Main Menu
أكاديمية سبيلي Sabeeli Academy

‘സത്യദര്‍ശനത്തെ ഞാന്‍ കണ്ടെത്തിയത് ഇങ്ങനെ’

dina(ഗ്രീസിലെ ടിന സ്റ്റിലിയാന്‍ദോ തന്റെ ഇസ് ലാം സ്വീകരണത്തെക്കുറിച്ച് സംസാരിക്കുന്നു)

ഗ്രീസിലെ ഏഥന്‍സില്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു എന്റെ ജനനം. പിതാവിന്റെ കുടുംബം തുര്‍ക്കിയിലെ ഇസ്തംബൂളിലായിരുന്നു അതിനാല്‍ അദ്ദേഹത്തിന്റെ കുട്ടിക്കാലം അവിടെയായിരുന്നു.അവര്‍ വളരെ സമ്പന്നരും വിദ്യാഭ്യാസം നേടിയവരും ഇസ്‌ലാമികരാജ്യങ്ങളിലെ ക്രൈസ്തവരെപ്പോലെ തങ്ങളുടെ മതം മുറുകെപ്പിടിച്ച് ജീവിച്ചവരുമായിരുന്നു.

ഒരു ഘട്ടത്തില്‍ രാജ്യത്തെ ഗ്രീക്ക് പൗരന്‍മാരെ പുറത്താക്കി അവരുടെ സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടാന്‍ തുര്‍ക്കിസര്‍ക്കാര്‍ നയം സ്വീകരിച്ചതോടെ എന്റെ ഡാഡിയുടെകുടുംബത്തിന് ഗ്രീസിലേക്ക് വെറുംകയ്യോടെ മടങ്ങേണ്ടിവന്നു. അദ്ദേഹത്തിന് ഇസ്‌ലാമിനോടുള്ള വെറുപ്പിന് കാരണം മറ്റൊന്നുമായിരുന്നില്ല.

തുര്‍ക്കി ഗ്രീസ് അതിര്‍ത്തിയിലുള്ള ഒരു ദ്വീപിലായിരുന്നു മമ്മിയുടെ കുടുംബം. തുര്‍ക്കി ആക്രമണത്തില്‍ ദ്വീപിലെ മുഴുവന്‍ വീടുകളും അഗ്നിക്കിരയായി. അതോടെ അവരെല്ലാവരും ഗ്രീസിലേക്ക് രക്ഷതേടി പലായനംചെയ്തു. ഇസ്‌ലാമിനെവെറുക്കാന്‍ മമ്മിക്കും കിട്ടി ന്യായം.

നാനൂറ് വര്‍ഷത്തിലേറെ തുര്‍ക്കികളാല്‍ അധിനിവേശം ചെയ്യപ്പെട്ട നാടാണ് ഗ്രീസ്. അതിനാല്‍ ഗ്രീക്കുകാരോടുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഉത്തരവാദി ഇസ്‌ലാമാണെന്ന് ഓരോ പൗരനും വിശ്വസിച്ചിരുന്നു. തുര്‍ക്കികള്‍ മുസ്‌ലിംകളായതുകൊണ്ട് അവരുടെ അക്രമത്തിന് പ്രചോദനം ഇസ് ലാമാണെന്നായിരുന്നു ധാരണ. ഇതിന് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന് കാര്യമായ പങ്കുണ്ട്. തങ്ങളുടെ മതത്തെ സംരക്ഷിക്കാനും ആളുകള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാനും മതമേലധ്യക്ഷന്‍മാര്‍ അതിനെ ഉപയോഗപ്പെടുത്തി.

നൂറ്റാണ്ടുകളായി ഞങ്ങളുടെ ചരിത്രപാഠപുസ്തകങ്ങളിലൂടെ പഠിപ്പിക്കപ്പെട്ടുകൊണ്ടിരുന്നത് ഇസ്‌ലാമിനെ വെറുക്കാനും കളിയാക്കാനുമായിരുന്നു.

ഞങ്ങളുടെ പുസ്തകങ്ങളില്‍ ഇസ്‌ലാമും മുഹമ്മദ്‌നബിയും മതമോ പ്രവാചകനോ ആണെന്ന യാതൊരു പരാമര്‍ശവും നടത്തിയിരുന്നില്ല. ക്രിസ്ത്യാനികളില്‍നിന്നും ജൂതന്‍മാരില്‍നിന്നും വേദനിയമങ്ങള്‍ കടമെടുത്ത് അതോടൊപ്പം തന്റേതായ ആശയവും ചേര്‍ത്ത് നിയമങ്ങളുണ്ടാക്കി അധികാരംകയ്യാളിയിരുന്ന സമര്‍ഥനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു മുഹമ്മദ് എന്നാണ് ഞങ്ങളെ പഠിപ്പിച്ചത്. അദ്ദേഹത്തെയും ഭാര്യമാരെയും അനുയായികളെയും അപഹസിച്ച് സമയം പോക്കാറുണ്ടായിരുന്നു ഞങ്ങള്‍. പ്രവാചകനെക്കുറിച്ച കാര്‍ട്ടൂണുകള്‍ ഇന്ന് മാധ്യമങ്ങളിലൊക്കെ വിവാദമാണല്ലോ. എന്റെ സ്‌കൂള്‍കാലത്ത് അതെല്ലാം ഞങ്ങളുടെ പാഠ്യപദ്ധതിയിലും പരീക്ഷയിലും ഉള്‍പ്പെട്ടിരുന്നു. അല്ലാഹുവിന് സ്തുതി! ഇസ്‌ലാമിനോടുള്ള അന്ധമായ വിരോധത്തില്‍നിന്ന് എന്റെ ഹൃദയം വിശുദ്ധമായിരുന്നു. എന്റെ ഒട്ടേറെ ഗ്രീക്ക് സഹോദരങ്ങളും ഇസ്‌ലാമിനോടുള്ള വെറുപ്പില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തങ്ങളുടെ കണ്ണും കാതും ഹൃദയവും തുറന്നുവെച്ചതിനാല്‍ ഇസ്‌ലാം ദൈവത്തിന്റെ മതമാണെന്നും മുഹമ്മദ് അന്ത്യപ്രവാചകനാണെന്നും അവര്‍ മനസ്സിലാക്കി.

മനുഷ്യരിലേക്ക് അല്ലാഹു പ്രവാചകരെ നിയോഗിച്ചത് സത്യത്തിലേക്ക് വഴികാട്ടാനാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ആദം, നോഹ്, അബ്‌റഹാം, ഇസാക്, മോസസ്, ജീസസ് എന്നിവരതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സന്ദേശത്തിന്റെ പൂര്‍ത്തീകരണം മുഹമ്മദ് നബിയിലൂടെയാണെന്ന് അവര്‍ മനസ്സിലാക്കുന്നു.

എന്റെ മാതാപിതാക്കള്‍ വലിയ ഭക്തരൊന്നുമായിരുന്നില്ലെന്നത് എനിക്ക് വളരെ ഉപകാരപ്പെട്ടു. വിവാഹ-മരണചടങ്ങുകള്‍ക്ക്മാത്രമേ അവര്‍ പള്ളിയില്‍ പോയിരുന്നുള്ളൂ. പുരോഹിതസമൂഹത്തില്‍ വ്യാപകമായിരുന്ന അധര്‍മങ്ങളില്‍ മനംമടുത്താണ് ഡാഡി മതത്തില്‍നിന്നകന്നത്. ചര്‍ച്ചിന്റെ ഫണ്ടില്‍ വെട്ടിപ്പുനടത്തി വില്ലകളും മെര്‍സിഡസ് കാറുകളും വാങ്ങുകയും സ്വവര്‍ഗരതിയിലേര്‍പ്പെടുകയും ചെയ്യുകയും എന്നിട്ട് ആളുകളോട് സത്യസന്ധതയും വിശുദ്ധിയും ഉപദേശിക്കുന്ന ഇവരാണോ നന്മയുടെ ചാമ്പ്യന്‍മാര്‍ എന്നാണ് അദ്ദേഹം ചോദിക്കുക. ഇക്കൂട്ടരുടെ ചെയ്തികളില്‍ മനംമടുത്ത് അദ്ദേഹം അവസാനം നാസ്തികനായി മാറി.

നന്നെച്ചുരുങ്ങിയത് ഗ്രീസിലെങ്കിലും പുരോഹിതവര്‍ഗത്തിന്റെ ചെയ്തികള്‍ കാരണമായി ചര്‍ച്ചിന് അതിന്റെ അനുയായികളെ നഷ്ടപ്പെട്ടു. ഇസ്‌ലാമില്‍ പണ്ഡിതര്‍ അല്ലാഹുവിന്റെ തൃപ്തികരസ്ഥമാക്കണമെന്നും സ്വര്‍ഗം നേടണമെന്നുമുള്ള അതിയായ താല്‍പര്യത്തോടെ മറ്റുള്ളവരെ നേര്‍മാര്‍ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ക്രൈസ്തവതയില്‍ പുരോഹിതനാകുകയെന്നത് സാമ്പത്തികനേട്ടമുള്ള ജോലിയാണ്. ഈ ആഭ്യന്തരഅഴിമതി യുവജനങ്ങളെ തങ്ങള്‍ജനിച്ച മതത്തില്‍നിന്നകറ്റുന്നു.

കൗമാരകാലത്തുതന്നെ ഞാന്‍ വായനയേറെയിഷ്ടപ്പെട്ടിരുന്നു. അത്തരം വായനകളില്‍ ക്രൈസ്തവതയുടെ തത്ത്വങ്ങള്‍ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ദൈവവിശ്വാസവും ഭയവും എന്നിലുണ്ടായിരുന്നു. എന്നിട്ടും വേദവാക്യങ്ങളിലെ വൈരുദ്ധ്യം എന്നെ ആശയക്കുഴപ്പത്തിലാക്കി.

സത്യദര്‍ശനത്തിനായുള്ള എന്റെ അന്വേഷണം സോത്സാഹം തുടര്‍ന്നു. എന്നാല്‍ അത്തരം അന്വേഷണങ്ങള്‍ ഒരിക്കല്‍ പോലും ഇസ് ലാമിന്റെ ദിശയിലേക്ക് കടന്നുചെന്നില്ല. നേരത്തേ സൂചിപ്പിച്ചതുപോലെ സാംസ്‌കാരികപരിസരത്തിന്റെ സ്വാധീനം അതിന് കാരണമായിരുന്നു.

എന്റെ ഭര്‍ത്താവായ മുസ്‌ലിംചെറുപ്പക്കാരനാണ് എന്നെ ഇസ്‌ലാമിലേക്ക് നയിച്ചത്. ദൈവം ഞങ്ങളില്‍ സ്‌നേഹത്തിന്റെ വിത്തുപാകി. അത് ഞങ്ങളെ ദാമ്പത്യത്തിലേക്കും വിശ്വാസത്തിലേക്കും നയിച്ചു. ഭര്‍ത്താവിന്റെ വിശ്വാസത്തെക്കുറിച്ച എന്റെ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അതും എന്റെ മതത്തെ ആക്ഷേപിക്കാതെ തന്നെ. എന്നോട് മതം മാറണമെന്ന് ഉപദേശിക്കുകയോ എന്നില്‍ സമ്മര്‍ദ്ദം ചെലുത്തുകയോചെയ്യാതെയായിരുന്നു അത്.

വിവാഹംകഴിഞ്ഞ് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ ഖുര്‍ആന്‍ വായിക്കാന്‍ എനിക്കവസരംകിട്ടി. ത്രിയേകത്വമില്ലെന്നും യേശു ദൈവമല്ലെന്നും എനിക്ക് ബോധ്യപ്പെട്ടു. മുസ്‌ലിംകള്‍ അതുല്യനായ ഏകദൈവത്തില്‍ വിശ്വസിക്കുന്നു. അവന് പങ്കാളിയോ സന്താനങ്ങളോ ഇല്ല. അവനല്ലാതെ മറ്റാരും ആരാധ്യരില്ല. അവന്റെ ദിവ്യത്വത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ഇസ്‌ലാമിന്റെ സമ്പൂര്‍ണഅധ്യാപനങ്ങള്‍ തന്റെ അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിക്കാണ് അവതരിച്ചുകിട്ടിയത്.

ഞാന്‍ മുസ്‌ലിമായി. പക്ഷേ ആ രഹസ്യം വര്‍ഷങ്ങളോളം കൂട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും ഞാന്‍ മറച്ചുവെച്ചു. ഭര്‍ത്താവിനൊപ്പം ഗ്രീസില്‍ ഇസ്‌ലാം അനുസരിച്ച് ജീവിക്കാന്‍ പരിശ്രമിച്ചു. അത് വളരെ പ്രയാസകരമായിരുന്നു എന്നല്ല, അസാധ്യമായിരുന്നു.

ഞങ്ങളുടെ താമസസ്ഥലത്ത് പള്ളികളോ, ഇസ്‌ലാമിക്‌സെന്ററോ, നമസ്‌കരിക്കുന്നവരോ, നോമ്പുനോല്‍ക്കുന്നവരോ എന്തിന് ഹിജാബ് അണിയുന്ന സ്ത്രീകളോ ഉണ്ടായിരുന്നില്ല. സാമ്പത്തികനേട്ടം ഉണ്ടാാന്‍ മാത്രം കുടിയേറിയ മുസ്‌ലിംകളാകട്ടെ പാശ്ചാത്യസംസ്‌കൃതിയില്‍ ആകൃഷ്ടരായി തങ്ങളുടെ ദീന്‍ കൈവിട്ട് നഷ്ടക്കാരില്‍ പെട്ടുകഴിഞ്ഞിരുന്നു. ഞാന്‍ മുസ്‌ലിംകുടുംബത്തിലല്ലോ ജനിച്ചത്. മാത്രമല്ല, ഇസ്‌ലാമികവിദ്യാഭ്യാസം ലഭിച്ചിട്ടുമില്ല. അതിനാല്‍ ഇസ്‌ലാമിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ഞാനേറെ പ്രയാസപ്പെട്ടു. കലണ്ടര്‍ നോക്കി നമസ്‌കാരം, നോമ്പ് അനുഷ്ഠിക്കുകയായിരുന്നു ഞാനും ഭര്‍ത്താവും. ബാങ്കിന്റെ മധുരതരമായ അലയൊലി കേള്‍ക്കാന്‍ എനിക്കവിടെ ഭാഗ്യമുണ്ടായില്ല. പിന്തുണനല്‍കാന്‍ മുസ്‌ലിംസമുദായമുണ്ടായിരുന്നില്ല. ഓരോ ദിവസവും ഈമാന്‍ ചോര്‍ന്ന് പോകുന്നതുപോലെ തോന്നി.

എനിക്ക് ഒരു മകള്‍ പിറന്നപ്പോള്‍ മകളുടെയും ഞങ്ങളുടെയും ആത്മാവ് നഷ്ടപ്പെടുത്തേണ്ടല്ലോയെന്ന് കരുതി ഇസ്‌ലാമികരാജ്യത്തേക്ക് പലായനംചെയ്യാന്‍ നിശ്ചയിച്ചു. മകളെ മലീമസമായ പാശ്ചാത്യന്‍സംസ്‌കൃതിയില്‍ വളര്‍ത്തുന്നത് അപകടകരമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ബാങ്ക് കേള്‍ക്കുന്ന, അല്ലാഹുവിനെയും മുഹമ്മദ് നബിയെയും സദാ സ്മരിക്കാന്‍ അവസരമൊരുക്കുന്ന രാജ്യത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു.

by:ടിന സ്റ്റിലിയാന്‍ദോ
(Islam padasala)

Related Post