ചോദ്യം : റജബ് 27-ന് സുന്നത്ത് നോമ്പുണ്ടെന്നും അതിന് സവിശേഷമായ പ്രതിഫലമുണ്ടെന്നും ചിലര്‍ വിവരിക്കുന്നത് കേട്ടു. റജബ് 27-ന് ആയിരുന്നോ പ്രവാചകന്‍(സ)യുടെ ഇസ്രാഅ് സംഭവിച്ചത്. വിശദീകരണം തേടുന്നു?
മറുപടി:
അല്ലാഹുവോ പ്രവാചകനോ നിയമമാക്കിയിട്ടില്ലാത്തതും സച്ചരിതരായ ഖലീഫമാരോ സഹാബികളോ അനുഷ്ടിച്ചിട്ടില്ലാത്തതുമായ ചില നോമ്പുകള്‍ ജനങ്ങള്‍ അവരുടെ ഇഛക്കനുസൃതമായി അനുഷ്ടിക്കാറുണ്ട്. അത്തരം നിഷിദ്ധമായ നോമ്പുകളില്‍ പെട്ടതാണ് റജബ് ഇരുപത്തി ഏഴിലെ ഇസ്രാഉം മിഅ്‌റാജുമായി ബന്ധപ്പെടുത്തിയിട്ടുള്ള നോമ്പ്്.
പ്രവാചകന് അല്ലാഹു അരുളിയ മഹത്തായ അനുഗ്രഹങ്ങള്‍ പരിഗണിച്ച് റജബ് 27-നെ ഇസ്‌ലാമിക സുദിനമായി കാണുകയും പ്രസ്തുത ദിനത്തില്‍ നന്ദി സൂചകമായി നോമ്പനുഷ്ടിക്കുകയും ചെയ്യുന്ന ചിലരുണ്ട്. ‘അല്ലാഹു പ്രവാചകന് ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ ഈ ഉമ്മത്തിലെ ഓരോ വ്യക്തിക്കും ലഭിച്ച അനുഗ്രഹങ്ങളാണ്. അതിന് നന്ദിപ്രകടിപ്പിക്കല്‍ നിര്‍ബന്ധമാണ്. പ്രസ്തുത നന്ദിപ്രകടനത്തിന്റെ രീതി മഹത്തായ ദിനത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ട് അന്ന് നോമ്പനുഷ്ടിക്കലാണ്’ എന്നാണ് ഇതിന്റെ തെളിവായി അവര്‍ ഉദ്ദരിക്കുന്നത്.
എന്നാല്‍ നോമ്പിന്റെ നിയമ സാധുതക്ക് ഇതൊന്നും തെളിവല്ല. സത്യവിശ്വാസികളുടെ മേല്‍ അല്ലാഹു ചൊരിഞ്ഞ നിരവധി അനുഗ്രഹങ്ങളെ ഓര്‍ക്കാന്‍ വേണ്ടി മുസ്‌ലിംകളോട് അല്ലോഹു കല്‍പിച്ചിട്ടുണ്ട്. അഹ്‌സാബ് യുദ്ധത്തെ പരാമര്‍ശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: ‘സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് കുറെ സൈന്യങ്ങള്‍ വരികയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു'(അഹ്‌സാബ് 9). എന്നാല്‍ ശവ്വാലില്‍ അതിന്റെ സുന്ദര സ്മരണകള്‍ പുതുക്കിക്കൊണ്ട് ആ ദിവസം കടന്നുവരുമ്പോഴെല്ലാം നന്ദി സൂചകമായി നോമ്പനുഷ്ടിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല.
ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘സാദുല്‍ മആദ്’ എന്ന ഗ്രന്ഥത്തില്‍ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് തന്റെ ഗുരുവായ ഇബ്‌നു തൈമിയ്യയില്‍ നിന്ന് ഉദ്ധരിക്കുന്നുണ്ട്. ‘ഇസ്രാഅ്-മിഅ്‌റാജ് രാത്രിക്ക് മറ്റു ദിനങ്ങളേക്കാള്‍ ശ്രേഷ്ടതയുള്ളതായി മുസ്‌ലിംകളിലൊരാളില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും രാത്രിക്ക് സഹാബികളോ താബിഉകളോ ഒരു പ്രത്യേകതയും കല്‍പിച്ചിരുന്നില്ല. അവര്‍ അത് സ്മരിക്കാറുമുണ്ടായിരുന്നില്ല. അതിനലാണ് ഇസ്രാഅ് പ്രവാചകന് ലഭിച്ച വലിയ ശ്രേഷ്ടതയായിട്ട് കൂടി അത് ഏത് ദിവസമായിരുന്നു എന്ന് അറിയപ്പെടാതെ പോയത്’. ‘ഏത് മാസത്തിലാണ്, ഏത് ദിവസത്തിലാണ് അത് സംഭവിച്ചത് എന്നതിനും തെളിവില്ല. പരസ്പര വിരുദ്ധമായ വ്യത്യസ്ത അഭിപ്രായങ്ങളാണ് അതിന് തെളിവായി ഉദ്ദരിക്കപ്പെട്ടിട്ടുള്ളത്. ഖണ്ഡിതമായ ഒരു തെളിവും അതില്‍ വന്നിട്ടില്ല. മറ്റു ദിവസങ്ങളേക്കാള്‍ ആ രാത്രിക്ക് പ്രത്യേകതയുള്ളതായും ഉദ്ധരിക്കപ്പെട്ടിട്ടില്ല. റജബ് 27-ന് ആണ് ഇസ്രാഅ്-മിഅ്‌റാജ് എന്ന് മനസ്സിലാക്കുന്നത് യഥാര്‍ഥ തെളിവിന്റെ അടിസ്ഥാനത്തിലല്ല.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്