മക്കളില്‍ പ്രവാചക സ്‌നേഹം വളര്‍ത്താം

prophet-love-മുതിര്‍ന്നവര്‍ക്ക് കുട്ടികളോട് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. നാമെല്ലാവരും ഉത്തരവാദിത്വങ്ങളുള്ളവരാണ്. ഉത്തരവാദിത്വങ്ങളെ കുറിച്ച് തീര്‍ച്ചയായും നാം ചോദ്യം ചെയ്യപ്പെടും. നമ്മുടെ കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെ.
ഏറെ പ്രിയപ്പെട്ടവരാണല്ലോ നമുക്ക് നമ്മുടെ മക്കള്‍. ആ സ്‌നേഹത്തോടൊപ്പം ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ദൈവബോധവും ദൈവിക സ്‌നേഹവും വളര്‍ത്താന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അവരോട് വാത്സല്യത്തിലും സ്‌നേഹത്തിലും നബി(സ)യാവണം നമുക്ക് മാതൃക. ഒപ്പം റസൂലിനോട് സ്‌നേഹവും അദ്ദേഹത്തിന്റെ അധ്യാപനങ്ങളോട് ആദരവും മക്കളില്‍ ഉണ്ടാക്കേണ്ടത് നമ്മുടെ ചുമതലയാണ്.നബിയെ സ്‌നേഹിക്കല്‍ ഈ ദീനിന്റെ അടിസ്ഥാനങ്ങളില്‍ ഒന്നാണല്ലോ. പ്രവാചക സ്‌നേഹമില്ലാതെ ഒരാള്‍ വിശ്വാസിയാവുകയില്ല.പ്രവാചക സ്‌നേഹം അല്ലാഹുവിനോടുള്ള സ്‌നേഹവുമായി ചേര്‍ന്ന് കിടക്കുന്നതാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്ന് മാറ്റുക സാധ്യമല്ല. കാരണം റസൂലി(സ)നെ അല്ലാഹുവാണ് തെരഞ്ഞെടുത്തത്.

 

ഖേദകരമെന്ന് പറയട്ടെ, നമ്മുടെ കുട്ടികളില്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമേ നബി (സ) യുടെ ജീവിതത്തെക്കുറിച്ചും സ്വഭാവങ്ങളെ കുറിച്ചും അറിവുള്ളൂ. നബി തിരുമേനി കുട്ടികളെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നും അവരുമായി എത്ര സ്‌നേഹത്തോടെ സഹവസിക്കുകയും അവരുടെ കാര്യത്തില്‍ എത്രയധികം താല്‍പര്യമെടുത്തിരുന്നുവെന്നുമുള്ള കാര്യങ്ങള്‍ നമ്മുടെ കുട്ടികളില്‍ എത്രപേര്‍ക്കറിയാം ?അതേസമയം അവര്‍ക്ക് പ്രശസ്തരായ മറ്റു പലരുടെയും ജീവിതകഥയറിയാം, ചരിത്രമറിയാം. അവരുടെ തിരുദൂതരുടെ ചരിത്രമറിയില്ല. ഇതിനൊരു മാറ്റം ഉണ്ടാവേണ്ടതില്ലേ ? ചില നിര്‍ദേശങ്ങള്‍ താഴെ:

പ്രവാചക സ്‌നേഹം എന്തിന് പഠിപ്പിക്കണം?

ഒരു വ്യക്തിയുടെ വ്യക്തിത്വം രൂപപ്പെടുന്നതില്‍ ശൈശവ കാലഘട്ടത്തിന് നിര്‍ണായക സ്വാധീനമുണ്ട്. അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കുന്ന ഒരു നല്ല യുവാവിനെയാണ് നാം വളര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതെങ്കില്‍, വളരെ നേരത്തെ തന്നെ അതിനുവേണ്ടിയുള്ള ശിക്ഷണം ആരംഭിക്കേണ്ടതുണ്ട്. മാതാപിതാക്കളോട് അനുസരണയുള്ള നല്ല മക്കളായി വളരാന്‍, നബി (സ) യുടെ ജീവിതത്തെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അവര്‍ക്ക് പറഞ്ഞ് കൊടുക്കണം. അതിലൂടെ അവര്‍ നബി (സ) യെ ഇഷ്ടപ്പെടും. കുഞ്ഞുനാളിലേ അവരുടെ മനസ്സില്‍ രൂപപ്പെടുന്ന നബിസ്‌നേഹം പിന്നീട് അവരുടെ ജീവിതത്തില്‍ ഐശ്യര്യവും അനുഗ്രവും നിറക്കും. അത് തന്നെയാണല്ലോ ഏതൊരു മാതാവും പിതാവും ആഗ്രഹിക്കുന്നത്.
നമ്മുടെ കുട്ടികളുടെ ഉത്തരവാദിത്വം നമ്മുടെ മേലാണുള്ളത്. അല്ലാഹു ചുമതലപ്പെടുത്തിയ ഒരു ഉത്തരവാദിത്വമാണ് അതെന്ന് നാം ഒരിക്കലും മറന്നു കൂടാ. മക്കള്‍ക്ക് വേണ്ട ശിക്ഷണങ്ങള്‍ നല്‍കാതെ അവരെ അവഗണിക്കുന്നവര്‍ മനസ്സിലാക്കുക, നിങ്ങള്‍ തന്നെയാണ് അവരെ ചീത്തയാക്കുന്നത്. ദീനി വിദ്യഭ്യാസവും ശിക്ഷണവും മക്കള്‍ക്ക് വേണ്ടപോലെ നല്‍കാന്‍ മാതാപിതാക്കള്‍ തയാറാവാത്തതാണ് പലപ്പോഴും അവര്‍ ചീത്തയാവാന്‍ കാരണം. നബി തിരുമേനിയുടെ ജീവിത ചര്യയും ഇസ് ലാമിക മൂല്യങ്ങളും കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുന്നതില്‍ ഈ മാതാപിതാക്കള്‍ വീഴ്ച വരുത്തുന്നു. അതുകൊണ്ട് അവര്‍ തന്നെയാണ് കുട്ടികളെ പരാജിതരാക്കിയത്.

കുട്ടികളില്‍ എങ്ങനെ പ്രവാചക സ്‌നേഹം വളര്‍ത്താം
കുട്ടി ജനിച്ചതു മുതല്‍ ഏകദേശം 2 വയസ്സു വരെയുള്ള കാലഘട്ടം വളരെ പ്രധാനപ്പെട്ടതാണ്. ഈ ഘട്ടത്തില്‍ മാതാപിതാക്കള്‍ നബിയുടെ പേര് കേള്‍ക്കുമ്പോഴും സ്മരിക്കുമ്പോഴുമൊക്കെ നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നത് കേള്‍ക്കുകയും മാതാപിതാക്കളില്‍ നിന്ന് നബി സ്‌നേഹം കുട്ടികളിലേക്ക് പകര്‍ന്നൊഴുകുകയും ചെയ്യും. മാതാപിതാക്കളുടെ പ്രവാചക സ്‌നേഹം കുട്ടികളുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അവരില്‍ നബിസ്‌നേഹം വളരാന്‍ ഇടവരുത്തും.

മൂന്നു വയസ്സു മുതല്‍ 6 വരെ
കുട്ടികള്‍ കഥകള്‍ കേള്‍ക്കാന്‍ വലിയ താല്‍പര്യം കാണിക്കുന്ന ഒരു പ്രായമാണിത്. ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തി കുട്ടികള്‍ക്ക് നബി ചരിത്രം രസകരമായി അവതരിപ്പിച്ച് കൊടുക്കുക. അങ്ങനെ നബിയെ അവര്‍ക്ക് പരിചയപ്പെടുത്തുക. അവരുടെ മനസ്സില്‍ പ്രവാചകനോട് സ്‌നേഹവും ആദരവും ബഹുമാനവും ഉണ്ടാവും വിധമാണ് നബിയെ പരിചയപ്പെടുത്തേണ്ടത്. അവരുമായി ചര്‍ച്ച ചെയ്യുകയും അവര്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ പറയിപ്പിക്കുകയും ചെയ്യുക.

7 വയസ്സുമുതല്‍ 10 വരെ
ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് നബി (സ) യുടെ കുട്ടികളോടുള്ള സമീപനത്തെ കുറിച്ചുള്ള കഥകള്‍ വിവരിച്ചു കൊടുക്കാം. അവരോടുള്ള നബി (സ) യുടെ സ്‌നേഹം, കുട്ടികളോടു പ്രവാചകന്‍ കാണിച്ച വാത്സല്യം, അവര്‍ക്ക് നല്‍കിയ പരിഗണന തുടങ്ങിയവ പറഞ്ഞു കൊടുത്ത് പ്രവാചകന്റെ വേണ്ടി സ്വലാത്തു ചൊല്ലാന്‍ അവരെ പ്രേരിപ്പിക്കുക.

11 വയസ്സു മുതല്‍ 13 വരെ
പ്രവാചകന്റെ സ്വഭാവ സവിശേഷതകളും പെരുമാറ്റ രീതികളും പറഞ്ഞു കൊടുക്കേണ്ട ഘട്ടമാണിത്. കുടുംബാന്തരീക്ഷത്തില്‍ എല്ലാവരും ഒരുമിച്ച് കൂടുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, യാത്ര പോകുമ്പോള്‍ തുടങ്ങിയ ജീവിത ചുറ്റുപാടുകളില്‍ നബി (സ) യുടെ ഉല്‍കൃഷ്ഠ ഗുണങ്ങള്‍ സന്ദര്‍ഭാനുസാരം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക. നബി കഥകളുള്ള പുസ്തകങ്ങള്‍ വായിക്കാന്‍ നല്‍കുക.

14 മുതല്‍ 17 വരെയുള്ള പ്രായത്തില്‍
സ്വന്തം മക്കള്‍ക്കും സമപ്രായക്കാരായ മറ്റു കുട്ടികള്‍ക്കും വേണ്ടി പ്രവാചക ജീവിതത്തെക്കുറിച്ചും നബി വചനങ്ങളെക്കുറിച്ചുമുള്ള ചെറിയ മത്സരങ്ങള്‍ നടത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകുയം ചെയ്യാം.
ഇതോടൊപ്പം കുട്ടികള്‍ക്ക് ഉത്സാഹവും സന്തോഷവും ആനന്ദവും നല്‍കുന്ന ഒരു അന്തരീക്ഷവും ചുറ്റുപാടും ഉണ്ടാക്കാനും മറക്കരുത്. അവരുടെ പങ്കാളിത്തവും താല്‍പര്യവും വര്‍ദ്ധിപ്പിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ ശിക്ഷണ രീതി.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
1. ചര്‍ച്ചകള്‍ നടത്താനും ചോദ്യങ്ങള്‍ ചോദിക്കാനും വിശദീകരിക്കാനും ആവശ്യപ്പെടാനുമുള്ള താല്‍പര്യം കുട്ടികളില്‍ ഉണ്ടാക്കണം. എല്ലാം കുട്ടിയുടെ തലയില്‍ കെട്ടിവെക്കുന്ന രീതി പാടില്ല.
2. കുട്ടികളില്‍ താല്‍പര്യം നിലനിര്‍ത്താന്‍ ചില സമ്മാനങ്ങളും പ്രോത്സാഹനങ്ങളും നല്‍കണം . ഹദീസ് മനഃപാഠമാക്കുന്നവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാം.
3. കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രവാചക സ്‌നേഹം കുട്ടികളില്‍ വളര്‍ത്തിയെടുക്കാം. നബിയെ കുറിച്ച് കഥകള്‍, ലേഖനങ്ങള്‍, കവിതകള്‍ തുടങ്ങിയവ എഴുതാന്‍ പ്രേരിപ്പിക്കുക. നബി (സ) യെ കുറിച്ചുള്ള രസകരമായ പല തരം മത്സരങ്ങള്‍ സംഘടപ്പിക്കുക.
എല്ലാറ്റിലുമുപരി നബി (സ)യുടെ ഉത്തമ മാതൃക പിന്‍പറ്റി ജീവിക്കല്‍ നമ്മുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുക. കുട്ടികളിലും ആ ബോധം വളര്‍ത്തിയെടുക്കുക. അവരുടെ ഹൃദയങ്ങളില്‍ നബിസ്‌നേഹം ഊട്ടിയുറപ്പിക്കുക. ഒപ്പം പ്രാവാചക ശിഷ്യന്‍മാരെയും നബി കുടുംബത്തെയും പണ്ഡിതന്‍മാരെയും ഇഷ്ടപ്പെടാനും ആദരിക്കാനും അവരെ പരിശീലിപ്പിക്കുക.fae

Related Post