Main Menu
أكاديمية سبيلي Sabeeli Academy

ശഅ്ബാനിലെ പ്രാര്‍ഥനകള്‍ ?

dinlen_kare_4

ശഅ്ബാന്‍ പകുതിക്കു നടത്താറുള്ള വിശേഷപ്രാര്‍ഥനയുടെ വിധിയെന്താണ് ?

 ശൈഖ് യൂസുഫുല്‍ ഖറദാവി

ശഅ്ബാന്‍ പകുതിക്കു നടത്താറുള്ള വിശേഷപ്രാര്‍ഥനയുടെ വിധിയെന്താണ് ? അതും അതിനുണ്ടെന്ന് പറയപ്പെടുന്ന പ്രാധാന്യവും സംബന്ധിച്ച് വല്ല തിരുവചനവുമുണ്ടോ ?
………………………………………………………….
ശഅ്ബാന്‍ പതിനഞ്ചിലെ രാത്രിയുടെ സവിശേഷത സംബന്ധിച്ച് സ്വീകാര്യതയുടെ പദവിയുള്ള ഒറ്റ ഹദീസുമില്ല. ചില പണ്ഡിതര്‍ ‘നല്ലത്'(ഹസന്‍) എന്നുവിധിച്ച ഏതാനും ഹദീസുകളുണ്ട്. പക്ഷേ, മറ്റുള്ളവര്‍ അത് തള്ളിക്കളുന്നു. അവരുടെ അഭിപ്രായത്തില്‍ ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയെപ്പറ്റിയുള്ള ഒരൊറ്റ ഹദീസും സ്വീകാര്യമല്ല. അവയ്ക്ക് ‘നല്ലത്'(ഹസന്‍) എന്ന പദവി നല്‍കുകയാണെങ്കില്‍തന്നെ, അവയിലാകെക്കൂടിയുള്ളത് തിരുദൂതര്‍ ആ രാത്രിയില്‍ പ്രാര്‍ഥിക്കുകയും അല്ലാഹുവോട് പാപമോചനത്തിനര്‍ഥിക്കുകയും ചെയ്തിരുന്നു എന്നുമാത്രമാണ്. പ്രാര്‍ഥനയുടെ നിശ്ചിതവാക്യങ്ങളൊന്നുംതന്നെ നിവേദനം ചെയ്തുകാണുന്നില്ല. ചില നാടുകളില്‍ ആളുകള്‍ പാരായണംചെയ്യുന്നതും അച്ചടിച്ച് വിതരണം ചെയ്യുന്നതുമായ പ്രാര്‍ഥനാവാക്യങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. അവയ്ക്ക് നിവേദനങ്ങളുടെയോ സാമാന്യബുദ്ധിയുടെയോ അംഗീകാരവുമില്ല.
ഒരു മാതൃകയ്ക്ക് അത്തരം ഒരു പ്രാര്‍ഥന പരിശോധിക്കാം: ‘അല്ലാഹുവേ, നീ എനിക്ക് ‘ഉമ്മുല്‍കിതാബില്‍’ നിര്‍ഭാഗ്യമോ കഷ്ടപ്പാടോ നിസ്സഹായതയോ ദാരിദ്ര്യമോ വിധിച്ചിട്ടുണ്ടെങ്കില്‍ നിന്റെ മഹത്തായ ഔദാര്യം കൊണ്ട് അവയെല്ലാം മായ്ച്ചുകളയുകയും പകരം സൗഭാഗ്യവും സമൃദ്ധിയും ഐശ്വര്യവും രേഖപ്പെടുത്തുകയും ചെയ്യേണമേ !കാരണം നീ നിയോഗിച്ചയച്ച പ്രവാചകന്റെ നാവിലൂടെ വെളിപ്പെട്ട നിന്റെ ഗ്രന്ഥത്തില്‍ ‘അല്ലാഹു അവനിഛിക്കുന്നത് മായ്ചുകളയുകയും അവനിഛിക്കുന്നത് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു;അവന്റെ പക്കല്‍ ഉമ്മുല്‍ കിത്താബുണ്ട്’എന്ന് പറഞ്ഞിട്ടുണ്ടല്ലോ.നിന്റെ വചനങ്ങളാകട്ടെ സത്യവുമാണ്.’ഇതാണ് പ്രാര്‍ഥന.

വൈരുധ്യങ്ങള്‍ നിറഞ്ഞതാണീ വാക്യങ്ങള്‍. കാരണം , നിര്‍ഭാഗ്യം മായ്ച് സൗഭാഗ്യം രേഖപ്പെടുത്തണമെന്നതിന് തെളിവായുദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ അര്‍ഥംതന്നെ ‘ഉമ്മുല്‍കിതാബി’ല്‍ നിന്ന് ഒന്നും മായ്ക്കുന്നതല്ല; ഒന്നും പുതുതായി രേഖപ്പെടുത്തുന്നതുമല്ല എന്നാണ്. കൂടാതെ ഒരു പ്രാര്‍ഥനയുടെ ശൈലിയോ സ്വഭാവമോ ഇതിനില്ല.

‘നിങ്ങള്‍ അല്ലാഹുവിനോട് വല്ലതും ചോദിക്കുമ്പോള്‍ അത് ദൃഢമായി ആവശ്യപ്പെടുക’ എന്ന് തിരുദൂതര്‍ പഠിപ്പിച്ചിട്ടുണ്ട്. ‘നാഥാ, നീ ഇച്ഛിക്കുന്നുവെങ്കില്‍ പൊറുത്തുതരിക.. നീ ഇച്ഛിക്കുന്നുവെങ്കില്‍ പൊറുത്തുതരിക…നീ ഇച്ഛിക്കുന്നുവെങ്കില്‍ കരുണചൊരിയുക’ എന്ന് പറഞ്ഞുകൂടാ. മറിച്ച്, എനിക്ക് പൊറുത്തുതരേണമേ, കരുണ ചൊരിയേണമേ എന്നതാണ് പ്രാര്‍ഥനയുടെ ശൈലി. ഉറച്ച, ചാഞ്ചല്യമില്ലാത്ത സ്വരം. ‘നീ ഇച്ഛിക്കുന്നുവെങ്കില്‍’എന്ന അനുബന്ധം പ്രാര്‍ഥനക്കു ചേര്‍ന്നതല്ല. ദൈവസഹായം ആവശ്യമായ പതിതന്റെ ശൈലിയുമല്ല. മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന പ്രാര്‍ഥനകളേറെയും ആശയസംവേദനത്തില്‍ പരാജയമടയുന്നു എന്നാണ് ഇത്തരം പ്രാര്‍ഥനകള്‍ കുറിക്കുന്നത്. മാത്രമല്ല, അവ വൈരുധ്യപൂര്‍ണവും കൃത്രിമവും പരുഷവും ആയിരിക്കും. അവയൊന്നുംതന്നെ മുന്‍ഗാമികളില്‍നിന്ന് നിവേദനംചെയ്യപ്പെട്ട പ്രാര്‍ഥനകളേക്കാള്‍ ശ്രേഷ്ഠമല്ല. അവയില്‍ ഗാംഭീര്യവും ആശയസമ്പന്നതയും അര്‍ഥസംവേദനവും കാണും. കുറഞ്ഞ പദങ്ങളില്‍ കൂടുതലര്‍ഥം അടങ്ങിയിരിക്കും. മുന്‍ഗാമികളില്‍നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രാര്‍ഥനകളില്‍  അതിശ്രേഷ്ഠം പ്രവാചകന്‍ പഠിപ്പിച്ചവയാണ്. അത് രണ്ടുവിധത്തില്‍ പ്രതിഫലദായകമത്രേ-അനുധാവനത്തിന്റെയും പ്രാര്‍ഥനയുടെയും. അതിനാല്‍ പ്രവാചകപ്രോക്തമായ പ്രാര്‍ഥനകള്‍ ഹൃദിസ്ഥമാക്കുവാനാണ് നാം ശ്രമിക്കേണ്ടത്.
ശഅ്ബാന്‍ പതിനഞ്ചിന് ആളുകള്‍ ചെയ്തുകൂട്ടുന്ന പലതിനും പ്രവാചകന്റെ മാതൃകയില്ല. ചെറുപ്പത്തില്‍ മുതിര്‍ന്നവരെ അനുകരിച്ചു ഞാന്‍ ചെയ്തുവന്ന ചില കാര്യങ്ങളോര്‍ക്കുന്നു: ദീര്‍ഘായുസ്സ് ലഭിക്കാന്‍ രണ്ടുറക്അത്ത് നമസ്‌കാരം; സ്വയംപര്യാപ്തി നേടാന്‍ രണ്ടുറക്അത്ത്; ‘യാസീന്‍’പാരായണം ചെയ്ത് രണ്ടുറക്അത്ത്…. അങ്ങനെ പലതും. ഇതൊന്നും ശരീഅത്ത് ആവശ്യപ്പെട്ടതല്ല. ആവശ്യപ്പെടാത്തത് ചെയ്യാതിരിക്കുക എന്നതാണ് ആരാധനയുടെ സ്വഭാവം. മനുഷ്യര്‍ പുതിയ ആരാധനകള്‍ കണ്ടുപിടിക്കേണ്ടതില്ല. ജനങ്ങളെക്കൊണ്ടു ആരാധനനടത്തിക്കേണ്ടതും അവ നിശ്ചയിച്ചുകൊടുക്കേണ്ടതും അല്ലാഹുവിന്റെ മാത്രം ബാധ്യതയാണ്.’അല്ലാഹു അനുവദിച്ചിട്ടില്ലാത്തത് അവര്‍ സ്വയം ദീനില്‍ നിയമമാക്കുകയോ?’എന്ന് അല്ലാഹു ചോദിക്കുന്നു. അതിനാല്‍ തിരുദൂതരില്‍നിന്നുലഭിച്ച കാര്യങ്ങളിലൊതുങ്ങിനില്‍ക്കുകയും അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കപ്പെട്ട പ്രാര്‍ഥനകള്‍ക്കുപുറമേ മറ്റു പ്രാര്‍ഥനകള്‍ നടത്താതിരിക്കുകയുമാണ് അഭികാമ്യം- അവ നല്ലതാണെങ്കില്‍ പോലും.!
ശഅ്ബാന്‍ പതിനഞ്ചിന് തിരുദൂതര്‍ നിര്‍വഹിച്ചു എന്നുപറയുന്ന മറ്റൊരു പ്രാര്‍ഥനയില്‍ പ്രസ്തുത ദിവസത്തെ എല്ലാ കാര്യങ്ങളും വിവേചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ദിനമായി വിശേഷിപ്പിക്കുന്നുണ്ട്.ഒരു ഭീമാബദ്ധമാണിത്. എല്ലാ കാര്യങ്ങളും  വിവേചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ദിനം ഖുര്‍ആന്‍ അവതരിച്ച ദിനമാണ്-ലൈലത്തുല്‍ ഖദ് ര്‍. അതു റമദാന്‍ മാസത്തിലാണെന്ന് ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടുണ്ട്. ‘അദ്ദുഖാന്‍’ അധ്യായത്തില്‍ പറയുന്നു: ‘ഹാം മീം, സുവ്യക്തമായ ഗ്രന്ഥംകൊണ്ട് സത്യം . അനുഗൃഹീതമായ ഒരു രാത്രിയില്‍, നിശ്ചയം, നാം അതവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. ജ്ഞാനപൂര്‍ണമായ രാത്രിയിലാണ് നാം അതവതരിപ്പിച്ചത്’ എന്ന് അല്‍ഖദ് ര്‍ എന്ന അധ്യായത്തില്‍ പറയുന്നു: ‘ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാന്‍’ എന്ന് ‘അല്‍ബഖറഃ’ യിലും കാണാം. അപ്പോള്‍ സര്‍വകാര്യങ്ങളും വിവേചിക്കപ്പെടുകയും തീരുമാനിക്കപ്പെടുകയും ചെയ്യുന്ന ദിനം റമദാനിലാണെന്ന് തീര്‍ച്ച. അത് ‘ലൈലത്തുല്‍ഖദ് ര്‍’ ആണെന്നതില്‍ അഭിപ്രായാന്തരമില്ല. അത് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് ഖതാദയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീസ് ദുര്‍ബലമാണ്. ലൈലത്തുല്‍ ഖദ്‌റാണെന്ന് ഖതാദയില്‍നിന്നുതന്നെ മറ്റൊരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് . ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയിലാണ് ഒരു ശഅ്ബാന്‍ മുതല്‍ മറ്റൊരുശഅ്ബാന്‍ വരെയുള്ള ആയുസ്സ് നില്‍ണയിക്കുന്നതെന്നും ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നു. അതും ദുര്‍ബലമാണെന്ന് ഇബ്‌നുകസീര്‍ പറഞ്ഞിട്ടുണ്ട്. വ്യക്തമായ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണത്. ചുരുക്കത്തില്‍, ശഅ്ബാനിലെ ഈ പ്രാര്‍ഥനയും അബദ്ധജടിലമാണ്. തിരുമേനിയില്‍നിന്നോ അനുചരന്‍മാരില്‍ നിന്നോ മറ്റുമാതൃകായോഗ്യരായ പൂര്‍വികരില്‍നിന്നോ ഉദ്ധരിക്കപ്പെട്ടതല്ല അത്. പലമുസ് ലിംനാടുകളിലും കാണുന്ന വിധത്തില്‍ ശഅ്ബാന്‍ പതിനഞ്ചിന് പള്ളികളില്‍ സമ്മേളിക്കുന്നതും പ്രാര്‍ഥിക്കുന്നതും ബിദ്അത്തുകളാണ്.

Related Post