സംവാദ സദസ്സുകള്‍: മതം തെരുവില്‍ അവഹേളിക്കപ്പെടുമ്പോള്‍

സംവാദ സദസ്സുകള്‍: മതം തെരുവില്‍ അവഹേളിക്കപ്പെടുമ്പോള്‍

കേരളത്തിലെ രണ്ടു മുസ്‌ലിം സംഘടനകള്‍ തമ്മില്‍ നടക്കുന്ന ഒരു സംവാദ സദസ്സിലേക്ക് എന്നെയും വിളിച്ചിരുന്നു. ഇസ്‌ലാമിക വിഷയങ്ങള്‍ സംവദിച്ചു തീരുമാനിക്കേണ്ടതല്ല എന്ന കാരണത്താല്‍ ഞാന്‍ അതിനു പോയില്ല. വായിച്ചു മനസ്സിലാക്കാന്‍ പര്യാപ്തമായി എന്റെ മുന്നില്‍ പ്രമാണങ്ങള്‍ തുറന്നു കിടക്കെ എന്തിനു മറ്റുള്ളവരുടെ ബുദ്ധി കൊണ്ട് ചിന്തിക്കണം എന്നതായിരുന്നു എന്റെ പക്ഷം. ‘രണ്ടു സംഘടനകള്‍ തമ്മില്‍ ഇസ്തിഗാസയില്‍ സംവാദം നടക്കുന്നുണ്ട്. സമദ് സാഹിബ് എന്തായാലും വരണം’. ഫോണ്‍ നമ്പര്‍ എനിക്ക് സുപരിചതമായിരുന്നില്ല. ആളെ പറഞ്ഞപ്പോള്‍ കാര്യം മനസ്സിലായി. മുഷിപ്പിക്കേണ്ട എന്ന് കരുതി സുഖവിവരം അന്വേഷിച്ചു സംസാരം അവസാനിപ്പിച്ചു.

കേരളത്തില്‍ വീണ്ടും സംവാദ സദസ്സുകള്‍ സജീവമാകുകയാണ്. കുറച്ചു കാലത്തേക്ക് അത്തരം കോലാഹലങ്ങള്‍ കുറച്ചു മാറി നിന്നിരുന്നു. വീണ്ടും ചങ്കരന്‍ തെങ്ങില്‍ തന്നെ എന്നത് പോലെയാണ് കാര്യങ്ങള്‍ പോകുന്നത്. സംവാദ ശേഷം സാധാരണ നടക്കാറുള്ളത് പോലെ രണ്ടു വിഭാഗവും വിജയം അവകാശപ്പെട്ടു രംഗത്തു വന്നു. വേദിയില്‍ സംവദിച്ചത് പണ്ഡിതരും അതിനു മാര്‍ക്ക് നല്‍കുന്നത് പാമരരും എന്നതാണ് അതിലെ ദുരന്തം. ഇസ്‌ലാം സംവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. അതിനൊരു നിബന്ധന കൂടി വെച്ചു. ‘ഏറ്റവും നല്ലത് കൊണ്ടേ സംവദിക്കാവൂ’. അതായത് ഏറ്റവും നല്ല രീതിയില്‍. പ്രവാചകന്‍ ഒരിക്കല്‍ മാത്രമാണ് അത്തരം സംവാദത്തിനു തയാറായത്. മുബാഹല എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്തുത സംവാദം നടന്നതുമില്ല.

ഇസ്‌ലാമിലെ എന്തും കൃത്യമാണ്. അതിന്റെ വിശ്വാസവും. ഇസ്ലാമിക വിശ്വാസത്തിന്റെ ആദ്യ സ്രോതസ്സ് ഖുര്‍ആന്‍ തന്നെ. അതിനാല്‍ വിശ്വാസത്തെ സംബന്ധിച്ചു ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് മനസ്സിലാക്കല്‍ വിശ്വാസികളുടെ പ്രഥമ കടമയാണ്. അതെ സമയം നമ്മുടെ നാട്ടില്‍ വിശ്വാസവും ഖുര്‍ആനും തമ്മില്‍ ആ നിലയില്‍ ബന്ധമില്ല. അതുകൊണ്ടു തന്നെ അധികം പേരുടെയും വിശ്വാസവും ഖുര്‍ആനും തമ്മില്‍ വലിയ ബന്ധം കാണില്ല. അത് തന്നെയാണ് പലപ്പോഴും ഈ സംവാദ സദസ്സുകളുടെ വിജയവും. പലപ്പോഴും ദുര്‍വ്യാഖ്യാനങ്ങളാണ് സംവാദ സദസ്സുകളില്‍ മുഴച്ചു നില്‍ക്കുക. ഇത്തരം സദസ്സുകളില്‍ വിജയം പലപ്പോഴും സത്യത്തിനു ആയിരിക്കില്ല പകരം സത്യത്തെ ഏറ്റവും മോശമായ രീതിയില്‍ വളച്ചൊടിച്ചവര്‍ക്കാകും. സത്യം ജയിക്കണം എന്നതിനേക്കാള്‍ തന്റെ വാദം ജയിക്കണം എന്ന നില വന്നാല്‍ പിന്നെ എല്ലാം ശുഭം.

ഇസ്‌ലാമിന് മനുഷ്യ കുലത്തോളം പഴക്കമുണ്ട്. ആദ്യത്തെ മനുഷ്യന്‍ മുസ്‌ലിമായിരുന്നു എന്ന് നാം വിശ്വസിക്കുന്നു. അന്ന് തുടങ്ങിയ ഇസ്‌ലാം അവസാനിക്കുന്നത് അന്ത്യ പ്രവാചകനിലും. മുഹമ്മദ് നബിയുടെ സമൂഹത്തിനു മുമ്പ് മുസ്ലിം സമുദായത്തിനിടയില്‍ ഇത്തരം സംവാദങ്ങള്‍ നടന്നിട്ടുണ്ടോ എന്നറിയില്ല. വിശ്വാസികളും അവിശ്വാസികളും തമ്മില്‍ സംവാദം നടന്നിട്ടുണ്ട്. പ്രവാചകന് ശേഷം രണ്ടാം നൂറ്റാണ്ടില്‍ സംവാദത്തിന്റെ കാലമായിരുന്നു. മദ്ഹബീ ഇമാമുമാരായിരുന്നു അതിനു നേതൃത്വം നല്‍കിയിരുന്നത്. ഇമാം ഷാഫി അവര്‍കളുടെ മരണ കാരണം വരെ അത്തരം ഒരു സംവാദത്തില്‍ എതിരാളിയില്‍ നിന്നുണ്ടായ ആക്രമണമാണ് എന്നൊക്കെ പറയപ്പെടുന്നു. ഖുര്‍ആന്‍ സൃഷ്ടിവാദത്തിനെതിരെ ഇമാം അഹ്മദ് അവര്‍കള്‍ നടത്തിയ സംവാദം പ്രസിദ്ധമാണ്. ഇസ്‌ലാമിക ലോകത്തു പിന്നെ സംവാദങ്ങള്‍ നടന്നത് ഗ്രന്ഥ രൂപത്തിലാണ്. ഇമാം ഷാഫി അവര്‍കളുടെ തന്നെ അല്‍ രിസാല അതിന്റെ ഒന്നാംതരം ഉദാഹരണമാണ്. വായനവും കേള്‍വിയും ഒന്നിച്ചു വന്നാല്‍ മാത്രമേ സംവാദം പൂര്‍ണമാകൂ. ഒരു കാലത്ത് മദ്ഹബീ പക്ഷപാതത്തിന്റെ പേരിലായിരുന്നു സംവാദങ്ങള്‍. അതിന്റെ പേരില്‍ വ്യാജ ഹദീസുകള്‍ പോലും ഉണ്ടാക്കിയ ചരിത്രം കഴിഞ്ഞു പോയിട്ടുണ്ട്.

അതെ സമയം ഇന്നത്തെ സംവാദം കേള്‍വിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. വായനയും കേള്‍വിയും രണ്ടാണ്. വായന ചിന്തയെ ഉദ്ദീഭവിപ്പിക്കും. കേള്‍വി പലപ്പോഴും വൈകാരികമാവും. വായനക്ക് മനസ്സും ശരീരവും ഒന്നിച്ചു വരണം. കേള്‍വിക്ക് അതിന്റെ ആവശ്യമില്ല. പല അണികളുടെയും ഇസ്ലാമിക ജ്ഞാനം ഈ കേള്‍വിയുടെ അടിസ്ഥാനം മാത്രമാകും. വായിച്ചു മനസ്സിലാക്കുക എന്ന രീതി അവരുടെ അജണ്ടയില്‍ കാണില്ല. ആരോട് പ്രാര്‍ത്ഥിക്കണം ആരോട് സഹായം തേടണം എങ്ങിനെ തേടണം എന്നതൊക്കെ വളരെ കൃത്യമാണ് ഇസ്ലാമില്‍. സഹായം തേടാന്‍ ഇലാഹാക്കുക ആക്കാതിരിക്കുക എന്നതൊക്കെ പുതിയ ചിന്തകളാണ്.

ഇലാഹിനോട് പറ്റുന്ന ഒന്നും മറ്റൊരാളോട് പറ്റില്ല എന്ന ചെറിയ തത്വം മനസ്സിലാക്കിയാല്‍ തീരുന്നതാണ് ഈ വിഷയം. അത് സംവദിച്ചു തീരുമാനിക്കേണ്ട വിഷയമല്ല. ഖുര്‍ആന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവര്‍ത്തികമായത് പ്രവാചക കാലത്താണ്. അന്ന് ആളുകള്‍ ഇങ്ങിനെയായിരുന്നു സഹായം ചോദിച്ചിരുന്നതും പ്രാര്‍ത്ഥിച്ചിരുന്നതും എന്ന് മനസ്സിലാക്കിയാല്‍ കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകും. ശേഷം വന്ന കിതാബുകള്‍ക്ക് ആദ്യ കിതാബിനെക്കാള്‍ പ്രാമുഖ്യം വന്നാല്‍ ഉണ്ടാകുന്ന ദുരവസ്ഥയാണ് ഇന്ന് മുസ്‌ലിം സമൂഹം നേരിടുന്നതും.

നേതാക്കള്‍ അണികളോട് വായന സംസ്‌കാരത്തിലേക്കു മടങ്ങാന്‍ പറയണം. വായിക്കുക എന്നതാണ് ഖുര്‍ആനിന്റെ ആദ്യ കല്പന. കേള്‍ക്കുക എന്നതല്ല. വായനയിലൂടെ വളരുന്ന സമൂഹത്തെ പെട്ടെന്ന് വഴി തിരിച്ചു വിടാന്‍ ആര്‍ക്കും കഴിയില്ല. അതെ സമയം കേള്‍വിയില്‍ മാത്രം ഒതുങ്ങിയ സമൂഹത്തെ വഴി തെറ്റിക്കാന്‍ എളുപ്പവും. തങ്ങളുടെ അണികള്‍ക്ക് വായനയിലൂടെയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന ചിന്തയുടെയും അഭാവം നേതാക്കള്‍ നന്നായി തിരിച്ചറിയുന്നു എന്നതാണ് ഇന്നത്തെ സംവാദങ്ങളുടെ ആകെത്തുക. മുന്‍ കാലങ്ങളില്‍ നടന്ന സംവാദങ്ങളില്‍ പണ്ഡിതരുടെ സംവാദത്തിന് പാമരന്മാര്‍ മാര്‍ക്കിട്ടില്ല. ഇന്ന് നേരെ മറിച്ചുമാണ് കാര്യങ്ങള്‍.

ഇസ്‌ലാം എന്നതിനപ്പുറം പലപ്പോഴും സംഘടനയാണ് സംവാദത്തിന്റെ അടിസ്ഥാനം. ആര്‍ എങ്ങിനെ വാദിച്ചാലും ജയിച്ചാലും ഇസ്‌ലാമിലെ അടിസ്ഥാനം മാറ്റാന്‍ ആര്‍ക്കും കഴിയില്ല. അതെ സമയം ചില അടിസ്ഥാനങ്ങള്‍ നിലനിന്നാല്‍ മാത്രമേ സംഘടന നിലനില്‍ക്കൂ എന്ന് വന്നാല്‍ അതിനാകും പിന്നെ ശ്രമം. ഇസ്‌ലാം വിജയിക്കണം എന്നാണ് ആഗ്രഹമെങ്കില്‍ ആദ്യമായി വേണ്ടത് ഇസ്‌ലാം തര്‍ക്കിക്കുന്ന കാര്യത്തില്‍ എന്ത് പറയുന്നു എന്ന് പ്രമാണതിയില്‍ നിന്നും മനസ്സിലാക്കാന്‍ ശ്രമിക്കണം. അതെ സമയം സംഘടനാ വിജയിക്കണം എന്നാണെങ്കില്‍ നേതാക്കള്‍ പറയുന്നതു കേട്ടാല്‍ മതിയാകും.

ഇസ്‌ലാമിനെ മൊത്തമായി ഇല്ലാതാക്കാന്‍ ശത്രുക്കള്‍ കരാര്‍ ഏറ്റെടുത്ത സമയത്ത് തന്നെ ഇസ്‌ലാമിന്റെ പേരില്‍ ഇത്തരം സംവാദങ്ങള്‍ നടത്തുന്നു എന്നതു ചിലരുടെ കുരുട്ടു ബുദ്ധി എന്നെ പറയാന്‍ കഴിയൂ. സമുദായം പരസ്പരം വൈകാരികമായി തര്‍ക്കിച്ചു ഭിന്നിച്ചാല്‍ പിന്നെ ശത്രുവിന് ജോലി എളുപ്പമാണ്. സംവാദം എന്നും നില നില്‍ക്കണം, അത് ബുദ്ധിപരമാകണം എന്ന് മാത്രം. ആളുകളെ ഇസ്‌ലാമില്‍ നിന്നും പുറത്താക്കാനാണ് പല സംവാദങ്ങളും ഉപകരിക്കുക. അതെ സമയം ഇസ്‌ലാമിലെ സംവാദം ആളുകളെ അകത്താക്കുക എന്നതാണ്. ഒരു പന്തുകളി മത്സരത്തിന് ശേഷം പ്രകടനം നടത്തുന്ന ഫാന്‍സുകളുടെ അവസ്ഥയിലേക്ക് മതവും മത പ്രബോധനവും താഴ്ന്നു പോകരുത് എന്നതാണ് നമ്മുടെ പക്ഷം.

Related Post