പ്രബോധകന്‍റെ ജ്ഞാനസിദ്ധി

ഇസ്ലാമിക പ്രബോധകന്‍

                                                                                                      പ്രബോധകന്‍റെ ജ്ഞാനസിദ്ധി

സത്യപ്രബോധകന്‍ എപ്പോഴും പ്രബോധനവിഷയത്തെക്കുറിച്ച തികഞ്ഞ ജ്ഞാനമുള്ളവനായിരിക്കണം. പ്രബോധനത്തിന്റെ ധര്‍മങ്ങള്‍, ഉദ്ദേശ്യലക്ഷ്യങ്ങള്‍, സങ്കീര്‍ണതകള്‍ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ ഗ്രാഹ്യമുണ്ടായിരിക്കണം. ഏതൊന്നിലേക്കാണോ ജനങ്ങളെ സത്യപ്രബോധകന്‍ ക്ഷണിക്കുന്നത് അതിനെക്കുറിച്ച പ്രാമാണികജ്ഞാനം അനിവാര്യമായും ഉണ്ടായിരിക്കണം. എന്തൊക്കെ ആകാം, ആകാന്‍ പാടില്ല, അനുവദനീയമേത്, നിഷിദ്ധമേത്, ഇജ്തിഹാദ് ആവശ്യമായ വിഷയങ്ങളും സന്ദര്‍ഭങ്ങളും ഏവ, ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളേത്, വ്യത്യസ്ത വിഷയങ്ങളില്‍ ഖുര്‍ആനില്‍നിന്നും തിരുചര്യയില്‍നിന്നും മറ്റിതര പ്രമാണങ്ങളില്‍നിന്നുമൊക്കെ എങ്ങനെ തെളിവുകള്‍ കണ്ടെത്താം തുടങ്ങി നിരവധി കാര്യങ്ങളില്‍ സത്യപ്രബോധകന്ന് വ്യക്തമായ ഉള്‍ക്കാഴ്ച ഉണ്ടാകേണ്ടതുണ്ട്. അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നതില്‍നിന്ന് ഈ സൂക്ഷ്മജ്ഞാനം സത്യപ്രബോധകനെ കാത്തുരക്ഷിക്കും. അതേസമയം, പ്രബോധകനില്‍നിന്ന് സംഭവിക്കുന്ന അബദ്ധങ്ങള്‍ ഗുരുതരവും വര്‍ധിതവുമായ അനര്‍ഥങ്ങള്‍ക്ക് കാരണമാവുകയുംചെയ്യും. ഏതൊരു പ്രവൃത്തിക്കുംമുമ്പ് അത് സംബന്ധമായ ജ്ഞാനമാര്‍ജ്ജിക്കേണ്ടത് ഒരനിവാര്യതയാണെങ്കില്‍ പ്രബോധനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രബോധകന് തദ്‌സംബന്ധിയായ ജ്ഞാനസിദ്ധി എത്രമേല്‍ അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.

ഇസ്‌ലാമിനെക്കുറിച്ച ജ്ഞാനം എന്ന് പറയുന്നത് ഏതെങ്കിലും കുറെ നിവേദനങ്ങളോ നിയമവ്യാഖ്യാനങ്ങളോ വിധിപ്രസ്താവങ്ങളോ മനപ്പാഠമാക്കുന്നതും ആവര്‍ത്തിച്ചുരുവിടുന്നതുമാണെന്ന് ധരിക്കരുത്. മറിച്ച്, ഖുര്‍ആനിക ആശയങ്ങളെ ക്കുറിച്ചുള്ള ഗഹനമായ പഠനമാണത്. അതോടൊപ്പം ദീര്‍ഘമായ അന്വേഷണങ്ങളും വിശകലനങ്ങളുമാണ്. വേദപരാമര്‍ശങ്ങളുടെ മൗലികമായ ഉദ്ദേശ്യലക്ഷ്യങ്ങളിലൂന്നിക്കൊണ്ടുള്ള ഗവേഷണമാണ്. വെറും പാരായണത്തിനുവേണ്ടി മാത്രമല്ല, പഠിക്കാനും ചിന്തിക്കാനും വേണ്ടിയാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്.
‘നിനക്ക് അനുഗൃഹീതമായ ഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നു. ബുദ്ധിമാന്‍മാര്‍ അതിലെ സൂക്തങ്ങളെക്കുറിച്ച് ചിന്തിക്കുകയും ഉദ്ബുദ്ധരാവുകയും ചെയ്യട്ടെ.’ഇതുപോലെ തന്നെ പ്രധാനമാണ് ജീവിതത്തിന്റെ സമസ്തമേഖലകളിലും പ്രവാചക ചര്യ എത്രത്തോളം പ്രസക്തമാണ് എന്ന പഠനവും. ജനങ്ങള്‍ക്ക് ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ കതിരും പതിരും വേര്‍തിരിക്കാന്‍ പോന്ന ജ്ഞാനം തിരുചര്യാപഠനം കൊണ്ട് നേടിയെടുക്കാം. തന്നെയുമല്ല കൃത്യമായ സത്യാസത്യവിവേചകവും നേര്‍പ്രകാശവും പ്രസ്തുത പഠനം പ്രദാനംചെയ്യും. ആ നേര്‍പ്രകാശത്തിലൂടെ ആത്മവിശ്വാസത്തോടെയും ഹൃദയവിശാലതയോടെയും ലക്ഷ്യബോധത്തോടെയും സത്യപ്രബോധകന് നടക്കാനും കഴിയും.

പ്രബോധകരുടെ സ്വഭാവമര്യാദകള്‍

അല്ലാഹു വിശുദ്ധഖുര്‍ആനില്‍ വ്യക്തമാക്കിത്തന്നതും പ്രവാചകതിരുമേനി ജീവിതത്തിലൂടെ പഠിപ്പിച്ചുതന്നതും തിരുദൂതരുടെ സച്ചരിതരായ സുഹൃത്തുക്കള്‍ പിന്തുടര്‍ന്നതുമായ സല്‍സ്വഭാവങ്ങള്‍ സ്വായത്തമാക്കാനും ഉയര്‍ത്തിപ്പിടിക്കാനും ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. സത്യപ്രബോധകനാകട്ടെ ഇക്കാര്യത്തില്‍ ഒരുപടി മുന്നിലായിരിക്കുകയും വേണം. തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് പ്രസ്തുത സ്വഭാവമര്യാദകളുമായി പ്രബോധകര്‍ക്ക് സുദൃഢമായ ബന്ധമുണ്ടായിരിക്കേണ്ടതുണ്ട്.

നിസ്വാര്‍ഥത,സത്യസന്ധത

സത്യപ്രബോധകന്റെ വാക്കിലും പ്രവൃത്തിയിലും നിസ്വാര്‍ഥതയും സത്യസന്ധതയും അന്തര്‍ഭവിച്ചിരിക്കണം. മുഖഭാവത്തിലും ശബ്ദവിന്യാസത്തിലുമെല്ലാം തന്റെ നിസ്വാര്‍ഥതയുടെയും സത്യസന്ധതയുടെയും സ്വാധീനം പ്രതിഫലിക്കണം. പ്രബോധിത സമൂഹത്തിന്റെ ഹൃദയസരസ്സില്‍ പ്രസ്തുത പ്രതിഫലനമുളവാക്കുന്ന സദ്ഫലം വലുതായിരിക്കും. യാതൊരു വൈമനസ്യവും വൈമുഖ്യവുമില്ലാതെ പ്രബോധകന്റെ ശബ്ദം സ്വീകരിക്കാന്‍ പ്രബോധിതര്‍ അപ്പോള്‍ മുന്നോട്ടുവരും. ദൈവികസരണിയിലേക്കുള്ള പ്രബോധനദൗത്യത്തില്‍ പുലര്‍ത്തുന്ന നിസ്വാര്‍ഥതയും , സത്യസന്ദേശം ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനുള്ള പരിശ്രമവും സത്യപ്രബോധകന്റെ ജീവിതത്തില്‍ തീരുമാനമെടുക്കാനുള്ള കഴിവും ഇഛാശക്തിയും പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള ത്രാണിയും വര്‍ധിപ്പിച്ചുകൊടുക്കും. അയാളുടെ ഹൃദയം വിശാലമാവുന്നതോടൊപ്പംതന്നെ അല്ലാഹു തന്നില്‍ ചുമത്തിയ ബാധ്യതകള്‍ നിര്‍വഹിക്കാനുള്ള അഭിനിവേശം അയാളില്‍ രൂഢമൂലമാക്കുകയുംചെയ്യും.

ക്ഷമ, സഹനം

ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളെ വിജയകരമായി തരണം ചെയ്യേണ്ടതിന് ഏതൊരാള്‍ക്കും ക്ഷമ ആവശ്യമാണ്. ജീവിതലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനും ക്ഷമ കൂടിയേ തീരൂ. സത്യപ്രബോധകനെ സംബന്ധിച്ചിടത്തോളം മറ്റാരേക്കാളും ക്ഷമയും സഹനവും ആവശ്യമാണ്. രണ്ടു മേഖലകളിലാണല്ലോ സത്യപ്രബോധകന്ന് പ്രവര്‍ത്തിക്കാനുള്ളത്. സ്വന്തത്തെ അനുസരണയുടെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്താനും അനുസരണക്കേടിന്റെ മാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിച്ചുനിര്‍ത്താനും സാഹസപ്പെടേണ്ടിവരുന്ന മേഖലകളാണ് അവയിലൊന്ന്. രണ്ടാമത്തേതാണ് പ്രബോധനമേഖല. പൊതുസമൂഹത്തെ അഭിമുഖീകരിച്ച് നിര്‍വഹിക്കേണ്ടി വരുന്ന പ്രബോധനപ്രക്രിയയില്‍ നല്ലൊരളവും ക്ഷമ പുലര്‍ത്തേണ്ടിവരും. പ്രബോധിതസമൂഹത്തിലെ ചിലരില്‍നിന്ന് വിമുഖതയും നീരസവും സഹിക്കേണ്ടിവരുമ്പോള്‍ വേറെ ചിലരില്‍നിന്ന് ക്രൂരമായ പരിഹാസവും പീഡനവും ഏല്‍ക്കേണ്ടിവരും.് അത്തരം ഘട്ടങ്ങളില്‍ പ്രതിസന്ധികളെ മറികടക്കാന്‍ പ്രബോധകന്‍ ക്ഷമിച്ചേ തീരൂ. ഒരാള്‍ക്ക് ക്ഷമാലുവാകാന്‍ കഴിയണമെങ്കില്‍ ക്ഷമ എന്ന സദ്ഗുണത്തിന്റെ വിശിഷ്ടഫലങ്ങള്‍ തിരിച്ചറിയാന്‍ കഴിയണം. അതുപോലെത്തന്നെ അല്ലാഹു ചെയ്തുതന്ന അഗണ്യവും അപാരവുമായ അനുഗ്രഹങ്ങളെ അനുസ്മരിക്കുകയും ചെയ്യണം. അബദ്ധത്തില്‍ പെടാതിരിക്കാനും ആപത്തുകളെ അതിജീവിക്കാനും അത് സഹായിക്കും.
അല്ലാഹു ക്ഷമാലുക്കള്‍ക്ക് വേണ്ടി ഒരുക്കിവെച്ചിട്ടുള്ള മഹാപ്രതിഫലത്തെക്കുറിച്ച് സത്യപ്രബോധകന്‍ സദാ ഓര്‍ക്കേണ്ടതുണ്ട്. ആപത്ഘട്ടങ്ങളില്‍ പ്രകോപിതനാകാതിരിക്കാനും അല്ലാഹു അല്ലാത്തവരോട് പരാതിപ്പെടാതിരിക്കാനും അതുവഴി സാധിക്കും. പടപ്പുകളോട് പരാതിപ്പെടാന്‍ അല്ലെങ്കിലും ക്ഷമാലുക്കള്‍ക്ക് സാധ്യമല്ല. ഏതൊരാളെയും ക്ഷമിക്കാന്‍ സജ്ജമാക്കുന്നത് . അല്ലാഹുവിനോടുള്ള അനുസരണവും അവന്റെ തൃപ്തിയിലുള്ള താല്‍പര്യവുമാണ്. എണ്‍പതിലധികം സ്ഥലങ്ങളിലാണ് ഖുര്‍ആന്‍ ക്ഷമയെക്കുറിച്ച് പരാമര്‍ശിക്കുന്നത്:
”നിങ്ങള്‍ ക്ഷമിച്ചുകൊണ്ടും നമസ്‌കരിച്ചുകൊണ്ടും അല്ലാഹുവിനോട് സഹായമഭ്യര്‍ഥിക്കുക.തീര്‍ച്ചയായും അല്ലാഹു ക്ഷമാലുക്കളുടെ കൂടെയാണ്'(അല്‍ബഖറ 153).

‘അല്ലാഹു ക്ഷമാലുക്കളെ ഇഷ്ടപ്പെടുന്നു'(ആലുഇംറാന്‍ 146).
‘ക്ഷമാലുക്കള്‍ക്ക് കണക്കില്ലാതെ അവരുടെ പ്രതിഫലം പൂര്‍ത്തീകരിച്ചുകൊടുക്കും'(അസ്സുമര്‍ 10)
‘വിശ്വസിച്ചവരേ, ക്ഷമിക്കുക, ക്ഷമയില്‍ മുന്നേറുക, ഉറച്ചുനില്‍ക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'(ആലുഇംറാന്‍ 200).
ക്ഷമയെക്കുറിക്കുന്നതും ക്ഷമയുടെ മഹത്ത്വം വിശദീകരിക്കുന്നതുമായ നിരവധി പ്രവാചകവചനങ്ങളും വന്നിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു:
‘ഒരാള്‍ക്ക് ക്ഷമയെക്കാള്‍ മികച്ചൊരു പാരിതോഷികം നല്‍കപ്പെടുകയില്ല.’
‘ഒരു വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ. തനിക്ക് വന്നുഭവിക്കുന്ന ഏതുകാര്യവും അവന് ശുഭകരമായിരിക്കും. വിശ്വാസിക്കുമാത്രമേ ഇത് സംഭവിക്കൂ. നല്ലതു ഭവിച്ചാല്‍ നന്ദികാണിക്കും. അതപ്പോള്‍ അവന്ന് ഗുണകരമാവും. ഇനി ചീത്തയാണ് വന്ന് ഭവിക്കുന്നതെങ്കിലോ അപ്പോഴവന്‍ ക്ഷമിക്കും. അതും അപ്പോഴവന് ഗുണകരമാവും.’

സത്യപ്രബോധനത്തിന് സഹായകമായ പ്രാമാണികമാര്‍ഗങ്ങളും രീതിശാസ്ത്രങ്ങളും തികഞ്ഞ ഉള്‍ക്കാഴ്ചയോടു കൂടി പിന്തുടരാന്‍ സത്യപ്രബോധകന്ന് കഴിയണം. പ്രവാചകതിരുമേനിയുടെ മാതൃക അവലംബിക്കുകയുംവേണം. പ്രബോധനവീഥിയില്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ ക്ഷമയോടെ അവയെ സ്വീകരിക്കുകയാണ് വേണ്ടത്. അസ്വസ്ഥനായി ഒളിച്ചോടാതെ, ധീരമായി ഉറച്ചുനില്‍ക്കാന്‍ സത്യപ്രബോധകന് സാധിക്കണം. ‘നിന്നെ ബാധിക്കുന്ന പ്രയാസങ്ങളെ ക്ഷമയോടെ നീ നേരിടുക. അതുതന്നെയാണ് ഏറ്റവും സുദൃഢമായ നയസമീപനം'(ലുഖ്മാന്‍ 17).
മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്

Related Post