വിധിവിശ്വാസം

 

 

ചോദ്യോത്തരം
القضاء والقدرഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളെല്ലാം ‏‏‏‏‏ മരണം, ആഹാരം, ജയപരാജയങ്ങള്‍, ഉല്‍ക്കര്‍ഷാപകര്‍ഷങ്ങള്‍ ‏‏‏‏‏ ആദിയില്‍ രേഖപ്പെടുത്തപ്പെട്ടവയാണോ? എങ്കില്‍ മനുഷ്യകര്‍മത്തിന്റെ ആവശ്യമെന്ത്? ഒരപകടത്തില്‍പ്പെട്ട മനുഷ്യനെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ ഒരു ഡോക്ടര്‍ യത്നിക്കുന്നതെന്തിന്? പ്രയത്നത്തിനോ കഠിനാധ്വാനത്തിനോ നല്ലനിലയിലുള്ള വ്യാപാരത്തിനോ കൃഷിക്കോ ഭക്ഷ്യോത്പാദനം വര്‍ദിപ്പിക്കുന്നതില്‍ പങ്കൊന്നുമില്ലേ? അതോ ഭക്ഷണം നിര്‍ണിതവും കണക്കാക്കപ്പെടുന്നതുമാണോ? നാം പ്രയത്നിച്ചാലും ഇല്ലെങ്കിലും?

ഉത്തരം: ഏറെ കാലപ്പഴക്കമുള്ള ഒരു ചോദ്യം. കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളില്‍ വീണ്ടും വീണ്ടും ഉയര്‍ന്നുവരാവുന്നതും ചര്‍ച്ചക്ക് വിഷയീഭവിക്കുന്നതുമായ ഒരു ചോദ്യം. ഈ പ്രശ്നത്തില്‍ പരിഭ്രാന്തനാവാനൊന്നുമില്ല. ഇസ്ലാം ഇതിന്ന് തൃപ്തികരമായ മറുപടി നല്‍കിയിട്ടുണ്ട്.

1. പ്രപഞ്ചത്തിലെ സര്‍വകാര്യങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. അത് ദീനില്‍ അനിവാര്യമായി അറിയപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രേ. പക്ഷേ, ആ രേഖപ്പെടുത്തലിന്റെയും ഗ്രന്ഥത്തിന്റെയും രീതിയും സ്വഭാവവും നമുക്കറിഞ്ഞുകൂടാ. നമുക്ക് ആകെക്കൂടി അറിയാവുന്നത് ഇത്രമാത്രമാണ്: ആകാശവും ഭൂമിയും സചേതനവും അചേതനവും അടങ്ങുന്ന ഈ പ്രപഞ്ചത്തെ അല്ലാഹു തന്റെ മാത്രമായ ഇച്ഛയും ഭാവനയും അനുസരിച്ച് സൃഷ്ടിച്ചു. എല്ലാറ്റിനെയും കുറിച്ചുള്ള അറിവ് അവനെ ചൂഴ്ന്നുനില്‍ക്കുന്നു. എല്ലാം അവന്‍ കൃത്യമായി കണക്കാക്കിയിട്ടുണ്ട്. പ്രവിശാലമായ ഈ പ്രപഞ്ചത്തില്‍ നടക്കുന്നതെന്തും അവന്റെ അറിവോടും ഇഛയോടും കൂടിയാണ്. “ആകാശത്തിലോ ഭൂമിയിലോ ഉള്ള ഒരു കടുകുമണിത്തൂക്കവും നിന്റെ നാഥനില്‍നിന്ന് മറഞ്ഞു നില്‍ക്കുന്നില്ല. അതിലും ചെറുതോ വലുതോ ആയ ഒന്നും വ്യക്തമായ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയുമില്ല.” അവനറിയാതെ ഒരിലപോലും കൊഴിഞ്ഞുവീഴുന്നില്ല. മണ്ണിന്റെ ഇരുണ്ട മറകളിലിരിക്കുന്ന ഒരു ധാന്യമണിയും, പച്ചയോ ഉണങ്ങിയതോ ആയ ഒരു വസ്തുവും തന്നെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെടാതെയില്ല. “ഭൂമിയിലോ നിങ്ങളില്‍ തന്നെയോ സംഭവിക്കുന്ന ഒരാപത്തും, അതിന്ന് രൂപം നല്‍കും മുമ്പ് തന്നെ ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്താതെയില്ല.’

2. സര്‍വത്തെയും ചൂഴ്ന്നുനില്‍ക്കുന്ന ഈ അറിവും സൂക്ഷമമായ ഗണനവും വസ്തുക്കളെയും സംഭവങ്ങളെയും അവ ഉണ്ടാകുന്നതിന്നു മുമ്പുതന്നെ രേഖപ്പെടുത്തുന്നു എന്നതും പ്രയത്നത്തെയോ കര്‍മത്തെയോ ജീവിതമാര്‍ഗങ്ങള്‍ തേടുന്നതിനെയോ ഒട്ടും ബാധിക്കുന്നില്ല. കാരണം, കാര്യങ്ങള്‍ രേഖപ്പെടുത്തിയ അല്ലാഹു കാരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഫലങ്ങള്‍ കണക്കാക്കിയ അല്ലാഹു അതിലേക്കുള്ള വഴികളും നിശ്ചയിച്ചിട്ടുണ്ട്. ഏതുമാര്‍ഗമവലംബിച്ചും ഫലം കണ്ടെത്തുന്ന വിദ്യാര്‍ഥിക്ക് ജയം നിശ്ചയിക്കുകയല്ല. ശരിയായ വഴിയലൂടെ ഫലത്തിലെത്തുന്നവര്‍ക്ക് വിജയം നല്‍കുക എന്നതാണതിന്റെ രീതി. പ്രയത്നം, ആഗ്രഹം ജാഗ്രത, ശ്രദ്ധ, ക്ഷമ, സഹനം തുടങ്ങി എല്ലാ മാര്‍ഗങ്ങളും അവലംബിച്ചേ തീരു. ഇത് രേഖപ്പെട്ടതും മുന്‍കൂട്ടി വിധിക്കപ്പെട്ടതുമാണ്. മാര്‍ഗങ്ങള്‍ തേടുക എന്നത് വിധിയുടെ നിഷേധമല്ല; മറിച്ച് വിധിയില്‍ പെട്ടതുതന്നെയാണ്. ഔഷധങ്ങളെയും അതുപയോഗിച്ച് രോഗം ഭേദമാക്കുന്നതിനെയും പറ്റി, ‘ദൈവവിധി തടുക്കാനാവുമോ ?’ എന്ന് ആരോ ചോദിച്ചപ്പോള്‍ തിരുമേനി ‘അതും വിധിതന്നെ’ എന്ന നിര്‍ണായകമായ മറുപടി നല്‍കിയതിന്റെ പൊരുളം ഇതുതന്നെ. സിറിയയില്‍ കോളറ പടര്‍ന്നുപിടിച്ചപ്പോള്‍ അവിടെ പ്രവേശിക്കാതെ തിരിച്ചുപോകുന്നത് സംബന്ധിച്ച് കൂട്ടുകാരുമായി പര്യാലോചിക്കാന്‍ ഉമര്‍ നിശ്ചയിച്ചു. അപ്പോള്‍ ഒരാള്‍ ചോദിച്ചു: ‘അമീറുല്‍ മുഅ്മിനീന്‍! അങ്ങ് ദൈവവിധിയില്‍ നിന്ന് ഓടിപ്പോവുകയോ?’ അദ്ദേഹം പറഞ്ഞു: ‘അതെ, നാം അല്ലാഹുവിന്റെ വിധിയില്‍നിന്ന് അല്ലാഹുവിന്റെ വിധിയിലേക്ക് ഓടിപ്പോവുകയാണ്. പച്ചപിടിച്ച ഒരു പ്രദേശത്ത് നിങ്ങളെത്തിപ്പെട്ടന്നിരിക്കട്ടെ, ആ പച്ചത്തഴപ്പില്‍ നിങ്ങള്‍ മേയ്ക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരമല്ലേ. വരണ്ട പ്രദേശത്താണ് നിങ്ങളെത്തിപ്പെടുന്നതെങ്കില്‍ അവിടെ കാലികളെ നയിക്കുന്നതും അല്ലാഹുവിന്റെ വിധിയല്ലേ?’

3. വിധി നമുക്ക് അദൃശ്യവും അജ്ഞാതവുമായ ഒന്നാണ്. സംഭവങ്ങള്‍ നടന്നുകഴിഞ്ഞ ശേഷമാണ് അത് വിധിയായിരുന്നുവെന്ന് നാം അറിയുന്നത്. സംഭവിക്കുന്നതിനുമുമ്പ് പ്രാപഞ്ചിക വ്യവസ്ഥയനുസരിച്ചും ശറഈ നിയമമനുസരിച്ചും പ്രവര്‍ത്തിക്കാനാണ് നാം ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. “ലോകനാഥന്‍ സൃഷ്ടികളുടെ ദൃഷ്ടിയില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തിയ ഗ്രന്ഥമാണ് അദൃശ്യം. അതില്‍നിന്ന് ഇടക്കിടെ വര്‍ത്തമാനകാലത്തിന്റെ ഓരോ പുറങ്ങളെല്ലാതൊന്നും ജനങ്ങള്‍ക്ക് വെളിവാകുന്നില്ല.” അല്ലാഹു നിശ്ചയിച്ച പ്രകാരം പ്രാപഞ്ചിക വ്യവസ്ഥയും നിയമസംഹിതയും ജീവിതമാര്‍ഗങ്ങളാരായാന്‍ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. അല്ലാഹുവിന്റെ വിധിയിലും ദൈവനിശ്ചയത്തിലും ജനങ്ങളില്‍ വെച്ച് ഏറ്റവും ശക്തമായ വിശ്വാസമുണ്ടായിരുന്ന ദൈവദൂതന്‍ കാണിച്ച മാതൃക സ്വീകരിക്കുകയാണ് നമുക്ക് അഭികാമ്യം. അദ്ദേഹം മുന്‍കരുതലെടുത്തു; സൈനിക സന്നാഹം നടത്തി. പുരോഭടന്മാരെയും ചാരന്മാരെയും അയച്ചു. അങ്കി ധരിച്ചു. ഉരുക്കുതൊപ്പി വെച്ചു. മലഞ്ചെരുവുകളില്‍ വില്ലാളികളെ കാവല്‍നിര്‍ത്തി. മദീനക്കു ചുറ്റും കിടങ്ങുവെട്ടി. അബ്സീനിയയിലേക്ക് ഹജറപോകാന്‍ അനുമതി നല്‍കി. സ്വയം മദീനയിലേക്ക് പലായനം ചെയ്തു. പലായന വേളയില്‍ സുരക്ഷാമാര്‍ഗങ്ങളവംലംബിച്ചു. യാത്രാവാഹനങ്ങളൊരുക്കി. വഴികാട്ടിയെ ഒപ്പം കൂട്ടി. പരിചിതമായ വഴിവിട്ടു മറ്റൊന്നു തിരഞ്ഞെടുത്തു. ഗുഹയിലൊളിച്ചിരുന്നു. ഭക്ഷണ പാനീയങ്ങള്‍ കരുതി. സ്വകുടുംബത്തിനുവേണ്ടി ഒരു വര്‍ഷത്തെ ആഹാരം സംഭരിച്ചുവെച്ചു. ആകാശത്തുനിന്നും ആഹാരം വരുന്നതും കാത്ത് അലംഭാവം പൂണ്ടില്ല. ഒട്ടകത്തെ കെട്ടണമോ അതോ കെട്ടാതെ തവക്കുല്‍ ചെയ്യണമോ എന്ന് ചോദിച്ചവരോട് ഒട്ടകത്തെ കെട്ടുക എന്നിട്ട് തവക്കുല്‍ ചെയ്യുക എന്ന് പറഞ്ഞു. കുഷ്ഠരോഗിയില്‍നിന്ന് സിംഹത്തില്‍നിന്നെന്നപോലെ ഓടുക എന്നു കല്‍പിച്ചു. രോഗിയായ ഒട്ടകത്തെ രോഗമില്ലാത്തവയുമായി കലര്‍ത്തരുതെന്നദ്ദേഹം പഠിപ്പിച്ചു.

4. അപ്പോള്‍ വിധി നാം ആഗ്രഹിക്കുന്ന ഭൌതിക നേട്ടങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനോ പ്രയത്നിക്കുന്നതിനോ വിഘാതം സൃഷ്ടിക്കുന്നില്ല. അലസനോ മടിയനോ സ്വന്തം ജീവിതഭാരവും പാപഭാരവും വിധിയുടെ തലയില്‍ കെട്ടിവെക്കുവാന്‍ ഒരവകാശവുമില്ല. അത് ഉത്തരവാദിത്വങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടവും ദൌര്‍ബല്യത്തിന്റെ പ്രകടനവുമത്രേ. “ദുര്‍ബലനായ മുസ്ലിം എന്തിനും എന്തിനും ന്യായീകരണമായി ദൈവവിധിയെ ഉയര്‍ത്തിപ്പിടിക്കുന്നു. ശക്തനായ മുസ്ലിം അത് അല്ലാഹുവിന്റെ എതിരറ്റവിധിയും അജയ്യമായ നിശ്ചയവുമാണെന്ന് വിശ്വസിക്കുന്നു.” എന്ന് പറഞ്ഞ ഇഖ്ബാലിന് ദൈവാനുഗ്രഹമുണ്ടാകട്ടെ. ആദ്യകാലമുസ്ലിംകള്‍ അങ്ങനെ വിശ്വസിച്ചവരായിരുന്നു. ഇസ്ലാമിന്റെ മുന്നേറ്റ ഘട്ടത്തിലൊരിക്കല്‍ മുഗീറതുബ്നു ശുഅ്ബ റോമന്‍ സേനാനായകനെ സമീപിച്ചു.”ആരാണു നിങ്ങള്‍” സൈന്യാധിപന്‍ ചോദിച്ചു. മുഗീറ പറഞ്ഞു: ‘ഞങ്ങള്‍ ദൈവത്തിന്റെ വിധിയാണ്, ഞങ്ങളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങള്‍ മേഘത്തിലായിരുന്നാല്‍പോലും ഞങ്ങള്‍ അങ്ങോട്ട് കയറി എത്തുമായിരുന്നു. ഇല്ലെങ്കില്‍ നിങ്ങളിങ്ങോട്ടിറങ്ങിയെത്തും.” സ്വന്തം കഴിവിന്റെയും സാധ്യതയുടെയും പരമാവധി വ്യയം ചെയ്തശേഷമേ ഒരാള്‍ക്ക് വിധിയെ പഴിക്കാന്‍ അര്‍ഹതയുള്ളൂ. അപ്പോള്‍ അയാള്‍ക്ക് ‘ഇത് വിധിയാണ്’ എന്നാശ്വസിക്കാം. തിരുദൂതരുടെ മുന്നില്‍ വെച്ച് ഒരാള്‍ പരാജിതനായി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എനിക്കല്ലാഹു മതി.’ ആ വാക്യം പുറമെ വിശ്വാസത്തിന്റെ ലക്ഷണമാണെങ്കിലും അകമേ ഭീരുത്വമാണെന്ന് കണ്ട തിരുമേനി കുപിതനായി. അദ്ദേഹം പറഞ്ഞു: “അല്ലാഹു ഭീരുത്വത്തെ അധിക്ഷേപിച്ചിരിക്കുന്നു. നീ ബുദ്ധി പ്രയോഗിക്കണം. എന്നിട്ടും പരാജയപ്പെടുന്നെങ്കില്‍ ‘എനിക്ക് അല്ലാഹു മതി’ എന്നു പറഞ്ഞുകൊള്ളുക!”

5. സ്വന്തം കഴിവ് പരമാവധി വിനിയോഗിച്ചു കഴിഞ്ഞ് അല്ലാഹുവില്‍ പ്രതീക്ഷ പുലര്‍ത്തുന്ന ഘട്ടമെത്തുമ്പോള്‍ വിധിവിശ്വാസം അയാള്‍ക്ക് നിരാശക്കുപകരം ആശയും സംഘര്‍ഷമേഖലയില്‍ മനോബലവും പ്രതിസന്ധി ഘട്ടങ്ങളില്‍ ആത്മധൈര്യവും ദുരിതങ്ങളില്‍ സഹനവും ക്ഷാമത്തില്‍ ഉള്ളതില്‍ തൃപ്തിപ്പെടാനുള്ള മാനസികാവസ്ഥയും പ്രധാനം ചെയ്യും. ദുരിതങ്ങള്‍ നേരിടുമ്പോള്‍ അയാള്‍ പറയും: “അല്ലാഹു വിധിച്ചതല്ലാതൊന്നും ഞങ്ങളെ ബാധിക്കുകയില്ല” സംഘര്‍ഷമേഖലയില്‍ അയാള്‍ പറയും: “എന്റെ അവധി എത്തുംമുമ്പ് നിനക്കെന്നെ ഒന്നും ചെയ്യാനാവില്ല. എനിക്ക് നിശ്ചയിക്കപ്പെട്ട ആഹാരം തടയാനും നിനക്കാവില്ല.” ആപത്തുവരുമ്പോള്‍ പറയും: “ഇത് ദൈവത്തിന്റെ വിധിയാണ്, അവനിഛിക്കുന്നത് അവന്‍ ചെയ്യുന്നു.” വിധിവിശ്വാസത്തെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ ഉള്‍കൊള്ളാന്‍ സാധിച്ചാല്‍ നമ്മുടെ സമുദായത്തില്‍നിന്ന് ചരിത്രത്തിന്റെ ചുക്കാന്‍ കയ്യിലെടുക്കാന്‍ കഴിവുള്ള ഊര്‍ജസ്വലരായ ഒരു സമരസംഘത്തെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിക്കും.

Related Post