‍ഥം. അതോടെ ജമാഅത്തില്‍നിന്ന് ശ്രദ്ധനഷ്ടപ്പെടുകയും ഖേദവും നഷ്ടവും ബാക്കിയാവുകയുംചെയ്യുന്നു.

10. ഐച്ഛികനമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും ദിക്‌റുകളും പാപമോചനപ്രാര്‍ഥനകളും നിര്‍വഹിച്ച് പള്ളിയില്‍ വന്നിരിക്കാന്‍ ഔത്സുക്യം കാട്ടുക. ഈ പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തെ വിമലീകരിക്കുകയും ആത്മാവിനെ സമ്പുഷ്ടമാക്കുകയും നമസ്‌കാരത്തിന് സജ്ജമാക്കുകയും അതില്‍ ഏകാഗ്രതയുണ്ടാക്കുകയും ചെയ്യും.അല്ലാഹു ഖുദ്‌സിയായ ഹദീസിലൂടെ അറിയിക്കുന്നു:’എന്റെ അടിമ ഐച്ഛികമായ കര്‍മങ്ങളിലൂടെ എന്നിലേക്കടുക്കുന്നു. അക്കാരണത്താല്‍ ഞാനവനെ ഇഷ്ടപ്പെടുന്നു.’

11. കഠിനമായ ചൂട്, തണുപ്പ്, മഴ, ചെളി, ഭയം, ദേഷ്യം അതുപോലെ പ്രതികൂലസാഹചര്യത്തില്‍ നമസ്‌കാരത്തില്‍നിന്ന് അകന്നുനില്‍ക്കുക. കാരണം അവയെല്ലാം ഭയഭക്തിയെ ഇല്ലാതാക്കും. പ്രയാസകരമായ ചുറ്റുപാടിലോ അസ്വസ്ഥമായ മാനസികാവസ്ഥയിലോ ആയിരിക്കെ ഏകാഗ്രത ലഭിക്കുകയില്ല. അതിനാലാണ് പ്രവാചകന്‍ ഇപ്രകാരം പറഞ്ഞത്:’നിങ്ങള്‍ നമസ്‌കാരത്താല്‍ കുളിര്‍മയണിയുക. തീര്‍ച്ചയായും കഠിനമായ ചൂട് നരകത്തിന്റെ ഭാഗമാണ്. ‘ അതിനാല്‍ പണ്ഡിതന്‍മാര്‍ ശക്തമായ ഉഷ്ണവേളയിലും ശൈത്യത്തിലും നമസ്‌കരിക്കുന്നത് കറാഹത്താക്കി.

12. അനാവശ്യചലനങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. വസ്ത്രം, മുടി, താടിരോമം, വാച്, സുജൂദിന്റെ സ്ഥലം എന്നിവ ശരിയാക്കാന്‍ ശ്രമിക്കുക, ഇരുവശങ്ങളിലേക്കുംമറ്റും തിരിഞ്ഞുനോക്കുക. ഇത്തരം ചലനങ്ങള്‍ മനസ്സിന്റെ ശ്രദ്ധ തെറ്റിച്ചുകളയുന്നവയാണ്. അത് ഹൃദയത്തിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തും. അതിനാല്‍ നബി(സ) നമസ്‌കാരത്തിലുള്ള അനാവശ്യപ്രവര്‍ത്തനങ്ങള്‍ വിരോധിച്ചു. തിരുമേനി(സ) വശങ്ങളിലേക്കും മറ്റും തിരിഞ്ഞുനോക്കുന്നത് വിലക്കി. അതെപ്പറ്റി പറഞ്ഞത് ഇങ്ങനെ:’നിങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. കാരണം അല്ലാഹു തന്റെ അടിമയുടെ മുഖത്തേക്ക് അവന്റെ മുഖം നാട്ടിയിരിക്കുന്നു. അടിമ അത് തിരിച്ചുകളയുന്നതുവരെ.’ ഒരാള്‍ നമസ്‌കാരത്തില്‍ അശ്രദ്ധമായിരിക്കുന്നത് കണ്ടപ്പോള്‍ സഈദ് ബ്‌നു മുസയ്യബ് പറഞ്ഞു:’ഹൃദയം ഭയപ്പെട്ടിരുന്നുവെങ്കില്‍ അവയവങ്ങള്‍ ഭയഭക്തിയിലാകുമായിരുന്നു.’

13. നബി(സ)തിരുമേനിയുടെ നമസ്‌കാരരീതികളെ പിന്‍പറ്റാനും അനുകരിക്കാനുമുള്ള വാഞ്ഛ. സുന്നത്തുകള്‍ അനുഷ്ഠിക്കുക, നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും അതിന്റെ പൂര്‍ണമായ രീതിയില്‍ മുറുകെപ്പിടിക്കുക. നില്‍ക്കുന്നതിലും നെഞ്ചില്‍ കൈകള്‍ കെട്ടുന്നതിലും സുജൂദിന്റെ സ്ഥാനത്ത് ദൃഷ്ടിപതിപ്പിക്കുന്നതിലും, റുകൂഇലും സുജൂദിലും ,സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തിലും അടക്കം പാലിക്കുന്നതിലും നബിയുടെ രീതികള്‍ പിന്തുടരുക. നബി(സ) പറഞ്ഞു:’ഞാന്‍ നമസ്‌കരിക്കുന്നതുപോലെ നിങ്ങള്‍ നമസ്‌കരിക്കുക.’ നമസ്‌കാരത്തെ അതിന്റെ ആത്മാവ് തൊട്ടറിഞ്ഞും ഗ്രഹിച്ചും ഭയഭക്തിയോടെ നിര്‍വഹിക്കാന്‍ അത് സഹായിക്കുന്നു.

14.നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും നിര്‍വഹിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അതിലുടനീളം അടക്കം(ശാന്തത) പാലിക്കേണ്ടതുണ്ട്. നമസ്‌കാരം തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സ്ഥലംവിടാനുള്ള ശ്രമം അതിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയുകയും ഭയഭക്തി നഷ്ടപ്പെടുത്തുകയുംചെയ്യും. ധൃതിയില്‍ നമസ്‌കാരം പൂര്‍ത്തിയാക്കിയവനെ പ്രവാചകന്‍ അടുത്തുവിളിച്ച് പറഞ്ഞു:’മടങ്ങിച്ചെല്ലൂ, നീ നമസ്‌കരിച്ചിട്ടില്ല.വീണ്ടും നമസ്‌കരിക്കുക’

15. നമസ്‌കാരത്തില്‍ ഓതുന്ന ദിക്‌റുകളിലും ഖുര്‍ആന്‍ പാരായണത്തിലും മനസ്സിരുത്തിയുള്ള ചിന്തയും ആശയംഗ്രഹിക്കലും ഉണ്ടാവുക. അല്ലാഹു പറയുന്നു:’അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു’ (അല്‍ഇസ്‌റാഅ് 109). തക്ബീറതുല്‍ ഇഹ്‌റാംചൊല്ലി കൈകെട്ടുന്നവേളയില്‍ അല്ലാഹുവിന്റെ മഹത്ത്വവും വലിപ്പവും അവന്‍ എല്ലാറ്റിന്റെയും അധിപനെന്ന ബോധവും നമ്മിലേക്ക് കടന്നുവരുന്നു.അവന്റെ ആധിപത്യം എല്ലാറ്റിനെയും ചൂഴ്ന്നുനില്‍ക്കുന്നു. അതിനാല്‍ ആരാധനയ്ക്ക് അവനാണ് ഏറ്റവും അര്‍ഹന്‍. അവനെ ആരാധിക്കാന്‍ കഴിയുന്നത് അവന്റെ സഹായത്താല്‍ മാത്രമാണ്. അവനില്‍നിന്നുമാത്രമാണ് നമുക്ക് സന്‍മാര്‍ഗവും അനുഗ്രഹവും ലഭിക്കുന്നത്. റുകൂഅ് ചെയ്യുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. റുകൂഇല്‍നിന്ന് എഴുന്നേറ്റാല്‍ അവനാണ് അത്യുദാരനെന്ന് മഹത്ത്വപ്പെടുത്തുന്നു. സുജൂദ് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ ഔന്നത്യവും പദവിയും സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ നമസ്‌കാരത്തിന്റെ ഓരോഘട്ടത്തിലും അവന്റെ സ്മരണയിലൂടെ കടന്നുപോകുന്നു.

16. കളിസ്ഥലങ്ങളില്‍നിന്നും തൊഴിലിടങ്ങളില്‍നിന്നും അകന്നുനിന്ന്, ചുമരിലെ അലങ്കാരങ്ങള്‍, സ്ത്രീകള്‍ എന്നിവയില്‍നിന്ന് ദൃഷ്ടിതിരിച്ച് ,ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്ന തെരുവുകളും ചന്തകളും ഒഴിവാക്കി വേണം നമസ്‌കാരത്തിനുള്ള ഇടം കണ്ടെത്താന്‍. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഭയഭക്തി ചോര്‍ത്തിക്കളയുന്ന ഘടകങ്ങളാണവ. ആഇശ(റ)യുടെ വീടിനോടുചേര്‍ന്ന് അലങ്കാരപ്പണികളും ചിത്രങ്ങളുമുള്ള വിരി തൂക്കിയിട്ടിരുന്നു. നമസ്‌കാരത്തില്‍ അത് ശ്രദ്ധതിരിക്കുമെന്നായപ്പോള്‍ പ്രവാചകന്‍ തിരുമേനി അത് നീക്കംചെയ്യാന്‍ പത്‌നിയോട് ആവശ്യപ്പെടുകയുണ്ടായി.

17. നമസ്‌കാരത്തില്‍ ശ്രദ്ധകൊണ്ടുവരാന്‍ ബോധപൂര്‍വം പരിശ്രമിക്കുക. നമസ്‌കാരത്തില്‍ ക്ഷമ കൈകൊള്ളുക. അവയവങ്ങളുടെ അനാവശ്യചലനങ്ങള്‍ ഇല്ലാതാക്കുക. ഈ രീതിയില്‍ പരിശ്രമങ്ങളില്‍ മുഴുകുകയും നമസ്‌കാരം ചൈതന്യവത്താക്കുകയുംചെയ്താല്‍ വിജയമുറപ്പാണ്. അല്ലാഹു പറയുന്നു:”നമ്മുടെ കാര്യത്തില്‍ അധ്വാനപരിശ്രമം നടത്തുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും'(അല്‍അന്‍കബൂത് 69). സ്വഹാബികളുടെ പിന്‍തലമുറയില്‍പെട്ട ഒരു മഹാന്‍ ഇങ്ങനെ കുറിക്കുന്നു:’നമസ്‌കാരത്തില്‍ ഭയഭക്തി ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ 20 കൊല്ലം പരിശ്രമത്തിലേര്‍പ്പെട്ടു. അതെത്തുടര്‍ന്ന് പിന്നീടുള്ള 20 വര്‍ഷം എനിക്ക് നമസ്‌കാരം ആസ്വദിക്കാനായി.’

18. നമസ്‌കാരത്തില്‍ ഭയഭക്തി ഉണ്ടാക്കിയെടുക്കാനുള്ള ധാര്‍മികനിര്‍ദേശങ്ങളില്‍ പെട്ടതാണ് അനുവദനീയമാര്‍ഗങ്ങളുപയോഗിച്ച് സമ്പാദിച്ചുകൊണ്ട് ഹലാലായ ജീവിതം നയിക്കുക എന്നത്. അതിലൂടെ ആരാധനകളുടെ മാധുര്യം ആസ്വദിക്കാനാകും. ഹലാലായ ഭക്ഷണം ഹൃദയത്തെ നിര്‍മലമാക്കുകയും കര്‍മങ്ങളെ അനുഗൃഹീതമാക്കുകയുംചെയ്യും അതുവഴി അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുകയുംചെയ്യും എന്നതാണതിന് കാരണം. തെറ്റായ ധനസമ്പാദനരീതികള്‍ ഹൃദയത്തില്‍ ഇരുട്ടുനിറക്കുകയും അനുഗ്രഹങ്ങളെ നീക്കിക്കളയുകയുംചെയ്യും.

തീര്‍ച്ചയായും പിശാച് അല്ലാഹുവിന്റെ അടിയാറുകളുടെ ആരാധനകളില്‍ ഗോപ്യമായ രീതികളിലൂടെയും വിവിധമാര്‍ഗങ്ങളിലൂടെയും ദുര്‍മന്ത്രണം നടത്തുകയും അവയെ പിഴപ്പിക്കുകയും അതുവഴി പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. നമസ്‌കാരത്തിനായി അടിമ നിന്നുകഴിഞ്ഞാല്‍ അവന്‍ സ്ഥലംവിടുന്നു. തക്ബീര്‍ ചൊല്ലിക്കഴിഞ്ഞാല്‍ തിരികെയെത്തി ഹൃദയത്തില്‍ ദുര്‍മന്ത്രണം തുടങ്ങുന്നു. അവന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ചിലപ്പോള്‍ ഭൗതികാസ്വാദനങ്ങളെയും വിനോദങ്ങളെയും കുറിച്ച ഓര്‍മയുണര്‍ത്തി അവനെ കുഴപ്പത്തിലാക്കുന്നു. മറ്റുചിലപ്പോള്‍ സ്വന്തം അവസ്ഥയെയും ദുന്‍യാവിനെയും കുറിച്ചോര്‍മിപ്പിക്കുന്നു. ചിലപ്പോള്‍ ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് ആലോചനയിലാഴ്ത്തുന്നു. മറ്റുചിലപ്പോള്‍ നമസ്‌കാരത്തില്‍ എത്ര റക്അത്ത് കഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് സംശയംജനിപ്പിക്കുന്നു.

വിശ്വാസിയെയും ഭയഭക്തിയെയും മാറ്റിമറിക്കുന്ന രണ്ട് പ്രധാനആപത്തുകള്‍ ഇവയാണ്:

1. ഭൗതികലോകത്തോടുള്ള അദമ്യമായ സ്‌നേഹം: അതോടെ വിശ്വാസിയുടെ ഹൃദയവും മസ്തിഷ്‌കവും അതിനെ ചുറ്റിപ്പറ്റി കഴിയുന്നു. ഭൗതികസുഖസൗകര്യങ്ങളെക്കുറിച്ച ചിന്തയിലും അവ കരസ്ഥമാക്കാനുള്ള പരിശ്രമങ്ങളിലും അവന്‍ ആണ്ടുപൂണ്ടിരിക്കും. അതിന്റെ മത്സരയോട്ടത്തിലായിരിക്കും അവന്‍. അങ്ങനെയുള്ളവന്‍ നമസ്‌കാരത്തിനായി നിന്നാലും മനസ്സിനെ പിടിച്ചുകെട്ടാന്‍ കഴിയില്ല. ഹൃദയത്തില്‍ ഭക്തി സന്നിവേശിക്കില്ല.
2. തെറ്റുകളുടെ ആധിക്യത്താല്‍ ഹൃദയം കടുത്തുപോകല്‍: നിരന്തരം തെറ്റുകള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഹൃദയം വികാരങ്ങള്‍ക്ക് അടിപ്പെട്ടുപോകും. അത് ഹൃദയത്തെ കല്ലിനെക്കാള്‍ കടുപ്പമുള്ളതാക്കും. നമസ്‌കാരത്തിലോതുന്ന ദിക്‌റുകളുടെയും ഖുര്‍ആനിന്റെയും ആശയങ്ങളൊന്നും അവനില്‍ യാതൊരു പ്രഭാവവും ചെലുത്തുകയില്ല. വികാരങ്ങളുടെ തീജ്വാലകളും ധിക്കാരവൃത്തികളുടെ അന്ധകാരവും അവന്റെ ഹൃദയത്തില്‍ മറസൃഷ്ടിക്കുന്നതുമൂലം ഭയഭക്തിയുണ്ടാകില്ല. തെറ്റുകള്‍ അധികരിച്ചുകഴിഞ്ഞാല്‍ അല്ലാഹു അവനില്‍നിന്ന് ദൈവസ്മരണ നീക്കിക്കളയുകയുംചെയ്യും.

വിവ: ഉബൈദ്ഖാന്‍

Related Post