വനിതാദിനം

ലോക വനിതാ ദിനം

ലോക വനിതാ ദിനം

womens-day

മാര്‍ച്ച് 8 ലോക വനിതാദിനമായി ആചരിക്കപ്പെടുമ്പോള്‍ കേരളം മുന്‍കാലഘട്ടത്തെ അപേക്ഷിച്ച് കുറച്ചുകൂടി പ്രാധാന്യത്തോടെ സ്ത്രീകളുടെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടക്ക്  ലിംഗസമത്വവുമായും ലിംഗപദവിയുമായും ആണ്‍ പെണ്‍ ഇടകലരലുമായും ഒക്കെ ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്‍ച്ചക്ക് കേരളത്തിലെ കലാലയങ്ങളും പൊതുമണ്ഡലവും സാക്ഷിയായി എന്ന് നമുക്ക് കാണാം. ഹൈദര്‍ബാദ്, ജെ.എന്‍.യു തുടങ്ങിയ ക്യാമ്പസുകളില്‍ നിന്നുയരുന്ന ചര്‍ച്ചകളും പ്രക്ഷോഭങ്ങളും സമൂഹത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ മോചനത്തിനും സവര്‍ണ്ണ ഫാസിഷ അധികാരത്തിനും എതിരാണ് നടക്കുന്നതെങ്കില്‍ പലപ്പോഴും പെണ്ണായതിന്റെ പേരില്‍ ഇരട്ട ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സ്ത്രീയും ഇത്തരത്തിലുള്ള സംവാദത്തിന് പൊതുമനസ്സുകളെ ക്ഷണിച്ചു കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഒരു കമ്പനിയില്‍ ആര്‍ത്തവക്കാരി ആരെന്നറിയാന്‍ നടത്തിയ പരിശോധനയും അശ്ലീല പരമാര്‍ശങ്ങളും അതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും അത്തരത്തിലൊന്നായിരുന്നു. തീര്‍ത്ഥാടകര്‍ യാത്ര ചെയ്തിരുന്ന ബസ്സില്‍ നിന്നും ആര്‍ത്തവകാരിയായ സ്ത്രീയെ ഇറക്കിവിട്ടതും അതിനെത്തുടര്‍ന്നുണ്ടായ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കേരളത്തില്‍ മറ്റൊരു തലത്തില്‍ ലിംഗ പദവിയെ വായനക്ക് വിധേയമാക്കി. അയിത്തവും തൊട്ടുകൂടായ്മയും അശുദ്ധിയും ക്ഷേത്ര പ്രവേശനവും പള്ളിപ്രവേശനവുമെല്ലാം നിഗമനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കു വിധേയമായി. തൃശൂരിലെ പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് ഗ്രന്ഥത്തിന്റെ വിവര്‍ത്തകയായ ശ്രീദേവി കര്‍ത്തയെ സ്റ്റേജില്‍ നിന്നും മാറ്റി നിര്‍ത്തിയതും പെണ്ണിന് ഇരട്ട ഭ്രഷ്ട് കല്‍പ്പിക്കുന്ന സാമൂഹ്യ മനോഗതിയെ ചോദ്യം ചെയ്യുന്നതായിരുന്നു.

ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങള്‍ മീഡികള്‍ ഏറെ ആഘോഷപൂര്‍വ്വമാണ് ഏറ്റെടുത്തത്. ആണ്‍ പെണ്‍ ഇടകലരലുകളുമായും ആണ്‍ പെണ്‍ വിവേചനവുമായും ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് വേദിയൊരുക്കി. ക്യാമ്പസുകളിലെ സ്വാതന്ത്ര്യം, സ്ത്രീയുടെ ലൈംഗിക സ്വാതന്ത്ര്യം, സദാചാരം തുടങ്ങിയ പലകോണുകളിലേക്ക് ഈ ചര്‍ച്ച വഴിതിരിഞ്ഞുവെങ്കിലും,  മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്യം എന്നതിലേക്ക് അവസാനം ചുരുങ്ങുകയാണുണ്ടായത്. അതിനാലാവാം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചക്ക് വഴിവെച്ചത്. ഇലക്ഷനില്‍ മുസ്‌ലിം സ്ത്രീയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടും, അവളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ടും നടന്ന പരാമര്‍ശങ്ങള്‍ ചൂടുപിടിച്ച സംവാദങ്ങള്‍ക്ക് ആക്കം കൂട്ടി. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വത്വ വാദത്തെ ഒരുതരത്തിലും അംഗീകരിക്കാത്ത എ.പി അബൂബക്കര്‍ മുസ്‌ലിയാരെ പോലുള്ളൊരാള്‍ ‘ഇസ്‌ലാമില്‍ ലിംഗ സമത്വമല്ല ഉള്ളത് ലിംഗനീതിയാണ്’ എന്ന അഭിപ്രായ പ്രകടനം സ്ത്രീ സ്വത്വ വാദവുമായും ലിംഗപദവിയുമായും ബന്ധപ്പെട്ട ചര്‍ച്ചയുടെ ഒരു പ്രതിഫലനമായി വേണം കാണാന്‍. അഥവാ സ്ത്രീയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയാത്ത സാഹചര്യങ്ങളിലേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്നര്‍ഥം.

ഛത്തീസ്ഗഢിലെ ബസ്തറിലെ ആദിവാസികള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന സോണിസോറിക്കു നേരെയുള്ള ആസിഡാക്രമണം വനിതാദിനത്തിന്റെ ആഘോഷത്തെ ഇനിയും പ്രതിരോധപൂര്‍വ്വം ഏറ്റെടുക്കണം എന്ന സൂചനയാണ് സമ്മാനിക്കുന്നത്. ഭരണകൂടത്തിന്റെ അനീതിപൂര്‍വ്വമായ നിയമങ്ങള്‍ക്കും മിലിട്ടറിയും പോലീസും നടത്തുന്ന അധികാര ദുര്‍വിനിയോഗത്തിനും ആക്രമണത്തിനും എതിരെയുള്ള ഇറോം ശര്‍മിളയുടെ ഉപവാസവും ഇത്തരത്തില്‍ എന്ത് കൊണ്ട് നീണ്ടു പോവുന്നു എന്നത് വനിതാദിനത്തില്‍ ഉയര്‍ന്നുവരുന്ന ചോദ്യശരങ്ങളാണ്. ക്രൂരമായ ബലാത്സഘങ്ങളും അറസ്റ്റും ലോകത്തിന്റെ മുഴുവന്‍ സ്ത്രീ പ്രതിരോധങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു. പ്രത്യേഗിച്ച് ദളിത് ആദിവാസി അടിച്ചമര്‍ത്തലുകളും രോഹിത് വെമുലയുടെയും കനയ്യകുമാറിന്റെയും അമ്മമാര്‍ പൊതുമനസാക്ഷിക്കു മുന്നില്‍ സമര്‍പ്പിക്കുന്ന ജീവിത യാഥാര്‍ഥ്യങ്ങളും പുതിയ പ്രക്ഷോഭത്തിനും തിരിച്ചറിവുകള്‍ക്കും പ്രതിരോധങ്ങള്‍ക്കും വഴിമരുന്നിട്ടിട്ടുണ്ട്.  ഓട്ടോ തൊഴിലാളിയായ ചിത്രലേഖക്കു നേരെ നടന്ന ആക്രമണവും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട സെക്യുലര്‍ ഫാഷിസവും ഇതിന്റെ മറ്റൊരു രൂപമാണ്. സ്ത്രീ വാദത്തെയും ലിംഗസമത്വത്തേയും ഉള്‍ക്കൊള്ളുകയും സെക്യുലര്‍ ലിബറല്‍ പുരോഗമന ചിന്തകള്‍ക്ക് ചുക്കാന്‍ പിടിക്കുകയും  ചെയ്യുന്നു എന്ന് പറയുന്നവരില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍ വനിതാദിനത്തില്‍ മറ്റൊരു ആശയ തലത്തിലേക്കു കൂടി സംവാദങ്ങളം തിരിച്ചു വിടുന്നത് കാണാം.

മുസ്‌ലിം പേഴ്‌സണല്‍ ലോ യിലെ ബഹുഭാര്യത്വം മുസ്‌ലിം സ്ത്രീയുടെ അനന്തരാവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ ഈ വനിതാദിനത്തിലും സജീവ സാന്നിദ്ധ്യമായി രംഗത്തുണ്ട്. സ്ത്രീയെ ഒരു സമ്പൂര്‍ണ്ണ വ്യക്തിയായി അംഗീകരിക്കുകയും അവളുടെ എല്ലാം ഇടങ്ങളിലുമുള്ള അവകാശത്തെ ചോദിച്ചു വാങ്ങുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടിയിലേക്കും, ഇന്നേവരെ വിജയസാധ്യതയുള്ള ഒരു മണ്ഡലത്തില്‍ വനിതാസ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുകയോ അത് വഴി ന്യൂനപക്ഷ സ്ത്രി പ്രതിനിധിയെ സമുദായത്തിന് നല്‍കാന്‍ സാധിക്കുകയും ചെയ്യാത്ത പാര്‍ട്ടിയെയും കേരളീയ സ്ത്രീകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.

നിയമസഭാ ഇലക്ഷന്‍ വാര്‍ത്തകള്‍ ചൂടുപിടിക്കുമ്പോള്‍ സംവരണവും സ്ത്രീ പ്രതിനിധാനവും ഇത്തരത്തില്‍  നമ്മുടെ വായനയെ ത്വരിതിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.

Related Post