വിധിയും പരിശ്രമവും

ചോദ്യോത്തരം
لا تحزنജീവിതത്തില്‍ പരാജയമുണ്ടാവുമ്പോള്‍ ഇന്നയാളുടെ സാന്നിധ്യമാണ് അല്ലെങ്കില്‍ ദുര്‍വിധിയാണ് അതിന് കാരണമെന്ന് പറഞ്ഞ് അയാളെ കുറ്റപ്പെടുത്തുന്ന പല ആളുകളെയും കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ് ലാമിന്റെ പാഠമെന്താണ്?

 

ഉത്തരം: ( ശൈഖ് അഹ്മദ് കുട്ടി, സീനിയര്‍ ലക്ചറര്‍, ഇസ് ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ടൊറണ്ടോ) ഇസ് ലാമില്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ജനങ്ങള്‍ കെട്ടിചമച്ച ആചാരങ്ങളും സമ്പ്രദായങ്ങളാണിവ. അവ വിശ്വസിക്കാവുന്ന പ്രമാണങ്ങളല്ല.
വിധിയില്‍ വിശ്വസിക്കണമെന്ന് ഇസ് ലാം പഠിപ്പിക്കുന്നു. എന്നാല്‍ എല്ലാം വിധിയാണെന്ന് അന്ധമായി വിശ്വസിക്കുന്നതിനെ ഇസ് ലാം പ്രോത്സാഹിപ്പിക്കുന്നില്ല. സത്കര്‍മങ്ങളില്‍ പരമാവധി മുന്നേറാനും അപ്പോഴുണ്ടാവുന്ന പ്രയാസങ്ങള്‍ സഹിക്കാനുമാണ് അല്ലാഹുവും അവന്റെ പ്രവാചകനും കല്‍പിക്കുന്നത്.  സൂറത്തുത്തൗബയില്‍ അല്ലാഹു പറയുന്നു : ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുവിന്‍. നിങ്ങളുടെ പ്രവര്‍ത്തനം ഇനി എങ്ങനെയിരിക്കുമെന്ന് അല്ലാഹുവും അവന്റെ ദൂതനും വിശ്വാസികളൊക്കെയും കാണുന്നതാകുന്നു. പിന്നീട് നിങ്ങള്‍, ഒളിഞ്ഞതും തെളിഞ്ഞതുമെല്ലാം അറിയുന്ന അല്ലാഹുവിങ്കലേക്കു മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്തായിരുന്നുവെന്ന് അപ്പോള്‍ അവന്‍ പറഞ്ഞുതരും’ (09.105).

 
ജുമുഅ നമസ്‌കാരത്തിന് ബാങ്ക് കേട്ടാല്‍ കൊള്ളക്കൊടുക്കകളുപേക്ഷിച്ച് ദൈവസ്മരണയിലേക്ക് ഓടിവരണമെന്ന് പറഞ്ഞ ശേഷം അല്ലാഹു പറയുന്നു: ‘പിന്നെ നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക, അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൗഭാഗ്യമുണ്ടായേക്കാം’ (62:10).ഇവിടെ കര്‍മങ്ങളില്‍ കൂടുതലായി വ്യാപൃതമാവാനാണ് ഖുര്‍ആന്റെ കല്‍പന.
പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ഒരു വചനം കാണുക: ‘നിങ്ങള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കേണ്ടവിധം ഭരമേല്‍പ്പിക്കുകയാണെങ്കില്‍ പക്ഷികളെ ഭക്ഷിപ്പിക്കുന്നപോലെ നിങ്ങള്‍ക്കും അല്ലാഹു വിഭങ്ങള്‍ നല്‍കുന്നതാണ്. പ്രഭാതത്തില്‍ ഒഴിഞ്ഞ വയറുമായാണ്  പക്ഷികള്‍ ഭക്ഷണം തേടി  പുറപ്പെടുന്നത്. നിറഞ്ഞ വയറുമായാണ് അവ തങ്ങളുടെ കൂടുകളിലേക്ക് തിരിച്ചുവരുന്നത്.’

 
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നാമാണ് നമ്മുടെ ജിവിതവിഭങ്ങള്‍ക്ക് വേണ്ടി പണിയെടുക്കേണ്ടത്. മറ്റെല്ലാം ജീവികളും അവ്വിധം തന്നെയാണ് സ്വന്തത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി പണിയെടുക്കുന്നത്. തനിക്കുള്ള ഭക്ഷണം തന്റെ കൂട്ടില്‍ എത്തുമെന്ന് വിചാരിച്ച് ഒരു ജീവിയും പരിശ്രമിക്കാതെ വെറുതെയിരിക്കുന്നില്ല. വിവേകമില്ലാത്ത പക്ഷികളും മൃഗങ്ങളും ഇവ്വിധം പരിശ്രമത്തില്‍ ഏര്‍പ്പെടുന്നുവെങ്കില്‍ വിവേകവും ബുദ്ധിയും വേണ്ടുവോളം ലഭിച്ച മനുഷ്യന്‍ എത്ര പരിശ്രമിക്കണം ? !
അഥവാ, ഒരാളിന്റെ പരാജയം വേറൊരാളിന്റെ സാന്നിദ്ധ്യം കൊണ്ടോ ദുര്‍വിധി മൂലമോ ആണ് സംഭവിച്ചതെന്ന വിചാരിക്കുന്നത് തീര്‍ത്തും അന്ധവിശ്വസമാണ്. പരാജയമുണ്ടായാല്‍ അതിന്റെ പേരില്‍ മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്. തീവ്രപരിശ്രമത്തിലൂടെ വീണ്ടും വിജയിക്കാനുള്ള മാര്‍ഗം തേടുകയാണ് വേണ്ടത്.

Related Post