ചോദ്യം: സ്‌പോട്‌സിന്റെ ഇസ്‌ലാമിക വീക്ഷണമെന്താണ്? അനുവദനീയമല്ലാത്ത സ്‌പോട്‌സുണ്ടോ? പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക നിയമങ്ങളുണ്ടോ? ഭര്‍ത്താവിനോടൊപ്പം സ്‌പോര്‍ട്‌സില്‍ പങ്കെടുക്കാമോ?
മറുപടി: തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന്ന് മുസ്‌ലിംകള്‍ ശാരീരികമായ ശ്രദ്ധ ചെലുത്തണമെന്നാണ് അല്ലാഹുവിന്റെ താല്പര്യം. ക്രമാതീതമായ സ്ഥൂലത, ദൗര്‍ബല്യം, ശാരീരികമായ ആലസ്യം എന്നിവ ആശാസ്യ കാര്യങ്ങളല്ല. എപ്പോഴും മരണം നമ്മെ റാഞ്ചിയെടുക്കുമെങ്കിലും, ആരാധനക്കായി നാം സ്വയം തയ്യാറെടുപ്പ് നടത്തേണ്ടതാണ്. അല്ലാഹു നമുക്ക് ദീര്‍ഘായുസ്സ് നല്‍കട്ടെ. ആമീന്‍
രോഗവും അനാരോഗ്യവും, പലപ്പോഴും നമ്മുടെ നിയന്ത്രണത്തില്‍ വന്നു കൊള്ളണമെന്നില്ല. എന്നാല്‍, ശാരീരികാരോഗ്യം പരിരക്ഷിക്കാനുള്ള മുന്‍കരുതലുകള്‍ നാമെടുക്കേണ്ടതുണ്ട്. ശരീരം അല്ലാഹുവിന്റെ ദാനമാണ്. അതിന്റെ ഉപയോഗത്തെകുറിച്ച് നാം കണക്ക് ബോധിപ്പിക്കേണ്ടതായി വരും. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം, അക്രമങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് ആര്‍ജ്ജിച്ചിരിക്കണം. ‘ദുര്‍ബ്ബലനായ വിശ്വാസിയേക്കാള്‍, ശക്തനായ വിശ്വാസിയാണ് ഉത്തമനും, ദൈവ പ്രീതിക്ക് ഏറ്റവും അര്‍ഹനും, ഇരുവരിലും നമയുണ്ടെങ്കിലും’ എന്നാണ് പ്രവാചകന്‍ പറഞ്ഞത്. ആരോഗ്യ സംരക്ഷണത്തിന്നും പ്രതിരോധ കഴിവ് ആര്‍ജ്ജിക്കാനും ചില ഭൗതിക മാര്‍ഗങ്ങള്‍ പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. നടത്തം, കുതിര സവാരി, കുടുംബവുമൊന്നിച്ചുള്ള കളി, നീന്തല്‍ മുതലായവ ഉദാഹരണങ്ങളാണ്.
പ്രവാചകനും സഹാബികളും അരോഗ ദൃഢഗാത്രരായിരുന്നുവെന്നത് സ്മരണീയമാണ്. വിഷമകരമായ ജീവിതമായിരുന്നു അവരുടേത്. അതിനാല്‍ തന്നെ, ഉപജീവനത്തിന്നു ദീര്‍ഘദൂരം താണ്ടുക അനിവാര്യവുമായിരുന്നു. കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടു കൊണ്ടോ, വേട്ടയാടിയോ അവര്‍ക്ക് ജീവിക്കേണ്ടിയിരുന്നു. ക്രിയാത്മകമായ കാര്യങ്ങള്‍ക്കുപയോഗപ്പെടുത്തേണ്ട വിലയേറിയ സമയം, ഉപയോഗ ശൂന്യമായ വിനോദങ്ങള്‍ക്കായി പാഴാക്കുന്ന ടെലിവിഷന്‍ പോലുള്ള മാധ്യമങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. യഥാര്‍ത്ഥ ആലസ്യത്തെയും അനാരോഗ്യത്തെയും പണ്ഡിതന്മാര്‍ക്കഭിമുഖീകരിക്കേണ്ടി വന്നത് പില്‍ക്കാല തലമുറയില്‍ മാത്രമായിരുന്നു.
ഇനി ചോദ്യത്തിന്നു മറുപടി. ഒരു ആധുനിക മുസ്‌ലിം, തന്റെ ശാരീരികമായ ആരോഗ്യ സംരക്ഷണാര്‍ത്ഥം ദിവസം തോറുമോ അല്ലെങ്കില്‍ ആഴ്ചയിലോ കുറച്ചു സമയം നീക്കി വെക്കേണ്ടതുണ്ട്. നഗ്‌നതയും സ്ത്രീ പുരുഷ സങ്കലനവും ശബ്ദമുഖരിതമായ മ്യൂസിക്കും അനിവാര്യമായ ഇന്നത്തെ ‘ജിം’ഒഴിവാക്കപ്പെടേണ്ടതാണ്. വീട്ടിന്നു പുറത്ത് ഓടുന്നത് പ്രായോഗിക വിഷമമുണ്ടാക്കുന്നുവെങ്കില്‍, വീട്ടില്‍ ‘ട്രെഡ് മില്‍’ വാങ്ങുന്നതിനെകുറിച്ച് ചിന്തിക്കാവുന്നതാണ്. സംഘടിതമായി നടത്തപ്പെടൂന്ന ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ എന്നിവ ചിലരെ സംബന്ധിച്ചിടത്തോളം ആശാവഹമാണെങ്കിലും, അവയില്‍ ആസക്തരാവുന്നതും, കൂടുതല്‍ സമയം അതിനായി ചെലവൊഴിക്കുന്നതും സൂക്ഷിക്കേണ്ടതാണ്.
എല്ലാ സമയത്തുമെന്ന പോലെ, വ്യായാമാവസരങ്ങളിലും സ്ത്രീയും പുരുഷനും ഉചിതമായ വസ്ത്രങ്ങള്‍ ധരിച്ചിരിക്കണം. മറക്കപ്പെടേണ്ട ഭാഗങ്ങള്‍ മറഞ്ഞിരിക്കുന്നുവെന്നു ഉറപ്പു വരുത്തപ്പെടണം. ഔറത് വെളിപ്പെടുത്തുന്നതോ, സ്പാന്‍ഡെക്‌സ് പൊലുള്ള ഇറുകിയ വസ്ത്രങ്ങളോ ധരിക്കാവതല്ല.
ഇനി അനുവദനീയമല്ലാത്ത സ്‌പോട്‌സുകളുടെ കാര്യമെടുക്കാം. ബോക്‌സിംഗ് അനുവദനീയമല്ലെന്നു അഭിപ്രായമുണ്ട്. മുഖത്ത് ഇടിക്കാന്‍ മുസ്‌ലിം അനുവദിക്കപ്പെടുന്നില്ലെന്നതാണ് ന്യായം. തങ്ങളുടെ വ്യായാമ മുറകള്‍, സൗഹൃദാന്തരീക്ഷം തകര്‍ക്കുന്നതോ, ആഭാസങ്ങളിലേക്ക് നയിക്കുന്നതോ ആയിരിക്കരുതെന്നു ചുരുക്കം.
ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒന്നിച്ചു കളിക്കാവുന്നതാണ്. പരസ്പര സ്‌നേഹവും സന്തോഷവും നേടാന്‍ ഉത്തമമായൊരു മാര്‍ഗമാണിത്. താനും പ്രവാചകനും ഒരിക്കല്‍ ഓട്ടമത്സരം നടത്തുകയും അതില്‍ പ്രവാചകനെ താന്‍ തോല്പിക്കുകയും ചെയ്തതായി പ്രവാചക പത്‌നി ആയിശ നിവേദനം ചെയ്യുന്നു. താന്‍ അല്പം തടിച്ച ശേഷം ഇങ്ങനെ ഒരു മത്സരം നടത്തിയപ്പോള്‍, പ്രവാചകന്‍ വിജയിക്കുകയും, ഇത് മുമ്പത്തേതിന്നു പകരമാണെന്നു അവിടുന്നു പറയുകയും ചെയ്തതായും അവര്‍ തുടര്‍ന്നു പറയുന്നു.(അഹ്മദ്)
വിവ: കെ എ ഖാദര്‍ ഫൈസി
അവലംബം : ഓണ്‍ഇസ്‌ലാം