മനുഷ്യാവകാശം ഖുര്‍ആനിലൂടെ

എഴുതിയത് അബ്ദുല്‍മജീദ് പി
155വിശ്വാസികള്‍ അവകാശങ്ങളുടെ മാഗ്നാ കാര്‍ട്ടയായി അംഗീകരിക്കുന്നത് വിശുദ്ധ ഖുര്‍ആനിനെയാണ്. രാഷ്ട്രീയവും മതപരവും സാമ്പത്തികവുമായ എല്ലാ പാരമ്പര്യ അധികാര കേന്ദ്രങ്ങളുടെ അടിമത്വത്തില്‍ നിന്നും ഖുര്‍ആന്‍ മനുഷ്യനെ മോചിപ്പിച്ചു. ഖുര്‍ആന്‍ പറയുന്നു: ‘നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്നവസാനിക്കുന്നത്.’ (നജ്മ് – 53)
എല്ലാ മനുഷ്യാവകാശ സങ്കല്‍പങ്ങളും മാനുഷികമാണെന്നും അത് നിഷേധിക്കുന്നത് മനുഷ്യത്വത്തിന്റെ തന്നെ നിഷേധമാണെന്നും ഖുര്‍ആന്‍ സ്ഥാപിക്കുന്നു. ദൈവം മനുഷ്യന്റെ ശാരീരികമായ ഘടന സൃഷ്ടിക്കുകയും ഒരു ജീവിയായി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ദൈവകല്‍പനകളെ പ്രയോഗവല്‍കരിക്കുമ്പോഴാണ് പരിഷ്‌കൃതനായ മനുഷ്യന്‍ രൂപംകൊള്ളുന്നത്. അപ്പോഴാണ് അവന് ഇതര ജീവികളില്‍ നിന്ന് വ്യത്യസ്തമായ മനുഷ്യത്വം എന്ന ഗുണം ലഭിക്കുന്നത്. ഈ തത്ത്വമനുസരിച്ച് മനുഷ്യന് ദൈവനിയമങ്ങളില്‍ കൈകടത്താനും അതിനെ നിഷേധിക്കുവാനും സാധ്യമല്ല. ദൈവം ചെയ്യുന്നതിനെല്ലാം ലക്ഷ്യമുണ്ടല്ലോ? ബാഹ്യമായ ശാരീരിക ഘടന നല്‍കി. ഇഹലോകത്ത് ജീവിക്കുവാനും വളരുവാനുമുള്ള അവസരം ഒരുക്കിക്കൊടുക്കുക എന്നതാണ് ദൈവത്തിന്റെ ഉത്തരവാദിത്തം. അത് ദൈവം നല്‍കിയിട്ടുണ്ട്. ഈ അവകാശങ്ങളെ അതായത് ഉപജീവനത്തിന്റെയും വളര്‍ച്ചയുടെയും അവകാശങ്ങള്‍ അതിനെ നിഷേധിക്കല്‍ ദൈവനിഷേധമാണ്.
ജീവിക്കുവാനുള്ള അവകാശം
മനുഷ്യജീവിതം പവിത്രമാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ‘ദാരിദ്ര്യം കാരണം നിങ്ങള്‍ നിങ്ങളുടെ മക്കളെ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്.’ (അന്‍ആം – 151) മനുഷ്യനിലെ വ്യക്തിക്ക് സ്ഥാനമില്ല. മനുഷ്യസമൂഹം അതിനെയാണ് വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത്. അതിനാല്‍ തന്നെ വ്യക്തിയോട് ചെയ്യുന്ന അനീതി സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്. അത് മുഴുവന്‍ മനുഷ്യസമൂഹത്തോടുമുള്ള വെല്ലുവിളിയാണ്. ‘അക്കാരണത്താല്‍ ബനൂഇസ്രയേല്‍ സമൂഹത്തോട് നാം കല്‍പിക്കുകയുണ്ടായി മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന് പകരമായോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും സംരക്ഷിച്ചാല്‍ അത് മനുഷ്യസമൂഹത്തെ മുഴുവന്‍ സംരക്ഷിച്ചതിന് തുല്യമാണ്.'(അല്‍മാഈദ 32).ആദരിക്കപ്പെട്ട മനുഷ്യന്‍
‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു.'(ഇസ്‌റാഅ് – 70) മനുഷ്യനെ ആദരിക്കുവാനുള്ള കാരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ഇതര ദൈവസൃഷ്ടികള്‍ക്കില്ലാത്ത വിധം ഭാരിച്ച ചുമതലകള്‍ ദൈവം വിശ്വസിച്ചേല്‍പിച്ചിരിക്കുന്നത് മനുഷ്യരിലാണ് എന്നതിനാലാണ്. ഖുര്‍ആന്‍ പറയുന്നു: ‘തീര്‍ച്ചയായും ആ വിശ്വസ്ത ദൗത്യം (ഉത്തരവാദിത്വം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിച്ചു. അതിനെപ്പറ്റി അവര്‍ക്ക് പേടിതോന്നുകയും ചെയ്തു. മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ അക്രമിയും അവിവേകിയുമാണ്.'( അല്‍ അഹ്‌സാബ് -72) മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും അല്ലാഹു മനുഷ്യന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതിലൂടെ ഭൂമിയില്‍ മനുഷ്യന്‍ ദൈവത്തിന്റെ പ്രതിനിധിയാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നുവെന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക.’ (അല്‍ ബഖറ – 30)
ഏറ്റവും ഉയര്‍ന്നതും മികച്ചതുമായ ദൈവത്തിന്റെ സൃഷ്ടിയാണ് മനുഷ്യന്‍ എന്നാണ് അല്ലാഹു മനുഷ്യനെ കുറിച്ച് പറയുന്നത്. ‘തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ശരീര ഘടനയോടെ സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് നാം അവനെ അധമരില്‍ അധമനാക്കി മാറ്റി.’ (അത്തീന്‍ – 4)
ചിന്താശേഷിയും, തെറ്റും ശരിയും വേര്‍തിരിച്ചറിയാനുള്ള കഴിവും നന്മ സ്വീകരിക്കാനും തിന്മ വെടിയുവാനുമുള്ള മനസ്സുമാണ് മനുഷ്യനില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്നത്.

നീതിസ്ഥാപിക്കുക,നടപ്പിലാക്കുക

നീതിക്ക് വേണ്ടി നിലനില്‍ക്കാനും പ്രവര്‍ത്തിക്കാനും ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു:’സത്യ വിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരുജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്.’ (അല്‍മാഇദ: 8)
‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവര്‍ എന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കുതന്നെയോ നിങ്ങളുടെ മാതാപിതാക്കള്‍. അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കുതന്നെയോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതിപാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്നപക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു’ (അന്നിസാഅ്: 135)
ഇതിലെ ഖുര്‍ആന്‍ വചനങ്ങളില്‍ സമാനതതോന്നിക്കുന്ന വ്യാപകാര്‍ത്ഥമുള്ള രണ്ട് പദങ്ങളാണ് ഖുര്‍ആന്‍ ഉപയോഗിച്ചത്. ഒന്ന് ‘അദ്‌ല്’ (നീതി), രണ്ട് ‘ഇഹ്‌സാന്‍’ (പരിപൂര്‍ണത)മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
‘തീര്‍ച്ചയായും അല്ലാഹുകല്‍പിക്കുന്നത് നീതിപാലിക്കുവാനും നന്മ ചെയ്യുവാനും കുടുംബ ബന്ധമുള്ളവര്‍ക്ക് (സഹായം) നല്‍കുവാനുമാണ്.’
ഇവടത്തെ നീതി എന്ന പദത്തിന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതര്‍ നല്‍കുന്ന ആശയം ‘അദ്‌ല്’ എന്നാണ്. തുല്യം എന്നാണര്‍ത്ഥം – കോടതിയില്‍ പ്രശ്‌നപരിഹാരത്തിന് കേസുമായി വരുന്നവരോട് ഒരു ഭാഗത്തേക്കും പക്ഷം ചേരാതെ വിധിക്കുന്നതിനാണ് ‘അദ്‌ല്’ അല്ലെങ്കില്‍ നീതി പാലനം എന്ന് പറയുന്നത്. പൂര്‍ണാര്‍ത്ഥത്തില്‍ നീതി എങ്ങനെ നടപ്പാകും? നീതി നടപ്പാക്കുന്നതിനിടയില്‍ വിധികര്‍ത്താക്കളുടെ അശ്രദ്ധയിലൂടെ ഉണ്ടാകുന്ന തെറ്റുകള്‍ ഏതെങ്കിലും ഒരു കക്ഷിയുടെ തെറ്റായി ഭവിക്കാം- പക്ഷെ യഥാര്‍ത്ഥത്തില്‍ അയാള്‍ തെറ്റ് ചെയ്തിട്ടുമുണ്ടാവില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളൊഴിവാക്കാന്‍ ഖുര്‍ആന്‍ സൂക്ഷ്മത പുലര്‍ത്താന്‍ ആവശ്യപ്പെടുന്നു. അതാണ് ഇഹ്‌സാന്‍. ഖുര്‍ആന്‍ പറയുന്നു:
അതല്ല മൂസയുടേയും ഇബ്രാഹീമിന്റെയും വേദങ്ങളില്‍ ഉള്ളതിനെപറ്റി അവന് വിവരം അറിയിക്കപ്പെട്ടില്ലേ- അതായത് പാപ ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപം വഹിക്കില്ലെന്നും മനുഷ്യന് താന്‍ പ്രയത്‌നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.

സ്വാതന്ത്ര്യത്തിനുള്ള അവകാശം

മനുഷ്യന്‍ സൃഷ്ടികളുടെ അടിമകളല്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്. സ്വതന്ത്രമായി ചിന്തിക്കുവാനും ജീവിക്കുവാനുമുള്ള അവകാശം മനുഷ്യനുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും എന്നിട്ട് അദ്ദേഹം ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവെ വിട്ട് എന്റെ ദാസന്മാരായിരിക്കുവിന്‍ എന്ന് പറയുന്നത് അല്ലാഹുവിന് യോജിച്ചതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്റെ നിഷ്‌കളങ്ക ദാസന്മാരായിരിക്കണം.
ഇസ് ലാമിന്റെ ആഗമന കാലത്ത് അറേബ്യ അടിമ വ്യാപാര ശാലയായിരുന്നു. അറേബ്യന്‍ സമൂഹത്തിന്റെ സാമ്പത്തിക അടിത്തറ പോലും അടിമ വ്യാപാരത്തിലധിഷ്ഠിതമായിരുന്നു. തുടര്‍ന്ന് മാനുഷിക പരിഗണനയോടുകൂടി അതവസാനിപ്പിക്കാനായിരുന്നു ഖുര്‍ആന്‍ ശ്രമിച്ചത്. ഖുര്‍ആന്‍: ‘നിങ്ങള്‍ അയല്‍ക്കാരോടും അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക’ (അന്നിസാഅ്- 36)
നിങ്ങളുടെ യുദ്ധത്തടവുകാരെ ബന്ധിക്കുകയോ മോചന മൂല്യം വാങ്ങി തിരിച്ചയക്കുകയോ ചെയ്യുക. യുദ്ധഭീതി മാറുന്നതു വരെയത്രെ അത്(മുഹമ്മദ് 4).
അടിമവ്യാപാരം നിലനിര്‍ത്തി മനുഷ്യനെ ചൂഷണം ചെയ്യുന്നത് ഇസ്്‌ലാം നിരോധിച്ചു- പകരം സാവധാനത്തില്‍ അടിമത്ത നിരോധനം സാധ്യമാകുന്ന അന്തരീക്ഷമൊരുക്കുകയാണ് ഇസ്്‌ലാം ചെയ്യുന്നത്.

സ്വകാര്യതക്കുള്ള അവകാശം

ഖുര്‍ആന്‍ മനുഷ്യന് സ്വകാര്യജീവിതത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. വ്യക്തിസ്വകാര്യത നശിപ്പിക്കും വിധമുള്ള പെരുമാറ്റങ്ങളെ ഖുര്‍ആന്‍ നിയന്ത്രിച്ചതായി കാണാം.
‘ഹേ സത്യവിശ്വാസികളേ- അനുവാദം തേടുകയോ സലാം പറയുകയോ ചെയ്യാതെ നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വീടുകളില്‍ പ്രവേശിക്കരുത്.’ (അന്നൂര്‍-27)

അഭിമാന സംരക്ഷണത്തിനുള്ള അവകാശം
ഇസ്്‌ലാം ഒരാളുടെ അഭിമാനം നഷ്ടപ്പെടുത്തുന്ന തരത്തില്‍ – മാനസികപീഢനമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകളും വാക്കുകളും പ്രയോഗിക്കുന്നത് നിരോധിച്ചതായി കാണാം. സത്യവിശ്വാസികളേ നിങ്ങള്‍ പരസ്പരം കുത്തുവാക്ക് പറഞ്ഞ് പരിഹസിക്കരുത്. (ഹുജുറാത്ത്-11).

നിയമത്തിന് വേണ്ടി നിയമം ഉണ്ടാക്കാതെ നിയമങ്ങളുടെ പ്രായോഗികവശം കൂടി പരിഗണിച്ചുകൊണ്ടാണ് ഖുര്‍അന്‍ നിയമങ്ങള്‍ നടപ്പിലാക്കിയത്.അല്ലാഹു പറയുന്നു: ‘ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന് ഒഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (നിസാഅ്- 148)

അറിയുവാനുള്ള അവകാശം
എല്ലാ വിധത്തിലുള്ള അറിവും ഇസ് ലാം പ്രോല്‍സാഹിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആദ്യത്തെ അവതരണം തന്നെ അറിവിന്റെ അനിവാര്യത ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു. (അലഖ് 96:15)
ഖുര്‍ആന്‍ അറിവുള്ളവന് മഹത്തായ പദവിയാണ് നല്‍കുന്നത്. ഖുര്‍ആന്‍ പറയുന്നു:’അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമോ?     (സുമര്‍ -37: 9)

Related Post