ദുല്‍ഹിജ്ജ മാസം.

dul hijja hajj1

നന്മകള്‍ എത്ര ചെയ്താലും വയര്‍ നിറയുന്നവനല്ല വിശ്വാസി. കര്‍മങ്ങള്‍ ചെയ്ത് മടുക്കുകയുമില്ല. അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവുമെന്ന ഒരു ലക്ഷ്യമുള്ളതു കൊണ്ട് ഈമാനികമായി കൂടുതല്‍ മുന്നേറാനാണ് അവന്‍ ശ്രമിക്കുക. അങ്ങിനെയുള്ളവര്‍ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വമ്പിച്ച പ്രതിഫലങ്ങളുള്ള വേളകള്‍ കടന്നുവരുമ്പോള്‍ സന്തോഷിക്കുന്നവരായിരിക്കും.

ലാഭകരമായ കച്ചവട സീസണിലാണ് നാമിപ്പോള്‍. കച്ചവടത്തില്‍ നേരിട്ട് ഇടപെടുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കുന്നുണ്ട്. അതാണ് ദുല്‍ഹിജ്ജ മാസം. ഹജ്ജിനായി നിയ്യത്ത് ചെയ്തവരെല്ലാം അല്ലാഹുവിന്റെ ഭവനത്തില്‍ ഒരുമിച്ചു കൂടുന്നു. ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടി അവര്‍ എത്തിച്ചേരുന്നു. അല്ലാഹുവിനോടുള്ള സ്‌നേഹവും അഭിലാഷവുമാണ് അതിന് നിമിത്തമായത്. സൃഷ്ടാവിന്റെ, അന്നദാതാവിന്റെ മുമ്പില്‍ സമസ്ത ജനങ്ങളും തുല്യര്‍.

ഈ മാസത്തില്‍ വിരിയുന്ന പൂക്കള്‍ പലതാണ്. ഉയരാന്‍ കൊതിക്കുന്ന മനസ്സുകള്‍ക്കും ശിശിരത്തില്‍ മരങ്ങളുടെ ഇല കൊഴിയും പോലെ പാപങ്ങള്‍ കൊഴിയണമെന്ന് ആശിക്കുന്നവര്‍ക്കുമായി വാസനിക്കാന്‍ കുറച്ച് പൂക്കള്‍ ഞാന്‍ ഇറുത്തു തരാം.

ഒന്ന്: ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നത് ദുല്‍ഹിജ്ജ മാസത്തിലാണ്. സഹാബികളോട് വിടചോദിച്ചു കൊണ്ട് റസൂല്‍(സ) നടത്തിയ പ്രസംഗം ഈ മാസത്തിലായിരുന്നു. ബലിദിനത്തില്‍ നബി തിരുമേനി വിളിച്ചു ചോദിച്ചു: ജനങ്ങളേ, ഇത് എത് ദിനമാണ്?. അവര്‍ പറഞ്ഞു ഇത് പവിത്രമായ ദിനമാണ്. നബി ചോദിച്ചു: ഇത് ഏത് നാടാണ്?. അവര്‍ പറഞ്ഞു: പവിത്ര ദേശമാണ്. നബി ചോദിച്ചു: ഇത് ഏത് മാസമാണ്?. അവര്‍ പറഞ്ഞു: ഇത് പവിത്ര മാസമാണ്. നബി പറഞ്ഞു: നിങ്ങളുടെ ഈ നാട്ടില്‍ ഈ മാസത്തില്‍ ഈ ദിനത്തിന്റെ പവിത്രത പോലെ, നിങ്ങളുടെ രക്തവും സമ്പത്തും അഭിമാനവും പവിത്രമാണ്.
അല്ലാഹുവിനോടും അല്ലാഹുവിന് വേണ്ടിയുമുള്ള സ്‌നേഹമാണ് ഹജ്ജ് വേളയില്‍ വിശ്വാസികളെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്. ഹജ്ജ് നിര്‍വഹിച്ചു കൊണ്ട് അവര്‍ അല്ലാഹുവിനോട് അടുക്കുന്നു, ഇഹത്തിലും പരത്തിലും നേട്ടമുണ്ടാക്കുന്നു. അല്ലാഹു പറയുന്നു: ‘അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍കൊടുക്കുകയും ചെയ്യുക.’ (ഹജ്ജ്: 28) അഖണ്ഡതയുടെയും ഐക്യത്തിന്റെയും സന്നിവേശം. ദൈവസ്മരണയുടെയും അനുസരണത്തിന്റെയും സംഗമം.

വിശ്വാസി ഈ ദിനത്തിന്റെ മഹത്വം തിരിച്ചറിയണം. സ്വഹാബികളും മുന്‍ഗാമികളും ആദരിച്ചത് പോലെ ഇതിനെ ആദരിക്കണം. അബൂ ഉഥ്മാന്‍ നഹ്ദി പറയുന്നു: അവര്‍ മൂന്ന് പത്തുകളെ ആദരിക്കാറുണ്ടായിരുന്നു. റമദാന്റെ അവസാനത്തെ പത്ത്, ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്ത്, മുഹര്‍റത്തിലെ ആദ്യത്തെ പത്ത്. (മജാലിസു അശ്‌റി ദില്‍ഹിജ്ജ)

രണ്ട്: ദുല്‍ഹിജ്ജ മാസം അനുഗ്രഹമാണ്. അടിമകള്‍ക്ക് മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ അനവധിയാണ്. അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്. അനുഗ്രഹദാതാവിനുള്ള നന്ദി യഥാര്‍ത്ഥത്തില്‍ തനിക്ക് വേണ്ടി തന്നെയുള്ളതാണ്. അല്ലാഹു പറയുന്നു: ‘ആര്‍ നന്ദികാണിച്ചാലും അവന്റെ ഗുണത്തിനായി തന്നെയാണ് അവന്‍ നന്ദികാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.’ (ലുഖ്മാന്‍: 12)

ഈ മാസത്തിലേക്ക് നിന്നെ എത്തിച്ചുവെന്നുള്ളതും അനുഗ്രഹമാണ്. അതിന്റെ പേരില്‍ അല്ലാഹുവിനെ സ്തുതിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുക. പരലോക പ്രതിഫലം തേടുന്നെങ്കില്‍ അല്ലാഹുവിലേക്ക് അടുക്കുക. അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാള്‍ക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്. ആരെങ്കിലും ഇഹലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് ഇവിടെ നിന്ന് നാം നല്‍കും. ആരെങ്കിലും പരലോകത്തെ പ്രതിഫലമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവന് നാം അവിടെ നിന്ന് നല്‍കും. നന്ദികാണിക്കുന്നവര്‍ക്ക് നാം തക്കതായ പ്രതിഫലം നല്‍കുന്നതാണ്.’ (ആലുഇംറാന്‍: 145)

മൂന്ന്: മുസ്‌ലിം ചെയ്യുന്ന ചെറുതും വലുതുമായ സകല പ്രവര്‍ത്തനങ്ങളും രണ്ട് ഉപാധികളോടെ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളു.
1 അല്ലാഹുവിന് വേണ്ടിയുള്ളതാകുക.
2. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും തിരുചര്യയിലും ഉള്ളതായിരിക്കുക. ഇതിന് വിരുദ്ധമായി വരുന്ന യാതൊരു കര്‍മവും സ്വീകാര്യമാകുകയില്ല. അല്ലാഹു പറയുന്നു: ‘അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.’ (അല്‍കഹ്ഫ് 110)

നാല്: യുദ്ധത്തിന് പോകുന്ന സൈനികന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടാണ് യാത്രപോകുക. ഐഹികലോകത്ത് ജീവിക്കുന്ന വിശ്വാസിയും പ്രബോധനയാത്രയില്‍ ശക്തിനേടാന്‍ ആവശ്യമായ പാഥേയം കരുതേണ്ടതുണ്ട്. ഭൗതികജീവിതത്തിലെ പതര്‍ച്ചകളെ മറികടക്കാനും ദൈവിക സാമീപ്യത്തിനും ഉതകുന്ന സല്‍കര്‍മങ്ങളാണ് ആ പാഥേയം.

ഇസ്‌ലാമിക ശരീഅത്ത് നിര്‍ദേശിക്കുന്ന ചില സല്‍കര്‍മങ്ങളില്‍ ചിലത്.

1. നോമ്പ്: ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: നബി തിരുമേനി (സ) ദുല്‍ഹിജ്ജയുടെ പത്തുകളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അറഫാ ദിനമായ ദുല്‍ഹിജ്ജ ഒമ്പത് വളരെ പ്രാധാന്യമുള്ള ദിനമാണ്. അറഫാ ദിനത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തിലേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തിലെയും പാപം അല്ലാഹു അത് മുഖേന പൊറുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. (മുസ്‌ലിം)
2. തക്ബീര്‍: പലതരത്തിലുള്ള വചനങ്ങള്‍ തക്ബീറിന്റേതായി വന്നിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തശ്‌രീഖിലും വിശ്വാസി അശ്രദ്ധനാകാതെ തക്ബീറില്‍ ശ്രദ്ധചെലുത്തണം. സ്ത്രീകള്‍  വീട്ടിലും മസ്ജിദിലും ശബ്ദം താഴത്തി തക്ബീര്‍ പറയണം.
3. ഹജ്ജ് ഉംറ: അബൂ ഹുറൈറ(റ) നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഹജ്ജ് ചെയ്യുകയും അശ്ലീലവും ധിക്കാരവും കാണിക്കാതിരിക്കുകയും ചെയ്യുന്നവന്‍, മാതാവ് അവനെ പ്രസവിച്ച ദിനത്തിലെന്നത് പോലെ മടങ്ങിവരുന്നതാണ്. (ബുഖാരി)
4. ഉദ്ഹിയ്യത്ത്:  ഇബ്‌റാഹീം നബി(അ)മിന്റെ സുന്നത്തിന്റെ പുനരുജ്ജീവനവും ഇസ്‌ലാമിക ശരീഅത്തിന്റെ നടപടികളെ നിലനിര്‍ത്തലും അതിലുണ്ട്. ഹാജിയോടുള്ള ഐക്യദാര്‍ഢ്യം അതിലുണ്ട്. ഹാജി ഹജ്ജ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ബലികര്‍മത്തില്‍ ഏര്‍പ്പെടുന്നു. ഹജ്ജ് കര്‍മത്തിലെ ഒരു അനുഷ്ഠാനം എല്ലാവര്‍ക്കുമായി നല്‍കിയതിലൂടെ അല്ലാഹുവിന്റെ മറ്റൊരു അനുഗ്രമാണ് നാം അതില്‍ ദര്‍ശിക്കുന്നത്. ബലി കര്‍മത്തില്‍ ഏര്‍പ്പെടുന്നവന്‍ മുടിയും നഖവും മുറിക്കാതെ പത്ത് ദിവസം അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതാണ് ഹാജിയോടുള്ള മറ്റൊരു പൊരുത്തം.
5. പ്രാര്‍ത്ഥന: ഉത്തരം ലഭിക്കുന്ന സമയങ്ങളും സന്ദര്‍ഭങ്ങളും ഉപയോഗിക്കുക.
6. മറ്റ് സല്‍കര്‍മങ്ങളില്‍ നിരതരാകുക. സുന്നത്ത് നമസ്‌കാരങ്ങള്‍, കുടുംബബന്ധം ചേര്‍ക്കല്‍, ദിക്ര്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക.

Related Post