|
എഴുതിയത് : ഡോ. അനീസാ നാദിര്‍ |
നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ? ന്യൂനാല്‍ ന്യൂനപക്ഷം ചിലര്‍ വിവാഹം കഴിക്കാനിഷ്ടപ്പെടാത്തവരാണ്. അതേസമയം അധികമുസ്‌ലിംകളും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതായിരിക്കും. ചിലര്‍പറയും ‘കല്യാണം കഴിക്കാനുള്ള പ്രായമായിട്ടുണ്ട്. കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു’ എന്ന്. വേറെ ചിലരാകട്ടെ, ഉമ്മയും ബാപ്പയും നിര്‍ബന്ധിച്ചുതുടങ്ങി എന്നാണ് ന്യായം പറയുക. വീട്ടിലെ അന്തരീക്ഷത്തില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം എന്ന നിലക്കാണ് മറ്റുചിലര്‍ വിവാഹത്തെ കാണുന്നത്.
സൗന്ദര്യം, ബുദ്ധി, സമ്പത്ത് എന്നിങ്ങനെ ഇണയെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡം കല്‍പിക്കുന്നവരുണ്ട്. ചില മുസ്‌ലിംയുവാക്കളാകട്ടെ, വിവാഹമെന്നത് പ്രവാചകചര്യയാണെന്നും അതുകൊണ്ടുതന്നെ അല്ലാഹുവിനുള്ള ഇബാദത്താണെന്നും മനസ്സിലാക്കുന്നു. നല്ല വിവാഹജീവിതം, കുടുംബസ്ഥിരത, പരസ്പരസൗഹൃദം എന്നിവ കാംക്ഷിച്ചാണ് ചിലര്‍ വിവാഹത്തെ സമീപിക്കുന്നത്.
വിവാഹജീവിതത്തിന്റെ ഗൗരവം തനിക്കിപ്പോഴും മനസ്സിലായിട്ടില്ലെന്നും സമയമാകുമ്പോള്‍ അതിനെപ്പറ്റി ആലോചിക്കാമെന്നും കരുതുന്ന ഒട്ടേറെപ്പേര്‍ ഇപ്പോഴുമുണ്ട്. വിവാഹജീവിതത്തിലെ സങ്കീര്‍ണതകളില്‍പെട്ട് അതൊരു നരകജീവിതമാക്കിത്തീര്‍ക്കേണ്ട എന്നാണ് അത്തരക്കാര്‍ കരുതിപ്പോരുന്നത്.
ഒരാള്‍ താന്‍ വിവാഹത്തിന് തയ്യാറായിട്ടുണ്ടെന്നും വിവാഹംചെയ്യാനുദ്ദേശിക്കുന്ന വ്യക്തി തനിക്കനുയോജ്യനാണെന്നും എങ്ങനെ തിരിച്ചറിയും ? അതറിയാന്‍ ആദ്യം സ്വന്തത്തെപ്പറ്റി അവബോധത്തിലെത്തേണ്ടതുണ്ട്. വ്യക്തിപരമായി തനിക്കുള്ള സിദ്ധികളെന്തെന്നും ഇനിയും നന്നാക്കിയെടുക്കേണ്ട സ്വഭാവഗുണങ്ങളെന്തെന്നും വിലയിരുത്തണം. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുംവിധമാണോ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നതെന്നും ഭാവി ഇണയുമൊത്ത് എവ്വിധമുള്ള ബന്ധമാണുണ്ടാവുകയെന്നും തീരുമാനമുണ്ടാകണം.
1. മറ്റൊരാളുമായി ജീവിതം പങ്കുവെക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
2. വ്യക്തിപരമായും കുടുംബപരമായും നിങ്ങള്‍ ആര്‍ജിക്കാനുദ്ദേശിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കായി, പരസ്പരം വിട്ടുവീഴ്ചയോടെ ഒത്തൊരുമിച്ച് പങ്കാളിത്തകുടുംബജീവിതത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കാന്‍ സന്നദ്ധനാണോ നിങ്ങള്‍ ?
3. സന്തോഷകരവും ആരോഗ്യകരവുമായ ഒരു ദാമ്പത്യജീവിതത്തിന് നിങ്ങള്‍ക്കാണ് കൂടുതല്‍ സംഭാവന ചെയ്യേണ്ടതുണ്ടാവുക എന്നതിനെപ്പറ്റി ധാരണയുണ്ടോ?
തയ്യാറെടുപ്പ്
വിവാഹപൂര്‍വകൗണ്‍സിലിങ് വിവാഹിതരാകാനൊരുങ്ങുന്നവര്‍ക്ക് വളരെ സഹായകരമായ ഒന്നാണ്. നല്ല ദാമ്പത്യജീവിതത്തിന് അവശ്യം വേണ്ടതെന്തെന്നതിനെപ്പറ്റിയുള്ള നല്ല ചിത്രം നല്‍കാന്‍ അത് നമ്മെ സഹായിക്കുന്നു. ചിലസമുദായനേതാക്കള്‍ കൗണ്‍സിലിങ് ലഭിച്ചിട്ടില്ലാത്ത വ്യക്തികളെ വിവാഹം കഴിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നു. താനും പ്രതിശ്രുതവധുവും എട്ടാഴ്ച നീണ്ടുനിന്ന ദാമ്പത്യപൂര്‍വക്ലാസില്‍ പങ്കെടുത്തതായി ഒരിക്കല്‍ ഒരു ക്രിസ്ത്യന്‍യുവാവ് പറയുകയുണ്ടായി. മുസ് ലിംസമൂഹത്തിലും പ്രവാചകകാലഘട്ടത്തിലേതുപോലെ ദാമ്പത്യജീവിതക്ലാസുകള്‍ പുനരവതരിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അത്തരംക്ലാസുകളില്‍ ആശയവിനിമയവൈദഗ്ധ്യം, കുടുംബച്ചിലവുകളിലെ ബജറ്റ് നിയന്ത്രണം, പ്രശ്‌നപരിഹാര-സംഘര്‍ഷലഘൂകരണവിദ്യ തുടങ്ങിയവയില്‍ അവഗാഹം പകര്‍ന്നുനല്‍കുന്നു. ഇവയെല്ലാം തന്നെ ദാമ്പത്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്. അവയോടൊപ്പംതന്നെ വൈകാരികഅടുപ്പം, ലൈംഗികത എന്നിവ കൂടി കൈകാര്യംചെയ്യുന്നതായിരിക്കും അത്തരം ക്ലാസുകള്‍.
അനുയോജ്യമായ ഇണ:
നിങ്ങള്‍ വിവാഹംകഴിക്കാനുദ്ദേശിക്കുന്ന വ്യക്തിയെ തീരുമാനമായാല്‍ ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിക്കുന്നത് ഉത്തമമാണ്. അതുപോലെ ത്തന്നെ ഏറ്റവുമടുത്ത സുഹൃത്തുക്കളോടും കുടുംബബന്ധുക്കളോടും ഉപദേശനിര്‍ദേശങ്ങള്‍ ആരായുന്നത് ഉപകരിക്കും. വിവാഹംകഴിക്കാനുദ്ദേശിക്കുന്ന വ്യക്തിയെപ്പറ്റി മഹല്ല് ഇമാമിന് ധാരണയുണ്ടാകേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ അവരുടെ സ്വഭാവങ്ങളെയും പ്രകൃതങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് ചെറുക്കനും പെണ്ണും അനുയോജ്യരാണോ എന്ന് തീരുമാനിക്കാനാകും.
ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സംഗതിയാണ് വിവാഹം. സമൂഹത്തിന്റെ അടിത്തറയും ദീനിന്റെ അര്‍ധഭാഗവുമാണത്. എന്നിട്ടും വിവാഹജീവിതത്തിനുള്ള കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ തൊഴില്‍ കരസ്ഥമാക്കാനുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് നാം ആയുസിലേറെയും ചിലവഴിക്കുന്നത്. അതിനാല്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുംമുമ്പ് വഴിത്തിരിവ് സൃഷ്ടിക്കുന്ന ജീവിതത്തെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്യാന്‍ ഇനിയും യുവത മടികാണിച്ചുകൂടാ.