മരണം

ജനനമാണ് മരണത്തിന്റെ കാരണം. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ജനനം മരണത്തെ നിര്‍ബന്ധമാക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘എല്ലാ ആത്മാക്കളും മരണം രുചിക്കും.’ (3:185)
പ്രവാചകന്‍ പറഞ്ഞു: ‘ചെരുപ്പിന്റെ വാറ് കാലിനോടടുത്ത് കിടക്കുന്ന പോലെ മരണം നമ്മോടടുത്ത് കിടക്കുന്നു.’

മരണത്തെ മറികടക്കാന്‍ ജനിച്ചവര്‍ക്കാവില്ല. ജനനം ജീവിതത്തിലേക്കും ജീവിതം മരണത്തിലേക്കും നിര്‍ബന്ധിക്കുന്നു. അത് കുട്ടികളെയും വൃദ്ധരേയും സമീപിക്കും; പണ്ഡിതനേയും പാമരനെയും പിടികൂടും, കൊട്ടാരത്തിലും കുടിലിലും പ്രവേശിക്കും, ഡോക്ടറെയും രോഗിയെയും കീഴടക്കും. അനുയായികളാല്‍ ദൈവമാണെന്ന് പറയപ്പെട്ടവരോ സ്വയം ദൈവമാണെന്നവകാശപ്പെട്ടവരോ മരണത്തെ ഇന്നേവരെ പ്രതിരോധിച്ചിട്ടില്ല. ഹൃദ്രോഗവിദഗ്ദന്‍ ഹൃദ്രോഗം മൂലം മരണമടയുന്ന സംഭവങ്ങള്‍ ജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യന്റെ നിസ്സഹായതക്കാണ് അടിവരയിടുന്നത്.

ജീവിതം സാധ്യമാക്കുന്ന എല്ലാ അനുഗ്രങ്ങളോടൊപ്പവും മരണത്തിന്റെ നിഗ്രഹ സാധ്യതയും പതിയിരിപ്പുണ്ട്. ജീവജലം തരുന്ന മഴ പേമാരിയായാല്‍, ജീവവായു കൊടുംകാറ്റായാല്‍, സൂര്യപ്രകാശം അത്യുഷ്ണമായാല്‍ മരണം വിതക്കപ്പെടും. ഉണ്ണിയപ്പം തൊണ്ടയില്‍ കുടുങ്ങിയും ഗുളിക തൊണ്ടയില്‍ കുടുങ്ങിയുമൊക്കെയുണ്ടായ മരണവാര്‍ത്തകള്‍ അന്നത്തിലും മരുന്നിലും വരെ മരണമുണ്ടെന്ന യാഥാര്‍ഥ്യത്തെയാണ് വിളിച്ചോതുന്നത്.

മരണം

നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടും. നിങ്ങള്‍ ഭദ്രമായി കെട്ടിപ്പൊക്കിയ കോട്ടകള്‍ക്കകത്തായാലും

ചുരുക്കത്തില്‍, ജീവിത യാത്രയിലെ എല്ലാ വളവു തിരിവുകളിലും മരണം പതിയിരിക്കുന്നു. ആധുനിക മനുഷ്യന്റെ കൈയിലിരിക്കുന്ന മൊബൈല്‍ ഫോണിലെ കലണ്ടറില്‍ അവന്റെ മരണ തിയ്യതി രേഖപ്പെടുത്തിയിട്ടുണ്ടത്രെ. തിയ്യതി ഏതാണെന്നറിയില്ലെന്നു മാത്രം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘.’ (4:78)

ഈ മരണം പക്ഷേ, നല്ല മനുഷ്യരെയും ചീത്ത മനുഷ്യരെയും ഒരു പോലെ പിടികൂടുന്നു. സല്‍കര്‍മിയും ദുഷ്‌കര്‍മിയും മരിക്കുന്നുണ്ട്. അതിനര്‍ഥം മരണം ഒരു ശിക്ഷയല്ല, ജനിച്ചതിന്റെ അനിവാര്യതയാണെന്നാണ്.

അതുകൊണ്ടുതന്നെ മരണത്തെ മുമ്പില്‍ കണ്ടുകൊണ്ടു വേണം ജീവിക്കാന്‍. മരണസ്മരണ ജീവിതത്തിനൊരു കടിഞ്ഞാണാണ്. കടിഞ്ഞാണില്ലാത്ത ജീവിതം കുത്തഴിഞ്ഞ പുസ്തകം പോലെയും. സന്മാര്‍ഗ ജീവിതത്തിന്റെ അടിസ്ഥാനമത്രെ ഇഛാനിയന്ത്രണം. കടിഞ്ഞാണില്ലാത്ത കുതിരകളെപ്പോലെ മനുഷ്യന്‍ അവന്റെ ദേഹേഛകളെ അഴിച്ചുവിടുമ്പോഴാണത്രെ മനുഷ്യന്‍ ‘താന്തോന്നി’യാകുന്നത്. അതുകൊണ്ടാണ് സന്മാര്‍ഗ ജീവിതം പഠിപ്പിക്കാന്‍ നിയോഗിതനായ പ്രവാചകന്‍ ഇങ്ങനെ ഓര്‍മപ്പെടുത്തിയത്:
‘സുഖങ്ങളുടെ അന്തകനെ നിങ്ങള്‍ ഏറെ ഏറെ സ്മരിക്കുവിന്‍.’

‘സത്ത്’ പോയത് അഥവാ ചത്ത് പോയതത്രെ ശവം. മരിക്കുന്നതോടെ ഉത്തരവാദപ്പെട്ടവര്‍ ശവം മറമാടുന്നു. അതോടെ അത് മണ്ണിനു വളവും പുഴുക്കള്‍ക്ക് തീറ്റയുമാകുന്നു. ഇത് ശവത്തിന്റെ പരിണതിയാണ്. ജീവിക്കുമ്പോള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ക്കും ദുഷ്‌കര്‍മങ്ങള്‍ക്കും ഉത്തരവാദി ശവമല്ല; ‘സത്താ’ണ്. അതിന്റെ അവസ്ഥയോ? സല്‍കര്‍മിയുടെയും ദുഷ്‌കര്‍മിയുടെയും ശവം മണ്ണിനു വളമാണ്. പക്ഷേ, അവരുടെ ‘സത്തി’ന്റെ പരിണതി ഒരുപോലെയാകുമോ?

പിന്‍കുറി: ആരാധനകളധികരിപ്പിച്ചതിനാല്‍ ശരീരം ശോഷിച്ചതുകണ്ട് അല്‍ഭുതം കൂറിയ കര്‍മശാസ്ത്ര പണ്ഡിതനോട് ഇസ്‌ലാമിക ഭരണാധികാരിയായിരുന്ന ഉമറുബ്‌നു അബ്ദുല്‍ അസീസിന്റെ പ്രതികരണം:
‘ഹേ മനുഷ്യാ എന്റെ ഖബറില്‍ മൂന്നു ദിവസം കഴിഞ്ഞ് എന്നെ കാണുകയാണെങ്കില്‍ വീര്‍ത്ത് പൊട്ടിയ കവിള്‍ തടങ്ങളില്‍കൂടി ചോര ഒഴുകുന്നുണ്ടായിരിക്കും. പല്ലുകള്‍ പുറത്താക്കിക്കൊണ്ട് രണ്ട് ചുണ്ടുകള്‍ ചുങ്ങിചുരുങ്ങിയിട്ടുണ്ടാവും. വായില്‍നിന്നും മൂക്കില്‍നിന്നും ചെവിയില്‍നിന്നും ചോരയും ചോരകലര്‍ന്ന ചലവും പൊട്ടിയൊഴുകുന്നാണ്ടാവും. വായയും വയറും വീര്‍ത്തു പൊട്ടിയിട്ടുണ്ടാവും. വയര്‍ വീര്‍ത്ത് നെഞ്ച് പൊന്തിയിട്ടുണ്ടാവും. ഗുദത്തില്‍കൂടി മുതുകെല്ല് പുറപ്പെടുകയും മൂക്കിന്റെ ദ്വാരത്തില്‍കൂടി പുഴുക്കളും ചലവും പുറപ്പെട്ടിട്ടുണ്ടായിരിക്കും. അപ്പോള്‍ താങ്കള്‍ ഇതിനേക്കാള്‍ അല്‍ഭുതം കൂറുമായിരുന്നു.”
(ഇഹ്‌യാഉലൂമുദ്ദീന്‍)

 

Related Post